സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

ഗവണ്‍മെന്റ് അനുവദിച്ച മേഖലകളില്‍ ജോലികൾ പുനരാരംഭിക്കുമ്പോൾ  എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് വ്യവസായ മേഖലക്ക്  കേന്ദ്ര മന്ത്രി ശ്രീ. നിഥിന്‍ ഗഡ്കരിയുടെ നിര്‍ദേശം

Posted On: 23 APR 2020 7:02PM by PIB Thiruvananthpuram


''കൊവിഡ് 19നു ശേഷം: ഇന്ത്യയുടെ വെല്ലുവിളികളും പുതിയ അവസരങ്ങളും'' എന്ന വിഷയത്തില്‍ വിവിധ തലങ്ങളിലുള്ള സംരംഭകരും മാധ്യമങ്ങളുമായി കേന്ദ്ര എംഎസ്എംഇ, റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിഥിന്‍ ഗഡ്കരി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയ വിനിമയം നടത്തി. ഭാരത് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇടത്തരം, ചെറുകിട, സൂക്ഷ്മതല സംരംഭങ്ങള്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ വ്യവസായ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എംഎസ്എംഇകള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ട വിവിധ പിന്തുണ സംബന്ധിച്ച് ചില നിര്‍ദേശങ്ങളും ആശയവിനിമയത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടു വച്ചു.
ചില വ്യവസായമേഖലകള്‍ക്ക് ഗവണ്‍മെന്റ് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ശ്രീ. ഗഡ്കരി, ആ മേഖലകളിൽ ആവശ്യമായ എല്ലാവിധ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും ഉറപ്പാക്കണം എന്ന് നിര്‍ദേശിച്ചു. വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍( മാസ്‌കുകള്‍, സാനിറ്റൈസര്‍, കൈയുറകള്‍ തുടങ്ങിയവ) ലഭ്യമാക്കുകയും ഓഫീസുകളിലും മറ്റിടങ്ങളിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കുകയും വേണം. തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും തൊഴിലിടത്തില്‍ത്തന്നെ നല്‍കണം. ഒപ്പംതന്നെ, പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യവസായ കാര്യങ്ങളും ഒരേവിധം മുന്നോട്ടു കൊണ്ടുപോകണം.
ദേശീയപാതകളും തുറമുഖങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതായി മന്ത്രി പറഞ്ഞു; ക്രമേണ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതുപോലെയായി മാറും. കയറ്റുമതി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എംഎസ്എംഇകളുടെ പുനരുദ്ധാരണത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. വൈദ്യുതി ചെലവു കുറയ്ക്കുകയും  ചരക്കുകള്‍ എത്തിക്കുന്നതിന്റെയും ഉല്‍പ്പാദനത്തിന്റെയും ചെലവ് കുറക്കുകയും അങ്ങനെ ആഗോള വിപണിയില്‍ മല്‍സരക്ഷമമാകാനും  ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കും.
വിദേശത്തു നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കു പകരം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഊന്നണം എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സംരംഭങ്ങള്‍ തയ്യാറാകണമെന്നും ഗവേഷണ, നവീനാശയ, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് വ്യവസായ വികസനത്തില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ജപ്പാനില്‍ നിന്നുള്ള വ്യവസായികളുടെ ചൈനയിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ഒരു പ്രത്യേക പാക്കേജ് ജപ്പാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇത് ഇന്ത്യക്ക് ഒരു അവസരമാണ്, അത് നേടിയെടുക്കണമെന്നും ശ്രീ. നിഥിന്‍ ഗഡ്കരി നിര്‍ദേശിച്ചു.


(Release ID: 1617554) Visitor Counter : 186