ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 22 APR 2020 4:33PM by PIB Thiruvananthpuram



രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ഡോക്ടര്‍മാരുമായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ഉന്നത ഭാരവാഹികളുമായും ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സജീവമായി ഇടപെടുന്ന ആരോഗ്യ രംഗത്തെ സഹോദരരുടെ സുരക്ഷയെ കുറിച്ചുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി അവരുടെ എല്ലാ കഴിവും സേവനവും ഉപയോഗപ്പെടുത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഒരു സവിശേഷ സ്ഥാനമാണുള്ളത്. മാനവ വിഭവശേഷി, നൈപുണ്യ വികസന പരിശീലനം, ആരോഗ്യ സുരക്ഷ, ജീവനക്കാരുടെ നിയമനം, സമയബന്ധിതമായ പ്രതിഫലം, മാനസിക പിന്തുണ, മുന്‍ നിര പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതു കൂടാതെ 1897 ലെ പകര്‍ച്ചവ്യാധി നിയമത്തിനു കീഴില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാന്‍ മന്ത്രിസഭ ഇന്ന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ദ്രുത ആന്റിബോഡി പരിശോധനയ്ക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. നിരീക്ഷണത്തിനുള്ള മാര്‍ഗമായി ആന്റിബോഡി ദ്രുത പരിശോധനയെ കണക്കാക്കാവുന്നതാണ്. ആഗോള തലത്തില്‍ തന്നെ ഈ പരിശോധന വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. വ്യക്തികളില്‍ ആന്റിബോഡിയുടെ നിര്‍മ്മാണം കണ്ടെത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്. സാഹചര്യം അനുസരിച്ചായിരിക്കും ഈ പരിശോധനയുടെ ഫലങ്ങള്‍. ഐ സി എം ആര്‍ പറയുന്നത് പ്രകാരം കോവിഡ് 19 കേസുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ ടി - പി സി ആര്‍ ടെസ്റ്റിനു പകരമാകാന്‍ ഈ പരിശോധനയ്ക്കു കഴിയില്ല. വിവിധ സാഹചര്യങ്ങളില്‍ ദ്രുത ആന്റിബോഡി പരിശോധനയുടെ സാധ്യതയും വ്യാപ്തിയും വിലയിരുത്താനും വിവരങ്ങള്‍ ശേഖരിക്കാനും വിവിധ സംസ്ഥാനങ്ങള്‍ക്ക് ഐ സി എം ആര്‍ സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങള്‍ക്ക് പതിവായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും ആവശ്യത്തിന് അനുസൃതമായി ഉപയോഗിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ടെലിഫോണ്‍ സര്‍വേ നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൗരന്മാരെ് 1921 എന്ന നമ്പരില്‍ നിന്ന് ടെലിഫോണ്‍ വഴി ബന്ധപ്പെടും. എന്‍.ഐ.സി യുടെ സഹായത്താല്‍ ഒരുക്കുന്ന ഈ സര്‍വെ അംഗീകൃതമാണ്. കോവിഡ് 19 ലക്ഷണങ്ങളെയും വ്യാപനത്തെയും കുറിച്ചുള്ള കൃത്യമായ പ്രതികരണം ലഭ്യമാക്കുന്നതിന് എല്ലാ പൗരന്മാരും ഈ സര്‍വേയില്‍ പങ്കെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള വ്യാജ ടെലിഫോണ്‍ സര്‍വേകളെ കുറിച്ച് ബോധവാന്മാരാകണം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ സര്‍വേയെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കണം. യഥാര്‍ത്ഥ സര്‍വേയില്‍ പങ്കെടുക്കുന്നതിനും വ്യാജമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണത്തിനും ജനങ്ങളെ പ്രാപ്തരാക്കണം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും മറ്റു വകുപ്പുകളടെയും വെബ്സൈറ്റിലെ ഹോം പേജില്‍ സര്‍വേയെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യണം.

രാജ്യത്ത് കോവിഡ് 19 രോഗത്തില്‍ നിന്നു മുക്തി നേടിയത് 3870 പേരാണ്. 19.36 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ മുതല്‍ രോഗികളുടെ എണ്ണത്തില്‍ 1383 ന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഇന്ത്യയില്‍ ആകെ 19,984 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.mohfw.gov.in/.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


***
 



(Release ID: 1617216) Visitor Counter : 318