ഗ്രാമീണ വികസന മന്ത്രാലയം

2020 ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗ്രാമ വികസന മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തിരാജ്, കൃഷി, കാര്‍ഷിക ക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ച നടത്തി


പി എം എ വൈ (ജി), പി എം ജി എസ് വൈ, എന്‍ ആര്‍ എല്‍ എം, എം ജി  എന്‍ ആര്‍ ഇ ജി എസ് എന്നിവയുടെ കീഴില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പു വരുത്തണമെന്നും ശ്രീ. നരേന്ദ്ര സിംഗ് തോമര്‍


എന്‍ ആര്‍ എല്‍ എമ്മിന് കീഴിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ സുരക്ഷയ്ക്കായുള്ള മുഖാവരണങ്ങള്‍, സാനിറ്റൈസറുകള്‍, സോപ്പുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനെയും നിരവധി സമൂഹ അടുക്കളകള്‍ കൈകാര്യ ചെയ്യുന്നതിനെയും അഭിനന്ദിച്ച് കേന്ദ്ര മന്ത്രി

Posted On: 18 APR 2020 7:45PM by PIB Thiruvananthpuram
 

 

 

ഗ്രാമ വികസന, പഞ്ചായത്തിരാജ്, കൃഷി, കാര്‍ഷിക ക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിങ് തോമര്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമ വികസന മന്ത്രിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. 2020 ഏപ്രില്‍ 20 മുതല്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എസ്), പ്രധാന മന്ത്രി ഗ്രാമീണ ആവാസ് യോജന (പി എം എ വൈ - ജി), പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി എം ജി എസ് വൈ), ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ക് ഡൗണിനുശേഷം ഇളവു പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളി വളരെ ഗൗരവമേറിയതാണ് എന്ന് ശ്രീ. നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. എങ്കിലും ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  ഈ വെല്ലുവിളി ഒരു അവസരമായി കണക്കാക്കണം. അതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ഉപജീവനമാര്‍ഗങ്ങള്‍ കരുപ്പിടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ പ്രവര്‍ത്തനങ്ങള്‍ ജലവിഭവ മന്ത്രാലയത്തിന്റെയും ഭൂവിഭവ വകുപ്പിന്റെയും പദ്ധതികളുമായി സംയോജിപ്പിച്ച് ജല സംരക്ഷണം, ജല റീചാര്‍ജ്, ജലസേചന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്‍ ആര്‍ എല്‍ എമ്മിന് കീഴിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ സുരക്ഷാ സാമഗ്രികളായ മുഖാവരണങ്ങള്‍, സാനിറ്റൈസറുകള്‍, സോപ്പുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വലിയ തോതില്‍ സാമൂഹ്യ അടുക്കളകളില്‍ ഭാഗമാകുന്നതും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് (ജിഎം) പോര്‍ട്ടലില്‍ സ്വയം സഹായ സംഘങ്ങളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും പരമാവധി എണ്ണം ഉള്‍പ്പെടുത്തണമെന്നും സ്വയം സഹായ സംഘങ്ങളുടെ സംരംഭങ്ങള്‍ വിപുലീകരിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി എം എ വൈ (ജി) പ്രകാരം, മൂന്നാമത്തെയും നാലാമത്തെയും ഗഡു തുക ഗുണഭോക്താക്കള്‍ക്കു നല്‍കി അവരുടെ 48 ലക്ഷം ഭവന യൂണിറ്റുകള്‍ പൂര്‍ത്തിയാക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നത്. പി എം ജി എസ് വൈ പ്രകാരം അനുവദിച്ച റോഡ് പദ്ധതികളില്‍ ടെന്‍ഡറുകള്‍ വേഗത്തില്‍ അനുവദിക്കുന്നതിനും മുടങ്ങിക്കിടക്കുന്ന റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനുമായിരിക്കും പ്രധാന പരിഗണന നല്‍കുന്നത്.
***

 


(Release ID: 1615947) Visitor Counter : 298