വാണിജ്യ വ്യവസായ മന്ത്രാലയം

കോവിഡ്‌ പ്രതിസന്ധി മുതലെടുത്ത്‌ ഇന്ത്യൻ കമ്പനികളുടെ ഏറ്റെടുക്കലും മൊത്തം ഓഹരിയടക്കം ഏറ്റെടുക്കലും (ടേക്‌ ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലുള്ള വിദേശ നിക്ഷേപനയം കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു

Posted On: 18 APR 2020 3:58PM by PIB Thiruvananthpuram

 

നിലവിലെ പകർച്ച വ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികളെ ഈ അവസരം മുതലെടുത്ത്‌ അവയുടെ നടത്തിപ്പ്‌ ഏറ്റെടുക്കലും മൊത്തം ഏറ്റെടുക്കലും (ടേക്‌ ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയം കേന്ദ്ര സർക്കാർ പുനരവലോകനം ചെയ്‌തു. 2017 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഖണ്ഡിക 3.1.1 ലാണ്‌ ഭേദഗതി വരുത്തിയത്‌. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റ്‌ ഫോർ പ്രമോഷൻ ഓഫ്‌ ഇൻഡസ്‌ട്രി ആന്റ്‌ ഇന്റേണൽ ട്രേഡ്‌ ഇതുൾപ്പെടുത്തി പത്രക്കുറിപ്പ് പുറത്തിറക്കി.

നിലവിലെ വ്യവസ്ഥയും പുതുക്കിയതും:

നിലവിലെ വ്യവസ്ഥ:

ഖണ്ഡിക 3.1.1:

ഒരു പ്രവാസി സ്ഥാപനത്തിന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന മേഖലകളിലോ പ്രവൃത്തികളിലോ ഒഴികെ വിദേശനിക്ഷേപ നയത്തിന് വിധേയമായി ഇന്ത്യയിൽ നിക്ഷേപം നടത്താം. എങ്കിലും, ബംഗ്ലാദേശിലെ ഒരു പൗരനോ ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവൺമെന്റ്‌ വഴി മാത്രമേ നിക്ഷേപിക്കാൻ കഴിയൂ. കൂടാതെ, പാക്കിസ്ഥാനിലെ ഒരു പൗരനോ അവിടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവൺമെന്റ്‌ വഴി മാത്രമേ പ്രതിരോധം, ബഹിരാകാശരംഗം, ആണവോർജം, വിദേശ നിക്ഷേപ നിരോധിത മേഖലകൾ തുടങ്ങി നിലവിൽ പാകിസ്ഥാന്‌ വിലക്കുള്ളത്‌ ഒഴികെയുള്ള മേഖലകളിൽ നിക്ഷേപിക്കാൻ കഴിയൂ.

പുതുക്കിയ വ്യവസ്ഥ

ഖണ്ഡിക 3.1.1:

3.1.1 (എ) ഒരു പ്രവാസി സ്ഥാപനത്തിന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന മേഖലകളിലോ പ്രവൃത്തികളിലോ ഒഴികെ വിദേശനിക്ഷേപ നയത്തിന് വിധേയമായി ഇന്ത്യയിൽ നിക്ഷേപം നടത്താം. എങ്കിലും, ഇന്ത്യയുമായി ഭൂ അതിർത്തി പങ്കിടുന്ന രാജ്യം അല്ലെങ്കിൽ ഇന്ത്യൻ നിക്ഷേപത്തിന്റെ പ്രയോജനം അനുഭവിക്കുന്ന ഉടമ പൗരനായിട്ടുള്ള, അത്തരം ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഒരു സ്ഥാപനത്തിന് കേന്ദ്രസർക്കാർ മുഖേന മാത്രമേ നിക്ഷേപിക്കാൻ കഴിയൂ. കൂടാതെ, പാക്കിസ്ഥാനിലെ ഒരു പൗരനോ അവിടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനോ കേന്ദ്ര ഗവൺമെന്റ്‌ വഴി മാത്രമേ പ്രതിരോധം, ബഹിരാകാശരംഗം, ആണവോർജം, വിദേശ നിക്ഷേപ നിരോധിത മേഖലകൾ തുടങ്ങി നിലവിൽ പാകിസ്ഥാന്‌ വിലക്കുള്ളത്‌ ഒഴികെയുള്ള മേഖലകളിൽ നിക്ഷേപിക്കാൻ കഴിയൂ.

3.1.1 (ബി) ഇന്ത്യയിൽ നിലവിലുള്ളതോ ഭാവിയിൽ വരുന്നതോ ആയ ഏതെങ്കിലും വിദേശ നിക്ഷേപ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, അവയുടെ ഉടമസ്ഥാവകാശവും 3.1.1 (എ) ഖണ്ഡികയിൽ പറഞ്ഞിട്ടുള്ളതിന്റെ പരിധിയിൽ വരും. അത്തരം സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനും കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്.
മേൽപ്പറഞ്ഞ തീരുമാനം ഫെമ വിജ്‌ഞാപനം വരുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.

 ***
 



(Release ID: 1615812) Visitor Counter : 330