പഞ്ചായത്തീരാജ് മന്ത്രാലയം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രാജ്യത്തെ ഗ്രാമ പഞ്ചായത്തുകള്‍

Posted On: 16 APR 2020 11:14AM by PIB Thiruvananthpuram

കോവിഡ് 19  വ്യാപനം തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കുകയെന്ന കര്‍ശനനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടോയെന്നും മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടങ്ങളും ഗ്രാമപഞ്ചായത്തുകളും രാജ്യത്തൊട്ടാകെ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്.

കേരളത്തില്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1304 കമ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  ഇതില്‍ 1100 ഓളം അടുക്കളകള്‍ കുടുംബശ്രീ മുഖേനയാണ് നടത്തുന്നത്. ബാക്കിയുള്ളവ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കും നടത്തുന്നു.

കുടുംബശ്രീയുടെ കീഴിലുള്ള 300 ടൈലറിംഗ് യൂണിറ്റുകള്‍ വഴി ഇതുവരെ 18 ലക്ഷം മുഖാവരണങ്ങളാണ് തയാറാക്കി വിതരണം ചെയ്തത്. 21 ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുഖേന 2700 ലിറ്റര്‍ സാനിറ്റൈസറുകള്‍ ഉല്‍പാദിപ്പിച്ചു. വിവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കുടുംബശ്രീയുടെ 360 കൗണ്‍സലര്‍മാര്‍ മുഖേന കൗണ്‍സലിംഗും മാനസിക ആശ്വാസം പകരാനും കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ച് വരെ 49,488 പേരാണ് കുടുംബശ്രീ കൗണ്‍സലര്‍മാരുടെ സേവനം തേടിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ 1.9 ലക്ഷം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ 22 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കാനായി. 
***



(Release ID: 1614946) Visitor Counter : 241