റെയില്‍വേ മന്ത്രാലയം

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ യാത്ര തീവണ്ടി സേവനങ്ങളും അടുത്തമാസം മൂന്നുവരെ റദ്ദാക്കി

Posted On: 14 APR 2020 1:58PM by PIB Thiruvananthpuram

 

കോവിഡ് 19 ലോക് ഡൗൺ നടപടികളുടെ തുടർച്ചയായി ഇന്ത്യൻ റയിൽവെയുടെ കീഴിലുള്ള രാജ്യത്തെ എല്ലാ യാത്രാ തീവണ്ടി സേവനങ്ങളും അടുത്തമാസം  മൂന്നുവരെ റദ്ദാക്കാൻ തീരുമാനിച്ചു. രാജ്യത്തെ പ്രീമിയം തീവണ്ടികൾ, മെയിൽ \ എക്സ്പ്രസ്സ് തീവണ്ടികൾ, പാസഞ്ചർ തീവണ്ടികൾ, സബ് അർബൻ തീവണ്ടികൾ, കൊൽക്കത്ത മെട്രോ സേവനങ്ങൾ, കൊങ്കൺ റെയിൽവേ എന്നിവയ്ക്കും ഈ  തീരുമാനം ബാധകമാണ്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി ചരക്ക് തീവണ്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, ഇ-ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്താൻ പാടില്ല. എന്നാൽ ബുക്കിങ്ങുകൾ റദ്ദാക്കാനുള്ള ഓൺലൈൻ സൗകര്യം ലഭ്യമായിരിക്കും .

റിസർവേഷൻ ഉള്ളതോ ഇല്ലാത്തതോ ആയ (UTS & PRS) എല്ലാ ടിക്കറ്റുകളും ലഭിക്കുന്ന കൗണ്ടറുകൾ ഇനിയൊരു ഉത്തരവ് ലഭിക്കും വരെ അടച്ചിടും.

റദ്ദുചെയ്ത തീവണ്ടികളിലെ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകും.

റദ്ദ് ചെയ്യപ്പെടാത്ത തീവണ്ടികളിലെ മുൻകൂട്ടിയുള്ള ബുക്കിങ്ങുകൾ പിൻവലിക്കുന്നവർക്കും മുഴുവൻ തുകയും തിരികെ നൽകും .

മെയ് 3 വരെ റദ്ദാക്കപ്പെട്ട തീവണ്ടികളിലെ യാത്രക്കാരിൽ, ഓൺലൈനിലൂടെ  ബുക്കിംഗ് നടത്തിയവർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് ലഭിക്കുന്നതാണ്. കൗണ്ടറുകളിലൂടെ ബുക്കിംഗ് നടത്തിയവർക്ക് ജൂലൈ 31 വരെ ഈ തുക തിരികെ വാങ്ങാൻ സൗകര്യമുണ്ടാകും .

***



(Release ID: 1614398) Visitor Counter : 204