തൊഴില്‍, ഉദ്യോഗ മന്ത്രാലയം

പത്തുദിവസത്തിനുള്ളിൽ പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാനുള്ള  1.37 ലക്ഷം അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ച് ഇപിഎഫ്ഒ

Posted On: 10 APR 2020 1:17PM by PIB Thiruvananthpuram

പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  രാജ്യവ്യാപകമായി സമർപ്പിക്കപ്പെട്ട 1.37 ലക്ഷം  അപേക്ഷകൾ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പത്തുദിവസത്തിനുള്ളിൽ  തീർപ്പാക്കി. 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.  കോവിഡ് 19 നെതിരായ പോരാട്ടത്തിൽ അംഗങ്ങളെ  സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി  ഭേദഗതി ചെയ്താണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

 ഇവയുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. കെവൈസി നിബന്ധനകൾ പൂർത്തീകരിച്ച എല്ലാ അപേക്ഷകൾക്കും   72 മണിക്കൂറിനുള്ളിൽ  തീർപ്പ് കൽപ്പിക്കുന്ന വിധമാണ് സംവിധാനം നിലവിൽ പ്രവർത്തിക്കുന്നത്. മറ്റാവശ്യങ്ങൾക്കായി പിഎഫ്   തുക പിൻവലിക്കാൻ അപേക്ഷ നല്കിയിട്ടുള്ളവർക്കും കോവിഡ് ആവശ്യത്തിന് കീഴിൽ അപേക്ഷിക്കാവുന്നതാണ് .ഇവരുടെകെവൈസി നില അനുസരിച്ച് ,അപേക്ഷകളിൽ എത്രയും വേഗം തീർപ്പു കൽപ്പിക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുന്നുണ്ട്. 

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായാണ് കോവിഡ് പ്രതിരോധത്തിനായി പ്രോവിഡന്റ് നിധിയിൽ നിന്നും പണം പിൻവലിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതിനായി ഇപിഎഫ് പദ്ധതിയിൽ 68 L(3) എന്ന ഖണ്ഡിക ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അടിയന്തിര വിജ്ഞാപനം കഴിഞ്ഞ മാസം 28 നു പുറത്തിറക്കിയിരുന്നു. അംഗത്തിന്റെ മൂന്നുമാസത്തെ അടിസ്ഥാന വേതനവും,ക്ഷാമ ബത്തയും ചേർന്ന തുക അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലെ 75 ശതമാനം തുക എന്നിവയിൽ ഏതാണോ കുറവ് അതാകും പിൻവലിക്കാൻ സാധിക്കുക. എന്നാൽ ഈ തുക പിന്നീട് തിരികെ അടയ്‌ക്കേണ്ടതില്ല. മുകളിൽ പറഞ്ഞതിൽ നിന്നും,കുറഞ്ഞ തുകയും അംഗങ്ങൾക്ക് നിധിയിൽ നിന്ന് പിൻവലിക്കാൻ സാധിക്കും.ഇതിന്മേൽ ആദായ നികുതി അടയ്‌ക്കേണ്ടതില്ല.

അപേക്ഷകരുടെ എണ്ണത്തിലുണ്ടാവാനിടയുള്ള വർധന മുന്നിൽകണ്ട്  ഈ ആവശ്യങ്ങൾക്കായി ഒരു പുതിയ സോഫ്ട്‍വെയറും സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഓൺലൈൻ രസീത് നൽകുന്ന സംവിധാനം ഇരുപത്തിനാലുമണിക്കൂറിനുള്ളിലും ഇപിഎഫ്ഒ ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ മാസം 29 മുതൽ ഈ സംവിധാനം പ്രവർത്തിച്ചുവരുന്നു. 

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി,കടലാസ്സ് രഹിത അപേക്ഷാ നടപടിക്രമങ്ങൾ ഉറപ്പാകേണ്ടതാണ്. കെവൈസി  നിബന്ധനകൾ പൂർണമായും പാലിച്ചിട്ടുള്ളവരുടെ അപേക്ഷകൾ,ഓട്ടോ മോഡില്‍  നേരിട്ട് പരിഹരിക്കുന്ന ഒരു സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
 

***



(Release ID: 1612934) Visitor Counter : 227