ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും  കേന്ദ്ര ഗവണ്‍മെന്റ് 15000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു

Posted On: 09 APR 2020 4:52PM by PIB Thiruvananthpuram

ന്യൂഡല്‍ഹി: കോവിഡ് -19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ-അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കലും പാക്കേജില്‍  (ഇന്ത്യ കോവിഡ്-19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം) കേന്ദ്രസര്‍ക്കാര്‍ 15,000  കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.  ബാക്കി തുക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ തുകയുടെ വിനിയോഗത്തിന് നാലു വര്‍ഷം വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ചികില്‍സ, പ്രതിരോധമാര്‍ഗങ്ങളുടെയും നിര്‍ണയ ഉപാധികളുടെയും ആവിഷ്‌കരണം, രോഗപ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണം, ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തേയും സംസ്ഥാനങ്ങളിലേയും ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കല്‍, പുതിയ പരിശോധനാശാലകളും നിരീക്ഷണസംവിധാനങ്ങളും സജ്ജമാക്കല്‍, ജൈവസുരക്ഷാ തയാറെടുപ്പുകള്‍,  പകര്‍ച്ചവ്യാധി ഗവേഷണം, സാമൂഹ്യ വ്യാപനസാധ്യത തടയല്‍, ആപദ്ഘട്ടങ്ങളിലെ ആശയവിനിമയം അനായാസമാക്കല്‍, എന്നിവയാണ് അടിയന്തരപ്രതികരണവും ആരോഗ്യസംവിധാനവും പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേന്ദ്രആരോഗ്യ വകുപ്പിന്റെ കീഴിലാണ് പദ്ധതി രൂപീകരണവും നിര്‍വഹണവും നടക്കുക.

ഇക്കഴിഞ്ഞ 24 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രേമോദി പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ് ഈ നടപടി. രാജ്യത്തെ കോവിഡ് രോഗബാധയില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഇന്ത്യയിലെ വൈദ്യശാസ്ത്രരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 15000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

രാജ്യത്തെ കോവിഡ് ചികില്‍സാകേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ രോഗത്തെ പ്രതിരോധിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, ഐ.സി.യു സംവിധാനം, വെന്റിലേറ്ററുകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കൂടുതലായി ഒരുക്കാന്‍ ഈ പാക്കേജ് സഹായകമാകും. പുറമെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയും  കൂടുതല്‍ പാരമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

 

അനുവദിക്കുന്ന തുകയുടെ നല്ലൊരുപങ്കും അടിയന്തിര പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും  ഉപയോഗിക്കണം. ഇതിനായി പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങളും സംവിധാനങ്ങളും  ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കണം. വിവിധ സമൂഹങ്ങളേയും ഇതില്‍ പങ്കാളിയാക്കുന്നതിന് പുറമെ പദ്ധതി നിര്‍വഹണം, അടിയന്തരഘട്ടങ്ങളെ നേരിടല്‍, ആശയവിനിമയം, വിലയിരുത്തല്‍, ഘടകപരിശോധന എന്നിവയും ഇതോടൊപ്പം ആര്‍ജിക്കേണ്ടതുണ്ട്്.

അടിയന്തരസാഹചര്യത്തില്‍ അനുബന്ധഘടകങ്ങളെ ഏകോപിപ്പിപ്പ് പ്രവര്‍ത്തിക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്രആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യം, കേന്ദ്രസംഭരണവകുപ്പ്, റെയില്‍വേ, ആരോഗ്യ, വൈദ്യഗവേഷണസമിതി, ദേശീയരോഗനിയന്ത്രണ കേന്ദ്രം എന്നിവക്കാണ് നിര്‍ദേശം ലഭിച്ചത്.

രാജ്യത്തെ ആരോഗ്യമേഖലയുടെ പരിപാലനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പരിശോധനകള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ 157 ഉം സ്വകാര്യമേഖലയിലെ 66 ഉം ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ   223 പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു കഴിഞ്ഞു. നിലവിലെ അടിയന്തര സാഹചര്യം നേരിടുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി  4113 കോടി രൂപയും അനുവദിച്ചു.



(Release ID: 1612597) Visitor Counter : 292