ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കോവിഡ് 19 രോഗികളെ പരിശോധിക്കാന്‍ അണുവിമുക്ത പരിശോധനാ ബൂത്ത് വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍

Posted On: 08 APR 2020 11:38AM by PIB Thiruvananthpuram



കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ (എസ് സി റ്റി ഐ എം എസ് റ്റി) ശാസ്ത്രജ്ഞര്‍ കോവിഡ് 19  രോഗികളെ പരിശോധിക്കാന്‍, അണുവിമുക്തമാക്കാവുന്ന പരിശോധന ബൂത്ത് വികസിപ്പിച്ചു

പരസ്പര സമ്പര്‍ക്കം ഒഴിവാക്കി രോഗവ്യാപനം തടയാന്‍ ടെലിഫോണ്‍ ബൂത്തിന്റെ മാതൃകയില്‍ എല്ലാ ഭാഗവും അടച്ച രീതിയിലാണ് ബൂത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലൈറ്റ്, ടേബിള്‍ ഫാന്‍, ഷെല്‍ഫ്, അള്‍ട്രാ വയലറ്റ് ലൈറ്റ് എന്നിവ ബൂത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ രോഗിയും ബൂത്ത് വിടുന്നയുടന്‍ ചേംബറിലെ അള്‍ട്രാ വയലറ്റ് ലൈറ്റ് ബൂത്ത് അണുവിമുക്തമാക്കുന്നു. 254 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യവും 15 വാട്‌സുമുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് രോഗി ബൂത്ത് വിട്ട് മൂന്ന് മിനിറ്റിനുള്ളില്‍ ബൂത്തിനുള്ളിലെ വൈറസുകള്‍ ഇല്ലാതാക്കുന്നു. ഓരോ രോഗിയുടേയും ദേഹപരിശോധന നടത്തുന്നതിന് ബൂത്തിനുള്ളില്‍ ഓരോ ജോടി കൈയുറകള്‍ വീതം ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ചേംബറിനുള്ളില്‍ സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് പരിശോധന നടത്താനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
പരിശോധനയ്ക്ക് ശേഷം രോഗിയോട് ചേംബറിനുള്ളില്‍ നിന്ന് പുറത്ത് പോകാന്‍ അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് മൂന്ന് മിനിറ്റ് നേരത്തേക്ക് അള്‍ട്രാവയലറ്റ് ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യും. മൂന്ന് മിനിറ്റ് ലൈറ്റ് പ്രകാശിപ്പിച്ച് അണുനശീകരണം നടത്തിയ ശേഷം അടുത്ത രോഗിയെ പ്രവേശിപ്പിക്കുകയും ഇതേ രീതി ഓരോ രോഗികളിലും തുടരുകയും ചെയ്യും.

'വളരെ അപകടകാരിയായ ഒരു വൈറസിനെ നേരിടുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന ഗുണനിലവാരമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മികച്ച രീതിയില്‍ ആസൂത്രിതമായി രൂപകല്‍പ്പന ചെയ്ത ബൂത്ത് ഈ നിലയിലുള്ള മികച്ച ഒരു മുന്നേറ്റമാണ്'' - കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ പറഞ്ഞു.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശ്രീ. സി. വി. മുരളീധരന്‍, ശ്രീ. വി. രമേഷ് ബാബു, ശ്രീ. ഡി. എസ്. നാഗേഷ്, ശ്രീ. സൗരഭ് എസ്. നായര്‍, ശ്രീ. അരവിന്ദ് കുമാര്‍ പ്രജാപതി, ഡോ. കെ. ജി. വി. ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍ (എഐഒ) ആന്‍ഡ് ഡിവിഷന്‍ ഓഫ് എക്‌സ്ട്രാ കോര്‍പറേല്‍ ഡിവൈസസ് (ഇസിഡി) ടീം അംഗങ്ങള്‍ ചേര്‍ന്നാണ് ബൂത്ത് തയ്യാറാക്കിയത്. പരിശോധന ബൂത്തിന്റെ സാങ്കേതിക വിവരങ്ങള്‍ ഇതിനകം തിരുവനന്തപുരത്തെ ഫ്‌ളൈ ടെക് ഇന്‍ഡസ്ട്രീസുമായി പങ്കുവച്ചിട്ടുണ്ട്



(Release ID: 1612251) Visitor Counter : 193