ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പുതിയ വിവരങ്ങള്‍

Posted On: 03 APR 2020 6:43PM by PIB Thiruvananthpuram

 

രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് നിരന്തരം ഉന്നത തലത്തില്‍ നിരീക്ഷിക്കുന്നുമുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍, ഇതില്‍ പൊതുസമൂഹം, സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖല, റെഡ് ക്രോസ് എന്നിവയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസ്ഥാന ഗവര്‍ണര്‍മാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ചര്‍ച്ച നടത്തി.

വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് രാജ്യം പ്രകടിപ്പിച്ച അഭൂതപൂര്‍വമായ അച്ചടക്കവും ഒത്തൊരുമാ മനോഭാവവും അഭിനന്ദനീയമെന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിക്കുകയും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതു സഹായിക്കാന്‍ ഓരോ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗതടസം സൃഷ്ടിക്കരുതെന്ന് കേന്ദ്ര ആരോഗ്യ/ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ രോഗ ബാധിതരോടും അവരുടെ കുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്തുടനീളം മുന്‍നിര പ്രവര്‍ത്തകര്‍ക്കെതിരായി ഉണ്ടായ മാന്യമല്ലാത്ത പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മഹാമാരിയെ നിയന്ത്രിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും നിരന്തരം പരിശ്രമിക്കുന്ന 'കൊറോണ പോരാളി'കളാണ് അവരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുള്‍പ്പെടെ അവരുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചു. 156 കോവിഡ് രോഗികള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 നിയന്ത്രണത്തിനുള്ള പരിശീലന സാമഗ്രികള്‍ സംബന്ധിച്ച് 2020 ഏപ്രില്‍ രണ്ടിന് കേന്ദ്ര ആരോഗ്യ/ കുടുംബക്ഷേമ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/AdvisoryforHRmanagement.pdf .  ചുറ്റുപാടുകളുടെ നിരീക്ഷണം, ഐസൊലേഷന്‍ സൗകര്യങ്ങളുടെ നടത്തിപ്പ്, ക്വാറന്റൈന്‍, മാനസികവും സാമൂഹികവുമായ പരിരക്ഷ, പ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ നിര്‍ദേശങ്ങള്‍.

ഇതിനു പുറമെ ഐസിയു കെയര്‍, വെന്റിലേഷന്‍ രീതി എന്നിവയില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനവും കോവിഡ് 19 രോഗികളെ പരിചരിക്കുന്നതിന് നേഴ്‌സുമാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനവും എയിംസ് സംഘടിപ്പിക്കും. ഈ ഓണ്‍ലൈന്‍ പരിശീലനങ്ങളുടെ സമയക്രമം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്:  https://www.mohfw.gov.in/

നിലവില്‍ രാജ്യത്ത് 2301 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 156 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


(Release ID: 1610805) Visitor Counter : 184