വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്: പിഴ കൂടാതെ പ്രീമിയം അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി

Posted On: 30 MAR 2020 5:16PM by PIB Thiruvananthpuram

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതു കണക്കിലെടുത്ത് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/  ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ 30 വരെയാണ് പിഴ കൂടാതെ പ്രീമിയം അടയ്ക്കാനാകുക. മാര്‍ച്ചില്‍ അടയ്‌ക്കേണ്ട പ്രീമിയങ്ങള്‍ക്കാണ് ഒരുമാസം കൂടി കാലാവധി അനുവദിച്ചതെന്ന് തപാല്‍വകുപ്പ് അറിയിച്ചു. അവശ്യസേവനങ്ങളുടെ ഭാഗമായി രാജ്യത്ത് പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ അസൗകര്യം കണക്കിലെടുത്താണ് പ്രീമിയം അടയ്ക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചതെന്ന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

ഈ മാസം പ്രീമിയം അടയ്ക്കാന്‍ കഴിയാത്ത 13 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതില്‍ 7.5 ലക്ഷം പേരും ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപയോക്താക്കളും 5 .5 ലക്ഷം പേർ  പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുമാണ്  . കഴിഞ്ഞ മാസം 42 ലക്ഷം പോളിസി ഉടമകളാണ് പ്രീമിയം അടച്ചത്. എന്നാല്‍ ഈമാസം ഇതുവരെ  29 ലക്ഷം പേര്‍ക്കു മാത്രമാണ് പ്രീമിയം അടയ്ക്കാന്‍ കഴിഞ്ഞത്.  

ലൈഫ് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ ഓൺലൈനായി  പ്രീമിയം അടയ്ക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും തപാല്‍ വകുപ്പ് അറിയിച്ചു.



(Release ID: 1609366) Visitor Counter : 152