പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചു പ്രധാനമന്ത്രി

Posted On: 29 MAR 2020 11:29AM by PIB Thiruvananthpuram


വിവിധ മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയം പ്രധാനമന്ത്രി തുടരുന്നു
നിത്യേന ഇരുന്നൂറിലേറെ പേരുമായി സംവദിക്കുന്നു
വിവിധ മേഖലകളില്‍നിന്നു നേരിട്ടു പ്രതികരണം തേടുന്നു

കോവിഡ്-19നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയവിനിമയം തുടരുന്നു. 
സംസ്ഥാന ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും കോവിഡ്-19നെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചു ടെലിഫോണില്‍ നേരിട്ടു പ്രതികരണം തേടുന്നത് ഉള്‍പ്പെടെ പ്രധാനമന്ത്രി നിത്യേന ഇരുന്നൂറിലേറെ പേരുമായാണു സംവദിക്കുന്നത്. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരോടു ടെലിഫോണില്‍ സംസാരിക്കുന്ന അദ്ദേഹം, അവരെ പ്രോല്‍സാഹിപ്പിക്കുകയും രാജ്യത്തിനും സമൂഹത്തിനുമായി അവര്‍ നല്‍കുന്ന സേവനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. 
കൊറോണ വൈറസ് വ്യാപിക്കുന്നതു തടയുന്നതിനായി വിഡിയോ കോണ്‍ഫറന്‍സ് വഴി ശ്രീ. മോദി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നു. 
വിവിധ ഇലക്ട്രോണിക് മാധ്യമ സ്ഥാപന മേധാവികളുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ച് 24ന് അച്ചടിമാധ്യമ കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു. 
ശുഭകരമായ ആശയവിനിമയത്തിലൂടെ അശുഭ ചിന്തകളും പരിഭ്രാന്തിയും അകറ്റാന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. 
മാര്‍ച്ച് 27നു പ്രധാനമന്ത്രി റേഡിയോ ജോക്കികളുമായും ഓള്‍ ഇന്ത്യാ റേഡിയോ അനൗണ്‍സര്‍മാരുമായും വിഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. 
'പ്രാദേശിക തലത്തിലുള്ള ഹീറോകളുടെ സേവനം ദേശീയ തലതത്തില്‍ സദാ ഉയര്‍ത്തിക്കാണിക്കപ്പെടുകയും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തപ്പെടുകയും വേണം', അദ്ദേഹം പറഞ്ഞു. 
കൊറോണ വൈറസ് ബാധിതരായ ചിലരോടും രോഗമുക്തി നേടിയവരോടും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു, ഇപ്പോഴത്തെ അവരുടെ സാഹചര്യം വിലയിരുത്തുന്നതിനാണ് ഇത്. 
തന്റെ മണ്ഡലമായ വാരണാസിയിലെ ജനതയുമായി 2020 മാര്‍ച്ച് 25നു വിഡിയോ ആശയവിനിമയം നടത്തിയ ശ്രീ. നരേന്ദ്ര മോദി ദൃഢനിശ്ചയം കൈക്കൊള്ളാനും സംയമനം പാലിക്കാനും അവബോധം നേടാനും അഭ്യര്‍ഥിച്ചു. 

മുടങ്ങാത്ത ആശയവിനിമയവും യോഗങ്ങളും
കോവിഡ്-19നെതിരെ പൊരുതുന്നതിനായി ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ളവരുമായി ജനുവരി മുതല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പല വട്ടം ചര്‍ച്ചകളും യോഗങ്ങളും നടത്തി. 
നിത്യേന അദ്ദേഹം യോഗങ്ങൡ പങ്കെടുക്കുന്നുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രധാനമന്ത്രിക്കായി സംഭവവികാസങ്ങള്‍ വിശദീകരിക്കുന്നു.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും ഗവണ്‍മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അതാതു സമയം ശ്രീ. മോദിയെ അറിയിച്ചുവരുന്നു. 

നേതൃത്വം നല്‍കുന്ന മാതൃക
പരമാവധി പേര്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്നു പ്രധാമന്ത്രി പ്രഖ്യാപിച്ചു. 

രാജ്യത്തെ അഭിസംബോധന ചെയ്യല്‍- ജനതാ കര്‍ഫ്യൂവും മൂന്നാഴ്ചത്തെ ലോക് ഡൗണും
കോവിഡ്-19നെ നേരിടുന്നതിനു രാജ്യത്തെ സജ്ജമാക്കുന്നതിനായി 2020 മാര്‍ച്ച് 22നു രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെയുള്ള 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവില്‍ സ്വയമേധയാ പങ്കെടുക്കാന്‍ പ്രധാനമന്ത്രി 2020 മാര്‍ച്ച് 19നു രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. 
സാമൂഹിക അകലം പാലിക്കുന്നതിനായി വിജയകരമായി രാജ്യത്തെ സജ്ജമാക്കുന്നതിനിടെ, 2020 മാര്‍ച്ച് 24നു രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് അനിവാര്യമാകയാല്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണിനു തയ്യാറാകണമെന്നു ജനതയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. 
കൊറോണ വൈറസിനെതിരെ പൊരുതുന്നതിനായ ദൃഢനിശ്ചയവും സംയമനവും എന്ന ദ്വിമുഖ മന്ത്രം രാജ്യത്തിന് അദ്ദേഹം നല്‍കി. 
പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അവശ്യ വസ്തുക്കളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുനല്‍കി. 

കോവിഡ്- 19 ഇക്കണോമിക് റെസ്‌പോണ്‍സ് ദൗത്യസേന
മഹാവ്യാധി ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ്- 19 ഇക്കണോമിക് റെസ്‌പോണ്‍സ് ദൗത്യസേന രൂപീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ദൗത്യസേന ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയും പ്രതികരണം തേടിയും വെല്ലുവിളിയെ നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും. കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെന്നു ദൗത്യസേന ഉറപ്പുവരുത്തുകയും ചെയ്യും. 
ജോലിസ്ഥലത്തെത്താന്‍ സാധിക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കാത്തവരുടെ ശമ്പളം നല്‍കാതിരിക്കരുതെന്നും ആരുടെ സേവനമാണോ ഉപയോഗപ്പെടുത്തുന്നത്, വരുമാനം കുറഞ്ഞ അത്തരക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ബിസിനസ് സമൂഹത്തോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

പി.എം. കെയേഴ്‌സ് ഫണ്ട്
കോവിഡ്-19 പോലുള്ള മഹാവ്യാധി നിമിത്തമുള്ളതുപോലുള്ള എത് അത്യാഹിതത്തെയും നേരിടുന്നതിനും ദുരിതബാധിതര്‍ക്കു സഹായം ലഭ്യമാക്കുന്നതിനും പ്രധാനമായും ലക്ഷ്യംവെച്ചു സമര്‍പ്പിത ദേശീയ നിധി വേണമെന്ന ഉദ്ദേശ്യത്തോടെ അടിയന്തര ഘട്ടങ്ങളില്‍ പൗരന്‍മാര്‍ക്കു സഹായം നല്‍കാനും അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമേകാനും ഉള്ള പ്രധാനമന്ത്രിയുടെ ഫണ്ട് (പി.എം. കെയേഴ്‌സ് ഫണ്ട്) എന്ന പേരില്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ചെയര്‍മാനായുള്ള ട്രസ്റ്റില്‍ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവര്‍ അംഗങ്ങളാണ്. 
ഏതു പ്രശ്‌നവും പരിഹരിക്കാന്‍ പൊതുജനപങ്കാളിത്തമാണ് ഏറ്റവും ഫലപ്രദമായ വഴിയെന്ന പ്രധാനമന്ത്രി മോദിയുടെ ചിന്തയ്ക്കു മറ്റൊരു ഉദാഹരണമാണ് ഇത്. ചെറിയ തുകകള്‍ ചേര്‍ത്തു ഫണ്ട് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ വളരെയധികം പേര്‍ക്കു ചെറിയ തുക സംഭാവന ചെയ്യാന്‍ സാധിക്കും. 

1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
ദരിദ്രര്‍ക്ക് അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മാര്‍ച്ച് 26നു നരേന്ദ്ര മോദി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ സൃഷ്ടിക്കുന്ന തിരിച്ചടി മൂലമുള്ള സാമ്പത്തിക പരാധീനതകള്‍ നേരിടുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം മൂന്നു മാസത്തേക്കു ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗങ്ങളും പാചകവാതകവും നല്‍കുന്നതും പാക്കേജില്‍ ഉള്‍പ്പെടുന്നു. 

ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരുമായുമുള്ള യോഗം
മാര്‍ച്ച് 24നു പ്രധാനമന്ത്രി ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന വൈദ്യ ലോകവുമായി ആശയവിനിമയം നടത്തി. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനായി നല്‍കുന്ന നിസ്വാര്‍ഥ സേവനത്തിന് അവരോട് അദ്ദേഹം നന്ദി അറിയിച്ചു. 
നിങ്ങളുടെ ശുഭപ്രതീക്ഷ രാജ്യം വിജയം നേടുമെന്ന ശക്തമായ ആത്മവിശ്വാസം തന്നില്‍ സൃഷ്ടിച്ചുവെന്നു പ്രധാനമന്ത്രി സംവാദത്തിനിടെ വ്യക്തമാക്കി. 
ചികില്‍സാ രംഗത്തു ടെലികണ്‍സള്‍ട്ടേഷന്‍ സാധ്യമാകുമോ എന്ന ശുപാര്‍ശ ഗവണ്‍മെന്റ് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 
വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ സുരക്ഷയ്ക്കു ഗവണ്‍മെന്റ് അങ്ങേയറ്റത്തെ പ്രാധാന്യമാണു കല്‍പിക്കുന്നതെന്നു വ്യക്തമാക്കിയ ശ്രീ. മോദി, ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നു പ്രസ്താവിച്ചു. 

ഔഷധ മേഖലയുമായുള്ള യോഗം
മരുന്നും വൈദ്യ ഉപകരണങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി 2020 മാര്‍ച്ച് 21ന് ഔഷധ മേഖലയുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കോവിഡ്-19 പരിശോധിക്കുന്നതിനായി ആര്‍.എന്‍.എ. കിറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.പി.ഐകളുടെ ലഭ്യതയും രാജ്യത്തെ ഉല്‍പാദനവും ഗവണ്‍മെന്റ് ഉറപ്പുവരുത്തുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കി.

ആയുഷ് രംഗത്തുള്ളവരുമായി യോഗം
രാജ്യത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നതിനായി 2020 മാര്‍ച്ച് 28നു പ്രധാനമന്ത്രി ആയുഷ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തി. കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ആയുഷ് മേഖലയുടെ പ്രാധാന്യം വളരെയേറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
ശൃംഖല ഉപയോഗപ്പെടുത്താനും ഡബ്യു.എച്ച്.ഒയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കാനും വൈറസ് പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന നല്ല സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 
ബുദ്ധിമുട്ടു നിറഞ്ഞ നാളുകളില്‍ മനസ്സിന്റെ സമ്മര്‍ദം ഇല്ലാതാക്കാനും ശരീരം ശക്തിയാര്‍ന്നതാക്കാനും വീട്ടില്‍ യോഗ എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ആയുഷിനെ അദ്ദേഹം അഭിനന്ദിച്ചു. 

സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കല്‍
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ച പ്രധാനമന്ത്രി, വെല്ലുവിളി ഒരുമിച്ചു നേരിടണമെന്ന് ആഹ്വാനം ചെയ്തു. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നിതാന്ത ജാഗ്രത പുലര്‍ത്തുകയും വൈറസ് പടരുന്നതു നിരീക്ഷിക്കുകയും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
രാജ്യം വൈറസിനെ നേരിടുന്ന നിര്‍ണായക ഘട്ടത്തിലാണെന്നും അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രിമാര്‍ക്കായി വിശദീകരിച്ചു. രാജ്യത്താകമാനമുള്ള സാഹചര്യം എങ്ങനെയാണു പ്രധാനമന്ത്രി വ്യക്തിപരമായി നിരീക്ഷിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു. 
പരിശോധനാ സൗകര്യം വര്‍ധിപ്പിക്കണമെന്നും സമൂഹത്തിലെ അവശ വിഭാഗത്തിനു കൂടുതല്‍ പിന്‍തുണ നല്‍കണമെന്നും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്കു പിന്‍തുണ ഉറപ്പുനല്‍കുകയും ആരോഗ്യ പ്രവര്‍ത്തരുടെ ശേഷി വര്‍ധിപ്പിക്കേണ്ടതിന്റെയും ആരോഗ്യ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കരിഞ്ചന്ത വില്‍പനയും അന്യായമായ വിലവര്‍ധനയും നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിമാര്‍ വ്യാപാരി സംഘടനകളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോല്‍സാഹനം നല്‍കാനും ആവശ്യമെന്നുവന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തയ്യാറാവണമെന്നു പ്രധാനമന്തി ഓര്‍മിപ്പിച്ചു. 

സാര്‍ക് മേഖല ഒന്നിക്കുന്നു
ലോകജനസംഖ്യയില്‍ ഗണ്യമായ ശതമാനം അധിവസിക്കുന്ന സാര്‍ക് രാജ്യങ്ങളുടെ നേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിയാണു മേഖലാതല ചര്‍ച്ചകള്‍ നടത്തുകയെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്. 2020 മാര്‍ച്ച് 15നു സാര്‍ക് രാജ്യങ്ങളുടെ യോഗം ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തി. 
വിവിധ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന വിഹിതം ഉപയോഗിച്ചു കോവിഡ്-19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാമെന്ന ആശയവും ശ്രീ. മോദി മുന്നോട്ടുവെച്ചു. ഫണ്ടിലേക്കുള്ള വിഹിതമായി ഇന്ത്യ ഒരു കോടി ഡോളര്‍ നല്‍കി. അടിയന്തരാവശ്യങ്ങള്‍ക്ക് അംഗരാഷ്ട്രങ്ങളില്‍ ഏതിനും ഫണ്ട് ഉപയോഗപ്പെടുത്താം. 
മറ്റു സാര്‍ക് രാജ്യങ്ങളായ നേപ്പാല്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയും എമര്‍ജന്‍സി ഫണ്ടിലേക്കു വിഹിതം നല്‍കി. 

അടിയന്തര ജി-20 വിര്‍ച്വല്‍ ഉച്ചകോടി
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതു നിമിത്തമുള്ള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും ആഗോളതലത്തില്‍ ഏകോപിതമായ പ്രതികരണം സാധ്യമാക്കുന്നതിനും ഉദ്ദേശിച്ച് 2020 മാര്‍ച്ച് 26ന് ജി-20 രാജ്യങ്ങളുടെ അടിയന്തര വിര്‍ച്വല്‍ ഉച്ചകോടി നടത്തപ്പെട്ടു. നേരത്തേ ഈ വിഷയത്തെ കുറിച്ചു സൗദിയിലെ കിരീടാവകാശിയായ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. 
ആഗോള അഭിവൃദ്ധിയും സഹകരണവും സംബന്ധിച്ച വീക്ഷണത്തിന്റെ കേന്ദ്രബിന്ദു മനുഷ്യന്‍ ആയിരിക്കണമെന്നും വൈദ്യരംഗത്തെ ഗവേഷണത്തിന്റെയും വികാസത്തിന്റെയും നേട്ടങ്ങള്‍ സ്വതന്ത്രമായി പങ്കുവെക്കപ്പെടണമെന്നും അനുയോജ്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വികസിപ്പിക്കപ്പെടണമെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 
മാനവകുലത്തിന്റെയാകെ ക്ഷേമം ലാക്കാക്കിയുള്ള പുതിയ ആഗോളവല്‍ക്കരണം ഉയര്‍ന്നുവരണമെന്നും മനുഷ്യരുടെ പൊതു താല്‍പര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യാന്തര വേദികള്‍ യാഥാര്‍ഥ്യമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

രാജ്യാന്തര തലത്തിലുള്ള ശ്രമങ്ങള്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി 2020 മാര്‍ച്ച് 12നും സൗദി അറേബ്യയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാനുമായി 2020 മാര്‍ച്ച് 17നും പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു. 
മാര്‍ച്ച് 25നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ചു. മാര്‍ച്ച് 26ന് അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും ഖത്തര്‍ അമീര്‍ ബഹുമാനപ്പെട്ട ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. 
2020 മാര്‍ച്ച് 24നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ഉര്‍സുല വോണ്‍ ദേര്‍ ലെയെനുമായി പ്രധാനമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി. 

ഒറ്റപ്പെട്ടുപോയ പൗരന്‍മാര്‍ക്കൊപ്പം
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈന, ഇറ്റലി, ഇറാന്‍, ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ 2000 പൗരന്‍മാരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രക്ഷിച്ചു. 

(Release ID: 1609060) Visitor Counter : 829