ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ്-19 പ്രതിരോധം: ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത  തേടാന്‍ ഉപരാഷ്ട്രപതി ഗവര്‍ണ്ണര്‍മാരോട് ആവശ്യപ്പെട്ടു

പോസ്റ്റഡ് ഓണ്‍: 27 MAR 2020 2:33PM by PIB Thiruvananthpuram

കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ ഗവണ്‍മെന്റിനൊപ്പം സ്വകാര്യ മേഖലയെയും പൊതു സമൂഹ സംഘടനകളെയും പങ്കാളികളാക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം വര്‍ദ്ധിപ്പിക്കാനും ഉപരാഷ്ട്രപതി  ശ്രീ എം.വെങ്കയ്യ നായിഡു ഗവര്‍ണ്ണര്‍മാരോടും,  ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരോടും, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശ ങ്ങളുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരോടും ആഹ്വാനം ചെയ്തു. രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് വിളിച്ചു ചേര്‍ത്ത ഗവര്‍ണ്ണര്‍മാരുടെയും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍  വളരെ സര്‍ഗ്ഗാത്മകമായ  പങ്ക് വഹിക്കാന്‍ കഴിയുന്ന അതിവിശിഷ്ടമായ സ്ഥാനത്താണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രഥമ പൗരന്മാരെന്ന നിലയില്‍ ഗവര്‍ണ്ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗികള്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടു നല്‍കുന്നതിന് സര്‍വകലാശാലകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്നും  അദ്ദേഹം ഗവര്‍ണ്ണര്‍മാരോടും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരോടും പറഞ്ഞു. പാഠ്യപദ്ധതി പൂര്‍ത്തീകരിക്കുന്നതിനും അക്കാമിക ക്രമം തടസ്സപ്പെടാതിരിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന്റെ സാധ്യത വിവിധ സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരെന്ന നിലയില്‍ ഗവര്‍ണ്ണര്‍മാര്‍ തേടണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

രോഗ വ്യാപനത്തിന്റെ കണ്ണി മുറിക്കുന്നതിന് സാമൂഹിക അകല്‍ച്ച പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെ  തടസ്സമില്ലാത്ത വിതരണം എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കണമെന്ന്  കേന്ദ്ര, സംസ്ഥാന അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കേരളം , കര്‍ണ്ണാടക, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണര്‍മാര്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍, ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 
 

RRTN/IE/BSN (27.03.2020)


( റിലീസ് ഐ.ഡി: 1608579) സന്ദര്‍ശക കൗണ്ടര്‍ : 126