ഡോ. പ്രദീപ് കെഞ്ചനുരു എന്നറിയപ്പെടുന്ന കന്നഡ ചലച്ചിത്രകാരൻ ശ്രീ പ്രദീപ് കുമാർ ഷെട്ടി കെ ഇന്ന് ഗോവയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തു. 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI) ഇന്ത്യൻ പനോരമയുടെ നോൺ-ഫീച്ചർ ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച തന്റെ ഡോക്യുമെന്ററിയായ 'ദ ഹഗ് ഓഫ് എംപ്റ്റിനസി'നെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025-ൽ നിർമ്മിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സ്വത്തുക്കൾ നഷ്ടപ്പെട്ടതിന് ശേഷം വിജനമായ ഒരു വനത്തിൽ വീടുണ്ടാക്കി താമസിക്കുന്ന ഒരാളുടെ ജീവിതത്തിലൂടെ സന്തോഷം, മനുഷ്യന്റെ അന്തസ്സ്, അതിജീവനശേഷി എന്നിവ അന്വേഷിക്കുന്നു.
ഈ വർഷം നടന്ന 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (MIFF) ചിത്രം FIPRESCI അന്താരാഷ്ട്ര നിരൂപക പുരസ്കാരം നേടിയിരുന്നു.

വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് കർണാടകയിലെ സുള്ള്യ സഹകരണ ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ചന്ദ്രശേഖറിന്റെ സ്വത്തുക്കൾ 2003-ൽ ബാങ്ക് ഏറ്റെടുക്കുന്നു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ആരംഭിച്ച നിയമപോരാട്ടം രണ്ട് പതിറ്റാണ്ടിലേറെയായി തുടരുകയാണ്. അതിനിടയിൽ വിജനമായ ഒരു വനപ്രദേശം അദ്ദേഹം തന്റെ വീടാക്കി മാറ്റുകയും അവിടെ നിന്ന് ശേഖരിക്കുന്ന വള്ളികൾ കൊണ്ട് കുട്ടകൾ നെയ്ത് വിറ്റുകൊണ്ട് ഉപജീവനം നടത്തുകയും ചെയ്യുന്നു. നീതി, കുടിയിറക്കൽ, ഏകാന്തത, മനുഷ്യന്റെ അതിജീവനശേഷി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അദ്ദേഹത്തിന്റെ കഥ ഒരുമിച്ച് കൊണ്ടുവരുന്നു.
നിയമതർക്കത്തേക്കാളുപരി ചന്ദ്രശേഖറിന്റെ ജീവിത തത്ത്വചിന്തയാണ് ഈ ഡോക്യുമെന്ററിക്ക് പ്രചോദനമായതെന്ന് ഈ വിഷയത്തിലേക്ക് തന്നെ ആകർഷിച്ചത് എന്താണെന്ന് വിശദീകരിക്കവേ ശ്രീ ഷെട്ടി പറഞ്ഞു. വൈദ്യുതി, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ, ഇടതൂർന്ന വനങ്ങൾക്കും കനത്ത മഴയ്ക്കും വന്യജീവികൾക്കും നടുവിൽ ജീവിച്ചിട്ടും ദൈനംദിന ജീവിതത്തിൽ ചന്ദ്രശേഖർ ഒരു താളവും ലക്ഷ്യബോധവും കണ്ടെത്തി. സന്തോഷത്തിന് വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നും അത് എല്ലായ്പ്പോഴും ഭൗതിക സുഖസൗകര്യങ്ങളാൽ നിർവചിക്കപ്പെടേണ്ടതില്ലെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
നിയമതർക്കത്തെക്കുറിച്ചുള്ള പരമ്പരാഗതവും അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു വിവരണത്തിൽ നിന്ന് താൻ ബോധപൂർവ്വം മാറിനിൽക്കുകയായിരുന്നുവെന്ന് തന്റെ ചലച്ചിത്ര സമീപനത്തെക്കുറിച്ച് സംസാരിക്കവേ ശ്രീ ഷെട്ടി പറഞ്ഞു. അതിനുപകരം ചന്ദ്രശേഖറിന്റെ ഒരു ദിവസത്തെ പ്രവർത്തനങ്ങളിലൂടെ ഡോക്യുമെന്ററി വികസിക്കുന്നു, അതിലൂടെ അദ്ദേഹത്തിൻ്റെ ജീവിതതാളവും കാടുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും തിരശ്ശീലയിൽ ചുരുളഴിയുന്നു.
ചിത്രത്തിന്റെ പേരിനെക്കുറിച്ച് സംസാരിച്ച ശ്രീ ഷെട്ടി, ഗ്രീക്ക് ചലച്ചിത്രകാരൻ യോർഗോസ് ലാന്തിമോസിന്റെ സൃഷ്ടികളിൽ നിന്നും മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായുള്ള അവയുടെ ഇടപെടലുകളിൽ നിന്നുമാണ് താൻ ദാർശനിക പ്രചോദനം ഉൾക്കൊണ്ടതെന്ന് വിശദീകരിച്ചു. മറ്റുള്ളവർക്ക് ശൂന്യമെന്ന് തോന്നിയേക്കാവുന്ന ഒരു ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിനുള്ള സാധ്യതയെയാണ് ഈ പേര് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അധ്യാപകനും സിനിമാപ്രേമിയുമായ ശ്രീ ഷെട്ടി, 2009 മുതൽ ഒരു ചലച്ചിത്രമേള ആസ്വാദകൻ എന്ന നിലയിൽ IFFI-യുമായുള്ള തന്റെ ബന്ധം അനുസ്മരിച്ചു. തനിക്ക് സർഗ്ഗാത്മക സ്വാതന്ത്ര്യം നൽകിയ ഒരു അടുത്ത സുഹൃത്തിന്റെ സാമ്പത്തിക പിന്തുണയോടെ 4 ലക്ഷം രൂപ ബജറ്റിലാണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചതെന്ന് സ്വതന്ത്ര ചലച്ചിത്രനിർമ്മാണത്തിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. ഒരു പൊതു സർഗ്ഗാത്മക കാഴ്ചപ്പാടിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അലിഷ മെഹ്റോത്രയായിരുന്നു സെഷന്റെ മോഡറേറ്റർ.
വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം:
IFFILOID ഇവിടെ വായിക്കാം:https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****
AT