57th International Film Festival of India 2026
20 – 28 Nov 2026

പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് ഗൗരവമേറിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI 2026) അനില്‍ രവിപുഡി

പോസ്റ്റഡ് ഓണ്‍: 25 NOV 2026 3:47PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341469Views: 11

''പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് ഏറെ അധ്വാനം ആവശ്യമുള്ള ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്,'' ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI 2026) തന്റെ 'മന ശങ്കര വര പ്രസാദ് ഗാരു' എന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ദേശീയ ചലച്ചിത്ര പുരസ്‌കാര  ജേതാവായ സംവിധായകന്‍ ശ്രീ അനില്‍ രവിപുഡി പറഞ്ഞു. IFFI 2026-ലെ ഇന്ത്യന്‍ പനോരമയുടെ മുഖ്യധാരാ സിനിമ വിഭാഗത്തിലേക്ക് തിതെരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് 164 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ തെലുങ്ക് ഫീച്ചര്‍ ചിത്രം. സംവിധായകനോടൊപ്പം നിര്‍മ്മാതാക്കളായ ശ്രീ സാഹു ഗരപതി, ശ്രീമതി കെ. സുസ്മിത, നടി ശ്രീമതി കാതറിന്‍ ട്രീസ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 


''കോമഡി എന്നത് എപ്പോഴും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണ്,'' കുടുംബ ബന്ധങ്ങളിലെ വൈകാരികതയും ചിരഞ്ജീവിയെപ്പോലൊരു സൂപ്പര്‍താരവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ പ്രതീക്ഷകളും നിലനിര്‍ത്തിക്കൊണ്ട് നര്‍മ്മം എഴുതുന്നതിലെ വെല്ലുവിളികള്‍ വിശദീകരിച്ചുകൊണ്ട് ശ്രീ രവിപുഡി അഭിപ്രായപ്പെട്ടു. ഏതൊക്കെ തമാശകളാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുക എന്ന് മുന്‍കൂട്ടി പ്രവചിക്കുക പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കഥാ രചനാ സംഘത്തിന്റെ പിന്തുണയെ അഭിനന്ദിച്ച സംവിധായകന്‍, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കഥകള്‍ ഒരുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
 


ശ്രീ രവിപുഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മന ശങ്കര വര പ്രസാദ് ഗാരു',  ജോലിയോടുള്ള അമിതമായ അര്‍പ്പണബോധം കാരണം ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നുപോകേണ്ടിവരുന്ന ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ആറ് വര്‍ഷത്തിന് ശേഷം, അവരുടെ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചുകൊണ്ട് കുടുംബവുമായി വീണ്ടും അടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്‌ക്കൊപ്പം നര്‍മ്മവും ആക്ഷനും സമന്വയിപ്പിക്കുന്ന ഈ ചിത്രം, ഔദ്യോഗിക കടമയും വ്യക്തിബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷവും ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനുള്ള സാധ്യതകളും ആവിഷ്‌കരിക്കുന്നു.

ചിരഞ്ജീവിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ച ശ്രീ രവിപുഡി, ഈ മുതിര്‍ന്ന നടന്റെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഓര്‍ത്തെടുത്തു. വര്‍ഷങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള അറിവ്, ചിരഞ്ജീവിയുടെ സവിശേഷമായ അഭിനയശേഷികള്‍ പ്രകടമാക്കുന്ന ലളിതമായ ഒരു കുടുംബകഥ രൂപപ്പെടുത്താന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന സിനിമകളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ച സംവിധായകന്‍,  കുടുംബങ്ങള്‍ ഒത്തുചേരുകയും തിയേറ്ററുകളില്‍ എത്തുകയും ചെയ്യുന്ന ഉത്സവകാലം കുടുംബപ്രമേയത്തിലുള്ള വിനോദചിത്രങ്ങള്‍ക്ക് സ്വാഭാവികമായും അനുയോജ്യമാണെന്ന് പറഞ്ഞു. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ആവശ്യമായ ആശ്വാസം സിനിമ നല്‍കുന്നുണ്ടെന്നും അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്നതാണ് ഇത്തരം സിനിമകള്‍ തുടര്‍ന്നും നിര്‍മിക്കാനുള്ള തന്റെ പ്രധാന പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീമതി കാതറിന്‍ ട്രീസ, മുതിര്‍ന്ന താരത്തിനൊപ്പം  പ്രവര്‍ത്തിച്ചത് വിലപ്പെട്ട ഒരു പഠനാനുഭവമായിരുന്നുവെന്ന് പറഞ്ഞു. ഗൗരവമേറിയ വേഷങ്ങളില്‍ നിന്ന് ലളിതവും രസകരവുമായ വേഷങ്ങളിലേക്കുള്ള തന്റെ  മാറ്റത്തെക്കുറിച്ച് സംസാരിക്കവേ, അഭിനയത്തിലെ വൈവിധ്യത്തിന്റെയും സംവിധായകന്റെ  കാഴ്ചപ്പാട് മനസ്സിലാക്കുന്നതിന്റെയും പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ഒരു വാണിജ്യ വിനോദ ചിത്രത്തിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ആഗ്രഹിച്ചിരുന്ന തനിക്ക്, ചിത്രം IFFI-ലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ചലച്ചിത്രമേളകളില്‍ മുഖ്യധാരാ സിനിമകള്‍ക്കും അംഗീകാരം ലഭിക്കുന്നതിനെ സ്വാഗതം ചെയ്ത ശ്രീ രവിപുഡി, വിവിധ വിഭാഗങ്ങളിലുള്ള സിനിമകളെ ഉള്‍ക്കൊള്ളാന്‍ ജൂറി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. കലാപരവും സാങ്കേതികവുമായ മികവിനെ ആഘോഷിക്കുന്നതിനൊപ്പം, വലിയൊരു വിഭാഗം പ്രേക്ഷകരുമായി സംവദിക്കുന്ന വാണിജ്യവിജയം നേടിയ സിനിമകളെയും അംഗീകരിക്കാന്‍ ചലച്ചിത്രമേളകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നര്‍മ്മം, വൈകാരികത, പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങള്‍ എന്നിവയിലൂടെ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന കഥകളെ ആഘോഷിക്കുന്നതോടൊപ്പം, വൈവിധ്യമാര്‍ന്ന ചലച്ചിത്ര പാരമ്പര്യങ്ങള്‍ക്കിടയില്‍ ജനപ്രിയ സിനിമകള്‍ക്കുള്ള സ്ഥാനവും കൂടിയാണ് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഈ ചിത്രത്തിന്റെ  പ്രദര്‍ശനം എടുത്തുകാണിക്കുന്നത്.


സ്വാതി അഗര്‍വാള്‍ ആയിരുന്നു സെഷന്റെ മോഡറേറ്റര്‍.

 


വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം ഇവിടെ കാണാം:

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
 
*****

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341469
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026