57th International Film Festival of India 2026
20 – 28 Nov 2026

നൂറ്റാണ്ടിന്റെ ചലച്ചിത്ര വിസ്മയങ്ങൾക്ക് ആദരം: ഇന്ത്യൻ സിനിമയിലെ ഏഴ് ഇതിഹാസ പ്രതിഭകളെ സ്മരിച്ച് 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI)

ഉത്തം കുമാർ, ശക്തി സാമന്ത, ഒ.പി. നയ്യാർ, സൂര്യകാന്ത് മന്ദാരെ, പ്രേം നസീർ, രാജ് കുമാർ, ബോംബെ രവി: 1926-ൽ ജനിച്ച ഇന്ത്യൻ സിനിമയിലെ ഏഴ് ഇതിഹാസങ്ങളെ ആഘോഷിച്ച് IFFI

പോസ്റ്റഡ് ഓണ്‍: 21 NOV 2026 2:46PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339740Views: 15

 

ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം 1926 എന്ന വർഷം സവിശേഷമായ ഒന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യമാർന്ന കുടുംബങ്ങളിലും സാംസ്കാരിക പാരമ്പര്യങ്ങളിലുമായി ഏഴ് അതുല്യ പ്രതിഭകൾ ജനിച്ചത് ഈ വർഷമാണ്; വെള്ളിത്തിരയിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ ഓരോരുത്തരും.

 

ബംഗാളി സിനിമയിലെ ഇതിഹാസമായ 'മഹാനായക്' ഉത്തം കുമാർ, ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത സംവിധായകൻ ശക്തി സാമന്ത, കാലാതീതമായ ഈണങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച സംഗീത മാന്ത്രികൻ ഒ.പി. നയ്യാർ, ഗ്രാമീണ-ചരിത്ര-പുരാണ കഥാപാത്രങ്ങളിലൂടെ മറാത്തി സിനിമയെ സമ്പന്നമാക്കിയ പത്മശ്രീ ജേതാവ് സൂര്യകാന്ത് മാന്ധരെ, മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീർ, ഗാംഭീര്യമാർന്ന ശബ്ദവും തനതായ ശൈലിയും കൊണ്ട് ബോളിവുഡിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നടൻ രാജ് കുമാർ, 'ചൗധവിൻ കാ ചാന്ദ്', 'ഗുംറാഹ്', 'വഖ്ത്', 'ഹംറാസ്' തുടങ്ങിയ അനശ്വര സംഗീത ശേഖരങ്ങൾ സമ്മാനിച്ച പ്രതിഭാധനനായ സംഗീത സംവിധായകൻ രവി ബോംബെ  എന്നിവരാണ് ആ ഏഴ് മഹാരഥന്മാർ.

 

നൂറ് വർഷങ്ങൾക്കിപ്പുറം, ഹിന്ദി, ബംഗാളി, മലയാളം, മറാത്തി എന്നീ നാല് ഭാഷകളിലായി പുനരുദ്ധരിച്ച അഞ്ച് ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള  ഈ ഇതിഹാസ പ്രതിഭകളുടെ ജന്മശതാബ്ദി ആഘോഷിക്കുന്നത്. ഈ കലാകാരന്മാരുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അഭിമാന പദ്ധതിയായ 'നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്' കീഴിൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്  ഇന്ത്യയുടെ സമ്പന്നമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ സിനിമകളെല്ലാം പുനരുദ്ധരിച്ചത്.

 

'ചൗരംഗി'യിലെ ഉത്തം കുമാർ

1965-ൽ പുറത്തിറങ്ങിയ ബംഗാളി ക്ലാസിക് ചിത്രമായ 'ചൗരംഗി' ബംഗാളി സിനിമയിലെ ഏറ്റവും മികച്ച കൂട്ടായ അഭിനയ മുഹൂർത്തങ്ങളിലൊന്നാണ് കാഴ്ചവെച്ചത്. ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് ബംഗാളി സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരമായ ഉത്തം കുമാർ ഈ ചിത്രത്തിലെ സത്യസുന്ദർ 'സാറ്റ' ബോസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തത്. 1948-ൽ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 200-ലധികം ചിത്രങ്ങളിൽ വേഷമിട്ടു. 'സപ്തപദി', 'ഹരാനോ സുർ', 'നായക്', 'ചിരിയാഖാന', 'അമാനുഷ്' തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങൾ അദ്ദേഹം സിനിമയ്ക്ക് സമ്മാനിച്ചു. നാടകീയമായ അഭിനയ ശൈലിയിൽ നിന്ന് ബംഗാളി സിനിമയെ നാഗരിക പ്രണയഭാവങ്ങളിലേക്ക്  കൈപിടിച്ചുയർത്തിയത് ഉത്തം കുമാറാണ്.

ഉത്തം കുമാർ

സംവിധായകൻ ശക്തി സാമന്തയും സംഗീത സംവിധായകൻ ഒ.പി. നയ്യാറും ഒരുമിച്ച 'കശ്മീർ കി കലി'

 

സംവിധായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ ഇരു പ്രതിഭകളെയും അവരവരുടെ കരിയറിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിച്ച ചിത്രമായിരുന്നു 'കശ്മീർ കി കലി'. കശ്മീരിന്റെ സ്വർഗ്ഗീയ സൗന്ദര്യം പൂർണ്ണ വർണ്ണപ്പൊലിമയോടെ  ശക്തി സാമന്ത സിനിമാസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ, ഇന്നും പ്രേക്ഷകമനസ്സുകളെ തൊട്ടുണർത്തുന്ന സംഗീതമാണ് ഒ.പി. നയ്യാർ ഒരുക്കിയത്.

 

1948-ൽ സഹസംവിധായകനായാണ് ശക്തി സാമന്തയും തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 1955-ൽ പുറത്തിറങ്ങിയ 'ബഹു' എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 'ശക്തി ഫിലിംസ്' എന്ന സ്വന്തം ബാനറിൽ അദ്ദേഹം 43 ഫീച്ചർ സിനിമകൾ സംവിധാനം ചെയ്തു; ഇതിൽ 37 എണ്ണം ഹിന്ദിയിലും 6 എണ്ണം ബംഗാളിയിലുമായിരുന്നു. 'ഹൗറ ബ്രിഡ്ജ്', 'ചൈനാ ടൗൺ', 'ആൻ ഈവനിംഗ് ഇൻ പാരീസ്', 'ആരാധന', 'കട്ടി പതംഗ്', 'അമർ പ്രേം', 'അനുരാഗ്' തുടങ്ങിയ എക്കാലത്തെയും മികച്ച ഹിന്ദി ക്ലാസിക് ചിത്രങ്ങൾ ഈ പ്രതിഭാധനനായ സംവിധായകൻ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു.

 

1952-ൽ പുറത്തിറങ്ങിയ 'ആസ്മാൻ' എന്ന ചിത്രത്തിലൂടെയാണ് ഓംകാർ പ്രസാദ് നയ്യാർ സിനിമാ സംഗീത രംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന് 'ആർ പാർ', 'മിസ്റ്റർ ആൻഡ് മിസിസ് 55', 'സി.ഐ.ഡി', 'നയാ ദൗർ', 'ഹൗറ ബ്രിഡ്ജ്' തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം അവിസ്മരണീയമായ സംഗീതം നൽകി. ഗായകരായ മുഹമ്മദ് റാഫി, ആശാ ഭോസ്‌ലെ, ഗീതാ ദത്ത് എന്നിവരുമായി ചേർന്ന് അദ്ദേഹം പിറവികൊടുത്ത ഗാനങ്ങൾ ഹിന്ദി സിനിമാ സംഗീതത്തിലെ എക്കാലത്തെയും പ്രിയപ്പെട്ടവയായി മാറി. കുതിരക്കുളമ്പടി താളങ്ങളും ധോലക് ഈണങ്ങളും കോർത്തിണക്കി അദ്ദേഹം സൃഷ്ടിച്ച തനതായ സംഗീതശൈലി പ്രേക്ഷകർ ഏറെ ആരാധനയോടെയാണ് സ്വീകരിച്ചത്.

ശക്തി സാമന്ത        ഒ.പി നയ്യാർ

'സാധി മാനസേ'യിലെ സൂര്യകാന്ത് മാന്ധരെ

ഗുരുവായ ഭാൽജി പെന്ധാർക്കറാണ് ബാലനായിരിക്കെ സൂര്യകാന്ത് മാന്ധരെയെ കണ്ടെത്തുന്നത്; തുടർന്ന് ബാലതാരമായി അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. അൻപത് വർഷം നീണ്ടുനിന്ന കരിയറിൽ 'സാംഗ്ത്യേ ഐക', 'കന്യാദാൻ' , 'മോഹിത്യഞ്ചി മഞ്ജുള' , 'മൽഹാരി മാർത്താണ്ഡ്' തുടങ്ങി നൂറിലധികം ചിത്രങ്ങളിലൂടെ ഗ്രാമീണ, ചരിത്ര, പുരാണ നായകന്മാരായി മറാത്തി സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു.

 

1965-ൽ പുറത്തിറങ്ങിയ 'സാധി മാനസേ' എന്ന ക്ലാസിക് ചിത്രത്തിൽ ശങ്കർ എന്ന കൊല്ലന്റെ  വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അഹങ്കാരമില്ലാത്ത കരുത്തിന്റെയും, തൊഴിലിന്റെ അന്തസ്സിന്റെയും, തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ വേദനയുടെയും പ്രതീകമായാണ് ഈ കഥാപാത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ നായികയായി തിളങ്ങിയ ജയശ്രീ ഗഡ്കറാണ് ഈ ചിത്രത്തിലും നായികയായി എത്തിയത്. മറാത്തി സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ ഉപയോഗിച്ചിരുന്ന 'ആനന്ദ്ഘൻ'എന്ന തൂലികാനാമത്തിൽ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.

സൂര്യകാന്ത് മാന്ധരെ

 

'തുലാഭാര'ത്തിലെ പ്രേം നസീർ

ഗാനങ്ങളും പ്രസന്നമായ പ്രണയകഥകളും കൊണ്ട് ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളത്തിന്റെ നിത്യഹരിത നായകനായി മാറിയ പ്രേം നസീർ, 'തുലാഭാരം' എന്ന ചിത്രത്തിൽ രാമു എന്ന ഫാക്ടറി തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായാണ് വേഷമിട്ടത്. പ്രണയനായക വേഷങ്ങളിലൂടെ പ്രശസ്തനായ ഈ ഇതിഹാസ നടൻ, തന്റെ പതിവ് താരപരിവേഷം മാറ്റിവെച്ച് അങ്ങേയറ്റം സ്വാഭാവികവും ഹൃദയസ്പർശിയുമായ അഭിനയമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചത്; അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 

'ഇരുട്ടിന്റെ ആത്മാവ്', 'മുറപ്പെണ്ണ്', 'നദി' എന്നിവ മുതൽ 'കള്ളിച്ചെല്ലമ്മ', 'വിടപറയും മുമ്പേ', 'പടയോട്ടം' വരെയുള്ള ചിത്രങ്ങളിലൂടെ പ്രണയകഥാപാത്രങ്ങളിൽ നിന്ന് പുരാണ-സാമൂഹിക പരിഷ്കരണ പ്രമേയങ്ങളിലേക്കും പ്രേം നസീർ അനായാസം സഞ്ചരിച്ചു. എഴുന്നൂറിലധികം ചിത്രങ്ങളിൽ നായകനായതിനും, ഷീലയുടെ നായകനായി 130 ചിത്രങ്ങളിൽ അഭിനയിച്ചതിനും രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ അദ്ദേഹത്തെ 1983-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

പ്രേം നസീർ

'വഖ്തി'ലെ നടൻ രാജ് കുമാറും സംഗീത സംവിധായകൻ ബോംബെ രവിയും

ഗാംഭീര്യമാർന്ന ശബ്ദം, ആകർഷകമായ സംഭാഷണ ശൈലി, അതുല്യമായ താരപ്രഭാവം എന്നിവയിലൂടെ വെള്ളിത്തിരയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ നടൻ രാജ് കുമാറും പ്രശസ്ത സംഗീത സംവിധായകൻ രവിയും (ബോംബെ രവി) ഒന്നിച്ച ചിത്രമായിരുന്നു യാഷ് ചോപ്ര സംവിധാനം ചെയ്ത മൾട്ടി-സ്റ്റാർ ചിത്രമായ 'വഖ്ത്'. ചിത്രത്തിൽ രാജ എന്ന കള്ളനായി രാജ് കുമാർ കാഴ്ചവെച്ച ഹൃദയസ്പർശിയായ അഭിനയത്തിനും, രവി ഈണം നൽകിയ 'ഏ മേരി സൊഹ്‌റാ ജബീൻ' എന്ന നിത്യഹരിത ഗാനത്തിനുമാണ് ഈ സിനിമ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്.

 

1952-ൽ പുറത്തിറങ്ങിയ 'രംഗീലി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാജ് കുമാർ, 'നൗഷെർവാൻ-ഇ-ആദിൽ', 'മദർ ഇന്ത്യ', 'ദിൽ ഏക് മന്ദിർ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ മുൻനിരയിലേക്ക് ഉയർന്നു. തുടർന്ന് 'വഖ്ത്', 'ഹീർ രാൻഝ', 'പാകീസ', 'തിരംഗ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.

മലയാള സിനിമയിൽ ബോംബെ രവി എന്ന പേരിൽ പ്രശസ്തനായ രവി ശങ്കർ ശർമ്മ, 1955-ൽ പുറത്തിറങ്ങിയ 'വചൻ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമാ സംഗീത രംഗത്തേക്ക് ചുവടുവെച്ചത്. 'ചൗധവിൻ കാ ചാന്ദ്', 'ഗുംറാഹ്', 'വഖ്ത്', 'ഹംറാസ്' തുടങ്ങിയ ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി. മലയാളത്തിൽ 'പരിണയം', 'സുകൃതം' എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 

പ്രത്യേകമായി തയ്യാറാക്കിയ ഈ ശതാബ്ദി ആദരവുകളിലൂടെ  ഏഴ് അതുല്യ വ്യക്തിത്വങ്ങളെ മാത്രമല്ല, അവർ ബാക്കിവെച്ച കാലാതീതമായ സർഗ്ഗാത്മക പൈതൃകത്തെ കൂടിയാണ് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള  ആഘോഷിക്കുന്നത്. ഇവരുടെ കലാപാരമ്പര്യം വരും തലമുറകൾക്ക് പ്രചോദനമേകുകയും ഇന്ത്യൻ സിനിമയുടെ അനശ്വരമായ സമ്പന്നതയ്ക്ക് എന്നും പ്രകാശം പരത്തുകയും ചെയ്യും.

രാജ്കുമാര്‍

 

ജനിച്ച് ഒരു നൂറ്റാണ്ടിന് ശേഷവും, ഈ ഏഴ് മഹാരഥന്മാരുടെ സൃഷ്ടികൾ ഇന്ത്യൻ സിനിമയുടെ അസാധാരണമായ വൈവിധ്യത്തിന്റെയും, സർഗ്ഗാത്മകമായ അഭിലാഷങ്ങളുടെയും, കലാപരമായ മികവിന്റെയും ഉത്തമ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു. പുനരുദ്ധരിച്ച ഈ ക്ലാസിക് ചിത്രങ്ങളിലൂടെ, അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങളും, ഈണങ്ങളും, കഥകളും മാത്രമല്ല, അവർ രൂപപ്പെടുത്തിയ ചലച്ചിത്ര പാരമ്പര്യങ്ങളും സാംസ്കാരിക ചരിത്രങ്ങളും പുനഃപരിശോധിക്കാനുള്ള അവസരമാണ് 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) പ്രേക്ഷകർക്ക് നൽകുന്നത്.

 

ഏഴ് വ്യക്തിഗത പൈതൃകങ്ങൾക്കുള്ള ആദരവിനപ്പുറം, ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും വരും തലമുറകൾക്ക് അവ പ്രാപ്യമാക്കേണ്ടതിന്റെയും പ്രാധാന്യം ഈ ശതാബ്ദി ആഘോഷത്തിലൂടെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്.

ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339740
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026