ഇന്ത്യയും പോളണ്ടും തമ്മിലുള്ള പങ്കിട്ട ചരിത്രത്തെക്കുറിച്ചുള്ള സിനിമയ്ക്കായി ചർച്ചകൾ തുടരും: ഇവാ പുഷ്ചിൻസ്ക
സിനിമകൾക്ക് ഒറ്റരാത്രികൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ കഴിഞ്ഞെന്നു വരില്ല, എന്നാൽ അവയ്ക്ക് മനുഷ്യരുടെ ചിന്താഗതികളെ വിശാലമാക്കാനും, സംവാദങ്ങൾക്ക് വഴിയൊരുക്കാനും, ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കാനും സാധിക്കുമെന്ന് 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഉദ്ഘാടന ചിത്രമായ 'ഫാദർലാൻഡി'ന്റെ നിർമ്മാതാവും പ്രശസ്ത പോളിഷ് ചലച്ചിത്ര നിർമ്മാതാവുമായ ഇവാ പുഷ്ചിൻസ്ക പറഞ്ഞു.
ഐ.എഫ്.എഫ്.ഐ -ൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അവർ, ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ധാരണ വളർത്തുന്നതിലൂടെയും ആളുകളെ പരസ്പരം അടുപ്പിക്കുന്നതിൽ സിനിമ വഹിക്കുന്ന പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു. "നമ്മുടെ സിനിമകളിലൂടെ ആളുകളോട് സംസാരിക്കണം. ജീവിതത്തിന്റെ മറ്റ് വശങ്ങളിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ആളുകളുടെ മനസ്സ് തുറന്നുകൊടുക്കാൻ നമുക്ക് കഴിയണം," അവർ പറഞ്ഞു.
style="text-align:center">
സമകാലിക സമൂഹങ്ങളിലെ ഭിന്നതകളെക്കുറിച്ച് പരാമർശിക്കവേ, ഏതെങ്കിലും ഒറ്റപ്പെട്ട ഒരു ആഖ്യാനത്തിനോ അജണ്ടയ്ക്കോ മാത്രമായി ശരിയായ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന് ഇവാ പുഷ്ചിൻസ്ക നിരീക്ഷിച്ചു. പരസ്പരം കേൾക്കുന്നതിനുപകരം സ്വന്തം വാദങ്ങളിൽ ഉറച്ചുനിൽക്കാനാണ് ആളുകൾ കൂടുതലായി ശ്രമിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. "ഒരു അജണ്ടയോ ഒരു ആഖ്യാനമോ മാത്രമാണ് ശരിയെന്ന് പറയാനാവില്ല. പരസ്പരം സംസാരിക്കൂ, നമുക്ക് പൊതുവായ ഒരു തലം കണ്ടെത്താം," അവർ പറഞ്ഞു.
'ഫാദർലാൻഡി'നെ ബഹുതല സ്പർശിയായ ഒരു കഥയായി വിശേഷിപ്പിച്ച ഇവാ പുഷ്ചിൻസ്ക, സമകാലിക ലോകവുമായി ഒത്തുപോകുന്ന പ്രമേയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് എടുത്തുപറഞ്ഞു. 1949-ലെ വിഭജിക്കപ്പെട്ട യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, പൂർവ്വ-പാശ്ചാത്യ ഭിന്നതയെയും ഇന്നും സമൂഹങ്ങളെ രൂപപ്പെടുത്തുന്ന വിഭജനങ്ങളെയും പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും കുടിയേറ്റങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, സ്വത്വത്തെയും തായ്വേരുകളെയും കുറിച്ചുള്ള ചോദ്യങ്ങളും ചിത്രം ഉയർത്തുന്നുണ്ട്. "എവിടെയാണ് നിങ്ങളുടെ പിതൃഭൂമി? അത് നിങ്ങൾ ജീവിക്കുന്ന രാജ്യമാണോ, അതോ നിങ്ങൾ സംസാരിക്കുന്ന ഭാഷയാണോ? നിങ്ങളുടെ ചരിത്രം ഉത്ഭവിക്കുന്ന ഇടമാണോ, അതോ നിങ്ങൾ ജീവിക്കുന്ന രാജ്യമാണോ?" എന്ന് ചോദിച്ചുകൊണ്ട്, വ്യക്തികളും അവരുടെ മാതൃഭൂമിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ ഈ സിനിമ എങ്ങനെ പരിശോധിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.
_20261121140707_5116c2.jpeg)
പ്രശസ്ത ജർമ്മൻ എഴുത്തുകാരൻ തോമസ് മന്നിന്റെയും കുടുംബത്തിന്റെയും കഥയിലൂടെ, സംസ്കാരവും സമൂഹവും തമ്മിലുള്ള ബന്ധത്തെയും 'ഫാദർലാൻഡ്'എന്ന ചിത്രം അന്വേഷിക്കുന്നു. സാഹിത്യത്തിനും സാംസ്കാരിക നായകർക്കും ആളുകൾക്ക് മാതൃകകളും പ്രചോദനസ്രോതസ്സുകളുമാകാൻ കഴിയുമെന്ന് ഇവാ പുഷ്ചിൻസ്ക നിരീക്ഷിച്ചു. മാതാപിതാക്കളും മക്കളും, സഹോദരങ്ങൾ, കലാകാരന്മാർ എന്നിവർ തമ്മിലുള്ള സങ്കീർണ്ണമായ കുടുംബബന്ധങ്ങളെയും ചിത്രം പരിശോധിക്കുന്നുണ്ട്. പ്രശസ്തരായ കലാകാരന്മാരുടെ മക്കൾ നേരിടുന്ന വെല്ലുവിളികളെയും, മാതാപിതാക്കളുടെ നേട്ടങ്ങൾക്കൊപ്പമെത്താൻ അവർക്ക് കഴിയുമോ എന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളെയും ചിത്രം പ്രതിപാദിക്കുന്നു. വിശാലമായ തലത്തിൽ, വലിയ ചരിത്രപരമായ സംഭവവികാസങ്ങൾ വ്യക്തികളുടെ ദൈനംദിന ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നു.
ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തെക്കുറിച്ച് വിശദീകരിക്കവെ, സംവിധായകൻ പാവെൽ പാവ്‌ലിക്കോവ്‌സ്‌കിയുമായി ചേർന്ന് മുമ്പ് നിർമ്മിച്ച 'ഇഡ', 'കോൾഡ് വാർ' എന്നീ ചിത്രങ്ങളിൽ സ്വീകരിച്ച ദൃശ്യശൈലി പിന്തുടർന്ന് 'ഫാദർലാൻഡും' ബ്ലാക്ക് ആൻഡ് വൈറ്റിലും 4:3 ആസ്പെക്റ്റ് റേഷ്യോയിലുമാണ് ചിത്രീകരിച്ചതെന്ന് അവർ പറഞ്ഞു. ചിത്രത്തിൽ ആവിഷ്കരിക്കുന്ന കാലഘട്ടത്തിന് ആധികാരികത നൽകുന്നതിനായാണ് ഈ രീതി തിരഞ്ഞെടുത്തത്. "നമ്മൾ സംസാരിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ തനിമ ചിത്രത്തിന് തോന്നണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഈ ചലച്ചിത്രത്രയത്തിലെ മൂന്നാമത്തെ ചിത്രമായി 'ഫാദർലാൻഡി'നെ കണക്കാക്കാവുന്നതാണ്," അവർ പറഞ്ഞു.

നിർമ്മാണ പ്രക്രിയയെക്കുറിച്ച് സംസാരിക്കവെ, പോളണ്ട്, ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഒരു അന്താരാഷ്ട്ര ചിത്രമാണ് 'ഫാദർലാൻഡ്' എന്ന് അവർ വിശദീകരിച്ചു. കഥ നടക്കുന്നത് ജർമ്മനിയിലാണെങ്കിലും, ചിത്രത്തിന്റെ ഏകദേശം 95 ശതമാനവും ചിത്രീകരിച്ചത് പോളണ്ടിലാണ്. സർഗ്ഗാത്മകവും സാങ്കേതികവുമായ സംഘങ്ങളിൽ ഭൂരിഭാഗവും പോളിഷ് പ്രൊഫഷണലുകളായിരുന്നു. 1949-ലെ ജർമ്മനിയുടെ അന്തരീക്ഷം പുനഃസൃഷ്ടിക്കാൻ അനുയോജ്യമായ തകർന്നതും അവഗണിക്കപ്പെട്ടതുമായ തെരുവുകൾ, കെട്ടിടങ്ങൾ, ചെറുപട്ടണങ്ങൾ എന്നിവ പോളണ്ടിൽ കണ്ടെത്താനായി.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള പങ്കിട്ട ചരിത്രത്തെ ആസ്പദമാക്കി, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ത്യയിൽ അഭയം തേടിയ പോളിഷ് കുട്ടികളുടെ കഥയെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുന്നതിനുള്ള താല്പര്യവും ഇവാ പുഷ്ചിൻസ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ ഇതിനകം തിരക്കഥ രചിച്ച ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗവാരിക്കറുമായി നടത്തിയ സംഭാഷണത്തെ പരാമർശിച്ചുകൊണ്ട്, ചർച്ചകൾ തുടരാനും പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതകൾ പരിശോധിക്കാനും കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീ സയ്യിദ് റബീഹാഷ്മി ആയിരുന്നു സെഷൻ നയിച്ചത്.
Read IFFILOID here: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *