കൃഷി മന്ത്രാലയം
azadi ka amrit mahotsav

കോഴികളിലെ H5N1 പക്ഷിപ്പനി വൈറസിനെതിരായ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ നവംബർ 20-ന് രാജ്യത്തിന് സമർപ്പിക്കും

പക്ഷിപ്പനി പ്രതിരോധം ശക്തിപ്പെടുത്താൻ തദ്ദേശീയ H5N1 വാക്സിൻ വികസിപ്പിച്ച് ICAR-NIHSAD

പോസ്റ്റഡ് ഓണ്‍: 18 NOV 2026 9:38AM by PIB Thiruvananthpuram

കോഴികളില്‍ അതിതീവ്ര പക്ഷിപ്പനിക്ക്  കാരണമാകുന്ന H5N1 (Clade 2.3.2.1a) വൈറസിനെതിരെ നിർവീര്യമാക്കിയ വൈറസ് ഉപയോഗിച്ച് വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ കേന്ദ്ര കൃഷി-കർഷക ക്ഷേമ-ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ 2026 നവംബർ 20-ന് ഭോപ്പാലിലെ ഐ.സി.എ.ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (ICAR-NIHSAD)  രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാലിലെ ICAR-NIHSAD തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്സിൻ Clade 2.3.2.1a വിഭാഗത്തിൽപ്പെട്ട H5N1 HPAI വൈറസിനെതിരെ ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ വാക്സിനാണ്.

 

പശ്ചാത്തലം

 

പക്ഷിപ്പനി  എന്നറിയപ്പെടുന്ന അതിതീവ്ര ഏവിയൻ ഇൻഫ്ലുവൻസ കോഴിവളർത്തൽ മേഖലയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. രോഗം പടർന്നുപിടിക്കുന്നത് രോഗബാധിതരായ പക്ഷികളിൽ ഏകദേശം 100 ശതമാനം മരണനിരക്കിന് പോലും കാരണമാകും. ഇത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിലേക്കും വ്യാപാര നിയന്ത്രണങ്ങളിലേക്കും നയിക്കുന്നതിനാൽ കോഴിവളർത്തൽ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇതിൻ്റെ പ്രത്യാഘാതം കോഴിഫാമുകളിൽ മാത്രം ഒതുങ്ങുന്നില്ല; ആഗോള വ്യാപാരം, കോഴി ഉല്പന്നങ്ങളുടെ വില, കർഷകരുടെ ഉപജീവനമാർഗം എന്നിവയെയും ഇത് ബാധിക്കുന്നു. 2006-ൽ ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതിനുശേഷം H5N1, H5N8 ഉപവിഭാഗങ്ങളിലായി 500-ലേറെ രോഗബാധകള്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

പക്ഷിപ്പനി വൻതോതിൽ പടർന്നുപിടിച്ചാൽ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന വളർച്ചയിൽ (ജി‍.ഡി.പി.) 1.5 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. രോഗം നിയന്ത്രണാതീതമായി വ്യാപിച്ചാൽ രാജ്യത്തെ 20 ശതമാനത്തിലധികം കോഴികള്‍ അപകടത്തിലാകും. 2006-ലെ പക്ഷിപ്പനി ബാധ മൂലം ഏകദേശം 2,200 മുതൽ 3,000 കോടി രൂപ വരെ നേരിട്ടും അല്ലാതെയും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മണിപ്പൂരിലുണ്ടായ രോഗബാധ സംസ്ഥാനത്തിൻ്റെ ജി.ഡി.പി.യുടെ 0.5 ശതമാനത്തിന് തുല്യമായ നഷ്ടത്തിന് കാരണമായി. ഈ രോഗം ഒരു പൊതുജനാരോഗ്യ ഭീഷണി കൂടിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 മുതൽ ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലായി മനുഷ്യരിൽ 1,003 H5N1 പക്ഷിപ്പനി കേസുകളും 479 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

കോഴികളില്‍ ഭൂരിഭാഗം പക്ഷിപ്പനി ബാധകൾക്കും കാരണമാകുന്നത് Clade 2.3.2.1a എന്നറിയപ്പെടുന്ന H5N1 വകഭേദമാണെന്ന് വൈറസുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത കാലത്തായി സസ്തനികൾ ഉൾപ്പെടെ വിവിധ മൃഗങ്ങളിലും മനുഷ്യരിലെ മൂന്ന് കേസുകളിലും ഈ വകഭേദം മൂലം അണുബാധ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കോഴിവളർത്തൽ കർഷകരുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാനും കോഴികളിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നത് തടയാനും  വൈറസിൻ്റെ വ്യാപനം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

 

നിലവിൽ Clade 2.3.2.1a വിഭാഗത്തിലെ H5N1 വൈറസിനെതിരെ പ്രത്യേക വാണിജ്യ വാക്സിനുകളൊന്നും ലഭ്യമല്ല. അതിനാൽ തന്നെ തദ്ദേശീയമായി ഒരു വാക്സിൻ വികസിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. രാജ്യത്ത് വ്യാപകമായി കാണപ്പെടുന്ന Clade 2.3.2.1a H5N1 വൈറസ് വകഭേദങ്ങളിൽ നിന്ന് പ്രതിരോധം നൽകിക്കൊണ്ട് ഈ ആവശ്യം നിറവേറ്റാനാണ് ICAR-NIHSAD വികസിപ്പിച്ച വാക്സിൻ ലക്ഷ്യമിടുന്നത്.

****


( റിലീസ് ഐ.ഡി: 2337784) സന്ദര്‍ശക കൗണ്ടര്‍ : 14