ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പതിനേഴാം ഒഡീഷ നിയമസഭയിലെ അംഗങ്ങള്‍ക്കായുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ഉപരാഷ്ട്രപതി പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 16 NOV 2026 12:39PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പതിനേഴാം ഒഡീഷ നിയമസഭയിലെ അംഗങ്ങള്‍ക്കായി ഭുവനേശ്വറില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാമിനെ അഭിസംബോധന ചെയ്തു. ഭാരതത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം നിയമസഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ ക്രിയാത്മകമായ സംവാദങ്ങള്‍, അറിവിലൂന്നിയ ചര്‍ച്ചകള്‍, നിയമനിര്‍മ്മാണ കാര്യക്ഷമത, ജനകേന്ദ്രീകൃത ഭരണം എന്നിവയുടെ പ്രാധാന്യം ഉപരാഷ്ട്രപതി വ്യക്തമാക്കി.

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച ഒഡീഷ നിയമസഭാ സ്പീക്കര്‍ ശ്രീമതി സുരമ പാധിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ജനാധിപത്യ സംവിധാനങ്ങളെ കരുത്തുറ്റതാക്കാനും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തരാക്കാനും ഇത്തരം സംരംഭങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ പുരാതന ജനാധിപത്യ പാരമ്പര്യങ്ങളെ പരാമര്‍ശിക്കവേ, വൈശാലിയിലെ ജനാധിപത്യ സ്ഥാപനങ്ങളെയും ചോള കാലഘട്ടത്തിലെ കുടവോലൈ (Kudavolai) സമ്പ്രദായത്തെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ജനാധിപത്യത്തിന് ആഴത്തിലുള്ള വേരുകളുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, ജനാധിപത്യത്തിന്റെ മാതാവ്' എന്ന നിലയില്‍ ഇന്ത്യ  അഭിമാനിക്കുന്നുണ്ടെന്നും, ഈ മഹത്തായ പാരമ്പര്യത്തിനൊത്ത് ഉയരാന്‍ ഒഡീഷയിലെ നിയമസഭാംഗങ്ങള്‍ ശ്രമിക്കണമെന്നും  ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍ അര്‍ത്ഥവത്തായ പൊതുസേവനമായി മാറണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.'വോട്ടുകളിലൂടെയാണ് നാം തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്, എന്നാല്‍ ജനങ്ങളുടെ ആദരം  നേടിയെടുക്കാന്‍ നമ്മുടെ സേവനത്തിലൂടെ മാത്രമേ സാധിക്കൂ' എന്ന് അദ്ദേഹം  വ്യക്തമാക്കി. നിയമസഭ എന്നത് കേവലം സംവാദങ്ങള്‍ക്കുള്ള വേദി മാത്രമല്ലെന്നും, അവിടെ രൂപീകരിക്കുന്ന ഓരോ നയത്തിനും, ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും, പാസാക്കുന്ന ഓരോ നിയമത്തിനും എണ്ണമറ്റ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'വികസിത ഭാരതം @ 2047' എന്ന കാഴ്ചപ്പാടിനെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യയുടെ പുരോഗതിയില്‍ ഒഡീഷയുടെ വളര്‍ച്ച നിര്‍ണ്ണായകമാകുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 2036-ല്‍ ഒഡീഷ സംസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയില്‍, വികസിതവും സമൃദ്ധവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കി സംസ്ഥാനത്തെ  മാറ്റുന്നതില്‍ 'വിഷന്‍ ഒഡീഷ 2036'-നുള്ള പ്രാധാന്യത്തെ  അദ്ദേഹം എടുത്തുപറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിലും വികസനം ഓരോ ഗ്രാമത്തിലും ഓരോ കുടുംബത്തിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും നിയമസഭാംഗങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിയമസഭാ നടപടികള്‍ തടസ്സപ്പെടുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ, അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങളോടും ഭരണഘടനയോടുമുള്ള വലിയ പ്രതിബദ്ധതയ്ക്ക് തടസ്സമാകരുതെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. 'ജനാധിപത്യത്തില്‍ നമുക്ക് വിയോജിക്കാം  യോജിക്കാം, എന്നാല്‍ ഒരു കാര്യത്തില്‍ നാമെല്ലാവരും യോജിക്കണം -അത്  ജനങ്ങളോടും ഭരണഘടനയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്, 'അദ്ദേഹം വ്യക്തമാക്കി. 'സംവാദങ്ങളും ചര്‍ച്ചകളും, ചിലപ്പോള്‍ തടസ്സപ്പെടുത്തലുകള്‍ പോലും ഒരു നല്ല തീരുമാനത്തിലേക്കാണ് നയിക്കേണ്ടത്' എന്ന് ആവര്‍ത്തിച്ച അദ്ദേഹം, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആരോഗ്യകരമായ ചര്‍ച്ചകളും ക്രിയാത്മകമായ സഹകരണവും അനിവാര്യമാണെന്നും പറഞ്ഞു .

തുടര്‍ച്ചയായ പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, നിയമസഭാ ചട്ടങ്ങള്‍,  നടപടിക്രമങ്ങള്‍, ബജറ്റ് പ്രക്രിയകള്‍, കമ്മിറ്റി സംവിധാനങ്ങള്‍, പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍, ധാര്‍മ്മികത എന്നിവയെക്കുറിച്ച് അംഗങ്ങള്‍ ആഴത്തില്‍ അറിവ് നേടണമെന്ന് ആഹ്വാനം ചെയ്തു.

ചോദ്യോത്തര വേളയുടെയും  ശൂന്യവേളയുടെയും പ്രാധാന്യം  പ്രത്യേകം ചൂണ്ടിക്കാട്ടവേ, സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളും പ്രധാനപ്പെട്ട നയപരമായ വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ ഓരോ അംഗത്തിനും ലഭിക്കുന്ന നിര്‍ണ്ണായക അവസരങ്ങളാണ് ഇവയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ സുപ്രധാന പാര്‍ലമെന്ററി സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്പീക്കറുമായി സഹകരിക്കണമെന്നും ഉപരാഷ്ട്രപതി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സഭയുടെ കാര്യങ്ങളില്‍ സമവായം സൃഷ്ടിക്കുന്നതില്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ (BAC) പങ്കിനെ ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കമ്മിറ്റിക്കുള്ളില്‍ കൂടുതല്‍ യോജിപ്പ് ഉണ്ടാകുന്നത് സുഗമവും കൂടുതല്‍ ഉല്‍പ്പാദനപരവുമായ നിയമനിര്‍മ്മാണ നടപടിക്രമങ്ങള്‍ക്ക് കാരണമാകുമെന്നും  അദ്ദേഹം നിരീക്ഷിച്ചു.
നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, നാഷണല്‍ ഇ-വിധാന്‍ ആപ്ലിക്കേഷന്റെ (NeVA) ഭാഗമായി ഒഡീഷ നിയമസഭയില്‍ 'ഡിജിറ്റല്‍ ഹൗസ്' ഉദ്ഘാടനം ചെയ്തതിനെ സ്വാഗതം ചെയ്തു. രാജ്യസഭയില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന കാര്യം സൂചിപ്പിച്ച അദ്ദേഹം, സാങ്കേതികവിദ്യയുടെ സഹായത്തോടെ പാര്‍ലമെന്ററി രേഖകളും ചോദ്യങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ നിരവധി ഭാഷകളില്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടി. നിയമസഭാ സംവിധാനങ്ങളെ ഭാവികാലത്തിന് അനുയോജ്യമായ രീതിയില്‍ സജ്ജമാക്കാന്‍ നിര്‍മ്മിത ബുദ്ധി, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്  തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിയമസഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ പദവിയുടെ വലിയ ഉത്തരവാദിത്തത്തെക്കുറിച്ചും സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കരുത്തിനെക്കുറിച്ചും ജനപ്രതിനിധികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി തന്റെ പ്രസംഗം ഉപസംഹരിച്ചത്. ചിന്താപരമായ  ഇടപെടലിലൂടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നും, അനുകമ്പാപൂര്‍ണമായ തീരുമാനത്തിലൂടെ എണ്ണമറ്റ പൗരന്മാരുടെ ജീവിതത്തില്‍ പ്രത്യാശ വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പതിനേഴാം ഒഡീഷ നിയമസഭയിലെ എല്ലാ അംഗങ്ങള്‍ക്കും ഫലപ്രദമായ ഒരു ഓറിയന്റേഷന്‍ പ്രോഗ്രാമും മികച്ച നിയമസഭാ പ്രവര്‍ത്തന കാലയളവും അദ്ദേഹം ആശംസിച്ചു.

ഒഡീഷ ഗവര്‍ണര്‍ ശ്രീ ബ്രജ് മോഹന്‍ റാം, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹന്‍ ചരണ്‍ മാജി, ഒഡീഷ നിയമസഭ സ്പീക്കര്‍ ശ്രീമതി സുരാമ പാധി, ഒഡീഷ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ ഭബാനി ശങ്കര്‍ ഭോയ്, പതിനേഴാം ഒഡീഷ നിയമസഭയിലെ അംഗങ്ങള്‍,മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2337118) സന്ദര്‍ശക കൗണ്ടര്‍ : 14