വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

യുവ സംഗീതപ്രതിഭകൾക്ക് ദേശീയതലത്തിൽ വേദിയൊരുക്കാൻ ആകാശവാണിയുടെ ‘എ.ഐ.ആർ റൈസിംഗ് സ്റ്റാർസ്’

പോസ്റ്റഡ് ഓണ്‍: 15 NOV 2026 8:56PM by PIB Thiruvananthpuram

യുവ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംഗീത പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ആകാശവാണി ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിക്കുന്നു. 30 വയസ്സിൽ താഴെയുള്ള യുവ കലാകാരന്മാർ മാത്രം അവതരിപ്പിക്കുന്ന പ്രത്യേക സംഗീതപരിപാടികളുടെ രാജ്യവ്യാപക പരമ്പരയായ ‘എ.ഐ.ആർ റൈസിംഗ് സ്റ്റാർസിൻ്റെ’ പ്രഥമ സീസണിനാണ് തുടക്കമിടുന്നത്. 2026 നവംബർ 17 മുതൽ 30 വരെ രാജ്യത്തുടനീളമുള്ള 26 കേന്ദ്രങ്ങളിൽ ഈ സംഗീതപരമ്പരയുടെ ആദ്യ സീസൺ സംഘടിപ്പിക്കും. യുവ സംഗീതപ്രതിഭകൾക്കും പുതുതായി രംഗത്തുവരുന്ന സംഗീത കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും ഈ സംഗീതപരിപാടികൾ ദേശീയതലത്തിൽ മികച്ച വേദിയൊരുക്കും.

 

ആകാശവാണിയുടെ 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. വിവിധ തലമുറകളിലെ സംഗീതപ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആകാശവാണിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. പുതുതലമുറയിലെ കലാകാരന്മാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനുള്ള അവസരമൊരുക്കി ഈ പൈതൃകം മുന്നോട്ടുകൊണ്ടുപോകാനാണ് ‘എ.ഐ.ആർ റൈസിംഗ് സ്റ്റാർസ്’ ലക്ഷ്യമിടുന്നത്.

 

ഗ്രേഡ് ലഭിച്ച യുവ കലാകാരന്മാർക്കും വളർന്നുവരുന്ന പ്രതിഭകൾക്കും മുൻഗണന

 

വിവിധ സംഗീതശാഖകളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന, 30 വയസ്സിൽ താഴെയുള്ള ആകാശവാണിയുടെ ഗ്രേഡ് ലഭിച്ച യുവ കലാകാരന്മാർക്കായിരിക്കും ഈ സംഗീതപരിപാടികളിൽ പ്രധാനമായും അവസരം നൽകുക. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ അനുയോജ്യരായ ഗ്രേഡ് ലഭിച്ച യുവ കലാകാരന്മാർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്കും ബന്ധപ്പെട്ട ആകാശവാണി നിലയത്തിൻ്റെ തെരഞ്ഞെടുപ്പിനും വിധേയമായി, അർഹരായ ഗ്രേഡ് ഇല്ലാത്ത യുവ കലാകാരന്മാർക്കും അവസരം നൽകും.

 

പങ്കെടുക്കുന്ന ആകാശവാണി നിലയങ്ങൾക്ക് അനുയോജ്യമായ രീതിയിൽ, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം (വായ്പ്പാട്ടും വാദ്യസംഗീതവും), കർണാടക ശാസ്ത്രീയ സംഗീതം (വായ്പ്പാട്ടും വാദ്യസംഗീതവും), ലളിതസംഗീതം, നാടൻപാട്ടുകൾ, പാശ്ചാത്യ സംഗീതം, മറ്റ് പ്രാദേശിക സംഗീതരൂപങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സംഗീത പൈതൃകത്തിൻ്റെ വൈവിധ്യം ഈ സംഗീതപരിപാടികളിൽ അവതരിപ്പിക്കും.

 

രാജ്യവ്യാപകമായി 26 കേന്ദ്രങ്ങളിൽ ആഘോഷം

 

ഷിംല, ഡെറാഡൂൺ, ഡൽഹി, ലഖ്‌നൗ, വാരണാസി, ജയ്പൂർ, ജലന്ധർ, സൂറത്ത്ഗഡ്, ഹൈദരാബാദ്, വിജയവാഡ, ധാർവാഡ്, ബെംഗളൂരു, മൈസൂരു, മധുര, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊൽക്കത്ത, ഇംഫാൽ, മുംബൈ, അഹമ്മദാബാദ്, സാംഗ്ലി, നാഗ്പൂർ, പുതുച്ചേരി, ജമ്മു, ഗുവാഹത്തി, റാംപൂർ എന്നീ 26 കേന്ദ്രങ്ങളിലായി ആകാശവാണി സംഗീതപരിപാടികൾ സംഘടിപ്പിക്കും. 

 

പങ്കെടുക്കുന്ന ഓരോ ആകാശവാണി നിലയവും അതത് മേഖലയിലെ മികച്ച യുവ കലാകാരന്മാരെ ഉൾപ്പെടുത്തി അനുയോജ്യമായ വേദിയിൽ സംഗീതപരിപാടി സംഘടിപ്പിക്കും. പങ്കെടുക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും യുവ സംഗീതപ്രതിഭകളുടെ ഈ സംരംഭത്തെ രാജ്യവ്യാപക ആഘോഷമാക്കി മാറ്റുന്നതിനുമായി പ്രമുഖ വ്യക്തികൾ, സംഗീതാസ്വാദകർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിക്കും.

 

ബഹുമാധ്യമ പ്രക്ഷേപണവും ഡിജിറ്റൽ വ്യാപനവും

 

യുവ കലാകാരന്മാരുടെ പ്രകടനങ്ങൾ സംഗീതപരിപാടി നടക്കുന്ന വേദികൾക്കപ്പുറത്തേക്ക് രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിപുലമായ ബഹുമാധ്യമ പ്രക്ഷേപണവും ഡിജിറ്റൽ വ്യാപനവുമാണ് 'എ.ഐ.ആർ റൈസിംഗ് സ്റ്റാർസ്: സീസൺ-1'-ൻ്റെ പ്രധാന സവിശേഷത.

 

ആകാശവാണി നിലയങ്ങളുടെ ശൃംഖലയിലൂടെ ഈ സംഗീതപരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം ദൂരദർശനിലും, ആകാശവാണിയുടെ ‘രാഗം’ യൂട്യൂബ് ചാനലിലും, 26 ആകാശവാണി നിലയങ്ങളുടെ യൂട്യൂബ് ചാനലുകളിലും, ‘ന്യൂസ് ഓൺ എയർ’ മൊബൈൽ ആപ്പിലും, പ്രസാർ ഭാരതിയുടെ ‘വേവ്സ് ഒ.ടി.ടി’ പ്ലാറ്റ്‌ഫോമിലും ഈ പരിപാടികൾ ലഭ്യമാകും. റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയുള്ള ഈ സംയോജിത പ്രക്ഷേപണ തന്ത്രം പങ്കെടുക്കുന്ന കലാകാരന്മാർക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും ജനശ്രദ്ധ നേടാനും സഹായകമാകും.

 

മികച്ച മൂന്ന് പ്രകടനങ്ങൾക്ക് ക്യാഷ് പ്രൈസ്‌

 

യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി, 2027 ജനുവരി 15-നകം യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന മൂന്ന് കലാകാരന്മാർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകും.

 

ഒന്നാം സമ്മാനം: 20,000 രൂപ

 

രണ്ടാം സമ്മാനം: 15,000 രൂപ

 

മൂന്നാം സമ്മാനം: 10,000 രൂപ

 

ഈ സംരംഭം യുവ കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നതിനും പ്രോത്സാഹനമാകും.

 

67 പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ 'ആകാശവാണി സംഗീത സമ്മേളനം' സംഘടിപ്പിക്കുന്നതിൽ ആകാശവാണിക്ക് ദീർഘകാലത്തെ പാരമ്പര്യമുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രശസ്തരായ ടോപ്പ് ഗ്രേഡ്, എ ഗ്രേഡ് കലാകാരന്മാർക്ക് അവരുടെ സംഗീതമികവ് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ആകാശവാണി സംഗീത സമ്മേളനം ഒരുക്കുന്നത്. അതേസമയം, ആകാശവാണി സംഘടിപ്പിക്കുന്ന ഇത്തരം പ്രശസ്തമായ സംഗീതവേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ പരിമിതമായ അവസരങ്ങൾ മാത്രം ലഭിക്കുന്ന ഗ്രേഡ് ലഭിച്ച യുവ കലാകാരന്മാർക്കായി പ്രത്യേകമായി ഒരുക്കിയ സംരംഭമാണ് 'എ.ഐ.ആർ റൈസിംഗ് സ്റ്റാർസ്'.

 

‘എ.ഐ.ആർ റൈസിംഗ് സ്റ്റാർസ്’ വഴി, പുതുതലമുറയിലെ സംഗീതജ്ഞർക്കായി ദേശീയതലത്തിൽ സവിശേഷമായ വേദി ഒരുക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സംഗീതപാരമ്പര്യവും യുവതലമുറയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആകാശവാണി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-സംഗീത പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിലും വളർന്നുവരുന്ന സംഗീതപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും ആകാശവാണി ദീർഘകാലമായി വഹിച്ചുവരുന്ന പങ്ക് ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തും.

****


( റിലീസ് ഐ.ഡി: 2336716) സന്ദര്‍ശക കൗണ്ടര്‍ : 15