ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

2025-26 ലെ സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരങ്ങൾ

പോസ്റ്റഡ് ഓണ്‍: 11 NOV 2026 8:31PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (11 നവംബർ 2026) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾക്കുള്ള 2025–26ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ  വിതരണം ചെയ്തു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നഗരവികസന വകുപ്പാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേന്ദ്ര ഭവന, നഗരകാര്യ-ഊർജ്ജ മന്ത്രി ശ്രീ മനോഹർ ലാൽ, നഗരകാര്യ സഹമന്ത്രി ശ്രീ തോഖൻ സാഹു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.


ഈ വർഷം താഴെപ്പറയുന്ന വിഭാഗങ്ങളിലായി 60 ദേശീയ അവാർഡുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്:

  • ശുചിത്വ നഗര ജോഡി (സ്വച്ഛ് ഷെഹർ ജോഡി)
  • സൂപ്പർ സ്വച്ഛ് ലീഗിലെ മികച്ച ശുചിത്വ നഗരങ്ങൾ
  • 5 ജനസംഖ്യാ വിഭാഗങ്ങളിലെ മികച്ച ശുചിത്വ നഗരങ്ങൾ
  • മികച്ച ശുചിത്വമുള്ള നദീതീര നഗരം
  • മികച്ച ശുചിത്വമുള്ള തീരദേശ നഗരം
  • മികച്ച ശുചിത്വമുള്ള ഹിമാലയൻ നഗരം
  • സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ശുചിത്വ നഗരം

 

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ശുചിത്വം എന്നത് ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ മാത്രം പരിശ്രമം കൊണ്ട് സാധ്യമാകുന്നതല്ലെന്നും, ഇതിനായി എല്ലാ വിഭാഗം ആളുകളുടെയും സജീവമായ പങ്കാളിത്തം ആവശ്യമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. ജനങ്ങളുടെ പങ്കാളിത്തം, പെരുമാറ്റത്തിലെ മാറ്റം, ഭരണപരമായ ഉത്തരവാദിത്തം, നിരന്തരമായ പൊതുജന ഇടപെടൽ എന്നിവയുടെ പ്രാധാന്യവും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിനായി പ്ലാസ്റ്റിക് മാലിന്യ സംസ്കരണം പോലുള്ള വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കുട്ടികളുമായും യുവജനങ്ങളുമായും നിരന്തരമായ ആശയവിനിമയം നടത്തണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. പൗരന്മാരും പ്രാദേശിക ഭരണകൂടങ്ങളും ശുചിത്വ തൊഴിലാളികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും, തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകുമ്പോഴും മാത്രമേ  ശുചിത്വ മേഖലയിൽ അർത്ഥവത്തായ പുരോഗതി കൈവരിക്കാനാകൂ എന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. നഗരങ്ങൾക്ക് പരസ്പരം നൂതനാശയങ്ങൾ പങ്കുവെക്കാനും പുതിയ പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന 'സ്വച്ഛ്  ഷെഹർ ജോഡി'  സംരംഭത്തെയും അവർ അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ സ്വച്ഛ് ഭാരത് മിഷൻ രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ വ്യക്തമാക്കി. ഇത് നഗരങ്ങളിലെ ശുചിത്വ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി വ്യക്തമാക്കിയ അദ്ദേഹം 2014-ന് ശേഷമുണ്ടായ പുരോഗതിയുടെ  കണക്കുകളും പങ്കുവെച്ചു. 2014-ന് ശേഷം നഗരങ്ങളിലെ മാലിന്യ സംസ്കരണം 16 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർന്നു. വീടുകൾ തോറും കയറി മാലിന്യം ശേഖരിക്കുന്നതിന്റെ വ്യാപ്തി 44 ശതമാനത്തിൽ നിന്ന് 96 ശതമാനത്തിലധികമായി വർദ്ധിച്ചു. 
വർഷങ്ങളായി  കെട്ടിക്കിടന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തതിലൂടെ നഗരങ്ങളിൽ ഏകദേശം 11,000 ഏക്കർ ഭൂമിയാണ് മറ്റ് ആവശ്യങ്ങൾക്കായി വീണ്ടെടുത്തത്.

നഗര-പ്രാദേശിക ഭരണകൂടങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം വളർത്തിയെടുക്കുന്നതിനായി, സംസ്ഥാനതലത്തിലും സ്വച്ഛ് സർവേക്ഷൺ മത്സരങ്ങൾ സംഘപ്പിക്കാൻ കേന്ദ്ര മന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് ചെറിയ നഗരങ്ങളെയും തങ്ങളുടെ ശുചിത്വ നിലവാരം ഉയർത്താൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ വെറും 73 നഗരങ്ങളുമായി ആരംഭിച്ച സ്വച്ഛ് സർവേക്ഷൺ 2025–26 ആയപ്പോഴേക്കും 4,751 നഗരങ്ങളിലേക്ക് വിപുലീകരിച്ചതായി കേന്ദ്രമന്ത്രി മനോഹർ ലാൽ അറിയിച്ചു. ഇത്തവണത്തെ സർവേയിൽ 2.70 കോടി പൗരന്മാർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 1,700-ലധികം ചെറിയ നഗരങ്ങൾ തങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തിയപ്പോൾ 350-ലധികം നഗരങ്ങൾ 500-ലധികം സ്ഥാനങ്ങളുടെ വൻ മുന്നേറ്റം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 



 

റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിൽ മാത്രമല്ല, ശുചിത്വം എന്നത് ഒരു സ്ഥിരമായ ശീലവും കൂട്ടായ ഉത്തരവാദിത്തവുമാക്കി മാറ്റുന്നതിലാണ് സ്വച്ഛ് സർവേക്ഷന്റെ യഥാർത്ഥ വിജയമെന്ന് മന്ത്രി പറഞ്ഞു. 'സ്വച്ഛത ഹി സേവ 2026' പരിപാടിയിൽ ഏകദേശം 2.10 കോടി പൗരന്മാർ പങ്കെടുത്തു. 33,000-ത്തിലധികം പ്രത്യേക ക്യാമ്പുകളിലൂടെ 17 ലക്ഷത്തോളം സഫായി മിത്രങ്ങൾക്കും ഇതിന്റെ ആനുകൂല്യങ്ങൾ ലഭിച്ചു. കൂടാതെ 'ജ്ഞാൻ യാത്ര'കളിൽ നാല് ലക്ഷത്തോളം കുട്ടികൾ പങ്കെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗര ശുചിത്വത്തിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സംരംഭങ്ങൾ മന്ത്രി എടുത്തുപറഞ്ഞു. സ്വച്ഛ് ഷെഹർ ജോഡി സംരംഭത്തിന് കീഴിൽ, അറിവ് പങ്കിടൽ സുഗമമാക്കുന്നതിനും ശുചിത്വ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 70 'മെന്റർ' നഗരങ്ങളെ 191 'മെന്റി' നഗരങ്ങളുമായി  ബന്ധിപ്പിച്ചു . കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ നദീതീര നഗരങ്ങൾ, തീരദേശ നഗരങ്ങൾ, ഹിമാലയൻ നഗരങ്ങൾ എന്നിവയ്ക്കും 5 വ്യത്യസ്ത ജനസംഖ്യാ വിഭാഗങ്ങൾക്കും പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തി. പ്രഗതി-50 സംരംഭത്തെ എടുത്തുകാണിച്ചുകൊണ്ട്, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളിലൂടെയും തുടർച്ചയായ നിരീക്ഷണത്തിലൂടെയും 50 നഗരങ്ങളെ മാതൃകാ ശുചിത്വ നഗരങ്ങളായി വികസിപ്പിക്കുമെന്ന് ശ്രീ മനോഹർ ലാൽ പറഞ്ഞു. അവാർഡ് നേടിയ എല്ലാ നഗരങ്ങളെയും, നഗര തദ്ദേശ സ്ഥാപനങ്ങളെയും, സഫായ് മിത്രങ്ങളെയും അഭിനന്ദിച്ചുകൊണ്ട്, ശുചിത്വം നഗരജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നതിനും  'സ്വച്ഛ്, വികസിത ഭാരതം' എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സ്വച്ഛ് സർവേക്ഷൺ നഗരങ്ങളിലെ ശുചിത്വ സേവനങ്ങളുടെ വിലയിരുത്തലും പുരോഗതിയും ശക്തമാക്കിയെന്നും, സ്വച്ഛ് ഭാരത് മിഷന് കീഴിൽ പ്രാദേശികതലത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്നും ഭവന, നഗരകാര്യ മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് സെക്രട്ടറി ശ്രീ സതേന്ദ്ര സിംഗ് പ്രസ്താവിച്ചു. സ്വച്ഛ് സർവേക്ഷൺ എന്നത് വെറുമൊരു നിരീക്ഷണം മാത്രമല്ലെന്നും, മറിച്ച്  സ്വച്ഛ് ഭാരതം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായ ദശലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. "നമ്മുടെ നഗരങ്ങളും പൗരന്മാരും ശുചിത്വ മേഖലയിൽ നടത്തിയ മികച്ച ശ്രമങ്ങളെ ആഘോഷിക്കുന്ന ദിനമാണിന്ന്." സെക്രട്ടറി പറഞ്ഞു .

ഇന്ത്യയിലെ നഗരങ്ങളിൽ ശുചിത്വ രംഗത്ത് ഉണ്ടായിട്ടുള്ള ശക്തമായ മുന്നേറ്റമാണ് 2025–26 ലെ സ്വച്ഛ് സർവേക്ഷൺ ഫലങ്ങൾ കാണിക്കുന്നത്. 350-ലധികം നഗര-പ്രാദേശിക ഭരണകൂടങ്ങൾ  തങ്ങളുടെ റാങ്കിൽ 500-ലധികം സ്ഥാനങ്ങളുടെ മികച്ച മുന്നേറ്റം നടത്തി. 50,000-ത്തിന് താഴെ ജനസംഖ്യയുള്ള 1,700-ലധികം ചെറിയ നഗരങ്ങൾ 2024–25 നേക്കാൾ തങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തി. സുസ്ഥിരമായ ശ്രമങ്ങളും പൗര പങ്കാളിത്തവും എല്ലാ വലിപ്പത്തിലുള്ള പട്ടണങ്ങളിലും സ്വച്ഛതാ പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് ഇത് തെളിയിക്കുന്നു.

നഗരങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയും അറിവുകൾ പങ്കുവെക്കുന്നതിലൂടെയും കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് 'സ്വച്ഛ് ഷെഹർ ജോഡി' (പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

  • അഹമ്മദാബാദ് (മെന്റർ) - സാനന്ദ് (മെന്റി)
  • ഇൻഡോർ (മെന്റർ) - ദേപാൽപൂർ (മെന്റി)
  • തിരുപ്പതി (മെന്റർ) - കുപ്പം (മെന്റി)

എന്നീ നഗരജോഡികളാണ് സ്വച്ഛ്  ഷെഹർ ജോഡി വിഭാഗത്തിൽ മുൻനിരയിലെത്തിയത്.

2024-25 ൽ പുരസ്കാരം നേടിയ മെന്റർ നഗരങ്ങളുടെയും അവയോടൊപ്പം ചേർത്ത മെന്റി നഗരങ്ങളുടെയും സംയുക്ത സ്കോർ  വിലയിരുത്തിയാണ് ആദ്യ 3 സ്ഥാനക്കാരെ തിരഞ്ഞെടുത്തത്. ഇരു നഗരങ്ങളുടെയും മികച്ച പ്രകടനം, കൂട്ടായ പരിശ്രമം, മെന്റർഷിപ്പിന്റെ ഫലം, ശുചിത്വ രംഗത്തെയും സേവനങ്ങളിലെയും പുരോഗതി എന്നിവയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.2024-25 ലെ അവാർഡ് ദാന ചടങ്ങിന് ശേഷം ഈ സംരംഭം ആരംഭിച്ചത് 'ഈച്ച് വൺ - ടീച്ച് വൺ' എന്ന ലക്ഷത്തോടുകൂടിയാണ്. ഉയർന്ന പ്രകടനം നടത്തുന്ന മികച്ച നഗരങ്ങൾ, കുറഞ്ഞ സ്കോറുള്ള മറ്റ് നഗരങ്ങൾക്ക് പിന്തുണയും പരിശീലനവും നൽകി അവയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ഉദ്ദേശ്യം. ഇന്ത്യയുടെ പാരമ്പര്യമായ 'ഗുരു-ശിഷ്യ' സങ്കൽപ്പത്തിൽ അധിഷ്ഠിതമായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു നഗരത്തിന്റെ അനുഭവ സമ്പത്തും മികച്ച മാതൃകകളും മറ്റൊരു നഗരത്തിലേക്ക് കൈമാറുന്നതിലൂടെ രാജ്യത്തുടനീളം നഗര ശുചിത്വം കൂട്ടായി ഉറപ്പാക്കാൻ സാധിക്കുന്നു.

സൂപ്പർ സ്വച്ഛ് ലീഗ്: നവി മുംബൈ, സൂറത്ത്, വിജയവാഡ നഗരങ്ങൾക്ക് ഒന്നാം നിര പുരസ്കാരം

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള  വൻനഗരങ്ങളുടെ വിഭാഗത്തിൽ ആന്ധ്രാപ്രദേശിലെ ജി.വി.എം.സി വിശാഖപട്ടണം, മധ്യപ്രദേശിലെ ജബൽപൂർ, ഉത്തർപ്രദേശിലെ ലഖ്നൗ എന്നീ നഗരങ്ങൾ രാജ്യത്തെ മികച്ച 'സ്വച്ഛ് ഷെഹർ' പുരസ്കാരങ്ങൾ സ്വന്തമാക്കി.

2025-26 ലെ സ്വച്ഛ് സർവേക്ഷൻ അവാർഡുകൾ മലയോര-ഹിമാലയൻ നഗരങ്ങളും  നദീതീരവും തീരദേശ പട്ടണങ്ങളും ഉൾപ്പെടുത്തി അതിന്റെ കവറേജ് വിപുലീകരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപൂർ, ജമ്മു & കശ്മീരിലെ ജമ്മു & ഷോപ്പിയാൻ എന്നിവ മികച്ച 3 വൃത്തിയുള്ള ഹിമാലയൻ നഗരങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. 

 

നദീതീരങ്ങൾ, തീരപ്രദേശങ്ങൾ, ജലാശയങ്ങൾ എന്നിവ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. പരിസ്ഥിതി സുസ്ഥിരതയ്ക്ക് മാത്രമല്ല, സമൂഹങ്ങളുടെ ആരോഗ്യത്തിനും ഉപജീവനമാർഗ്ഗത്തിനും അവയുടെ ശുചിത്വം അത്യാവശ്യമാണ്.അതനുസരിച്ച്, സ്വച്ഛ് റിവർ ഫ്രണ്ട് ടൗണിനുള്ള മികച്ച 3 റാങ്കുകൾ രേവ (എംപി), ബിലാസ്പൂർ (ഛത്തീസ്ഗഡ്), വാരണാസി (യുപി) എന്നിവയ്ക്ക് ലഭിച്ചു. അതേസമയം സ്വച്ഛ് കോസ്റ്റൽ ടൗണിനുള്ള അവാർഡുകൾ ഒഡീഷയിലെ പുരി, കേരളത്തിലെ ആലപ്പുഴ, മഹാരാഷ്ട്രയിലെ രത്നഗിരി എന്നിവയ്ക്ക് ലഭിച്ചു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള മികവിനെ അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമായി, മികച്ച പ്രകടനം കാഴ്ചവച്ച 30 നഗരങ്ങൾക്ക് സംസ്ഥാന പ്രഥമ സ്വച്ഛ് നഗര അവാർഡ് നൽകി. കേന്ദ്രഭരണ പ്രദേശങ്ങളെ 
5 നഗര-പ്രാദേശിക ഭരണകൂടങ്ങൾ (ULB) വരെയുള്ളവ, 5-ൽ കൂടുതൽ ULB-കൾ ഉള്ളവ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പ്രത്യേക വിലയിരുത്തൽ നടത്തിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.

സ്വച്ഛ് സർവേക്ഷന്റെ പത്താം പതിപ്പിന്റെ ഭാഗമായി, 10 പ്രധാന മേഖലകളിലായി 43 വിപുലമായ സൂചകങ്ങൾ  ആസ്പദമാക്കിയാണ് നഗര-പ്രാദേശിക ഭരണകൂടങ്ങളെ വിലയിരുത്തിയത്.

  1. മാലിന്യങ്ങൾ തരംതിരിക്കൽ, ശേഖരിക്കൽ, കൊണ്ടുപോകൽ
  2. ഖരമാലിന്യ സംസ്കരണം
  3. ദൃശ്യമായ ശുചിത്വം
  4. ശുചിത്വ സൗകര്യങ്ങളിലേക്കുള്ള ലഭ്യത
  5. മാലിന്യമലിനജല നിക്ഷേപങ്ങൾ യന്ത്രവൽകൃതമായി നീക്കം ചെയ്യൽ
  6. പരിസ്ഥിതി ബലപ്പെടുത്തലും സ്ഥാപനപരമായ കാര്യക്ഷമതയും
  7. ഉപയോഗിച്ച വെള്ളത്തിന്റെ പുനരുപയോഗ സംസ്കരണം
  8. സ്വച്ഛത പ്രചാരണ പ്രവർത്തനങ്ങൾ
  9. ശുചിത്വ തൊഴിലാളികളുടെ സമഗ്രമായ ക്ഷേമം
  10. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരാതി പരിഹാര സംവിധാനങ്ങളും

തത്സമയ ജി.പി.എസ്  സാങ്കേതികവിദ്യയുടെ സഹായത്തോടെ 3,000-ത്തിലധികം  മൂല്യനിർണ്ണയ വിദഗ്ദ്ധരാണ്  രാജ്യത്തുടനീളം നേരിട്ടെത്തി നിരീക്ഷണം നടത്തിയത്. തെളിവുകൾ സമർപ്പിക്കുന്നത് മുതൽ പരിശോധന വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ഡിജിറ്റലായും സുതാര്യമായും കൃത്യമായ ഗുണനിലവാരം ഉറപ്പാക്കിയുമാണ് പൂർത്തിയാക്കിയത്.

 
*****
 

( റിലീസ് ഐ.ഡി: 2335321) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: Tamil , English , Urdu , Marathi , हिन्दी , Gujarati , Odia , Telugu , Kannada