പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 5-ന് ഡോ. ജിതേന്ദ്ര സിംഗ് ഔദ്യോഗികമായി തുടക്കം കുറിക്കും

പോസ്റ്റഡ് ഓണ്‍: 05 NOV 2026 3:13PM by PIB Thiruvananthpuram
രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 5-ന് ന്യൂഡൽഹിയിലെ റെയ്‌സിന റോഡിലുള്ള നാഷണൽ മീഡിയ സെന്ററിൽ 2026 നവംബർ 6-ന്, ശാസ്ത്രസാങ്കേതികവിദ്യ, ഭൗമശാസ്ത്രം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ , പൊതുജനപരാതി, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഔദ്യോഗികമായി തുടക്കം കുറിക്കും. 
 
ഉദ്യോഗസ്ഥ, പൊതുജനപരാതി, പെൻഷൻ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ വകുപ്പ് (DoPPW) സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഈ കാമ്പയിൻ 2026 നവംബർ 30 വരെ തുടരും. രാജ്യത്തുടനീളമുള്ള 2,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലും കാമ്പയിൻ നടപ്പാക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ, പ്രത്യേകിച്ച് ജീവൻ പ്രമാൺ ആപ്പ് വഴിയുള്ള മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ, പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കൂടുതൽ സുഗമവും, സൗകര്യപ്രദവുമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
പൊതുമേഖലാ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB), യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകൾ, പ്രതിരോധം, റെയിൽവേ, തപാൽ വകുപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളും വകുപ്പുകളും, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, സംസ്ഥാന ഗവൺമെന്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നത്.
 
80 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പെൻഷൻകാർ, വനിതാ പെൻഷൻകാർ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. പ്രായാധിക്യം അല്ലെങ്കിൽ ശാരീരിക അവശതകൾ കാരണം കാമ്പയിൻ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത പെൻഷൻകാർക്കായി വീടുകളിലെത്തി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.
 
ഉദ്ഘാടന പരിപാടിയിൽ, രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 4.0-യുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളും നടപ്പാക്കിയ സംരംഭങ്ങളും രേഖപ്പെടുത്തുന്ന സംഗ്രഹ പുസ്തകവും കോഫി ടേബിൾ ഇ-ബുക്കും ഡോ. ജിതേന്ദ്ര സിംഗ് പ്രകാശനം ചെയ്യും.
 
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ബാങ്കുകൾ, മറ്റ് ബന്ധപ്പെട്ട സംഘടനകൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പെൻഷനേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
***

( റിലീസ് ഐ.ഡി: 2333345) സന്ദര്‍ശക കൗണ്ടര്‍ : 9