പോസ്റ്റഡ് ഓണ്‍:
02 NOV 2026 11:16AM by PIB Thiruvananthpuram
'വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' അഥവാ 'വിബി ജി റാം ജി' പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സമയബന്ധിത ബഹുതല സംഘടിത സംവിധാനം ഏർപ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 'പരാതി പരിഹാര ചട്ടങ്ങൾ - 2026' വിജ്ഞാപനം ചെയ്തു. പൗരന്മാരുടെ ആശങ്കകൾക്ക് സമയബന്ധിതമായ ശ്രദ്ധയും ഉചിതമായ നടപടിയും ഉറപ്പാക്കുന്നതിനൊപ്പം പരാതി പരിഹാര സംവിധാനം കൂടുതൽ പ്രാപ്യവും സുതാര്യവും ഉത്തരവാദിത്തപൂര്ണവുമാക്കാന് ഈ ചട്ടങ്ങൾ ലക്ഷ്യമിടുന്നു.
ബഹുതല പരാതി പരിഹാര സംവിധാനം:
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സംസ്ഥാന ഗവണ്മെന്റുകള് സമയബന്ധിത ബഹുതല പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട തലങ്ങളിൽ ചുമതലപ്പെടുത്തിയ പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായിരിക്കും പരാതികൾ സ്വീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും തീർപ്പാക്കുകയും ചെയ്യേണ്ട ചുമതല.
ജില്ലാതല പരാതി പരിഹാരത്തിന് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ മേൽനോട്ടം വഹിക്കുകയും നിശ്ചിത സംവിധാനത്തിലൂടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പരാതികൾ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
പരാതികൾ സമർപ്പിക്കാൻ വിവിധ മാർഗങ്ങൾ:
പരാതികൾ നൽകുന്നത് സുഗമമാക്കുന്നതിന്റെ ഭാഗമായി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ഏതൊരു വ്യക്തിക്കും പരാതി സമർപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പരാതികൾ സമർപ്പിക്കുന്നതിന് ചട്ടങ്ങൾ വിവിധ മാർഗങ്ങൾ വ്യവസ്ഥ ചെയ്യുന്നു:
ചുമതലപ്പെടുത്തിയിരിക്കുന്ന പരാതി പരിഹാര ഓഫീസർക്ക് നേരിട്ട് നൽകുക;
ലഭിച്ചുവെന്ന് സ്ഥിരീകരിക്കുന്ന രേഖ സഹിതം സ്പീഡ് പോസ്റ്റ് വഴി അയക്കുക;
പരാതി പരിഹാരത്തിന് കേന്ദ്ര ഗവണ്മെന്റ് നിഷ്കർഷിച്ച ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ വഴി സമർപ്പിക്കുക;
ടെലിഫോൺ, നിശ്ചിത ഹെൽപ്പ്ലൈനുകൾ അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റ് തീരുമാനിക്കുന്ന മറ്റ് മാർഗങ്ങളിലൂടെ സമർപ്പിക്കുക.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് അല്ലെങ്കിൽ ജില്ലാ തലങ്ങളിൽ രേഖാമൂലം നേരിട്ട് ലഭിക്കുന്ന പരാതികൾ ലഭിച്ച ദിവസമോ തൊട്ടടുത്ത പ്രവൃത്തിദിവസത്തിനകമോ നിശ്ചിത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ സംവിധാനത്തിൽ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ രജിസ്ട്രേഷൻ നമ്പർ, പരാതി ലഭിച്ച തീയതി, പരാതി സ്വീകരിച്ച ഉദ്യോഗസ്ഥന്റെ പദവി എന്നിവ അടങ്ങിയ രസീത് പരാതിക്കാരന് നൽകും. ഡിജിറ്റൽ പരാതികൾക്ക് ഇലക്ട്രോണിക് രസീതും നേരിട്ട് നൽകുന്ന പരാതികൾക്ക് കൈപ്പറ്റ് രസീതും ലഭ്യമാക്കും.
പരാതിയുടെ ഫോർമാറ്റ്, ഭാഷ, സമർപ്പിച്ച രീതി അല്ലെങ്കിൽ ഏതെങ്കിലും നടപടിക്രമങ്ങളിലെ ന്യൂനതകൾ എന്നിവ ചൂണ്ടിക്കാട്ടി ഒരു പരാതിയും രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കരുതെന്ന് ചട്ടത്തിൽ പ്രത്യേകം വ്യക്തമാക്കുന്നു. സങ്കീർണമായ നടപടിക്രമങ്ങളുടെ തടസ്സങ്ങളില്ലാതെ പൗരന്മാർക്ക് പരാതി പരിഹാര സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഈ വ്യവസ്ഥ ഉറപ്പാക്കുന്നു.
അന്വേഷണത്തിനും പരാതി പരിഹാരത്തിനും കൃത്യമായ സമയപരിധി:
പരാതികൾ സമയബന്ധിതമായി പരിശോധിച്ച് പരിഹാരം കാണുന്നത് ഉറപ്പാക്കാൻ ചട്ടങ്ങളിൽ കൃത്യമായ സമയപരിധി നിഷ്കർഷിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത ഓരോ പരാതിയും പരിശോധിക്കാനും ആവശ്യമായ അന്വേഷണം നടത്താനും ചുമതലപ്പെടുത്തിയ പരാതി പരിഹാര ഉദ്യോഗസ്ഥന് ബാധ്യസ്ഥനാണ്. ഇതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്നോ ജീവനക്കാരിൽ നിന്നോ പ്രസക്തമായ രേഖകൾ, രജിസ്റ്ററുകൾ, പ്രമാണങ്ങൾ, റിപ്പോർട്ടുകൾ, ഇലക്ട്രോണിക് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് വിവരങ്ങൾ തേടാന്‍ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും.
ആവശ്യമെങ്കിൽ, പരാതി തീർപ്പാക്കുന്നതിന് മുൻപ് പരാതിക്കാരന് നേരിട്ടോ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ തന്റെ ഭാഗം വിശദീകരിക്കാൻ ന്യായമായ അവസരം നൽകും.
പരാതി ലഭിച്ച് ഏഴ് പ്രവൃത്തിദിവസങ്ങൾക്കകം അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. അന്വേഷണം പൂർത്തിയായാൽ പരാതി പരിഹാര ഉദ്യോഗസ്ഥന് കണ്ടെത്തലുകൾ രേഖപ്പെടുത്തണം. തുടര്‍ന്ന് നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി ഉചിതമായ തിരുത്തൽ അല്ലെങ്കിൽ പരിഹാര നടപടികൾ സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യണം. പരാതി ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകം പരാതിക്ക് അന്തിമ പരിഹാരം കാണേണ്ടതാണ്.
കണ്ടെത്തലുകളും സ്വീകരിച്ച നടപടികളും നിശ്ചിത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ സംവിധാനത്തിൽ രേഖപ്പെടുത്തുകയും പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. രേഖാമൂലം നേരിട്ട് സമർപ്പിച്ച പരാതിയാണെങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് നേരിട്ട് രേഖാമൂലം ലഭ്യമാക്കും.
ഡിജിറ്റൽ ട്രാക്കിങും പരിഹരിക്കപ്പെടാത്ത പരാതികളുടെ അപ്പീൽ കൈമാറ്റവും:
നിശ്ചിത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം വഴി പരാതി രജിസ്റ്റർ ചെയ്യുന്നത് മുതൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് വരെ മുഴുവൻ ഘട്ടങ്ങളും ട്രാക്ക് ചെയ്യാൻ സാധിക്കും. കൂടാതെ അന്വേഷണം, കണ്ടെത്തലുകൾ, സ്വീകരിച്ച നടപടികൾ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്താനും ഇതുവഴി സാധ്യമാകുമെന്നതിനാൽ പരാതി പരിഹാര പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്തവും കൂടുതൽ ശക്തിപ്പെടും.
നിശ്ചിത 15 ദിവസത്തിനകം പരിഹരിക്കപ്പെടാത്ത ഏത് പരാതിയും സംസ്ഥാന ഗവണ്മെന്റ് ഏർപ്പെടുത്തിയ പരാതി പരിഹാര സംവിധാനത്തിലൂടെ തൊട്ടടുത്ത ഉയർന്ന തലത്തിലേക്ക് കൈമാറും. ഇങ്ങനെ കൈമാറിക്കിട്ടുന്ന പരാതികൾ ബന്ധപ്പെട്ട ഉയർന്ന അധികാരി പരിശോധിച്ച് തീർപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കും. ഇത്തരം പരാതികൾ പരിഹരിക്കപ്പെടുന്നത് വരെ ഡിജിറ്റലായി തുടർനിരീക്ഷണം നടത്തും.
അപ്പീൽ വ്യവസ്ഥകൾ:
പരാതി പരിഹാര സംവിധാനത്തിന് കീഴിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാനും ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. 2025-ലെ വിബി-ജി റാം ജി നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിന് വിധേയമായാണ് ഇത്തരം അപ്പീലുകൾ സമർപ്പിക്കുന്നതും തീർപ്പാക്കുന്നതും.
വിബി ജി റാം ജി പദ്ധതിക്ക് കീഴിൽ ജനകേന്ദ്രീകൃതവും പ്രാപ്യവും സമയബന്ധിതവുമായ പരാതി പരിഹാര ചട്ടക്കൂടിന് ഔദ്യോഗിക രൂപം നൽകാനാണ് ഈ ചട്ടങ്ങളിലൂടെ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ബഹുതല സംഘടനാ സംവിധാനം, പരാതി സമർപ്പിക്കാനുള്ള വിവിധ മാർഗങ്ങൾ, നിർബന്ധിത രജിസ്ട്രേഷൻ, കൃത്യമായ സമയപരിധി, ഡിജിറ്റൽ ട്രാക്കിങ്, പരിഹരിക്കപ്പെടാത്ത പരാതികൾ ഉയർന്ന തലത്തിലേക്ക് കൈമാറൽ എന്നിവ ഭരണപരമായ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
വിബി ജി റാം ജി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ ചിട്ടയായും സുതാര്യമായും നിശ്ചിത സമയപരിധിയിലും പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗ്രാമീണ കുടുംബങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ വിജ്ഞാപനം.
SKY
******