|
പാരമ്പര്യേതര, പുനരുല്പ്പാദക ഊര്ജ്ജ മന്ത്രാലയം
ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026 നവംബർ 2-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
130-ലധികം രാജ്യങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ആഗോള നേതാക്കൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, നൂതനാശയ വിദഗ്ധർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്ന ഉച്ചകോടി ഓസ്ട്രേലിയ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും. പുനരുപയോഗ ഊർജ മേഖലയിലെ സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ, ഉൽപ്പാദന ശേഷികൾ എന്നിവ സംസ്ഥാനങ്ങൾ അവതരിപ്പിക്കും. ദേശീയ, അന്തർദേശീയ പ്രദർശകർ പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ അവതരിപ്പിക്കും; ദേശീയ ഹാക്കത്തോൺ, പുനരുപയോഗ ഊർജ ക്വിസ്, REGen പവിലിയൻ എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.
പോസ്റ്റഡ് ഓണ്:
28 OCT 2026 6:41PM by PIB Thiruvananthpuram
കേന്ദ്ര നവ, പുനരുപയോഗ ഊർജ മന്ത്രാലയം (MNRE), 2026 നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ (BRESE) 2026( ഭാരത് പുനരുപയോഗ ഊർജം ഉച്ചകോടി & പ്രദർശനം )സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 2-ന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
“ഇന്ത്യയുടെ ശുദ്ധ ഊർജ മേഖലയിലെപരിവർത്തനം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. 308 ജിഗാവാട്ട് സ്ഥാപിത ഫോസിൽ ഇതര ഊർജ ശേഷിയുള്ള നാം 2030-ഓടെ 500 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലെത്താനുള്ള പാതയിൽ ഉറച്ചുനിൽക്കുകയാണ്. ഈ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് 2027 മുതൽ 2030 വരെയുള്ള കാലയളവിൽ ഏകദേശം 220 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്. ഇതോടൊപ്പം ഊർജ സംഭരണ സംവിധാനങ്ങളുടെ വിന്യാസം വേഗത്തിലാക്കുകയും, പ്രസരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും, ആഭ്യന്തര ഉൽപ്പാദന ശേഷികൾ വിപുലീകരിക്കുകയും വേണം. ഇന്ത്യയിലെ വളർന്നുവരുന്ന ശുദ്ധ ഊർജ അവസരങ്ങളുമായി ആഗോള മൂലധനത്തെയും സാങ്കേതികവിദ്യയെയും വ്യവസായ വൈദഗ്ധ്യത്തെയും കൂട്ടിയിണക്കുന്ന സുപ്രധാന വേദിയായി ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026 പ്രവർത്തിക്കും. ഇതിലൂടെ നിക്ഷേപ സാധ്യതകളെ പദ്ധതികളായും പങ്കാളിത്തങ്ങളായും പുരോഗതിയായും മാറ്റാൻ സാധിക്കും.”ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നവ, പുനരുപയോഗ ഊർജ മന്ത്രാലയം സെക്രട്ടറി ശ്രീ സന്തോഷ് സാരംഗി പറഞ്ഞു.
‘നിക്ഷേപിക്കുക. നൂതനാശയങ്ങൾ കൊണ്ടുവരിക , പ്രചോദിപ്പിക്കുക.’ (Invest. Innovate. Inspire.) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നാലുദിവസത്തെ പരിപാടിയിൽ മന്ത്രിമാർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, ഉൽപ്പാദകർ, നവീനാശയ വിദഗ്ധർ,ഗവേഷകർ, ബഹുരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്രസൗര സഖ്യത്തിന്റെ (ISA) ഒൻപതാമത് സമ്മേളനവും നാലാമത് അന്താരാഷ്ട്ര ഹരിത ഹൈഡ്രജൻ സമ്മേളനവും (ICGH) ഇതോടൊപ്പം സംഘടിപ്പിക്കും. പുനരുപയോഗ ഊർജ മേഖലയിലെ നിക്ഷേപം, അന്താരാഷ്ട്ര സഹകരണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ശുദ്ധ ഊർജവിന്യാസം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഈ മൂന്ന് പരിപാടികളിലായി നടക്കും.
ഓസ്ട്രേലിയ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവ പങ്കാളിരാജ്യങ്ങളായി പങ്കെടുക്കും. പുനരുപയോഗ ഊർജ മേഖലയിലെ ധനസഹായം, ഹരിത ഹൈഡ്രജൻ, ഊർജ സംഭരണം, ശുദ്ധ ഊർജ ഉൽപ്പാദനം, സാങ്കേതികവിദ്യാ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണ സാധ്യതകൾ പരിശോധിക്കുന്നതിനായി മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ പങ്കെടുക്കുകയും പുനരുപയോഗ ഊർജ മേഖലയിലെ സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ, നയപരമായ സംരംഭങ്ങൾ, ഉൽപ്പാദന ശേഷികൾ എന്നിവ അവതരിപ്പിക്കുകയും ചെയ്യും. പങ്കെടുക്കുന്ന മറ്റ് സംസ്ഥാനങ്ങളും പുനരുപയോഗ ഊർജ വികസനത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ എടുത്തുകാണിക്കും.
പുനരുപയോഗ ഊർജത്തിലും സൗരോർജത്തിന്റെ സ്ഥാപിത ശേഷിയിലും ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും കാറ്റിൽ നിന്നുള്ള ഊർജ ശേഷിയിൽ നാലാം സ്ഥാനത്തുമാണ്. 2030-ഓടെ 500 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്. ബ്ലൂംബെർഗ് ന്യൂ എനർജി ഫിനാൻസിന്റെ (BloombergNEF) കണക്കുകൾ പ്രകാരം, 2024 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യ പുനരുപയോഗ ഊർജ മേഖലയിൽ 63.7 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു.
ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകിക്കൊണ്ട്, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം സമാഹരിക്കുന്നതിനും പുനരുപയോഗ ഊർജ വിന്യാസം വേഗത്തിലാക്കുന്നതിനുമായി ആഗോള നയരൂപകർത്താക്കൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, നവീനാശയ വിദഗ്ധർ എന്നിവരെ ഉച്ചകോടി ഒരുമിച്ചുകൊണ്ടുവരും. പ്രത്യേകിച്ച് വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലും ഗ്ലോബൽ സൗത്ത് മേഖലയിലും (Global South) പുനരുപയോഗ ഊർജത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തുന്നതിന് ഉച്ചകോടി ഊന്നൽ നൽകും.
നാലുദിവസത്തെ സമ്മേളനത്തിൽ ഉന്നതതല പ്ലീനറി സെഷനുകൾ, മന്ത്രിതല ചർച്ചകൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ സമ്മേളനങ്ങൾ, രാജ്യതല, സംസ്ഥാനതല സെഷനുകൾ എന്നിവ ഉൾപ്പെടും. ധനസഹായം, നയങ്ങൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും ഇവ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ശുദ്ധ ഊർജ മേഖലയിലെ നിക്ഷേപം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഉൽപ്പാദനം, ഊർജ സംഭരണം, തൊഴിൽശക്തിയുടെ വികസനം എന്നിവയെക്കുറിച്ചും ചർച്ചകൾ നടക്കും. സാങ്കേതികവിദ്യാ കൈമാറ്റം, നൂതന പരിഹാരങ്ങൾ, ആഗോള ഊർജ പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും വർധിപ്പിക്കൽ എന്നിവയ്ക്കും പ്രത്യേക ഊന്നൽ നൽകും.
ഇതോടൊപ്പം നടക്കുന്ന അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ (ISA) ഒൻപതാമത് സമ്മേളനം, ഗ്ലോബൽ സൗത്ത് മേഖലയിലെ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിജയകരമായ നയങ്ങളും സാങ്കേതികവിദ്യകളും നിർവഹണ മാതൃകകളും എത്തിക്കുന്നതിലൂടെ ആഗോളതലത്തിൽ സൗരോർജ ഉത്പാദനത്തിൽ ഇന്ത്യയുടെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തും.
ISA സംബന്ധിച്ച തീരുമാനമെടുക്കുന്ന പരമോന്നതസമിതിയായ ഈ സമ്മേളനത്തിൽ ഒപ്പുവെച്ച രാജ്യങ്ങളിലെയും അംഗരാജ്യങ്ങളിലെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുക്കും. സൗരോർജ വിന്യാസം, ധനസഹായം, ശേഷി വികസനം എന്നിവയുമായി ബന്ധപ്പെട്ട മുൻഗണനകൾ നിശ്ചയിക്കുകയും കൂട്ടായ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പി.എം.-കുസും (PM-KUSUM), പി.എം. സൂര്യ ഘർ (PM Surya Ghar) തുടങ്ങിയ പ്രധാന പദ്ധതികളിലൂടെ ഇന്ത്യ നേടിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, രാജ്യങ്ങൾക്കനുസൃതമായ പരിപാടികൾ, നിക്ഷേപ സമാഹരണം, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം എന്നിവയിലൂടെ പരിഹാരങ്ങൾ സ്വീകരിക്കാനും വിപുലീകരിക്കാനും ISA രാജ്യങ്ങളെ സഹായിക്കുന്നു. ഇതിലൂടെ പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യ നേടിയ വിജയങ്ങൾ ലോകമെമ്പാടും പ്രായോഗിക നേട്ടങ്ങളായി മാറുന്നു.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ ഉൽപ്പാദകർ, കമ്പനികൾ, സാങ്കേതികവിദ്യാ ദാതാക്കൾ, പൊതുമേഖലാ-സ്വകാര്യമേഖലാ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 400-ലധികം സ്ഥാപനങ്ങൾ അനുബന്ധ പ്രദർശനത്തിൽ പങ്കെടുക്കും. പുനരുപയോഗ ഊർജ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശനത്തിൽ അവതരിപ്പിക്കും. ബിസിനസ് ശൃംഖലകൾ വികസിപ്പിക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും സാങ്കേതികവിദ്യാ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും ഇത് അവസരമൊരുക്കും.
പരിപാടിക്ക് മുന്നോടിയായി സംഘടിപ്പിച്ച ഭാരത് റിന്യൂവബിൾ എനർജി ഹാക്കത്തോൺ 2026-ലെ വിജയികളെ ഉച്ചകോടിയിൽ ആദരിക്കുകയും പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. പുനരുപയോഗ ഊർജ മേഖലയിലെ പത്ത് വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, നവീനാശയങ്ങളുള്ളവർ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന സംരംഭമായിരുന്നു ഈ ഹാക്കത്തോൺ. രണ്ട് വിഭാഗങ്ങളിലായാണ് ഇത് സംഘടിപ്പിച്ചത്.
രാജ്യത്തുടനീളം പ്രാദേശിക റൗണ്ടുകളിലൂടെ സംഘടിപ്പിച്ച ദേശീയ പുനരുപയോഗ ഊർജ ക്വിസ് 2026, ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. വിദ്യാർഥികൾക്കും യുവ നവീനാശയ വിദഗ്ധർക്കും സംരംഭകർക്കും ഗവേഷകർക്കും ആശയങ്ങൾ അവതരിപ്പിക്കാനും വ്യവസായ പ്രമുഖരുമായി സംവദിക്കാനും REGen പവിലിയൻ പ്രത്യേക വേദിയൊരുക്കും.
നിക്ഷേപകർ, ഉൽപ്പാദകർ, സാങ്കേതികവിദ്യാ ദാതാക്കൾ, ഗവൺമെന്റ് പ്രതിനിധികൾ എന്നിവരെ ബന്ധിപ്പിക്കുന്നതിനായി ഉച്ചകോടിയിൽ B2B (ബിസിനസ് ടു ബിസിനസ്), B2G (ബിസിനസ് ടു ഗവൺമെന്റ്), G2G (ഗവൺമെന്റ് ടു ഗവൺമെന്റ്) കൂടിക്കാഴ്ചകളും ചർച്ചകളും സംഘടിപ്പിക്കും. നിക്ഷേപ അവസരങ്ങൾ, പങ്കാളിത്തങ്ങൾ, പദ്ധതികളുടെ വികസനം എന്നിവ പരിശോധിക്കാൻ ഈ ഇടപെടലുകൾ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.bresummit.in
( റിലീസ് ഐ.ഡി: 2329975)
|