ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി രാജ്യത്ത് കരുത്തുറ്റ സിവില്‍ ഡിഫന്‍സ് ശൃംഖല കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു

പോസ്റ്റഡ് ഓണ്‍: 23 OCT 2026 3:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി ഇന്ത്യന്‍ കരസേനയുമായി ചേര്‍ന്ന് ആദ്യ സംയുക്ത പരിശീലന സംരംഭത്തിലൂടെ കരുത്തുറ്റ സിവില്‍ ഡിഫന്‍സ് ശൃംഖല കെട്ടിപ്പടുക്കാന്‍ രാജ്യം ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായി മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം സംഘടിപ്പിക്കും.

പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും സമകാലിക സന്നദ്ധതാ ശേഷികളും സമന്വയിപ്പിച്ച് കരുത്തുറ്റ  സിവില്‍ ഡിഫന്‍സ് ശൃംഖല കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാട് 2026 ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ഡയറക്ടറേറ്റ് ജനറല്‍ (DGFSCDHG) ഇന്ത്യന്‍ കരസേനയുമായി ഏകോപനത്തോടെ ഇത്തരത്തിലെ പ്രഥമ പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിക്കുകയാണ്. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സിവില്‍ ഡിഫന്‍സ് സന്നദ്ധത ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ പങ്കെടുക്കുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 50 പേര്‍ വീതം ആകെ 600 സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് 2026 നവംബര്‍ രണ്ടാം വാരത്തോടെ നിശ്ചിത സൈനിക പരിശീലന കേന്ദ്രങ്ങളില്‍ മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി, മേഘാലയ, സിക്കിം, അസം, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.

 

സമകാലിക സുരക്ഷാ ഭീഷണികള്‍, ശത്രുതാപരമായ സാഹചര്യങ്ങള്‍, അടിയന്തര ഘട്ടങ്ങള്‍ എന്നിവയെ ഫലപ്രദമായി നേരിടാന്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരുടെ സന്നദ്ധത വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്ന് മേഖലകളിലാണ് പരിശീലനം:


ഭീഷണി തിരിച്ചറിയല്‍: ആധുനിക, ഹൈബ്രിഡ് യുദ്ധമുറകള്‍, ഡ്രോണ്‍ ഭീഷണികള്‍, വ്യോമാക്രമണ സാധ്യതകള്‍ എന്നിവ സംബന്ധിച്ച അവബോധം.

സുരക്ഷയും അടിയന്തര പ്രതികരണവും: നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, അഗ്നിസുരക്ഷ, രാസ-ജൈവ-റേഡിയോ ആക്ടീവ്-ആണവ ഭീഷണികള്‍ സംബന്ധിച്ച അവബോധം, ദുരന്തബാധിതരുടെ പരിപാലനം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും.

ആശയവിനിമയവും ഏകോപനവും: അടിയന്തര ആശയവിനിമയം, സുരക്ഷിത സൈബര്‍ ശീലങ്ങള്‍, ഡിജിറ്റല്‍ പ്രതിരോധശേഷി, സിവില്‍-സൈനിക ഏകോപനം, ഇന്‍സിഡന്റ് കമാന്‍ഡ് സംവിധാനം.
ചിട്ടയായ മാസ്റ്റര്‍ ട്രെയിനര്‍ മാതൃകയിലൂടെ പരിശീലനത്തിന്റെ വ്യാപ്തി പലമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു എന്നതാണ്  പദ്ധതിയുടെ പ്രധാന സവിശേഷത. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഓരോ മാസ്റ്റര്‍ ട്രെയിനറും അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 100 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് തുടര്‍ പരിശീലനം നല്‍കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്ന ഈ സംവിധാനം വഴി പങ്കെടുക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60,000 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരിലേക്ക് പ്രത്യേക സന്നദ്ധതാ വൈദഗ്ധ്യം എത്തിക്കാന്‍ സാധിക്കും. ഇത് പദ്ധതിയുടെ സ്വാധീനവും വ്യാപ്തിയും ഗണ്യമായി വര്‍ദ്ധിപ്പിക്കും.


ഇന്ത്യന്‍ കരസേനയുടെ പ്രവര്‍ത്തന വൈദഗ്ധ്യവും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ ശൃംഖലയും സംയോജിപ്പിച്ച് സിവില്‍-സൈനിക ഏകോപനവും സ്ഥാപനപരമായ സന്നദ്ധതയും ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടുന്നതിനും ഏകോപിത അടിയന്തര പ്രതികരണത്തിനും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സിവില്‍ ഡിഫന്‍സ് സംവിധാനത്തിന്റെ സന്നദ്ധത വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി വഴിയൊരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഘട്ടത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി വരും ഘട്ടങ്ങളില്‍  പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വിഭാവനം ചെയ്തിട്ടുണ്ട്. കരുത്തുറ്റതും പ്രതികരണശേഷിയുള്ളതും ഭാവി വെല്ലുവിളികളെ നേരിടാന്‍ സജ്ജവുമായ ഒരു സിവില്‍ ഡിഫന്‍സ് ശൃംഖലയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച കാഴ്ചപ്പാടിന് ഇത് കൂടുതല്‍ കരുത്തേകും.  

***


( റിലീസ് ഐ.ഡി: 2327528) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil