ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്മൃതി ദിനത്തില്‍ ശ്രദ്ധാഞ്ജലി; ഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകത്തിൽ ചടങ്ങിനെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 21 OCT 2026 1:41PM by PIB Thiruvananthpuram
പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച്  കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ചടങ്ങിനെ അഭിസംബോധന ചെയ്തു. ഇതിന്റെ ഭാഗമായി "ലഹരിക്കെതിരായ പോരാട്ടം" എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച രാജ്യവ്യാപക മോട്ടോർസൈക്കിൾ റാലി കേന്ദ്ര ആഭ്യന്തര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പാർലമെന്റ് അംഗങ്ങളായ ശ്രീ കൃഷ്ണപ്രസാദ് ടെന്നേറ്റി, ശ്രീ രാജീവ് കുമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ശ്രീ മഹേഷ് ദീക്ഷിത്, ഇന്‍ഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ ശ്രീ ശത്രുജീത് കപൂർ, മറ്റ് കേന്ദ്ര സായുധ പൊലീസ് സേനകളുടെ   ഡയറക്ടർ ജനറൽമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


സ്വാതന്ത്ര്യലബ്ധി മുതൽ ഇന്നുവരെ രാജ്യസേവനത്തിനായി പരമോന്നത ത്യാഗം ചെയ്ത ധീര പൊലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാനാണ് ദേശീയ പൊലീസ് സ്മാരകത്തിൽ എല്ലാവരും ഒത്തുചേർന്നിരിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത  കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ലോകത്തിന് മുന്നിൽ ആദരവോടും അഭിമാനത്തോടും കൂടിയാണ് ഇന്ത്യ ഇന്ന് തലയുയർത്തി നിൽക്കുന്നത്. രാജ്യത്തെ ധീര ജവാന്മാരുടെ ജീവത്യാഗമാണ് ഈ നേട്ടത്തിന്റെ അടിത്തറ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും അതിർത്തികൾ കാക്കാനും ഈ ഉദ്യോഗസ്ഥർ ജീവൻ ത്യജിച്ചിരുന്നില്ലെങ്കിൽ രാജ്യം ഇന്ന് എവിടെ എത്തുമായിരുന്നുവെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  


2026 എന്ന വർഷം രാജ്യത്തെ പൊലീസ് സേനയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന വര്‍ഷമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഇന്ത്യക്ക് തലവേദനയായിരുന്ന നക്സലിസത്തിൽ നിന്ന് 2026 മാർച്ച് 31-ന് രാജ്യം പൂർണ സ്വാതന്ത്ര്യം നേടി. 1981 മുതൽ 2026 മാർച്ച് വരെ കാലയളവിൽ നക്സലിസം കാരണം എണ്ണമറ്റ ദുരിതങ്ങളാണ് രാജ്യം അനുഭവിച്ചത്. ഇക്കാലയളവിൽ നിരവധി ധീര സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരപരാധികളായ സാധാരണക്കാർക്കും ജീവൻ നഷ്ടമായി. 3,600-ലധികം സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും 13,700-ഓളം നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ വിപത്തിനെ മറികടന്ന് രാജ്യം ഇപ്പോൾ വികസന പാതയിൽ മുന്നേറുമ്പോൾ വീരമൃത്യു വരിച്ച ആ 3,600 ഉദ്യോഗസ്ഥരുടെ ജീവത്യാഗമാണ് ഈ പുരോഗതിയുടെ അടിത്തറയെന്ന് അവരുടെ കുടുംബങ്ങളെ ഓർമിപ്പിക്കാൻ  ആഗ്രഹിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് മറ്റൊന്നും പകരമാകില്ലെങ്കിലും അവരുടെ സമർപ്പണത്തിനും ത്യാഗത്തിനും മുന്നിൽ 140 കോടി ജനങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീ ഷാ വ്യക്തമാക്കി.


പൊലീസ് സ്മൃതി ദിനത്തിന്റെ ചരിത്രം അനുസ്മരിച്ച ശ്രീ അമിത് ഷാ, 1959 ഒക്ടോബർ 21-ന് ലഡാക്കിലെ ദുർഘടമായ ഹോട്ട് സ്പ്രിങ്സ് മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ ധീരമായി ചെറുക്കുന്നതിനിടെ 10 സിആർപിഎഫ്  ജവാന്മാർ ജീവൻ ബലിയർപ്പിച്ച സംഭവം പരാമർശിച്ചു. ഹോട്ട് സ്പ്രിംഗ്സ് സംഭവം പരിശോധിച്ചാൽ, ഉയർന്ന ആ പർവ്വതനിരകളിൽ വെച്ചാണ് പോരാട്ടമെന്നിരിക്കെ അതിന്റെ പരിണതഫലം മുൻകൂട്ടി വ്യക്തമായിരുന്നുവെന്ന് മനസ്സിലാക്കാം. എങ്കിലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ശത്രുക്കളുടെ കൈകളിലെത്തില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ  പോരാടിയാണ് അമരനായകർ  കർമരംഗത്ത് പരമോന്നത ത്യാഗം വരിച്ചത്.  അതിനുശേഷമാണ് എല്ലാവർഷവും ഒക്ടോബർ 21 പൊലീസ് സ്മൃതി ദിനമായി ആചരിച്ചുവരുന്നത്. രാജ്യത്തുടനീളം ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായി 2018-ൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഈ ദേശീയ പൊലീസ് സ്മാരകം ഉദ്ഘാടനം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ വരുംതലമുറകൾക്ക് അവരുടെ ചുമതലകളിൽ പ്രതിബദ്ധത പുലർത്താനും കടമ നിർവഹിക്കുന്നതിനിടെ പരമോന്നത ത്യാഗത്തിന് സദാ സന്നദ്ധരാകാനും പ്രചോദനമേകുകയായിരുന്നു ഈ സ്മാരകത്തിന്റെ നിർമ്മാണത്തിന് പിന്നിലെ ലക്ഷ്യം. ഇതിനകം  രാജ്യത്തിന്റെ നാനാഭാഗങ്ങളിലെയും പൗരന്മാരുടെ ആദരവ് ഏറ്റുവാങ്ങുന്ന  പുണ്യകേന്ദ്രമായി  സ്മാരകം മാറിയിട്ടുണ്ടെന്നും ധീരരായ 36,852 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനത്തിനും ത്യാഗത്തിനും നന്ദി രേഖപ്പെടുത്താൻ നിരവധി പൗരന്മാർ ഇവിടം സന്ദർശിക്കാറുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.  



എല്ലാ ഗവണ്‍മെന്റ് സർവീസുകളിലും വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ് പൊലീസ് സർവീസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രക്ഷാബന്ധൻ, ഹോളി, ദീപാവലി, ഈദ് തുടങ്ങിയ ഉത്സവങ്ങൾ രാജ്യത്തെ ഓരോ പൗരനും ആഘോഷിക്കുമ്പോൾ അവ ആഘോഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും അവധി ലഭിക്കാറില്ല. ജനങ്ങൾ കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥർ ജോലിയിൽ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ നിന്ന് അകന്ന് ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ രാജ്യത്തിനായി സമർപ്പിക്കുന്നത് മാതൃകാപരമായ വലിയൊരു സേവനമാണ്.


രാജ്യത്തുടനീളം പൊലീസ് ഉദ്യോഗസ്ഥർ അസാധാരണമായ ക്ഷമയും സംയമനവും അച്ചടക്കവും ധൈര്യവും സമർപ്പണവും പ്രകടിപ്പിച്ച് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്തിയ നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ പൊലീസുകാർ ആദ്യത്തെയും അവസാനത്തെയും പ്രതിരോധ നിരയാണ്.  അതിർത്തികളിൽ കാവൽ നിൽക്കുന്നവരും രാജ്യത്തിനകത്ത് സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നവരുമായ എല്ലാ കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളോടും അദ്ദേഹം പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ സേനാംഗങ്ങൾ തിരഞ്ഞെടുപ്പുകൾ, ഉത്സവങ്ങൾ, പ്രതിഷേധങ്ങൾ, അതിർത്തി കാക്കൽ തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലും ജാഗ്രതയോടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കരുത്തേകുന്നു. രാജ്യത്തിന്റെ സുഗമമായ പ്രവർത്തനത്തിന്  രാപ്പകലില്ലാതെ അവര്‍ ജോലി ചെയ്യുന്നു. ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യ പ്രക്രിയകൾ തടസ്സമില്ലാതെ നടത്തുന്നതിലും കേന്ദ്ര സായുധ പൊലീസ് സേനകളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.   ഉത്തർപ്രദേശിലെയും ബിഹാറിലെയും തിരഞ്ഞെടുപ്പ് അക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ രാജ്യം വിജയിച്ചെങ്കിലും പശ്ചിമ ബംഗാളിൽ ദീർഘകാലമായി തിരഞ്ഞെടുപ്പ് അക്രമങ്ങൾ തുടർന്നിരുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ അടുത്തിടെ പൂര്‍ത്തിയായ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ജീവൻ പോലും നഷ്ടപ്പെടാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധേയ നേട്ടമാണെന്നും ഇതിലൂടെ കേന്ദ്ര സായുധ പൊലീസ് സേനകൾ പുതിയ മാതൃക സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തിരഞ്ഞെടുപ്പ് അക്രമങ്ങൾക്ക് അറുതിവന്നുവെന്ന്  രാജ്യം മുഴുവൻ തിരിച്ചറിയുന്നുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.


കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നും അതിൽ മൂന്നെണ്ണം പതിറ്റാണ്ടുകളായി നിലനിന്നവയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമിപ്പിച്ചു. കശ്മീർ, വടക്കുകിഴക്കൻ മേഖല, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾ എന്നീ മൂന്ന് പ്രധാന സംഘർഷ മേഖലകളിലും ഇപ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലകളിൽ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെട്ടതായും വികസനത്തിന്റെ കാര്യത്തിൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളോട് മത്സരിക്കാൻ അവ ഇപ്പോൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ ഭീകരവാദം അമർച്ച ചെയ്യുന്നതിൽ വലിയ വിജയം കൈവരിക്കാനായി. വിവിധ സമാധാന കരാറുകളിലൂടെയും ആയിരക്കണക്കിന് പേര്‍  ആയുധം വെച്ച് കീഴടങ്ങിയതിനെത്തുടർന്നും വടക്കുകിഴക്കൻ മേഖല ഒന്നാകെ സമാധാനത്തിന്റെ പാതയിലാണ് മുന്നേറുന്നത്. നിരവധി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള നക്സൽ പ്രശ്നം പൂർണമായി തുടച്ചുനീക്കുന്നതിൽ പൊലീസും കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളും വലിയ മുന്നേറ്റമാണ് കൈവരിച്ചത്. നക്സലിസം ഇല്ലാതാക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് സിആർപിഎഫിനും  അതിന്റെ കോബ്ര  ബറ്റാലിയനും പ്രത്യേക നന്ദി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഛത്തീസ്ഗഡ് പൊലീസിന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.


രാജ്യം പ്രശ്നങ്ങളിൽ നിന്ന് പൂർണമായി മുക്തമായിട്ടില്ലെന്നും ഇനിയും നിരവധി വെല്ലുവിളികൾ ബാക്കിയുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2026-ന്റെ ബാക്കി ഭാഗവും തുടർന്നുള്ള 2027, 2028, 2029 വര്‍ഷങ്ങളും ഉപയോഗപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിലൂടെ 2029 ഡിസംബർ 31-നകം രാജ്യത്തെ ലഹരിമുക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലഹരി ദുരുപയോഗവും കള്ളക്കടത്തും വരുംതലമുറകളുടെ ഭാവിയെ തകർക്കുകയും സാമ്പത്തിക മേഖലയ്ക്ക് അനാവശ്യ ഭാരമുണ്ടാക്കുകയും പലപ്പോഴും ദേശവിരുദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായമെത്തിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച 'നശാ മുക്ത് ഭാരത്'  കർമരേഖ നടപ്പാക്കാനുള്ള ശ്രമങ്ങളിൽ രാജ്യത്തെ പൊലീസ് സേനകൾ പൂർണഹൃദയത്തോടെ പങ്കാളികളാകണമെന്നും വരുംതലമുറകളെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ആഭ്യന്തര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മോട്ടോർസൈക്കിൾ റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും (ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി) റൈഡർമാർ, കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ (സിആര്‍പിഎഫ്,  സിഐഎസ്എഫ്, ബിഎസ്എഫ്,  എസ്എസ്ബി,  ഐടിബിപി,  എന്‍എസ്ജി), മറ്റ് കേന്ദ്ര പൊലീസ് സംഘടനകൾ (ആര്‍പിഎഫ്, എന്‍ഡിആര്‍എഫ്, എന്‍ഐഎ)  എന്നിവിടങ്ങളില്‍നിന്ന് തൊണ്ണൂറോളം പേർ പങ്കെടുത്തു. "ലഹരിക്കെതിരായ പോരാട്ടം" എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമാണ്  റാലി. രാജ്യത്തുടനീളം  എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കേന്ദ്ര സേനകളിൽ നിന്നുമുള്ള മോട്ടോർസൈക്കിൾ റൈഡർമാർ ഗുജറാത്തിലെ ഏകതാ നഗറിലെത്തി 'ഏകതാ പരേഡ്-2026'-ൽ പങ്കെടുക്കും.
 
SKY
 
************

( റിലീസ് ഐ.ഡി: 2325988) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Tamil , Telugu , Kannada