വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ വിജയദശമി ദിനമായ ഒക്ടോബർ 20 ന് പ്രാബല്യത്തില്‍ വരും; ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ
പോസ്റ്റഡ് ഓണ്‍:
19 OCT 2026 7:27PM by PIB Thiruvananthpuram
വിജയത്തെയും പുതിയ തുടക്കങ്ങളെയും പ്രതീകവല്ക്കരിക്കുന്ന വിജയദശമി ദിനമായ 2026 ഒക്ടോബർ 20 ന് ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ന്യൂസിലാൻഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ക്ലേയും സംയുക്തമായി വെർച്വൽ കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴമേറിയതും വിപുലവുമായി മാറിക്കൊണ്ടിരിക്കുകയാണ്. 'വികസിത് ഭാരത് 2047' എന്ന കാഴ്ചപ്പാടിനനുസൃതമായി വിപണി പ്രവേശനം സാധ്യമാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനൊപ്പം യുവജനങ്ങളെയും വനിതകളെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് വികസിത സമ്പദ്വ്യവസ്ഥകളുമായി പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഇന്ത്യ കാണിക്കുന്ന പ്രതിബദ്ധതയാണ് ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ പ്രതിഫലിക്കുന്നത്.
കളിക്കളത്തിലെന്നപോലെ സാമ്പത്തിക-വ്യാപാര രംഗങ്ങളിലും ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ളത് വിജയകരമായ ഒരു കൂട്ടുകെട്ടാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. കരാർ സൃഷ്ടിക്കുന്ന അവസരങ്ങളും ഇന്ത്യയിലെയും ന്യൂസിലാൻഡിലെയും ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമായിരിക്കും ഇതിന്റെ വിജയം നിർണയിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂസിലാൻഡ് വിപണിയിലേക്ക് ലഭിക്കുന്ന 100 ശതമാനം തീരുവ രഹിത പ്രവേശനം രാജ്യത്തെ കയറ്റുമതിക്കാർക്ക് - പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍, പരമ്പരാഗത കരകൗശല വിദഗ്ധർ, കർഷകർ, വനിതാ സംരംഭകർ എന്നിവർക്ക് - വലിയ അവസരങ്ങൾ തുറന്നുനൽകും. രാജ്യത്തെ കർഷകർക്ക് പുതിയ അവസരങ്ങൾക്കൊപ്പം മതിയായ സംരക്ഷണവും കരാർ ഉറപ്പാക്കുന്നുണ്ട്. ആപ്പിൾ, കിവി ഫ്രൂട്ട്, തേൻ എന്നിവയ്ക്ക് പ്രത്യേക കർമ്മപദ്ധതികളോടെ 'കാർഷിക ഉല്പാദനക്ഷമതാ പങ്കാളിത്തം', മികവുകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, മികച്ച തോട്ടം പരിപാലനം, വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കൽ, കാർഷിക ഉല്പാദനക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ രാജ്യത്തുടനീളം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ മത്സരക്ഷമത, നൂതനാശയങ്ങൾ, ഉല്പാദന ശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൃദ്ധി എന്നിവയിലധിഷ്ഠിതമായ വികസിതവും സമ്പന്നവുമായ നവഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത് 2047' കാഴ്ചപ്പാടുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് കരാറെന്നും ശ്രീ ഗോയല്‍ പറഞ്ഞു.
ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് ന്യൂസിലാൻഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ക്ലേ പറഞ്ഞു. ന്യൂസിലാൻഡ് കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം 140 കോടി ഉപഭോക്താക്കളിലേക്കും ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നിലേക്കുമുള്ള വാതിലാണ് കരാറിലൂടെ തുറക്കപ്പെടുന്നത്. ഇന്ത്യയിലേക്കുള്ള ന്യൂസിലാൻഡിന്റെ നിലവിലെ കയറ്റുമതികൾക്ക് തീരുവ പൂർണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നതിന്റെ പ്രയോജനം ലഭിക്കും. അതേസമയം എല്ലാ ഇന്ത്യൻ ഉല്പന്നങ്ങൾക്കും തീരുവയില്ലാതെ ന്യൂസിലാൻഡിലേക്ക് പ്രവേശിക്കാനാവും. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ന്യൂസിലാൻഡിന്റെ മറ്റ് സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികൾക്കൊപ്പം തുല്യ അവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് ചരിത്രത്തിലെ ആദ്യ ജെസിബി യന്ത്രത്തിന്റെ കയറ്റുമതി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്തു. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം കൃഷി, രത്ന-ആഭരണങ്ങൾ, എന്‍ജിനീയറിങ്, കായിക ഉപകരണങ്ങൾ, പാദരക്ഷകൾ, തുകൽ തുടങ്ങിയ മേഖലകളിലെ വിവിധ ഉല്പന്നങ്ങളുടെ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്യാനും പദ്ധതിയുണ്ട്. ഈ നടപടികൾ ഇന്ത്യൻ നിർമ്മാതാക്കളുടെ ആത്മവിശ്വാസത്തെയും രാജ്യത്തെ കയറ്റുമതിക്കാർക്ക് കരാർ തുറന്നുനൽകുന്ന വലിയ സാധ്യതകളെയും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യൻ കയറ്റുമതിയുടെ എല്ലാ നികുതി വിഭാഗങ്ങളിലെയും കസ്റ്റംസ് തീരുവ ന്യൂസിലാൻഡ് പൂർണമായി ഒഴിവാക്കി; പരമാവധി 10 ശതമാനം വരെയുണ്ടായിരുന്ന ഉയർന്ന തീരുവകളാണ് ഇതിലൂടെ ഇല്ലാതാകുന്നത്. തുണിത്തരങ്ങള്‍, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, രത്ന-ആഭരണങ്ങൾ, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, വാഹനങ്ങള്‍, വാഹന ഘടകങ്ങൾ, രാസവസ്തുക്കൾ, മരുന്നുകള്‍, കാർഷിക ഉല്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരത്തടികൾ, കോക്കിങ് കല്‍ക്കരി, ലോഹാവശിഷ്ടങ്ങൾ എന്നിവയുടെ തീരുവ രഹിത പ്രവേശനം നിർമ്മാണ മേഖലയെയും എംഎസ്എംഇ വിതരണ ശൃംഖലകളെയും കൂടുതൽ ശക്തിപ്പെടുത്തും. ലളിതവൽക്കരിച്ച നിയന്ത്രണ നടപടിക്രമങ്ങളിലൂടെ മരുന്ന് - മെഡിക്കൽ ഉപകരണ വ്യവസായങ്ങൾക്കും നേട്ടമുണ്ടാകും.
ഇന്ത്യയിലെ യുവജനങ്ങള്‍ക്കും പ്രൊഫഷണലുകൾക്കും പ്രതിവർഷം 5,000 താൽക്കാലിക തൊഴിൽ പ്രവേശന വിസകളും 1,000 തൊഴില്‍-സന്ദര്‍ശന വിസകളും ലഭ്യമാകും. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിന് യാതൊരു പരിധിയുമുണ്ടാകില്ല. കൂടാതെ ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിങ്-ഗണിത (സ്റ്റെം) വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് വർഷം വരെയും ഡോക്ടറൽ ഗവേഷകർക്ക് നാല് വർഷം വരെയും പഠനാനന്തര തൊഴിലവകാശം ലഭിക്കും.
കിവി ഫ്രൂട്ട്, ആപ്പിൾ, തേൻ എന്നിവയ്ക്ക് മികവുകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ന്യൂസിലാൻഡ് സാങ്കേതിക സഹായം നൽകുന്നുണ്ട്. 'കിവി ഫ്രൂട്ട് കർമപദ്ധതി' പ്രകാരം ആദ്യ ഘട്ട കേന്ദ്രങ്ങളായി നാഗാലാൻഡിലെ ഫുട്സെറോ, ഉത്തരാഖണ്ഡിലെ മഗ്ര എന്നിവ കണ്ടെത്തിക്കഴിഞ്ഞു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ആപ്പിളിന് രണ്ട് മികവുകേന്ദ്രങ്ങളും ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമായി തേനിന്റെ മികവുകേന്ദ്രങ്ങളും നിർദേശിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ കൈമാറ്റം, മെച്ചപ്പെട്ട കൃഷിരീതികൾ, ഉയർന്ന ഉല്പാദനക്ഷമത എന്നിവയിലൂടെ കർഷകരെ പിന്തുണയ്ക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
ഇന്ത്യയിലേക്ക് 2,000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം സുഗമമാക്കാൻ ന്യൂസിലാൻഡ് പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്. കൃഷി, നിർമ്മാണം, അടിസ്ഥാന സൗകര്യം, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകൾക്ക് ഈ നിക്ഷേപം കരുത്തേകും; ഒപ്പം 'മെയ്ക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിന് കീഴിൽ നൂതനാശയങ്ങൾ, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.
കർഷകർ, ക്ഷീരോല്പാദകർ, മത്സ്യത്തൊഴിലാളികൾ, ഗ്രാമീണ ജനവിഭാഗങ്ങള്‍ എന്നിവരെ സംരക്ഷിക്കുന്നതിന് പാലുല്പന്നങ്ങൾ, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ, പ്രധാന കാർഷിക വിളകൾ തുടങ്ങിയ നിർണായക ഉല്പന്നങ്ങളെ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർശന ഉത്ഭവ നിയമങ്ങൾ, ഉഭയകക്ഷി സുരക്ഷാ സംവിധാനം, നിബന്ധനകൾ മറികടക്കുന്നത് തടയാന്‍ ശക്തമായ വ്യവസ്ഥകൾ എന്നിവ വഴി യഥാർത്ഥ ഇന്ത്യൻ കയറ്റുമതിക്കാർക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കും.
ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍, വനിതാ സംരംഭകര്‍, സ്റ്റാർട്ടപ്പുകൾ, പരമ്പരാഗത കരകൗശല വിദഗ്ധർ, ഒന്നാം തലമുറ സംരംഭകർ എന്നിവർക്കായി വികസിത വിദേശ വിപണിയാണ് കരാറിലൂടെ തുറക്കപ്പെടുന്നത്. തീരുവയില്ലാത്ത പ്രവേശനവും വേഗമേറിയ കസ്റ്റംസ് നടപടിക്രമങ്ങളും ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കുകയും ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയും ചെയ്യും. കൃത്യമായ സഹകരണ ചട്ടക്കൂടിലൂടെ വ്യാപാര സംബന്ധിയായ വിവരങ്ങളും ന്യൂസിലാൻഡിന്റെ ചെറുകിട-ഇടത്തരം സംരംഭക ആവാസവ്യവസ്ഥയുമായുള്ള ബന്ധവും മെച്ചപ്പെടും; യുവാക്കളുടെയും വനിതകളുടെയും ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് ഇതിൽ പ്രത്യേക ഊന്നൽ നൽകും.
ഇന്ത്യൻ ഭൗമ സൂചികകളുടെ രജിസ്ട്രേഷൻ സുഗമമാക്കാനും ന്യൂസിലാൻഡ് സന്നദ്ധത അറിയിച്ചിട്ടുണ്ട്; ഇത് ഗ്രാമീണ കരകൗശല വിദഗ്ധരുമായും പരമ്പരാഗത വ്യവസായങ്ങളുമായും ബന്ധപ്പെട്ട ഉല്പന്നങ്ങൾക്ക് അന്താരാഷ്ട്ര സംരക്ഷണം ഉറപ്പാക്കാൻ വഴിയൊരുക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും 'വികസിത് ഭാരത് 2047' കാഴ്ചപ്പാടിലുമൂന്നിയ ജനകേന്ദ്രീകൃതവും സമഗ്രവുമായ പങ്കാളിത്തമാണ് ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ. കർഷകർ, എംഎസ്എംഇകൾ, വനിതാ സംരംഭങ്ങൾ, സംരംഭകർ, കരകൗശല വിദഗ്ധർ, യുവജനങ്ങൾ, പ്രൊഫഷണലുകൾ എന്നിവരെ ശാക്തീകരിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.
2025 മാർച്ച് 16-ന് ആരംഭിച്ച ചർച്ചകൾ ഒൻപത് മാസത്തിനകം 2025 ഡിസംബർ 22-ന് പൂർത്തിയായി. തുടർന്ന് 2026 ഏപ്രിൽ 27-നാണ് കരാർ ഒപ്പുവെച്ചത്. 2030-ഓടെ ഉഭയകക്ഷി ചരക്ക്-സേവന വ്യാപാരം 700 കോടി ന്യൂസിലാൻഡ് ഡോളറായി (35,000 കോടി രൂപ) ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'ഇന്ത്യ–ന്യൂസിലാൻഡ് തന്ത്രപ്രധാന പങ്കാളിത്തം: റോഡ്മാപ്പ് 2030'-ന് ഈ കരാർ പൂർണ പിന്തുണ നൽകുന്നു.
ഇന്ത്യ-ന്യൂസിലാൻഡ് ഫാക്ട്ഷീറ്റ് ലിങ്ക്: https://www.commerce.gov.in/files/2026-04/final_0.pdf
പതിവു ചോദ്യങ്ങളുടെ (FAQs) ലിങ്ക്: https://www.commerce.gov.in/files/2026-04/FAQs%20-%20India-New%20Zealand%20FTA.pdf
കരാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വാർത്താ ലിങ്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2255914®=3&lang=1
കരാര്‍ പ്രാബല്യത്തിൽ വരുന്ന തീയതി പ്രഖ്യാപനത്തിന്റെ ലിങ്ക്: https://www.pib.gov.in/PressReleaseDetail.aspx?PRID=2313143®=48&lang=1
***
( റിലീസ് ഐ.ഡി: 2325307)
സന്ദര്‍ശക കൗണ്ടര്‍ : 4