ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ 2026 ഒക്ടോബര്‍ 21 ബുധനാഴ്ച ന്യൂഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ പോലീസ് രക്തസാക്ഷി ദിനത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും

പോസ്റ്റഡ് ഓണ്‍: 19 OCT 2026 5:50PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 2026 ഒക്ടോബര്‍ 21 ബുധനാഴ്ച പോലീസ് രക്തസാക്ഷി ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍  വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏകദേശം 90 പോലീസ് ബൈക്ക് യാത്രികര്‍ പങ്കെടുക്കുന്ന റാലി ആഭ്യന്തര മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. കേന്ദ്ര സായുധ പോലീസ് സേനകളായ CRPF, CISF, BSF, SSB, ITBP, NSG എന്നിവയില്‍ നിന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF), ദേശീയ ദുരന്ത നിവാരണ സേന (NDRF), ദേശീയ അന്വേഷണ ഏജന്‍സി (NIA) തുടങ്ങിയ കേന്ദ്ര പോലീസ് സംഘടനകളില്‍ നിന്നുമുള്ള അംഗങ്ങളും റാലിയില്‍ പങ്കെടുക്കും. 'ലഹരിക്കെതിരായ പോരാട്ടം' എന്ന പ്രമേയത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമാണിത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്ര സേനകളില്‍ നിന്നുമുള്ള പോലീസ് ബൈക്ക് യാത്രികര്‍ 2026 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ ഏകതാ നഗറില്‍ എത്തിച്ചേര്‍ന്ന് ഏകതാ പരേഡില്‍ പങ്കെടുക്കും.

1959 ഒക്ടോബര്‍ 21ന് ലഡാക്കിലെ ഹോട്ട് സ്പ്രിങ്‌സില്‍ അത്യാധുനിക ആയുധങ്ങളുമായി എത്തിയ ചൈനീസ് സൈനികര്‍ നടത്തിയ ഒളിയാക്രമണത്തില്‍ ധീരരായ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. അന്നുമുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷി ദിനമായി ആചരിച്ചുവരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്യാഗങ്ങളെയും ദേശീയ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പരമപ്രധാനമായ പങ്കിനെയും ആദരിച്ച് , 2018ലെ പോലീസ് രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ദേശീയ പോലീസ് സ്മാരകം (NPM) രാജ്യത്തിന് സമര്‍പ്പിച്ചു.

ദേശീയ പോലീസ് സ്മാരകം പോലീസ് സേനകള്‍ക്ക് ദേശീയ സ്വത്വബോധവും അഭിമാനവും  ഐക്യവും പൊതുചരിത്രവും പൊതു ഭാവിയെക്കുറിച്ചുള്ള അവബോധവും നല്‍കുന്നു. സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ചുകൊണ്ട് രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഒരു കേന്ദ്ര ശില്‍പം, 'വീരതയുടെ മതില്‍' (Wall of Valour), ഒരു മ്യൂസിയം എന്നിവയാണ് സ്മാരകത്തിന്റെ പ്രധാന ഘടകങ്ങള്‍. 30 അടി ഉയരമുള്ള ഗ്രാനൈറ്റ് ശിലയില്‍ നിര്‍മിച്ച കേന്ദ്ര സ്മാരകശില്‍പം പോലീസ് ഉദ്യോഗസ്ഥരുടെ ശക്തിയെയും പ്രതിരോധശേഷിയെയും നിസ്വാര്‍ഥ സേവനത്തെയും പ്രതിനിധീകരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ കൊത്തിവച്ചിട്ടുള്ള വീരതയുടെ മതില്‍ അവരുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള അനശ്വര അംഗീകാരമായി നിലകൊള്ളുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ ചരിത്രവും കാലാനുസൃതമായ വികാസവും പ്രദര്‍ശിപ്പിക്കുന്നതിനായാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ആദരവോടെ സന്ദര്‍ശിക്കാവുന്ന ഒരു കേന്ദ്രമാണ് ഈ  സ്മാരകം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ദേശീയ പോലീസ് സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ്  കേന്ദ്ര സായുധ പോലീസ് സേനകള്‍ സ്മാരകത്തില്‍ ബാന്‍ഡ് പ്രകടനവും പരേഡും പിന്‍വാങ്ങല്‍ ചടങ്ങും സംഘടിപ്പിക്കുന്നു.

മുന്‍വര്‍ഷങ്ങളിലെ രീതിയനുസരിച്ച്, പോലീസ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ഒക്ടോബര്‍ 21ന് രാജ്യവ്യാപകമായി പോലീസ് രക്തസാക്ഷി ദിനം ആചരിക്കും. ന്യൂഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ പ്രധാന ചടങ്ങ് സംഘടിപ്പിക്കും. കേന്ദ്ര സായുധ പോലീസ് സേനകളുടെയും ഡല്‍ഹി പോലീസിന്റെയും സംയുക്ത പരേഡ് ഇതിന്റെ ഭാഗമായി നടക്കും. പതിവനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പോലീസ് പശ്ചാത്തലമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് സംഘടനകളുടെയും മേധാവികള്‍ തുടങ്ങിയവരും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വിരമിച്ച ഡയറക്ടര്‍ ജനറല്‍മാര്‍, പോലീസ്  ഉദ്യോഗസ്ഥര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

പോലീസ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും. ഹോട്ട് സ്പ്രിങ്‌സില്‍ വീരമൃത്യു വരിച്ചവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സ്മാരകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ പരിപാടി സമാപിക്കും. ദൂരദര്‍ശനിലൂടെ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പോലീസ് വെബ്‌സൈറ്റുകളിലൂടെ വെബ്കാസ്റ്റ് ചെയ്യുകയും ആകാശവാണിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പരിപാടി പ്രക്ഷേപണം ചെയ്യും.

രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 22 മുതല്‍ 30 വരെ ദേശീയ പോലീസ് സ്മാരകത്തില്‍ കേന്ദ്ര സായുധ പോലീസ് സേനകളും കേന്ദ്ര പോലീസ് സംഘടനകളും വിവിധ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ സന്ദര്‍ശനം, പോലീസ് ബാന്‍ഡ് പ്രകടനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ റാലികള്‍, രക്തസാക്ഷികള്‍ക്കായുള്ള പദയാത്ര (Run for Matryrs), രക്തദാന ക്യാമ്പുകള്‍, കുട്ടികള്‍ക്കായുള്ള ഉപന്യാസചിത്രരചനാ മത്സരങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗം, ധീരത, സേവനങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന വീഡിയോ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ അവസരത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സേനകളും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും.

 

National Police Memorial Chanakyapuri, New Delhi

***


( റിലീസ് ഐ.ഡി: 2325264) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil