ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന ഉറപ്പാക്കി തേയിലയിലെ കീടനാശിനി സാന്നിധ്യത്തിന് പരിധി നിശ്ചയിക്കാൻ കരട് വിജ്ഞാപനവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി
പോസ്റ്റഡ് ഓണ്:
17 OCT 2026 3:26PM by PIB Thiruvananthpuram
ശാസ്ത്രീയ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തേയിലയിലെ രണ്ട് പ്രധാന കീടനാശിനികളുടെ സാന്നിധ്യത്തിന് പരമാവധി പരിധി നിർദേശിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു. അസെറ്റാമിപ്രിഡ്, ഇമിഡാക്ലോപ്രിഡ് എന്നീ കീടനാശിനികൾക്കാണ് പരിധി നിർദേശിച്ചിരിക്കുന്നത്. ശാസ്ത്രീയ വിലയിരുത്തലുകൾ, അന്താരാഷ്ട്ര കീഴ്വഴക്കങ്ങൾ, ഇന്ത്യൻ കാർഷിക മേഖലയുടെ ആവശ്യകതകൾ എന്നിവ പരിഗണിച്ചാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി.
2026 ഒക്ടോബർ 16-ന് കേന്ദ്ര ഗസറ്റില് പ്രസിദ്ധീകരിച്ച ഭക്ഷ്യസുരക്ഷാ-ഗുണനിലവാര (മലിനീകരണ ഘടകങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടാംശങ്ങൾ) ഭേദഗതി ചട്ടങ്ങളുടെ കരട് പ്രകാരം തേയിലയിൽ അസെറ്റാമിപ്രിഡ് കിലോഗ്രാമില് പരമാവധി 20 മില്ലിഗ്രാമും (20 പിപിഎം) ഇമിഡാക്ലോപ്രിഡ് കിലോഗ്രാമില് പരമാവധി 50 മില്ലിഗ്രാമുമാണ് (50 പിപിഎം) അവശിഷ്ടാംശത്തിന്റെ പരിധി നിർദേശിച്ചിരിക്കുന്നത്. കരട് ചട്ടങ്ങൾ അന്തിമമാകുന്നതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും വ്യക്തമായ നിയമ അടിത്തറ നൽകാൻ ഈ പരിധികൾ സഹായിക്കും.
തേയിലയിലെ അസെറ്റാമിപ്രിഡിന് 20 പിപിഎം എന്ന നിര്ദിഷ്ട പരിധി ജപ്പാനിലെ 30 പിപിഎം, യുഎസിലെ 50 പിപിഎം എന്നീ പരിധികളേക്കാൾ വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. ഇമിഡാക്ലോപ്രിഡിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത് അന്താരാഷ്ട്ര കോഡെക്സ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ മുൻഗണനകളും ആഭ്യന്തര കാർഷിക ആവശ്യങ്ങളും കണക്കിലെടുക്കുന്നതിനൊപ്പം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നിയന്ത്രണ മാനദണ്ഡങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ് ഈ താരതമ്യങ്ങൾ വ്യക്തമാക്കുന്നത്.
കീടനാശിനി സാന്നിധ്യത്തിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സമഗ്ര നിയന്ത്രണ നയത്തിന്റെ ഭാഗമായാണ് പുതിയ നിർദേശം. ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെയും അന്താരാഷ്ട്ര രീതികളുടെയും അടിസ്ഥാനത്തിൽ കീടനാശിനി സാന്നിധ്യത്തിന്റെ പരമാവധി പരിധി പുനഃപരിശോധിച്ച 2024-ലെ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര ഭേദഗതി ചട്ടങ്ങൾ ഈ പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പായിരുന്നു. ഉയർന്ന വിഷാംശമുണ്ടെന്ന് കണ്ടെത്തിയ 13 കീടനാശിനികളെ നേരത്തെ ഒഴിവാക്കിയതും ഉപഭോക്തൃ സംരക്ഷണ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളുടെ സുപ്രധാന ഘടകമാണ് കീടനാശിനി സാന്നിധ്യത്തിന്റെ പരമാവധി പരിധികൾ. ഭക്ഷ്യവസ്തുക്കളിൽ നിയമപരമായി അനുവദനീയമായ കീടനാശിനി അംശത്തിന്റെ ഉയർന്ന അളവാണ് ഇവ വ്യക്തമാക്കുന്നത്. കീടനാശിനി സാന്നിധ്യത്തിന്റെ വിവരങ്ങൾ, ഭക്ഷണത്തിലൂടെ അവ ശരീരത്തിലെത്താനുള്ള സാധ്യത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ച് ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇവ നിശ്ചയിക്കുന്നത്. കീടനാശിനി സാന്നിധ്യം കൃത്യമായി നിരീക്ഷിക്കാനും നിശ്ചിത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ മാനദണ്ഡങ്ങൾ സഹായകമാണ്.
കാർഷികോല്പാദനത്തിൽ ഫലപ്രദമായ കീടനിയന്ത്രണത്തിന്റെ പ്രാധാന്യവും ഈ നിർദിഷ്ട മാനദണ്ഡങ്ങൾ എടുത്തുകാട്ടുന്നു. നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യമായ അളവിൽ ഉപയോഗിക്കുമ്പോൾ കീടങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാനും വിളനാശം കുറയ്ക്കാനും ഉല്പാദനക്ഷമത നിലനിർത്താനും കീടനാശിനികൾ കർഷകരെ സഹായിക്കുന്നു. അനുയോജ്യമായ വിളസംരക്ഷണ മാർഗങ്ങൾ ചെലവുകുറഞ്ഞ കൃഷിരീതികളെയും പിന്തുണയ്ക്കും. അതിനാൽ ഉപഭോക്തൃ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതിനൊപ്പം കാർഷികോല്പാദനത്തിന്റെ ആവശ്യകതകൾ സന്തുലിതമാക്കാനാണ് പുതിയ നിയന്ത്രണ സമീപനം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ശരാശരി കീടനാശിനി ഉപയോഗത്തിന്റെ കുറഞ്ഞ നിരക്ക് രാജ്യത്തെ കാർഷിക രീതികളുടെ സവിശേഷത വ്യക്തമാക്കുന്നതാണ്. ഹെക്ടറിന് 0.5 കിലോഗ്രാമിൽ താഴെ മാത്രമാണ് ഇന്ത്യയിലെ ശരാശരി കീടനാശിനി ഉപയോഗം; ഇത് ആഗോള ശരാശരിയായ ഹെക്ടറിന് 2.38 കിലോഗ്രാമിനേക്കാൾ വളരെ താഴെയാണ്. കൊളംബിയ, ബ്രസീൽ, യുഎസ്എ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ രേഖപ്പെടുത്തിയ നിരക്കുകളേക്കാളും വളരെ കുറവാണിത്.
അന്താരാഷ്ട്രതലത്തിൽ യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അതത് പ്രദേശങ്ങളിലെ വിളകൾക്കും കാലാവസ്ഥയ്ക്കും കാർഷിക ആവശ്യങ്ങൾക്കും അനുയോജ്യമായ വിവിധതരം കീടനാശിനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാന രീതിയിൽ ശാസ്ത്രീയമായി നിശ്ചയിച്ച കീടനാശിനി സാന്നിധ്യ പരിധികളിലൂടെ ഉപഭോക്താക്കൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കി ആഭ്യന്തര വിളസംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാനാണ് ഇന്ത്യയുടെ നിയന്ത്രണ സംവിധാനവും ശ്രമിക്കുന്നത്.
തേയില മേഖലയിൽ ഉല്പാദകർ, സംസ്കരണ യൂണിറ്റുകൾ, ഭക്ഷ്യസംരംഭങ്ങൾ, പരിശോധനാ ലബോറട്ടറികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് കൂടുതൽ നിയന്ത്രണ വ്യക്തത നൽകാൻ നിർദിഷ്ട പരിധികൾ സഹായിക്കും. വ്യക്തമായി നിർവചിക്കപ്പെട്ട മാനദണ്ഡങ്ങൾ തുടർച്ചയായ നിരീക്ഷണത്തിനും ഉത്തരവാദിത്തപൂര്ണമായ കീടനാശിനി പരിപാലനത്തിനും ഭക്ഷ്യസുരക്ഷാ നിബന്ധനകൾ പാലിക്കാനും വഴിയൊരുക്കും. ഒപ്പം ഇന്ത്യൻ തേയിലയുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
തെളിവധിഷ്ഠിത നിയന്ത്രണം, ഉപഭോക്തൃ സംരക്ഷണം, ഉത്തരവാദിത്തപൂര്ണമായ കാർഷിക രീതികൾ എന്നിവയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി തുടരുന്ന പ്രതിബദ്ധതയാണ് കരട് ഭേദഗതിയിലൂടെ പ്രതിഫലിക്കുന്നത്. ശാസ്ത്രീയ വിലയിരുത്തലുകൾ, അന്താരാഷ്ട്ര കീഴ്വഴക്കങ്ങൾ, ഗുണഭോക്താക്കളുമായി നടത്തുന്ന കൂടിയാലോചനകൾ എന്നിവ സമന്വയിപ്പിച്ച് തേയില കൃഷിയുടെ പ്രായോഗിക ആവശ്യങ്ങളും ഭക്ഷ്യസുരക്ഷാ മുൻഗണനകളും സന്തുലിതമാക്കാനും സുതാര്യവും കാര്യക്ഷമവുമായ ഭക്ഷ്യസുരക്ഷാ നിയന്ത്രണ ആവാസവ്യവസ്ഥ ഉറപ്പാക്കാനും നിർദിഷ്ട ചട്ടക്കൂട് ലക്ഷ്യമിടുന്നു.
****
( റിലീസ് ഐ.ഡി: 2324758)
സന്ദര്ശക കൗണ്ടര് : 8