വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പോസ്റ്റഡ് ഓണ്:
15 OCT 2026 4:16PM by PIB Thiruvananthpuram
ഇന്ത്യയെ സർഗ്ഗാത്മക ഉള്ളടക്കം, സാങ്കേതികവിദ്യ, പ്രതിഭ, ആഗോളതലത്തിൽ മത്സരക്ഷമതയുള്ള മാധ്യമ കമ്പനികൾ എന്നിവയുടെ ഒരു മുൻനിര ഉറവിടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ, മാധ്യമ-വിനോദ വ്യവസായം കേവലം വ്യാപ്തി വർദ്ധിപ്പിക്കുന്നതിനപ്പുറം കടന്ന്, മൗലികമായ ബൗദ്ധിക സ്വത്തവകാശം (ഐ.പി), സുസ്ഥിരമായ ബിസിനസ്സ് മാതൃകകൾ, ആഗോള വിപണി വിപുലീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. ചഞ്ചൽ കുമാർ ആഹ്വാനം ചെയ്തു.
''മാധ്യമ-വിനോദ മേഖലയിലെ പുതിയ സാമ്പത്തിക ശാസ്ത്രം: ഇന്ത്യയുടെ ഭാവി ആഗോള മാധ്യമ കമ്പനികളെ കെട്ടിപ്പടുക്കൽ'' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച, ദ്വിദിന 'സി.ഐ.ഐ ബിഗ് പിക്ചർ സമ്മിറ്റ് 2026'-ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഇന്ത്യയുടെ സമ്പന്നമായ കഥാഖ്യാന പാരമ്പര്യങ്ങളെയും സാംസ്കാരിക വൈവിധ്യത്തെയും സർഗ്ഗാത്മക കഴിവുകളെയും ശാശ്വതമായ സാമ്പത്തിക-സാംസ്കാരിക മൂല്യങ്ങളാക്കി മാറ്റാൻ ഇന്ത്യയ്ക്ക് അവസരമുണ്ടെന്ന് ശ്രീ. ചഞ്ചൽ കുമാർ പറഞ്ഞു.
നൂതനാശയങ്ങൾക്കും വിശ്വാസ്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട്, 'ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക' എന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 2025-ലെ വേവ്സ് ഉച്ചകോടിയിലെ കാഴ്ചപ്പാടുമായി ശ്രീ.ചഞ്ചൽകുമാർ ഈ ഉച്ചകോടിയുടെ പ്രമേയത്തെ ബന്ധിപ്പിച്ചു.
ഇന്ത്യയിലെ സർഗ്ഗാത്മക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, വേവ്സ്, വേവ്സ് ബസാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐ.ഐ.സി.ടി), ഇന്ത്യ സിനി ഹബ് തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് ശ്രീ. ചഞ്ചൽ കുമാർ പരാമർശിച്ചു. സർഗാത്മകതയെയും ബൗദ്ധിക സ്വത്തവകാശത്തെയും സംരക്ഷിക്കുന്നതിനായി ശക്തമായൊരു വ്യാജ പകർപ്പ് വിരുദ്ധ (ആന്റി-പൈറസി) ചട്ടക്കൂടിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം അടിവരയിട്ടു. ഒപ്പം, 'ഇന്ത്യയിൽ സൃഷ്ടിക്കുക, ഇന്ത്യയിൽ ഉടമസ്ഥത നേടുക, ഇന്ത്യയിൽ നിന്ന് വികസിപ്പിക്കുക, ലോകമെമ്പാടും എത്തിക്കുക' എന്ന കാഴ്ചപ്പാടിനും അദ്ദേഹം ഊന്നൽ നൽകി.

2030-കളുടെ തുടക്കത്തോടെ ഇന്ത്യയുടെ മാധ്യമ-വിനോദ മേഖലയെ 100 ബില്യൺ ഡോളർ മൂല്യമുള്ളതാക്കി മാറ്റുന്നതിനുള്ള കർമ്മപദ്ധതി വിവരിക്കുന്ന, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) തയ്യാറാക്കിയ മാധ്യമ-വിനോദ മേഖലകളുടെ പുതിയ സാമ്പത്തിക ശാസ്ത്രം (ദ ന്യൂ ഇക്കണോമിക്സ് ഓഫ് മീഡിയ ആൻഡ് എന്റർടൈൻമെന്റ്) എന്ന ധവളപത്രം ഈ ഉച്ചകോടിയിൽ പുറത്തിറക്കി. ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി കൂടുതൽ വേഗത്തിലുള്ള പരിഷ്കാരങ്ങളും, ശക്തമായ പ്രാദേശിക വിപണികളും, പരിമാണ യുക്തമായ നിർവഹണവും ആവശ്യമാണെന്ന് ഈ ധവളപത്രം ആഹ്വാനം ചെയ്യുന്നു.
ഉച്ചകോടിയുടെ ചെയർമാനും സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ്, ഇന്ത്യയുടെ മാനേജിങ് ഡയക്ടറും സി.ഇ.ഒയുമായ ശ്രീ. ഗൗരവ് ബാനർജി, ബിസിനസ് മാതൃകകളെക്കുറിച്ച് അടിസ്ഥാനപരമായ പുനർവിചിന്തനം നടത്തണമെന്ന് ആഹ്വാനം ചെയ്തു. 'വലിയൊരു പ്രേക്ഷകസമൂഹം എന്നത് അന്തിമമായി ഒരു തുടക്കം മാത്രമാണ്; ഇതൊരു ബിസിനസ് മാതൃകയല്ല,' അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് നൽകുന്ന മൂല്യം, പരസ്യദാതാക്കൾക്ക് ലഭിക്കുന്ന പരിമാണയുക്തമായ ഫലങ്ങൾ, നിക്ഷേപകർക്ക് ഉറപ്പാക്കാൻ കഴിയുന്ന സുസ്ഥിരമായ ആദായം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉച്ചകോടിയുടെ സഹ-അധ്യക്ഷയും യൂട്യൂബ് ഇന്ത്യയുടെ ഇന്ത്യൻ മാനേജരുമായ ഗുഞ്ജൻ സോണി, ഇന്ത്യയുടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് കരുത്തേകുന്ന സാമ്പത്തിക ശക്തികളായി സർഗ്ഗാത്മകതയെയും സംസ്കാരത്തെയും വിശേഷിപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തി, യുവതലമുറയിലെ സ്രഷ്ടാക്കൾക്ക് തങ്ങളുടെ ഭാവനയെയും പ്രാദേശിക സ്വത്വത്തെയും ലോകോത്തര സംരംഭങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് അവർ പറഞ്ഞു.
ആഗോള മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിന് സാങ്കേതികവിദ്യയിലേക്കും നിർമ്മിത ബുദ്ധിയിലേക്കും ജനാധിപത്യവത്കരിക്കപ്പെട്ട അഭിഗമ്യത അനിവാര്യമാണെന്ന് ഉച്ചകോടിയുടെ സഹ അധ്യക്ഷനും ജെറ്റ് സിന്തസിസ് എം.ഡി.യും സി.ഇ.ഒ.യുമായ ശ്രീ. രാജൻ നവാനി അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ഭാവനയും, ആശയങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള കഴിവും തമ്മിലുള്ള അകലം നിർമ്മിത ബുദ്ധി അതിവേഗം കുറച്ചുകൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
150-ലധികം നിക്ഷേപകരെയും നിക്ഷേപം സ്വീകരിക്കുന്നവരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വേവ്സ് ഗ്ലോബൽ ഇൻവെസ്റ്റർ ആൻഡ് ഇൻവെസ്റ്റി മീറ്റ് ശ്രീ ചഞ്ചൽ കുമാർ ഉദ്ഘാടനം ചെയ്തു. വേവ് എക്സ്, വേവ്സ് ബസാർ എന്നിവയിൽ നിന്നുള്ള ഏകദേശം 20 പങ്കാളികളെ ഈ സംരംഭം പരസ്പരം ബന്ധിപ്പിക്കുകയും, മൂലധന ദാതാക്കളും വളർന്നുവരുന്ന സർഗ്ഗാത്മക ബിസിനസ്സുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.
****