രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എല്ലാ രാജ്യങ്ങൾക്കും സ്വന്തം തീരുമാനങ്ങളെടുക്കാനും താല്പര്യങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ വികസനം സാധ്യമാക്കാനും കഴിയുന്ന ഇന്തോ-പസഫിക് മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രഥമ ആസിയാൻ-ഇന്ത്യ പ്രതിരോധ തിങ്ക് ടാങ്ക് ഫോറത്തിൽ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

പോസ്റ്റഡ് ഓണ്‍: 14 OCT 2026 11:44AM by PIB Thiruvananthpuram

ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങൾക്കും സ്വന്തം തീരുമാനങ്ങളെടുക്കാനും താല്പര്യങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ വികസനം സാധ്യമാക്കാനും കഴിയുന്ന  ഇന്തോ-പസഫിക് മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.  പരമ്പരാഗതവും പുതുതായി ഉയർന്നുവരുന്നതുമായ 'അതിരുകളില്ലാത്ത വെല്ലുവിളികളെ' നേരിടുന്നതിന് പരസ്പര വിശ്വാസം വളർത്താനും പരമാധികാരത്തെ ആദരിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ചർച്ചകളുടെ വാതിലുകൾ തുറന്നിടാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് (2026 ഒക്ടോബർ 14) ന്യൂഡൽഹിയിലെ മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസസിൽ  പ്രഥമ ആസിയാൻ-ഇന്ത്യ പ്രതിരോധ തിങ്ക് ടാങ്ക് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കൊപ്പം തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ഇന്ത്യയും ആസിയാനും ലക്ഷ്യമിടുന്നതെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയവും മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളർച്ചയും ലക്ഷ്യമിടുന്ന 'സാഗർ', മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും പരസ്പര സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന 'മഹാസാഗർ'  എന്നീ കാഴ്ചപ്പാടുകളും തുറന്നതും ബഹുമുഖവുമായ സഹകരണമാണ്  മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ ഇന്തോ-പസഫിക് നയങ്ങളുടെ കേന്ദ്രബിന്ദു ആസിയാനാണെന്നും ആസിയാൻ നേതൃത്വം നൽകുന്ന വേദികളുമായി ചേർന്നാണ് രാജ്യം ഈ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർധിച്ചുവരുന്ന തന്ത്രപരമായ മത്സരങ്ങൾക്കും ചില സമുദ്ര നീക്കങ്ങൾ സൃഷ്ടിക്കുന്ന സമ്മർദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും മേഖല സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിനു പുറമെ ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ, കടൽക്കൊള്ള, കള്ളക്കടത്ത്, അനധികൃത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾ, സുപ്രധാന വിതരണ ശൃംഖലകൾ നേരിടുന്ന ഭീഷണികൾ എന്നിവയുമുണ്ട്. ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഈ വെല്ലുവിളികളെ നേരിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

 

ഭിന്നതകൾ തർക്കങ്ങളായി മാറുന്നതിന് മുൻപ് തന്നെ അവ രമ്യമായും സമാധാനപരമായും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ശ്രീ രാജ്‌നാഥ് സിംഗ്, ഏതെങ്കിലും ഒരു ചേരി തിരഞ്ഞെടുക്കാൻ രാജ്യങ്ങൾ നിർബന്ധിതരാകാത്ത  പ്രാദേശിക ക്രമത്തിനായി നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു.  രാജ്യങ്ങൾ ഒന്നിച്ച് ശേഷി വർധിപ്പിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും ചർച്ചകളിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോൾ സുരക്ഷ കൂടുതൽ സുദൃഢമാകുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.

 

പങ്കിട്ട ചരിത്രം, സംസ്കാരം, വ്യാപാരം, ആശയങ്ങൾ എന്നിവയിലധിഷ്ഠിതമായ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലെ നൂറ്റാണ്ടുകളുടെ അടുത്ത ബന്ധത്തെ അനുസ്മരിച്ച അദ്ദേഹം തുല്യ പങ്കാളിയായി ഈ മേഖലയുമായി ചേർന്നുപ്രവർത്തിക്കാനുള്ള ദീർഘകാല പ്രതിബദ്ധതയാണ് 'ആക്ട് ഈസ്റ്റ് നയം' എന്ന് ആവർത്തിച്ചു.  ഇന്തോ-പസഫിക്കിനെക്കുറിച്ച് ഇന്ത്യയുടെ സമീപനവും ആസിയാന്റെ കാഴ്ചപ്പാടും പരസ്പര പൂരകങ്ങളാകാം. പ്രാദേശിക വേദികൾ തമ്മിൽ മത്സരം സൃഷ്ടിക്കുകയല്ല, മറിച്ച് സഹകരണമാണ് നാം ശക്തിപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രമേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നത് പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. വ്യാപാരം, ഊർജം, ജനങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ പരസ്പര ബന്ധിത ഏക സമുദ്രമേഖലയുടെ ഭാഗമാണിത്.  സമുദ്രമേഖലാ ജാഗ്രത, പരസ്പര പ്രവർത്തനക്ഷമത,  അടിയൊഴുക്കുകളും ആഴക്കടൽ സാഹചര്യങ്ങളും നിരീക്ഷിക്കൽ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നത്  നിയമവാഴ്ചയിലധിഷ്ഠിതമായ സുസ്ഥിര സമുദ്രക്രമം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

2026-നെ 'ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി'  പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പങ്കിട്ട താല്പര്യങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റാനുള്ള മികച്ച അവസരമാണിതെന്ന് രാജ്യരക്ഷാമന്ത്രി എടുത്തുപറഞ്ഞു.   സമുദ്ര വിവരങ്ങൾ പങ്കിടുന്നത്  മെച്ചപ്പെടുത്താനും നാവികസേനകളും തീര സംരക്ഷണ സേനകളും  തമ്മിലെ സഹകരണം ശക്തിപ്പെടുത്താനും  അടിയന്തര സാഹചര്യങ്ങളോട് ഒന്നിച്ച് പ്രതികരിക്കാനുള്ള ‍ശേഷി വളർത്തിയെടുക്കാനും നമുക്ക് സാധിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി കടൽക്കൊള്ള, കള്ളക്കടത്ത്, അനധികൃത മത്സ്യബന്ധനം തുടങ്ങിയ ഭീഷണികൾക്കെതിരെ  ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതിരോധ സാങ്കേതികവിദ്യ മറ്റൊരു നിർണായക മേഖലയാണെന്ന് വ്യക്തമാക്കിയ ശ്രീ രാജ്‌നാഥ് സിംഗ് നിർമിതബുദ്ധി (എഐ), ഡ്രോണുകൾ, സൈബർ ശേഷികൾ, ബഹിരാകാശാധിഷ്ഠിത സംവിധാനങ്ങൾ എന്നിവ കൂടുതൽ പ്രാധാന്യം നേടുകയാണെന്ന് അഭിപ്രായപ്പെട്ടു. താരതമ്യേന ചെലവു കുറഞ്ഞ  ഡ്രോണുകൾക്ക് പോലും അതിസങ്കീർണവും ചെലവേറിയതുമായ പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കാൻ കഴിയുമെന്ന് സമീപകാല സംഘർഷങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രായോഗികവും താങ്ങാവുന്നതും സാഹചര്യങ്ങൾക്കനുസൃതമായി മാറ്റിയെടുക്കാവുന്നതുമായ പരിഹാരങ്ങളിലൂടെ ഇതിനോട് പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.  

 

നൂതനാശയങ്ങൾ ചുരുക്കം ചില വൻകിട സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. സ്റ്റാർട്ടപ്പുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ചെറുകിട കമ്പനികൾ എന്നിവർക്കെല്ലാം ഇതിൽ പങ്കുവഹിക്കാനാകും.  പ്രതിരോധ ആവശ്യങ്ങൾക്ക് നൂതനാശയക്കാരുമായി ചേർന്നുപ്രവർത്തിക്കാൻ ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX), സാങ്കേതിക വികസന നിധി (TDF) തുടങ്ങിയ ഇന്ത്യയുടെ സംരംഭങ്ങൾ വഴിയൊരുക്കിയിട്ടുണ്ടെന്നും രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, സൈബർ പ്രതിരോധം, സമുദ്ര സുരക്ഷാ നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ നിർദിഷ്ട വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിന് വഴികൾ കണ്ടെത്താന്‍ നൂതനാശയക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. 

 

സംയുക്ത ഗവേഷണ പദ്ധതികൾ, പരീക്ഷണങ്ങൾക്ക് പൊതു സൗകര്യങ്ങൾ പങ്കിടൽ, യുവ ഗവേഷകർ തമ്മിലെ ആശയവിനിമയം, മികച്ച രീതിയിൽ രൂപകല്പന ചെയ്ത നൂതനാശയ മത്സരങ്ങൾ എന്നിവ വേണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. അത്തരം സഹകരണങ്ങളില്‍ നിർണായക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ബൗദ്ധിക സ്വത്തവകാശങ്ങളെ മാനിക്കുകയും സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യങ്ങൾ തമ്മിലെ വിശ്വാസം സുദൃഢമാക്കുന്നതിനൊപ്പം ഉപകാരപ്രദമായ ശേഷികൾ വികസിപ്പിച്ചെടുക്കുകയായിരിക്കണം ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  

 

 

ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങൾക്കും മുൻഗണനകൾക്കുമനുസൃതമായി നിരീക്ഷണ  കപ്പലുകൾ, റഡാറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ ആസിയാൻ പങ്കാളികളുമായി സഹകരണ സാധ്യതകൾ തേടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ വ്യാവസായിക സഹകരണത്തെക്കുറിച്ച് സംസാരിച്ച രാജ്യരക്ഷാ മന്ത്രി  വ്യക്തമാക്കി. കൂടുതൽ ശക്തമായ ആഭ്യന്തര ശേഷികൾ കെട്ടിപ്പടുക്കുന്നതിനാണ് 'ആത്മനിർഭർ ഭാരത്' സംരംഭം ഊന്നൽ നൽകുന്നത്.  സ്വയംപര്യാപ്തത എന്നാൽ ഒറ്റപ്പെട്ടു പ്രവർത്തിക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും  വിശ്വസ്ത പങ്കാളികൾക്ക് ഒരുമിച്ച് ഉപകരണങ്ങൾ രൂപകല്പന ചെയ്യാനും നിർമിക്കാനും പരിപാലിക്കാനും മെച്ചപ്പെടുത്താനും അവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സംയുക്ത വികസനം, സംയുക്ത നിർമാണം, അറ്റകുറ്റപ്പണികളും സമഗ്ര പരിശോധനയും, പരിശീലനം, ദീർഘകാല സാങ്കേതിക പിന്തുണ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ് ഇത്തരം ക്രമീകരണങ്ങൾക്ക് പ്രാദേശിക നൈപുണ്യം വളർത്താനും വ്യവസായങ്ങളെ പിന്തുണയ്ക്കാനും വിതരണ ശൃംഖലയെ കൂടുതൽ വിശ്വസനീയമാക്കാനും കഴിയുമെന്ന് അഭിപ്രായപ്പെട്ടു.  വ്യക്തമായ ആവശ്യകതകൾ, വിശ്വസനീയ വില്പനാനന്തര പിന്തുണ, ഉചിതമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ, ഉത്തരവാദിത്തങ്ങളുടെയും നേട്ടങ്ങളുടെയും നീതിപൂർവമായ പങ്കിടൽ, പ്രാദേശിക കമ്പനികൾക്കും വിദഗ്ധ തൊഴിലാളികൾക്കുമുള്ള അവസരങ്ങൾ എന്നിവയാണ് ഇത്തരം പങ്കാളിത്തങ്ങളെ വിജയകരമാക്കുന്നത്. ഗവേഷകർ ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഒറ്റത്തവണ ഇടപാടുകളിലുപരി  ശാശ്വത പങ്കാളിത്തമാണ്  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

 

പ്രകൃതിദുരന്തങ്ങളെ നേരിടാൻ സഹകരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട രാജ്യരക്ഷാ മന്ത്രി മാനുഷിക സഹായവും ദുരന്തനിവാരണവും  പ്രതിരോധ ചർച്ചകളുടെ സ്ഥിരം ഭാഗമാകണമെന്ന് വ്യക്തമാക്കി. ചുഴലിക്കാറ്റുകൾ, പ്രളയം, ഉയരുന്ന സമുദ്രനിരപ്പ്, തീവ്ര കാലാവസ്ഥ എന്നിവ തുറമുഖങ്ങളെ തകർക്കാനും വ്യാപാരം തടസ്സപ്പെടുത്താനും മനുഷ്യജീവനുകൾക്കും ഉപജീവനത്തിനും ഭീഷണിയാകാനും സാധ്യതയുണ്ട്.  പരസ്പരം പഠിക്കാനും മികച്ച മാതൃകകൾ പങ്കുവെക്കാനും പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ഏകോപനം മെച്ചപ്പെടുത്താനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

 

ഗവണ്‍മെന്റുകള്‍ക്ക് മികച്ച വിശകലനത്തിനൊപ്പം പ്രായോഗികമായി നടപ്പാക്കാനാവുന്ന ആശയങ്ങളും അനിവാര്യമാണെന്ന് തിങ്ക് ടാങ്കുകളുടെ നിർണായക പങ്കിനെക്കുറിച്ച് പരാമർശിച്ച ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഫോറത്തിലെ ചില പ്രായോഗിക നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.   സമുദ്ര സുരക്ഷ, സൈബർ ഭീഷണികൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം, പ്രതിരോധ വ്യവസായ സഹകരണം എന്നിവയിൽ സംയുക്ത ഇന്ത്യ-ആസിയാൻ ഗവേഷണ അജണ്ട വികസിപ്പിക്കുക;  ഫെലോഷിപ്പുകൾ, സന്ദർശന പരിപാടികൾ, സംയുക്ത പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ യുവ പണ്ഡിതർ ഉൾപ്പെടെ ഗവേഷകർ തമ്മിൽ സ്ഥിരം ആശയവിനിമയം സാധ്യമാക്കുക; സമുദ്ര ദുരന്തനിവാരണവുമായി  ബന്ധപ്പെട്ട ടേബിൾടോപ്പ് അഭ്യാസം, ആന്റി-ഡ്രോൺ സംവിധാനങ്ങളെക്കുറിച്ച് സംയുക്ത പഠനം,  സുരക്ഷിത സമുദ്ര വിവര പങ്കിടലിനെക്കുറിച്ച് ഗവേഷണ പദ്ധതി എന്നിങ്ങനെ  പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട പ്രൊജക്ടുകള്‍ കണ്ടെത്തുക; ഔദ്യോഗിക കൂടിക്കാഴ്ചകൾക്കിടയിൽ ചർച്ചകൾ തുടരുന്നതിന് ഗവേഷകർ, ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ എന്നിവർക്കായി അർധ-ഔദ്യോഗിക, അനൗദ്യോഗിക തല ചർച്ചകൾ പ്രോത്സാഹിപ്പിക്കുക;  കൃത്യമായ ശിപാർശകൾ തയ്യാറാക്കി അവ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയും ഭാവി യോഗത്തിൽ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.  

 

ആസിയാനുമായി  ഇന്ത്യയുടെ പ്രതിരോധ-സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ രാജ്യരക്ഷാ മന്ത്രി നൽകുന്ന പിന്തുണയ്ക്കും കാഴ്ചപ്പാടുകൾക്കും മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസസ് ഡയറക്ടർ ജനറൽ അംബാസഡർ സുജൻ ആർ. ചിനോയ് സ്വാഗത പ്രസംഗത്തിൽ നന്ദി അറിയിച്ചു. ആസിയാനിലെ 11 അംഗരാജ്യങ്ങളിലെയും  ഇന്ത്യയിലെയും പ്രതിനിധികളെ സ്വാഗതം ചെയ്ത അദ്ദേഹം ആസിയാൻ-ഇന്ത്യ പ്രതിരോധ ഇടപെടലുകളുടെ നാൾവഴികളിലെ സുപ്രധാന നാഴികക്കല്ലാണ്  ഫോറമെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുടെയും ആസിയാന്റെയും തന്ത്രപ്രധാന സമൂഹങ്ങൾ തമ്മിലെ സുസ്ഥിര ചർച്ചകൾക്ക്  ഫോറം രൂപം നൽകുമെന്നും ആഴത്തിലുള്ള പ്രതിരോധ-സുരക്ഷാ സഹകരണത്തിന് പ്രായോഗിക മേഖലകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

*****


( റിലീസ് ഐ.ഡി: 2323288) സന്ദര്‍ശക കൗണ്ടര്‍ : 12