ധനകാര്യ മന്ത്രാലയം
സിംഗപ്പൂർ നേതൃത്വവുമായും പ്രമുഖ കമ്പനി സി.ഇ.ഒ-മാരുമായും ഉന്നതതല കൂടിക്കാഴ്ചകൾക്കായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നു
പോസ്റ്റഡ് ഓണ്‍:
09 OCT 2026 7:46AM by PIB Thiruvananthpuram
കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2026 ഒക്ടോബർ 9 മുതൽ 11 വരെ സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. സിംഗപ്പൂർ ഭരണനേതൃത്വം, വ്യവസായ-നിക്ഷേപക സമൂഹത്തിലെ പ്രമുഖർ, ആഗോള നിക്ഷേപകർ എന്നിവരുമായി സന്ദർശന വേളയിൽ ധനമന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തും.

സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ്, ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്, വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ എന്നിവരുമായി സന്ദർശനത്തിനിടെ ശ്രീമതി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-സിംഗപ്പൂർ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചും ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ ചർച്ചകളിലെ തീരുമാനങ്ങളുടെ തുടർനടപടികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ സാമ്പത്തിക കണക്റ്റിവിറ്റി, മൂലധന വിപണി, നികുതി, സെമികണ്ടക്ടർ, അത്യാധുനിക നിർമാണം, നൈപുണ്യ വികസനം, വ്യോമയാനം എന്നീ മേഖലകളിലെ സഹകരണം ചർച്ചകളുടെ പരിധിയിൽ വരും.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപമെത്തുന്ന രാജ്യമാണ് സിംഗപ്പൂർ. 2000 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ കാലയളവിൽ ഏകദേശം 194.68 ശതകോടി യു.എസ് ഡോളറിന്റെ സഞ്ചിത എഫ്.ഡി.ഐ നിക്ഷേപമാണ് സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലെത്തിയത്. ജി.ഐ.സി, ടെമാസെക് എന്നിവയുൾപ്പെടെ പ്രമുഖ സിംഗപ്പൂർ നിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ തോതിലുള്ള നിക്ഷേപങ്ങളുണ്ട്.
സിംഗപ്പൂരിലെ നിക്ഷേപക സമൂഹവുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി ഹെഡ്ജ് ഫണ്ട്, പോർട്ട്‌ഫോളിയോ ഫണ്ട് മാനേജർമാരുമായി വട്ടമേശ സമ്മേളനത്തിലും ഗവൺമെന്റ്-ടു-ബിസിനസ് ചർച്ചകളിലും കേന്ദ്ര ധനമന്ത്രി പങ്കെടുക്കും. സിംഗപ്പൂരിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുമായി നടത്തുന്ന ഈ ആശയവിനിമയം ഇന്ത്യയുടെ വളർച്ചാ പാത, നിക്ഷേപ അവസരങ്ങൾ, ആഗോള സാമ്പത്തിക-ധനകാര്യ രംഗത്തെ മാറ്റങ്ങൾ എന്നിവ പങ്കുവെക്കാന്‍ അവസരമൊരുക്കും.
വ്യവസായ പ്രമുഖർ, ആഗോള ധനകാര്യ സ്ഥാപനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ കമ്പനികൾ എന്നിവയുടെ മേധാവികളുമായി ധനമന്ത്രി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തും. ഗവൺമെന്റ് ഓഫ് സിംഗപ്പൂർ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടെമാസെക് ഹോൾഡിങ്സ്, ഡി.ബി.എസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ്, ഐ.എച്ച്.എച്ച് ഹെൽത്ത്‌കെയർ, മിത്‍സുബിഷി യു.എഫ്.ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് - ഏഷ്യ-പസഫിക്, ബി കാപ്പിറ്റൽ, എച്ച്.പി.എസ് ഇൻവെസ്റ്റ്‌മെന്റ് പാർട്ണേഴ്സ് എന്നിവയുടെ സി.ഇ.ഒമാർ; സ്കാൻഡിനാവിസ്ക എൻസ്‌കിൽഡ ബാങ്കൻ ചെയർപേഴ്‌സൺ; മിത്‍സുയി & കമ്പനി ഡയറക്ടർ ബോർഡ് അംഗം; ടി.പി.ജി എക്‌സിക്യൂട്ടീവ് ചെയർമാനും ഫൗണ്ടിങ് പാർട്ണറുമായ പ്രമുഖർ എന്നിവരുമായുള്ള കൂടിക്കാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു.
നിക്ഷേപ മാർഗങ്ങളിലൂടെയും ഫണ്ടുകളിലൂടെയും സിംഗപ്പൂർ മൂലധനത്തിന്റെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, ഗിഫ്റ്റ് സിറ്റി തുടങ്ങിയ സംവിധാനങ്ങൾക്ക് സാധിക്കും.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വ്യവസായ സംഘടനകളുമായും ഏകോപനത്തോടെ താല്പര്യമുള്ള സിംഗപ്പൂർ നിക്ഷേപകരെ ഇന്ത്യൻ കമ്പനികളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും ബന്ധിപ്പിക്കാനും കണ്ടെത്തിയ നിക്ഷേപ അവസരങ്ങൾ പ്രാവർത്തികമാക്കുന്നതിനാവശ്യമായ പിന്തുണ നൽകാനും കേന്ദ്ര ധനമന്ത്രാലയം മുൻകൈയെടുക്കും.
സിംഗപ്പൂരുമായി സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിലെ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ രാഷ്ട്രീയ ബന്ധം പ്രയോജനപ്പെടുത്തി കൂടുതൽ നിക്ഷേപങ്ങളും വ്യാപാര പങ്കാളിത്തങ്ങളും കൃത്യമായ സാമ്പത്തിക ഫലങ്ങളും കൈവരിക്കാൻ സന്ദർശനം ലക്ഷ്യമിടുന്നു.
*****
( റിലീസ് ഐ.ഡി: 2321265)
സന്ദര്‍ശക കൗണ്ടര്‍ : 4