ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇ-സഞ്ജീവനി 50 കോടി ടെലികൺസൾട്ടേഷനുകൾ പിന്നിട്ടു; രാജ്യത്തുടനീളം ആരോഗ്യസേവനങ്ങളുടെ ലഭ്യത ശക്തിപ്പെടുത്തുന്നു
പോസ്റ്റഡ് ഓണ്‍:
06 OCT 2026 9:53AM by PIB Thiruvananthpuram
ഇന്ത്യയുടെ ദേശീയ ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി (eSanjeevani) 50 കോടി (500 ദശലക്ഷം) ടെലികൺസൾട്ടേഷനുകൾ എന്ന ചരിത്രനേട്ടം കൈവരിച്ചു . രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും താങ്ങാനാവുന്ന ചെലവിലും സുതാര്യവുമാക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളിലെ നിർണായക നാഴികക്കല്ലാണിത്.
2026 സെപ്റ്റംബർ 15-നാണ് പ്ലാറ്റ്‌ഫോം ഈ നാഴികക്കല്ല് പിന്നിട്ടത്. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 50,00,92,730 ടെലികൺസൾട്ടേഷനുകൾ രേഖപ്പെടുത്തി. രാജ്യത്തെ നിലവിലുള്ള ആരോഗ്യപരിപാലന സംവിധാനത്തിന് അനുപൂരകമായി പ്രവർത്തിക്കാനും, പ്രത്യേകിച്ച് ഗ്രാമീണ, വിദൂര, പിന്നാക്ക മേഖലകളിൽ ജീവിക്കുന്ന പൗരന്മാർക്ക് ദൂരം, ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങൾ എന്നിവ മൂലം ആരോഗ്യസേവനത്തിലെ തടസ്സങ്ങൾ മറികടക്കാനും ടെലിമെഡിസിൻ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്ക് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
പ്രാഥമിക ആരോഗ്യപരിപാലന മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി, ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിലെ ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട് . വിദൂരമായി ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുവാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിലൂടെ, പരമ്പരാഗത ആരോഗ്യകേന്ദ്രങ്ങളുടെ ഭൗതിക അതിരുകൾക്കപ്പുറത്തേക്ക് പൊതുജനാരോഗ്യ സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും, ജനങ്ങൾക്ക് താമസസ്ഥലത്ത് തന്നെ വൈദ്യശാസ്ത്ര മാർഗ്ഗനിർദേശം എത്തിക്കാനും ഈ പ്ലാറ്റ്‌ഫോമിന് സാധിച്ചു.
പദ്ധതി തുടങ്ങിയത് മുതൽ വേഗതയേറിയതും സുസ്ഥിരവുമായ പുരിഗതിക്കാണ് സാക്ഷ്യം വഹിച്ചത്. ഇ-സഞ്ജീവനി നിലവിൽ 1.42 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിർ സ്പോക്കുകൾ, 19,473 മെഡിക്കൽ ഹബ്ബുകൾ, 901 ഓൺലൈൻ ഒ.പി.ഡി (OPD)-കൾ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 2,41,923 രജിസ്റ്റർ ചെയ്ത ആരോഗ്യസേവന ദാതാക്കളും ഇതിലുണ്ട്. ഇംഗ്ലീഷിലും 14 ഇന്ത്യൻ ഭാഷകളിലും ഉൾപ്പെടെ 15 ഭാഷകളിൽ ലഭ്യമായ ഈ പ്ലാറ്റ്‌ഫോം ദിവസേന ഏകദേശം 2.5 മുതൽ 3 ലക്ഷം വരെ കൺസൾട്ടേഷനുകൾ സാധ്യമാക്കുന്നു. ഇതിന്റെ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗം 6,30,315 കൺസൾട്ടേഷനുകൾ എന്ന സംഖ്യ എത്തിയിട്ടുണ്ട്. ഇത് രാജ്യത്തുടനീളം ടെലിമെഡിസിൻ സേവനങ്ങൾക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന സ്വീകാര്യതയെയും പ്രയോജനത്തേയും പ്രതിഫലിപ്പിക്കുന്നു.
ആരോഗ്യപരിപാലന കേന്ദ്രങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനും സമയം ചെലവഴിക്കുന്നതിനും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതുമായ ജനവിഭാഗങ്ങൾക്കിടയിൽ ഇ-സഞ്ജീവനിക്കുള്ള വർദ്ധിച്ചുവരുന്ന പ്രസക്തിയും ഇതിന്റെ ഉപയോഗ ക്രമം വ്യക്തമാക്കുന്നു. ആകെ ഉപയോഗത്തിന്റെ 57.14 ശതമാനവും സ്ത്രീകളാണ്. 46 വയസ്സും അതിനുമുകളിലും പ്രായമുള്ള പൗരന്മാരാണ് കൺസൾട്ടേഷനുകളിൽ 40.15 ശതമാനവും പ്രയോജനപ്പെടുത്തിയിട്ടുള്ളത്.ഇതിൽ 60 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർ 16.25 ശതമാനം വരും. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഗണ്യമായ പങ്കാളിത്തം, പൊതുജനാരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്ക് അനുപൂരകമാകുമ്പോൾ തന്നെ, ആരോഗ്യപരിപാലനം കൂടുതൽ സൗകര്യപ്രദവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കാനുള്ള ടെലിമെഡിസിന്റെ സാധ്യതയെ എടുത്തു കാണിക്കുന്നു.
ടെലിമെഡിസിൻ സേവനങ്ങളുടെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ സംയോജനത്തിലൂടെ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത് തുടരുന്നു. കൺസൾട്ടേഷനുകളിൽ ആരോഗ്യസേവന ദാതാക്കളെ പിന്തുണയ്ക്കുകയും ക്ലിനിക്കൽ തീരുമാനങ്ങളുടെ ഗുണനിലവാരം, സ്ഥിരത, കാര്യക്ഷമത എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന നിർമിത ബുദ്ധി അധിഷ്ഠിത ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ (AI-CDSS) സംയോജനമാണ് അടുത്തിടെയുണ്ടായ ഒരു പ്രധാന പുരോഗതി. ഈ നവീകരണത്തിന് 2026-ലെ ഇ-ഗവേണൻസിനായുള്ള ദേശീയ പുരസ്‌കാരങ്ങളിൽ ഗോൾഡ് അവാർഡ് ലഭിച്ചു.
സംയോജിത ആരോഗ്യസേവന വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു നിർണായക ചുവടുവെയ്പ്പായി, അടിയന്തര പ്രതികരണ സംവിധാനം (ERSS)-112 ഇ-സഞ്ജീവനിയുമായി സംയോജിപ്പിച്ചിരിക്കുന്നു, ഇത് അടിയന്തര പ്രതികരണ സേവനങ്ങളും വിദൂര മെഡിക്കൽ വൈദഗ്ധ്യവും തമ്മിൽ ശക്തമായ ബന്ധം സാധ്യമാക്കുന്നു. കൂടുതൽ ഏകോപിതമായ മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര ആരോഗ്യപരിപാലനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംയോജനം ലക്ഷ്യമിടുന്നത്.
വിപുലമായ പ്രാഥമിക ആരോഗ്യപരിപാലന ശൃംഖലയെ അടിസ്ഥാനമാക്കി, പ്രമുഖ ഗവൺമെന്റ് മെഡിക്കൽ സ്ഥാപനങ്ങൾ വഴി സ്പെഷ്യലിസ്റ്റ് ഒ.പി.ഡി കൺസൾട്ടേഷനുകൾ സാധ്യമാക്കുന്നതിനായി ഇ-സഞ്ജീവനി ഇപ്പോൾ വികസിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യാലിറ്റികൾക്കായി പേഷ്യന്റ്-ടു-ഡോക്ടർ ടെലികൺസൾട്ടേഷൻ സേവനങ്ങൾ എയിംസ് ജോധ്പൂർ, എയിംസ് ജമ്മു, എയിംസ് പട്ന എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇത് രോഗികൾക്ക് വീടുകളിൽ നിന്ന് തന്നെ വിദൂരമായി സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ നേടാൻ സഹായിക്കുന്നു.
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ നിർമിത ഡിജിറ്റൽ ഹെൽത്ത് സംവിധാനമാണ് ഇ-സഞ്ജീവനി.ഇതിന്റെ തുടക്കം മുതൽ സമഗ്ര സാങ്കേതിക വികസനവും എഞ്ചിനീയറിംഗ് പിന്തുണയും നൽകുന്നത് സി-ഡാക് മൊഹാലിയാണ് (C-DAC Mohali). ഇന്ത്യയുടെ ആരോഗ്യപരിപാലന സംവിധാനത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് പ്ലാറ്റ്‌ഫോമിന്റെ നിരന്തരമായ വികാസത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
50 കോടി ടെലികൺസൾട്ടേഷനുകൾ പൂർത്തിയാക്കിയ നേട്ടം ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യ യാത്രയിലെ നിർണായക നാഴികക്കല്ലാണ്, ഒപ്പം രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് ഇത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പ്രാഥമിക, സ്പെഷ്യലിസ്റ്റ് പരിചരണത്തിലുടനീളമുള്ള പുരോഗതി , നിർമിത ബുദ്ധിയുടെയും അടിയന്തര പ്രതികരണ സേവനങ്ങളുടെയും സംയോജനം, പ്രമുഖ തൃതീയ പരിചരണ സ്ഥാപനങ്ങളിലേക്കുള്ള (tertiary-care institutions) തുടർച്ചയായ വികാസം എന്നിവയിലൂടെ ഇ-സഞ്ജീവനി ഏവർക്കും ലഭ്യമാകുന്നതും സുതാര്യവുമായ ആരോഗ്യപരിപാലനത്തിന്റെ പ്രധാന ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു
SKY
****
( റിലീസ് ഐ.ഡി: 2319488)
സന്ദര്‍ശക കൗണ്ടര്‍ : 8