വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം തട്ടിപ്പുകൾക്കെതിരെ പൗരന്മാർ ‘സൈബർ പോരാളികളായി’ രംഗത്തിറങ്ങിയതോടെ, ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടലിലുള്ള സന്ദർശനങ്ങൾ 30 കോടി പിന്നിട്ടു

പോസ്റ്റഡ് ഓണ്‍: 05 OCT 2026 2:27PM by PIB Thiruvananthpuram

ടെലികോം തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നേടുന്നതിനായി ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടലിൽ (www.sancharsaathi.gov.in) ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന് തെളിവായി, 2023 മെയ് മാസത്തിൽ പോർട്ടൽ ആരംഭിച്ച ശേഷം രാജ്യത്തുടനീളമുള്ള പൗരന്മാർ സന്ദർശനം നടത്തിയത് 30 കോടിയിലധികം തവണ. ടെലികോം വകുപ്പ് (DoT) വികസിപ്പിച്ച സഞ്ചാർ സാഥി, സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യുക, സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കുക, നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുക, പുതിയ മൊബൈൽ ഫോൺ വാങ്ങുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നു. ടെലികോം തട്ടിപ്പുകൾക്കെതിരെ ലളിതവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ സംവിധാനങ്ങൾ ഓരോ മൊബൈൽ ഉപയോക്താവിനും ഉറപ്പാക്കുന്നു.  

‘സഞ്ചാർ സാഥി’യിലേക്കുള്ള ഓരോ സന്ദർശനവും പൗരന്മാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു; സംശയാസ്പദമായ ആശയവിനിമയങ്ങളെക്കുറിച്ച് പൗരന്മാർ നൽകുന്ന ഓരോ റിപ്പോർട്ടും മറ്റനേകം പേരെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ‘സഞ്ചാർ സാഥി’യിലൂടെ പൗരന്മാർ പങ്കുവെക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത്, അടുത്ത ഇരയെ സമീപിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പുകാരെ തിരിച്ചറിയാനും തടയാനും സഹായിക്കുന്ന കൃത്യമായ വിവരശേഖരമാക്കി (actionable intelligence) മാറ്റുന്നു. ഇത്തരത്തിൽ, ‘സഞ്ചാർ സാഥി’ ഉപയോഗിക്കുന്ന ഓരോ പൗരനും ഓരോ ജാഗ്രതയുള്ള ഉപയോക്താവും സൈബർ തട്ടിപ്പുകൾക്കെതിരായ ഒരു ‘സൈബർ പോരാളി’യായി മാറുകയും, സമൂഹത്തെ സംരക്ഷിക്കുന്ന ഒരു ഡിജിറ്റൽ കവചമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

സേവനങ്ങൾ ഓരോ പൗരന്റെയും വിരൽത്തുമ്പിൽ

പൗരന്മാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകി, താഴെപ്പറയുന്ന വിവിധ സേവനങ്ങൾ ‘സഞ്ചാർ സാഥി’ (Sanchar Saathi) ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്നു:

ചക്ഷു (Chakshu) – സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങളും സ്പാമും റിപ്പോർട്ട് ചെയ്യുന്നു:

 KYC ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ, ബിൽ പേയ്‌മെന്റുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പുകൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ്, ബാങ്ക് ജീവനക്കാർ തുടങ്ങിയവരെന്ന വ്യാജേനയുള്ള ആശയവിനിമയങ്ങൾ, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള നിക്ഷേപ, തൊഴിൽ, വായ്പാ വാഗ്ദാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംശയാസ്പദമായ കോളുകൾ, SMS-കൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ റിപ്പോർട്ട് ചെയ്യാം.

നിങ്ങളുടെ പേരിലുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിക്കുക:

നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈൽ കണക്ഷനുകളുടെയും വിവരങ്ങൾ പരിശോധിക്കാം. നിങ്ങൾ എടുത്തിട്ടില്ലാത്തതോ നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതോ ആയ കണക്ഷനുകൾ കണ്ടെത്തിയാൽ, അവ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനായി ഉടൻ റിപ്പോർട്ട് ചെയ്യാം.

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുക:

ഇന്ത്യയിലെ മുഴുവൻ ടെലികോം ഓപ്പറേറ്റർമാരുടെയും നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കാൻ കഴിയാത്തവിധം ഫോൺ ബ്ലോക്ക് ചെയ്യാം. അതോടൊപ്പം, ഫോൺ കണ്ടെത്തുന്നതിനുള്ള ട്രേസിംഗ് സംവിധാനം സജ്ജമാക്കാനും, ഫോൺ കണ്ടെത്തിക്കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാനാകുന്നവിധം അൺബ്ലോക്ക് ചെയ്യാനും സാധിക്കും.

നിങ്ങളുടെ മൊബൈൽ ഫോണിന്റെ ആധികാരികത പരിശോധിക്കുക:

പുതിയതോ ഉപയോഗിച്ചതോ ആയ ഫോൺ വാങ്ങുന്നതിന് മുൻപ്, അതിന്റെ IMEI നമ്പർ ഉപയോഗിച്ച് ഫോൺ പരിശോധിക്കുക.

വ്യാജമായി ഇന്ത്യൻ (+91) നമ്പറുകളായി കാണിക്കുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യുക:

വിദേശത്തുനിന്ന് വ്യാജമായി ഇന്ത്യൻ (+91) നമ്പറുകളായി കാണിക്കുന്ന അന്താരാഷ്ട്ര കോളുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ റിപ്പോർട്ട് ചെയ്യാം. ഇത്തരം റിപ്പോർട്ടുകൾ അനധികൃത ടെലികോം സംവിധാനങ്ങൾ കണ്ടെത്താനും അവയ്‌ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരിനെ സഹായിക്കും.

വിശ്വസനീയമായ ബന്ധപ്പെടാനുള്ള വിവരങ്ങൾ:

ഏതെങ്കിലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കിടുന്നതിന് മുമ്പ്, ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ എന്നിവ വിശ്വസനീയമായ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

അവബോധം നേടുക:

വ്യാജ വായ്പാ ആപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, വ്യാജ ട്രാഫിക് ചലാനുകൾ തുടങ്ങിയ നിലവിൽ പ്രചാരത്തിലുള്ള വിവിധ തട്ടിപ്പ് രീതികളെക്കുറിച്ചുള്ള വിവരങ്ങളും അവബോധം നൽകുന്ന നിർദേശങ്ങളും പരിശോധിച്ച് ജാഗ്രത പുലർത്തുക.

'സഞ്ചാർ സാഥി'യിലൂടെ പൗരന്മാർ കൈവരിച്ച നേട്ടങ്ങൾ

  • പൗരന്മാരും ടെലികോം വകുപ്പും (DoT) സംയുക്തമായി കൈവരിച്ച നേട്ടങ്ങളുടെ വ്യാപ്തി 'സഞ്ചാർ സാഥി' ഡാഷ്‌ബോർഡ് വ്യക്തമാക്കുന്നു:
  • 'സഞ്ചാർ സാഥി' പോർട്ടലിൽ 30 കോടിയിലധികം സന്ദർശനങ്ങൾ;
  • നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 60.96 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തു; ഇതിൽ 37.85 ലക്ഷം ഫോണുകൾ കണ്ടെത്തുകയും 14 ലക്ഷത്തിലധികം എണ്ണം വീണ്ടെടുക്കുകയും ചെയ്തു;
  • തങ്ങളുടെ പേരിൽ നിലവിലുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിക്കാനും റിപ്പോർട്ട് ചെയ്യാനുമായി പൗരന്മാരിൽ നിന്ന് ലഭിച്ച 4 കോടിയിലധികം അഭ്യർത്ഥനകൾ തീർപ്പാക്കി;
  • 'ചക്ഷു' (Chakshu) മുഖേന സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് 12.80 ലക്ഷം വിവരങ്ങൾ ലഭിച്ചു; ഇതിനെത്തുടർന്ന് 59.82 ലക്ഷം കേസുകളിൽ നടപടിയെടുക്കുകയും 50 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തു;
  • 'ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ' (FRI) വഴി 5,000 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്  തടയാനായി;
  • ജനകീയ പങ്കാളിത്തം (ജൻ ഭാഗിദാരി): ഓരോ പൗരനും ഒരു സൈബർ പോരാളിയാണ്


'ചക്ഷു’ (Chakshu) മുഖേന  സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിലൂടെയും, സ്വന്തം പേരിൽ എടുത്തിട്ടില്ലാത്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തി ചൂണ്ടിക്കാണിക്കുന്നതിലൂടെയും ലഭിക്കുന്ന പ്രയോജനം ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ റിപ്പോർട്ടും തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ, ഉപകരണങ്ങൾ, തട്ടിപ്പിന്റെ രീതികൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ടെലികോം വകുപ്പിന് (DoT) നൽകുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ പേർ തട്ടിപ്പിനിരയാകുന്നതിന് മുമ്പുതന്നെ പുനഃപരിശോധന, കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നു. പൗരന്മാരിൽ നിന്ന് ലഭിച്ച ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനകം 50 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്. അതിനാൽ, ‘സഞ്ചാർ സാഥി’ (Sanchar Saathi) ഉപയോഗിക്കുന്ന പൗരന്മാർ ഈ പ്ലാറ്റ്‌ഫോമിന്റെ ഗുണഭോക്താക്കൾ മാത്രമല്ല; മറിച്ച്, തങ്ങളുടെ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്ന ‘സൈബർ പോരാളികൾ’ (Cyber Warriors) കൂടിയാണ്.

പൗരന്മാരുടെ റിപ്പോർട്ടിംഗ് സാമ്പത്തിക തട്ടിപ്പ് അപകടസാധ്യതാ സൂചികയേയും ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിനെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.
 
പൗരന്മാർ പങ്കുവെക്കുന്ന വിവരങ്ങൾ ടെലികോം വകുപ്പിന്റെ (DoT) വിപുലമായ തട്ടിപ്പ് പ്രതിരോധ സംവിധാനത്തിലെ നിർണായക വിവരങ്ങളാണ്. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകളെക്കുറിച്ച് അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള ഇന്റലിജൻസ് നൽകുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI) ശക്തിപ്പെടുത്തുന്നതിലും ഈ വിവരങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) മുഖേന ഈ രഹസ്യവിവരങ്ങൾ ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ, ടെലികോം സേവനദാതാക്കൾ, നിയമ നിർവഹണ ഏജൻസികൾ എന്നിവരുമായി സുരക്ഷിതമായി പങ്കുവെക്കുന്നു. ഇതിലൂടെ, തട്ടിപ്പ് കണ്ടെത്തൽ, ഇടപാട് നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങളിൽ ടെലികോം അധിഷ്ഠിത റിസ്ക് സിഗ്നലുകൾ ഉൾപ്പെടുത്താനും, സംശയാസ്പദമായ ഇടപാടുകൾ ഒരു പൗരന്റെ അക്കൗണ്ടിൽ നിന്ന് പണം പുറത്തേക്ക് പോകുന്നതിന് മുമ്പുതന്നെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുകയോ തടയുകയോ ചെയ്യാനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സാധിക്കുന്നു. സാമ്പത്തിക തട്ടിപ്പുകളിലൂടെ ഉണ്ടാകുമായിരുന്ന 5,000 കോടിയിലധികം രൂപയുടെ നഷ്ടം തടയുന്നതിൽ FRI സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള 1,600-ലധികം പങ്കാളികൾക്ക് ‘സഞ്ചാർ സാഥി’ ആവാസവ്യവസ്ഥയിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ, വിവിധ സംവിധാനങ്ങളും ഏജൻസികളും തമ്മിലുള്ള ഏകോപിത നടപടിക്ക് വഴിയൊരുക്കുന്ന ‘സമഗ്ര സർക്കാർ സമീപനം’ സാധ്യമാകുന്നു. അങ്ങനെ, ജാഗ്രതയുള്ള ഒരു പൗരൻ നൽകുന്ന ഒരൊറ്റ വിവരം പോലും ടെലികോം, സാമ്പത്തിക, നിയമ നിർവഹണ സംവിധാനങ്ങളിലൂടെ സഞ്ചരിച്ച്, ആ പൗരനെ മാത്രമല്ല, മറ്റുള്ളവരെയും സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 14 ലക്ഷത്തിലധികം മൊബൈൽ ഫോണുകൾ വീണ്ടെടുത്തു

മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ, ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്ത് രാജ്യത്തെ എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലും ആ ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. ബ്ലോക്ക് ചെയ്ത ഫോൺ ഉപയോഗിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അതിന്റെ ട്രേസബിലിറ്റി സംവിധാനം സജീവമാകുകയും ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട പോലീസിന് കൈമാറുകയും ചെയ്യും. ടെലികോം വകുപ്പ് (DoT), ടെലികോം സേവനദാതാക്കൾ, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് അധികൃതർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനം, നിരന്തരമായ  സാങ്കേതിക നൂതനാശയങ്ങൾ, ഓട്ടോമേറ്റഡ് വർക്ക്ഫ്ലോകൾ എന്നിവയുടെ ഫലമായി ഇതുവരെ 60.96 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 37.85 ലക്ഷം ഫോണുകൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. ഇതിൽ 14 ലക്ഷത്തിലധികം ഫോണുകൾ വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്.

ലളിതവും ബഹുഭാഷാ സൗകര്യമുള്ളതും എല്ലാവർക്കും പ്രാപ്യവും

ടെലികോം സുരക്ഷ, തട്ടിപ്പിനെതിരായ പ്രതിരോധം, ഉത്തരവാദിത്തപൂർണ്ണമായ ഡിജിറ്റൽ ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ ബോധവത്ക്കരണ വിവരങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഡാഷ്‌ബോർഡുകളും ഉൾപ്പെടുത്തി, ലളിതവും ഉപയോക്തൃസൗഹൃദവുമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന രീതിയിലാണ് ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്‌ക്കൊപ്പം 21 പ്രാദേശിക ഭാഷകളിലും ലഭ്യമായ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ്പ്, ഈ സേവനങ്ങൾ പൗരന്മാർക്ക് അവരുടെ സ്വന്തം ഭാഷയിൽ നേരിട്ട് മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സൗകര്യമൊരുക്കുന്നു.

പൗരന്മാരോട് ടെലികോം വകുപ്പിന്റെ (DoT) അഭ്യർത്ഥന

സ്വന്തം പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിക്കുന്നതിനും, സംശയാസ്പദമായ കോളുകൾ, എസ്എംഎസ് (SMS) അല്ലെങ്കിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനുമായി 'സഞ്ചാർ സാഥി' (Sanchar Saathi - www.sancharsaathi.gov.in) പോർട്ടൽ സന്ദർശിക്കാനോ 'സഞ്ചാർ സാഥി' ആപ്പ് ഉപയോഗിക്കാനോ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ടെലികോം വകുപ്പ് അഭ്യർത്ഥിക്കുന്നു. ഈ പോർട്ടലിലോ ആപ്പിലോ ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങൾ, തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ സഹായിക്കും. ഇതിനോടകം പണം നഷ്ടപ്പെടുകയോ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ചെയ്തവർ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ലോ https://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ ഉടൻ തന്നെ വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമായി ടെലികോം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള സജീവമായ നടപടികളിലൂടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ടെലികോം വകുപ്പ് (DoT) പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. 'സഞ്ചാർ സാഥി' (Sanchar Saathi) മൊബൈൽ ആപ്പിന്റെ ആകെ ഡൗൺലോഡുകൾ 2.8 കോടി പിന്നിട്ടു. സഞ്ചാർ സാഥി മൊബൈൽ ആപ്പ് താഴെ പറയുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം:

 

*****

( റിലീസ് ഐ.ഡി: 2319169) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu