പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു.പി.എസ്.സി-യുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 01 OCT 2026 1:51PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ഡോ. ജിതേന്ദ്ര സിംഗ് ജി, പി.കെ.മിശ്ര ജി, ടി.വി.സോമനാഥൻ ജി, അജയ് കുമാർ ജി, യു.പി.എസ്.സിയിലെ ബഹുമാനപ്പെട്ട  അംഗങ്ങളേ, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്നിട്ടുള്ള വിവിധ സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷനുകളുടെ ചെയർപേഴ്‌സൺമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരീസഹോദരന്മാരേ.

ഇന്നത്തെ ചർച്ച ആരംഭിക്കുന്നതിന് മുൻപ്, ഇന്നലെ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ക്യാപ്റ്റൻ സ്മിത്ത് കാണിച്ച ക്ഷമയും വിവേകവും ധൈര്യവും - ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഈ ഇന്ത്യക്കാരൻ മറ്റൊരു 9/11 സംഭവിക്കുന്നത് തടഞ്ഞിരിക്കുകയാണ്. സ്മിത്തിന്റെ  ഈ വീരകൃത്യം രാജ്യത്തെ ഓരോ പൗരനെയും അഭിമാനം കൊള്ളിക്കുന്നതാണ്. ഇന്ന് ഞാൻ അദ്ദേഹത്തിന്റെ പിതാവ് ഭൂപേന്ദ്ര ഭായിയോടും മാതാവ് ഗീതാ ബെൻ, ഭാര്യ സോണൽ എന്നിവരോടും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്, ഇന്ന് ലോകം മുഴുവൻ അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു. രാജ്യത്തെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, നമ്മളെല്ലാവരും സ്മിത്തിന്റെ ദീർഘായുസ്സിനും മികച്ച ആരോഗ്യത്തിനുമായി പ്രാർത്ഥിക്കണം, കൂടാതെ ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ നമ്മുടെ സഹോദരൻ സ്മിത്തിനെ സല്യൂട്ട് ചെയ്യണം.

സുഹൃത്തുക്കളേ,

ഇന്ന് യു.പി.എസ്.സിയുടെ 100 വർഷങ്ങളുടെ ആഘോഷം മാത്രമല്ല, ഒരു മികച്ച പാരമ്പര്യത്തിന്റെ ആഘോഷം കൂടിയാണ്. ഓരോ വർഷവും കോടിക്കണക്കിന് യുവാക്കൾ നെഞ്ചിലേറ്റുകയും പിന്തുടരുകയും ചെയ്യുന്ന അഭിലാഷങ്ങളുടെ ആഘോഷമാണിത്. ഓരോ ഇന്ത്യക്കാരനും ഈ സ്ഥാപനത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ആഘോഷമാണിത്. ഒരു നൂറ്റാണ്ടു നീണ്ട ഈ യാത്രയിൽ തലമുറകൾ മാറി, ഗവൺമെന്റുകൾ മാറി, സാങ്കേതികവിദ്യ മാറി, സിലബസുകളും മാറി, എന്നിരുന്നാലും യു.പി.എസ്.സിയിലുള്ള വിശ്വാസം ഇന്നും അചഞ്ചലമായി നിലകൊള്ളുന്നു. അത് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്നാണ്. ഈ 100 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന സ്മരണിക തപാൽ സ്റ്റാമ്പും നാണയവും ഇപ്പോൾ പ്രകാശനം ചെയ്തു കഴിഞ്ഞു. പ്രധാനപ്പെട്ട 100 കേസ് നിയമങ്ങളുടെ സമാഹരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒരു നൂറ്റാണ്ട് നീണ്ട യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികൾക്കും ഞാൻ എന്റെ ആദരം അർപ്പിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. കുറച്ചു സമയത്തിന് മുൻപ്, ഇവിടെ ഒരുക്കിയിരിക്കുന്ന ഗാലറി ഞാൻ സന്ദർശിച്ചിരുന്നു. നിങ്ങളെല്ലാവരും 10, 15 മിനിറ്റ് അവിടെ ചെലവഴിച്ച് അത് കണ്ടുതീർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 75-ാം വാർഷിക ആഘോഷങ്ങളുടെ കൂട്ടത്തിൽ ലെഫ്റ്റനന്റ് ജനറൽ സുരേന്ദ്ര നാഥ് ഉൾപ്പെട്ട  ഒരു ഫോട്ടോ ഞാൻ ശ്രദ്ധിക്കുകയുണ്ടായി. ഇന്ന്, 90-ാം വയസ്സിലും അദ്ദേഹം നമുക്കിടയിൽ സാന്നിധ്യമായിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഈ യാത്രയെ വിശ്വാസത്തിന്റെ ഒരു മഹത്തായ പാരമ്പര്യമാക്കി മാറ്റുകയും കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ഈ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്ത നിരവധി വ്യക്തികളുണ്ട്. അവരോരോരുത്തരും അഭിനന്ദനത്തിനും അംഗീകാരത്തിനും അർഹരാണ്. ഗാലറിയിലൂടെ കണ്ണോടിച്ചപ്പോൾ 1920-ൽ സുഭാഷ് ചന്ദ്രബോസ് എങ്ങനെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. എന്നെ ആകർഷിച്ച ഒരു കാര്യം, അന്ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നിട്ടും പരീക്ഷയിൽ ഒരു സംസ്‌കൃത പേപ്പർ ഉണ്ടായിരുന്നുവെന്നതും, സുഭാഷ് ബാബു തന്റെ പരീക്ഷാപേപ്പർ സംസ്‌കൃതത്തിലാണ് എഴുതിയതെന്നതുമാണ്.

സുഹൃത്തുക്കളേ,

ഈ ചരിത്ര നിമിഷത്തിൽ, സർദാർ വല്ലഭ്ഭായ് പട്ടേലിനും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി രാജ്യത്തെ സ്വതന്ത്രമായി നിലനിർത്തുക എന്നത് മാത്രമായിരുന്നില്ല. രാജ്യഭരണവും രാഷ്ട്രനിർമ്മാണവും അദ്ദേഹത്തിന് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് ചട്ടക്കൂട് നൽകിയത് സർദാർ വല്ലഭ്ഭായ് പട്ടേലാണ്. അദ്ദേഹം ഈ സ്ഥാപനത്തെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാന സ്തംഭങ്ങളിൽ  ഒന്നാക്കി മാറ്റുകയും ശക്തമാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

1926-ൽ ഈ സ്ഥാപനത്തിന് തറക്കല്ലിടുമ്പോൾ അന്നത്തെ കാലഘട്ടത്തിന്റെ മുൻഗണനകൾ വ്യത്യസ്തമായിരുന്നു. അന്ന് ഭരണസംവിധാനത്തിന്റെ ശ്രദ്ധയും പ്രതിബദ്ധതയും ബ്രിട്ടീഷ് ഭരണത്തോട് മാത്രമുള്ളതായിരുന്നു. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ഒരു സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ഭരണപരമായ ആവശ്യങ്ങളുമായിരുന്നു പ്രധാന കേന്ദ്രബിന്ദു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ, യു.പി.എസ്.സി അതിന്റെ ഉത്തരവാദിത്തങ്ങൾ മാതൃകാപരമായ രീതിയിൽ നിർവ്വഹിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഈ വേദിയിൽ നിന്ന് ഇതിനകം തന്നെ വിപുലമായി സംസാരിച്ചു കഴിഞ്ഞു. അതിനാൽ, ആ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാനോ വിശദമായി പ്രതിപാദിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ചരിത്രത്തിനപ്പുറം, ഇന്ത്യയുടെ ഭാവി ഇപ്പോൾ നമുക്കായി കാത്തിരിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് ഭാഗം, അതായത് ഇരുപത്തഞ്ചു വർഷങ്ങൾ, ഇതിനകം കടന്നുപോയിക്കഴിഞ്ഞു. അടുത്ത ഇരുപത് മുതൽ ഇരുപത്തഞ്ചു വർഷങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യയിലെ ഓരോ പൗരനും ഇന്ത്യയിലെ ഓരോ സ്ഥാപനത്തിനും അത്യന്തം പ്രധാനപ്പെട്ടതാണ്. അതിനാൽ, ഇന്നത്തെ എന്റെ ചർച്ച ആ ദിശ കേന്ദ്രീകരിച്ചായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഒരു വികസിത ഭാരതത്തിന് ഇനി രാജ്യം ആവശ്യപ്പെടുന്ന ഭരണസംവിധാനത്തിന്റെ സ്വഭാവം ഏറ്റവുമധികം യു.പി.എസ്.സിയെയും വിവിധ സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷനുകളെയും ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങൾ ഇന്ന് തിരഞ്ഞെടുക്കുന്ന യുവാക്കൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുക മാത്രമല്ല, ആ വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ പ്രമുഖരായിരിക്കുകയും ചെയ്യും. ഇത് മനസ്സിൽ വെച്ചുകൊണ്ട്, നമ്മൾ എപ്പോഴും രണ്ട് പ്രധാന മാനദണ്ഡങ്ങൾ ഓർത്തിരിക്കണം. ആദ്യത്തെ മാനദണ്ഡം: ‘രാഷ്ട്രം ആദ്യം’. രണ്ടാമത്തെ മാനദണ്ഡം: ‘പൗരൻ ആദ്യം’. ഓരോ തിരഞ്ഞെടുപ്പും അളക്കപ്പെടേണ്ടത് ഈ രണ്ട് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ മനോഭാവത്തോടെ ഉദ്യോഗാർത്ഥികൾ വിലയിരുത്തപ്പെടുകയും ഇത്തരം മൂല്യങ്ങൾ ഉൾക്കൊണ്ട വ്യക്തികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോൾ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നത് കൂടുതൽ സ്വാഭാവികവും വളരെ എളുപ്പമുള്ളതുമായി മാറും.

സുഹൃത്തുക്കളേ,

2047-ലെ ഇന്ത്യ ഇന്നത്തെ ഇന്ത്യയിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ഇന്നത്തേതിനേക്കാൾ വളരെക്കൂടുതൽ നഗരവൽക്കരിക്കപ്പെട്ട ഒന്നായിരിക്കും അന്ന് ഇന്ത്യ. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് കുറയും. നമ്മുടെ പൗരന്മാരുടെ, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും വളരെ വലുതായിരിക്കും. ഈ മാറ്റത്തിന്റെ ലക്ഷണങ്ങൾ ഇപ്പോൾത്തന്നെ ദൃശ്യമാണ്. അതുകൊണ്ട്, ഇന്ന് ചോദ്യം കേവലം സേവന വിതരണത്തിന്റേത്  മാത്രമല്ല. ഇന്നത്തെ തൽക്ഷണ സേവനങ്ങളുടെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ പൊതുസേവനങ്ങൾക്കും കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. അത്തരം ഒരു വേഗത കൈവരിക്കാൻ അവയ്ക്ക് സാധിക്കുന്നുണ്ടോ? ഇന്ന് സേവനങ്ങൾ ലഭിക്കാനായി ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കാൻ പൗരന്മാർ ആഗ്രഹിക്കുന്നില്ല. എ.ഐ (AI) ഉപയോഗിച്ച് നിമിഷങ്ങൾക്കകം ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് തീർപ്പാക്കാൻ സാധിക്കുകയും, തത്സമയ വിവരങ്ങൾ  ഗവൺമെന്റുകൾക്ക് ലഭ്യമാവുകയും ചെയ്യുമ്പോൾ, പൗരന്മാരും ദ്രുതഗതിയിലുള്ള പരിഹാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ മനോഭാവം നമ്മുടെ സിവിൽ സർവീസിലും പുതിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ, ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും റിക്രൂട്ട്‌മെന്റ് പ്രക്രിയകളും നമ്മൾ ക്രമീകരിക്കണം. കേവലം പദവികളോടല്ല , മറിച്ച് ജനസേവനത്തോടാണ് താല്പര്യം എന്ന മനോഭാവമുള്ള യുവാക്കളെ വേണം നമ്മൾ പൊതുസേവന രംഗത്തേക്ക് കൊണ്ടുവരാൻ. അതുകൊണ്ടുതന്നെ, റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഒരു ഉദ്യോഗാർത്ഥിക്ക് എത്രത്തോളം അറിവുണ്ടെന്ന് മാത്രം അളക്കുന്ന ഒന്നാകരുത്. എന്തുകൊണ്ടാണ് ആ യുവാവ് സിവിൽ സർവീസിൽ ചേരാൻ ആഗ്രഹിക്കുന്നത് എന്ന് കൂടി  പരിശോധിച്ച് വിലയിരുത്തണം. കാരണം, പ്രചോദനം ശരിയായിരിക്കുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം സഞ്ചരിക്കാനും അവയ്ക്കനുസരിച്ച് സ്വയം മാറാനും വളരെ എളുപ്പമായിത്തീരും.

സുഹൃത്തുക്കളേ,

ട്രെയിനി ഓഫീസർമാരെ കണ്ടുമുട്ടുമ്പോഴൊക്കെ, അവർ എന്തിനാണ് സിവിൽ സർവീസിൽ ചേർന്നതെന്ന് സർവീസിന്റെ ആരംഭത്തിൽത്തന്നെ സ്വന്തം കൈപ്പടയിൽ എഴുതിവെക്കാൻ ഞാൻ ആവശ്യപ്പെടാറുള്ള കാര്യം നിങ്ങളിൽ പലർക്കും അറിവുള്ളതായിരിക്കും. സമയബന്ധിതമായി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും പുതിയ വെല്ലുവിളികൾ ഉയർന്നുവരികയും ചെയ്യും എന്നതുകൊണ്ടാണിത്. അത്തരം സന്ദർഭങ്ങളിൽ, ആ ചെറിയ കുറിപ്പ് അവർ സ്വയം ഏറ്റെടുത്ത യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കും. അത് അവർക്കൊരു സ്വയം വിലയിരുത്തൽ മാർഗ്ഗമായും മാറും. യു.പി.എസ്.സിക്കും സ്റ്റേറ്റ് കമ്മീഷനുകൾക്കും സമാനമായ ഒരു സംവിധാനം വികസിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

സുഹൃത്തുക്കളേ,

ഗവൺമെന്റാണ് അവസാനത്തെ രക്ഷാധികാരിയും ദാതാവും എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം മുൻപ് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന്, നമ്മുടെ മന്ത്രം "നാഗ്രിക് ദേവോ ഭവ" (പൗരൻ ദൈവതുല്യനാണ്) എന്നതാണ്. അതായത്, ഈ രാജ്യത്തെ പൗരൻ നമുക്ക് ദൈവത്തിന് തുല്യനാണ്. പൗരന്മാർക്കുള്ള സേവനമാണ് നമ്മുടെ ഏറ്റവും വലിയ മുൻഗണന.

അതുകൊണ്ട് സുഹൃത്തുക്കളേ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതിന്റെ അടിസ്ഥാന തത്വം ഇതാണ്: ജനപക്ഷ സമീപനം, മുൻകൈയെടുക്കൽ, മികച്ച ഭരണം! ജനപക്ഷ സമീപനം എന്നാൽ ഗവൺമെന്റിന്റെ സൗകര്യത്തിനനുസരിച്ചല്ല, മറിച്ച് പൗരന്മാരുടെ താല്പര്യങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകി പ്രവർത്തിക്കുക എന്നാണ്. മുൻകൈയെടുക്കൽ എന്നാൽ പ്രശ്നങ്ങൾ ഉയർന്നുവന്ന ശേഷം മാത്രം പ്രതികരിക്കുന്നതിന് പകരം, പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അവ മുൻകൂട്ടി കണ്ട് പരിഹാരങ്ങൾ തയ്യാറാക്കുക എന്നതാണ്. മികച്ച ഭരണം എന്നാൽ അവിടെ ഗവൺമെന്റിന്റെ അസാന്നിധ്യമോ, ഗവൺമെന്റിൽ നിന്നുള്ള സമ്മർദ്ദമോ, അനാവശ്യ സ്വാധീനങ്ങളോ ഉണ്ടാകരുത് എന്നാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും, ഈ മനോഭാവത്തിന് അനുസൃതമായി നമ്മൾ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ രൂപകൽപ്പന ചെയ്യണം. ദരിദ്രരുടെ ദുരിതങ്ങൾ മനസ്സിലാക്കാനുള്ള സംവേദനക്ഷമതയുള്ള; യുവത്വത്തിന്റെ ഊർജ്ജത്തോടെ സ്വമേധയാ മുന്നോട്ടുവരുന്ന; പ്രയാസകരമായ വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്ന; രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന; നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന; കൂടാതെ ഒരു നിയമം ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയാണോ അതോ അത് ഒരു തടസ്സമായി മാറുകയാണോ എന്ന് വിലയിരുത്താൻ സാധിക്കുന്നതുമായ പ്രൊഫഷണലുകളെ നമ്മൾ രാഷ്ട്രത്തിന് നൽകണം.

സുഹൃത്തുക്കളേ,

കാലം മാറുന്നതും സാങ്കേതികവിദ്യ വികസിക്കുന്നതുമായ വേഗതയ്ക്ക് നമ്മളെല്ലാവരും സാക്ഷ്യം വഹിക്കുകയാണ്. വരാനിരിക്കുന്ന കാലഘട്ടം സമൂഹത്തിന് പുതിയ തരം വെല്ലുവിളികളായിരിക്കും ഉയർത്താൻ പോകുന്നത്. എ.ഐയെക്കുറിച്ച് (AI) നിലവിൽ ആഗോളതലത്തിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നമ്മുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടി വരും. ഇൻഫർമേഷൻ വാർഫെയർ അഥവാ വിവര യുദ്ധം, ഡീപ്പ് ഫേക്കുകളുടെ വെല്ലുവിളി, ആൽഗോരിതങ്ങളിലെ പക്ഷപാതത്തെക്കുറിച്ചുള്ള ആശങ്കകൾ, കാലാവസ്ഥാ നീതി പോലുള്ള സങ്കീർണ്ണമായ ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹചര്യങ്ങൾ മുന്നിലുണ്ടാകും. അതിനാൽ, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകളും ദീർഘവീക്ഷണവും വിലയിരുത്തുന്നതിനും, ആ ദിശയിൽ ബോധപൂർവ്വമായ പരിശ്രമങ്ങൾ നടത്തുന്നതിനും നമ്മൾ മുൻഗണന നൽകണം.

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ രാഷ്ട്രം പരിഷ്കാരങ്ങളുടെ അതിവേഗ പാതയിലൂടെയാണ് മുന്നേറുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത്തരമൊരു സമയത്ത്, പരീക്ഷകൾ നടത്തുന്ന നമ്മുടെ ഏജൻസികൾ കാലഘട്ടത്തിന്റെ ആവശ്യമായ പരിഷ്കാരങ്ങളിലേക്ക് വേഗത്തിൽ കടക്കേണ്ടതുണ്ട്. പരീക്ഷകൾ നടത്താൻ എടുക്കുന്ന സമയമാണ് അത്തരം ഒരു പ്രധാന വിഷയം. പരീക്ഷയെ കേവലം ഒരു പരിപാടി ആയി മാത്രം നമ്മൾ കാണരുത്. അത് ഒരു പരിപാടിയുമായി മാത്രമല്ല, യുവാക്കളുടെ ഭാവിയുമായും ജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്നു. പരീക്ഷകളിൽ ഉണ്ടാകുന്ന ഏതാനും മാസങ്ങളുടെ താമസം പോലും അവർക്ക് ഗുരുതരമായ വെല്ലുവിളിയായി മാറാം. കോച്ചിംഗ് ഫീസ്, വീട്ടുവാടക, യാത്രാച്ചെലവുകൾ എന്നിവയെല്ലാം കുടുംബങ്ങൾക്ക് വലിയ ഭാരമാണ് വരുത്തുന്നത്. അതിനാൽ, നമ്മുടെ പരീക്ഷാ സംവിധാനം 'സമയകൃത്യത'  എന്ന തത്വം സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവാരം കുറയ്ക്കാതെ തന്നെ, പരീക്ഷാ ചക്രത്തിന്റെ പ്രവർത്തന  ദൈർഘ്യം കുറയ്ക്കാനുള്ള വഴികൾ യു.പി.എസ്.സിയും രാജ്യത്തുടനീളമുള്ള എല്ലാ സെലക്ഷൻ കമ്മീഷനുകളും ഉറപ്പാക്കണം. ശരിക്കും, ഞാൻ ഗാലറി സന്ദർശിച്ചപ്പോൾ, ഏകദേശം നൂറോളം ദിവസങ്ങൾ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് ശ്രദ്ധിക്കുകയുണ്ടായി. ഈ നേട്ടം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു, ഇതിനായി ഞാൻ നിങ്ങളെയെല്ലാവരെയും അഭിനന്ദിക്കുന്നു.

എന്നാൽ സുഹൃത്തുക്കളേ,

ഇത് കേവലം ഒരു ഭരണപരമായ പരിഷ്കാരം മാത്രമല്ല. സമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു പരിഷ്കാരം കൂടിയാണിത്.

സുഹൃത്തുക്കളേ,

ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിനെയും ഡി.ജി.പി കോൺഫറൻസിനെയും കുറിച്ച് നിങ്ങളെല്ലാവരും ബോധവാന്മാരാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇവ സുപ്രധാനമായ ഭരണഘടനാ സ്ഥാപന സംവിധാനങ്ങളായി വളർന്നുവന്നിട്ടുണ്ട്. ഈ വേദികളുടെ കീഴിൽ രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരും മൂന്ന് ദിവസത്തേക്ക് ഒന്നിച്ചിരുന്ന് ആശയവിനിമയവും ചർച്ചകളും നടത്തുന്നു. അതുപോലെ തന്നെ, ഡി.ജി.പി കോൺഫറൻസിൽ രാജ്യത്തെ എല്ലാ ഡയറക്ടർ ജനറൽ ഓഫ് പോലീസും മൂന്ന് ദിവസത്തേക്ക് ഒന്നിച്ചുകൂടി പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ഒരു സംസ്ഥാനത്തിന്റെ മികച്ച മാതൃകകൾ മറ്റൊരു സംസ്ഥാനത്തിന് മനസ്സിലാക്കാനും, പഠിക്കാനും, അനുയോജ്യമായ രീതിയിൽ നടപ്പിലാക്കാനും സഹായിക്കുക എന്നതാണ് ഈ കോൺഫറൻസുകളുടെ ഒരു ലക്ഷ്യം. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളുമായി സഹകരിച്ച് യു.പി.എസ്.സി എല്ലാ വർഷവും ഒരു ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ഈ കോൺഫറൻസിനെ കൂടുതൽ വിപുലവും, ഉൽപ്പാദനക്ഷമവും, പുതിയ ആശയങ്ങളാൽ സമ്പന്നവുമാക്കാൻ ഇതിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതിനെക്കുറിച്ച് നിങ്ങൾ തുടർച്ചയായി ചിന്തിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്തരം ശ്രമങ്ങൾ സ്ഥാപനങ്ങൾക്ക് അവരുടെ മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കാൻ സഹായിക്കും. അതേസമയം, ഈ കോൺഫറൻസ് അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നമ്മുടെ പ്രക്രിയകളുടെയും നടപടിക്രമങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും കേന്ദ്രീകൃതമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. പരസ്പര പഠനത്തിനായുള്ള ഇത്തരം ശ്രമങ്ങൾ യു.പി.എസ്.സിക്കും എല്ലാ സംസ്ഥാന സെലക്ഷൻ കമ്മീഷനുകൾക്കും പ്രയോജനപ്പെടും. നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും പ്രക്രിയകളും ഏകീകരിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇത് യുവാക്കൾക്ക് വലിയ രീതിയിലുള്ള സഹായം നൽകും.

സുഹൃത്തുക്കളേ,

മറ്റൊരു സുപ്രധാന വിഷയം യു.പി.എസ്.സിയിലും സംസ്ഥാന സെലക്ഷൻ കമ്മീഷനുകളിലുമുള്ള ശേഷി വർദ്ധനവാണ് . ഈ ശ്രമം തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. മിഷൻ കർമ്മയോഗിയുടെ കീഴിൽ വികസിപ്പിച്ചെടുത്ത 'ഐ-ഗോട്ട്' (iGOT) പ്ലാറ്റ്‌ഫോം നമ്മുടെ ആഭ്യന്തര സംവിധാനങ്ങൾക്കും, ടീമുകളുടെ ശേഷി ശക്തിപ്പെടുത്തുന്നതിനും, ഇത്തരം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ നമ്മുടെ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കാവുന്നതാണ്.

സുഹൃത്തുക്കളേ,

നിങ്ങളുടെ പ്രവർത്തനം ഇന്ത്യയിലെ യുവതലമുറയുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ എപ്പോഴും ഓർത്തിരിക്കണം. അതായത്, യുവശക്തിയെ രാഷ്ട്രശക്തിയാക്കി മാറ്റുന്ന ദൗത്യത്തിലെ ഒരു പ്രധാന സ്തംഭമാണ് നിങ്ങൾ. വർഷങ്ങളായി ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. യു.പി.എസ്.സി സ്ഥാപിതമായ സമയത്ത്, വൻനഗരങ്ങളിൽ നിന്നുള്ളവർക്കും, സാമ്പത്തികമായി മുൻപന്തിയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും, പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിച്ചവർക്കും മാത്രമായിരുന്നു അവസരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമായിരുന്നത്. എന്നാൽ ഇന്ന്, ഗ്രാമങ്ങളിൽ നിന്നും ചെറിയ നഗരങ്ങളിൽ നിന്നുമുള്ള യുവാക്കളും പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നുണ്ട്. നമ്മുടെ പെൺമക്കളുടെ പങ്കാളിത്തവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1952-ൽ സിവിൽ സർവീസസിലെ വനിതാ ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തം കേവലം 3 ശതമാനം മാത്രമായിരുന്നു, വെറും മൂന്ന് ശതമാനം! എന്നാൽ ഇന്ന് ആ കണക്ക് 30 ശതമാനത്തിലധികമായി ഉയർന്നിരിക്കുന്നു. യു.പി.എസ്.സിയുടെ ചരിത്രത്തിൽ ആകെ നാല് വനിതാ ചെയർപേഴ്‌സൺമാരാണ് ഉണ്ടായിട്ടുള്ളത്. ഇനി കയ്യടിയുടെ സമയമാണ്! യു.പി.എസ്.സിയുടെ ചരിത്രത്തിലെ ആ നാല് വനിതാ ചെയർപേഴ്‌സൺമാരിൽ മൂന്ന് പേരും നിയമിതരായത് 2014-ന് ശേഷമാണ്. ഈ മാറ്റങ്ങൾ കേവലം കണക്കുകൾ മാത്രമല്ല; നമ്മുടെ രാജ്യത്ത് അവസരങ്ങളുടെ വ്യാപ്തി എത്രത്തോളം വിപുലമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൂടിയാണ്.

സുഹൃത്തുക്കളേ,

1976-ൽ യു.പി.എസ്.സി അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ എണ്ണം ഇന്നത്തേതിനേക്കാൾ വളരെ കുറവായിരുന്നു. അന്നത്തെ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, പരീക്ഷാർത്ഥികളുടെ എണ്ണം നാൽപ്പത്തഞ്ചിലധികം മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. അതായത്, ഇന്ന് വൻതോതിലുള്ള കഴിവുറ്റ ഒരു യുവജന സമ്പത്ത് നമ്മുടെ മുന്നിലുണ്ട്. ഇത് രാജ്യത്തിന് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. അതേസമയം, നമ്മുടെ ഉത്തരവാദിത്തവും അതിനനുസരിച്ച് വർദ്ധിച്ചിരിക്കുകയാണ്. ലോകം മുഴുവൻ അസൂയയോടെ നോക്കിക്കാണുന്ന ഇത്രയും വലിയൊരു പ്രതിഭാസമ്പത്ത് നമ്മുടെ കൈവശമുള്ളപ്പോൾ, നിങ്ങൾ കേവലം ഒരു ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുക മാത്രമല്ല ചെയ്യുന്നത്. പിൽക്കാലത്ത് ഗവൺമെന്റിന്റെ പ്രതിനിധിയായി മാറാൻ പോകുന്ന ഒരു വ്യക്തിയെക്കൂടിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്. അടിസ്ഥാന തലത്തിൽ, ജനങ്ങൾ ആ വ്യക്തിയെ ഗവൺമെന്റായിത്തന്നെയാണ് വീക്ഷിക്കുക. അതിനാൽ, അനുയോജ്യനായ വ്യക്തിയെത്തന്നെ തിരഞ്ഞെടുക്കുക എന്നത് നിങ്ങളുടെയെല്ലാം വലിയൊരു ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ,

ആദ്യ നൂറ്റാണ്ടിൽ യു.പി.എസ്.സി അതിന്റെ വിശ്വസ്തത തുടർച്ചയായി ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ, ഈ സ്ഥാപനം അതിന്റെ രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ, പുതിയ സാധ്യതകൾക്കും പുതിയ വെല്ലുവിളികൾക്കും അനുസൃതമായി ആ വിശ്വസ്തതയെ കൂടുതൽ സമൃദ്ധമാക്കുകയും ആഴമുള്ളതാക്കുകയും വേണം. ഇതുവരെ നമ്മുടെ ശക്തിയായിരുന്ന മൂല്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മൾ സ്വയം സജ്ജരാവുകയും വേണം. യു.പി.എസ്.സിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, യോഗ്യതയോടുള്ള പ്രതിബദ്ധത, രഹസ്യാത്മകത, സുതാര്യമായ നടപടിക്രമങ്ങൾ എന്നിവയാണ് അതിന്റെ പ്രധാന മുഖമുദ്ര . ഈ മൂല്യങ്ങൾ എപ്പോഴും സംരക്ഷിക്കപ്പെടണം. ഈ അഭ്യർത്ഥനയോടെ, നിങ്ങളേവർക്കും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

വളരെയധികം നന്ദി.


നിരാകരണം : പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

SK


( റിലീസ് ഐ.ഡി: 2319107) സന്ദര്‍ശക കൗണ്ടര്‍ : 8