വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഡോ. എൻഗാം പാമെ (ഐ.ഐ.എസ് - എ.ഡി.ജി), ശ്രീ നമ്പിബൗ മരിൻമൈ (ഐ.ഐ.എസ് - ഡയറക്ടർ), ശ്രീ എച്ച്. ലിയാൻവേല (എം.ടി.എസ്) എന്നിവരുടെ ആകസ്മിക വിയോഗത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 02 OCT 2026 6:58PM by PIB Thiruvananthpuram

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ ആകസ്മിക വിയോഗത്തിൽ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. 2026 ഒക്ടോബർ 1-ന് മിസോറാമില്‍ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

 

പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഇംഫാൽ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. എൻഗാം പാമെ (ഐഐഎസ്), ഐസ്വാൾ ദൂരദർശൻ കേന്ദ്രം, ആകാശവാണി ന്യൂസ് ഡയറക്ടർ ശ്രീ നമ്പിബൗ മരിൻമൈ (ഐഐഎസ്), സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് ഓഫീസ് (ഐസ്വാൾ) ജീവനക്കാരൻ (എംടിഎസ്) ശ്രീ എച്ച്. ലിയാൻവേല എന്നിവരാണ് മരണപ്പെട്ടത്.

 

മൂന്ന് സഹപ്രവർത്തകരുടെ ആകസ്മിക വിയോഗം മന്ത്രാലയത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. ഉദ്യോഗസ്ഥരുടെ വേർപാട് അവർ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും രാജ്യത്തെ പൊതു സമ്പര്‍ക്ക, വാര്‍ത്താ വിതരണ മേഖലയിലെ മുഴുവൻ ഔദ്യോഗിക കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ്.

 

ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1994-ലാണ് 58-കാരനായ ഡോ. എൻഗാം പാമെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവന കാലയളവിൽ ഡൽഹി, ഇംഫാൽ, പൂനെ, ഷില്ലോങ് എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം ഗവണ്മെൻ്റ് വാർത്താവിതരണത്തിലും മാധ്യമ ഏകോപനത്തിലും ജനസമ്പർക്ക പരിപാടികളിലും നിർണായക പങ്കുവഹിച്ചു. 

 

 

പി.ഐ.ബി ഇംഫാൽ എ.ഡി.ജി എന്ന നിലയിൽ വടക്കുകിഴക്കൻ മേഖലയിലെ മാധ്യമ സ്ഥാപനങ്ങളുമായും വിവിധ ഗവണ്മെൻ്റ് വകുപ്പുകളുമായും ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുന്നതിൽ ഡോ. പാമെ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ്-എ ഉദ്യോഗസ്ഥരിൽ ഒരാളായ അദ്ദേഹം മേഖലയിലെ സങ്കീർണ ആശയവിനിമയ സാഹചര്യങ്ങള്‍ സംബന്ധിച്ച് ആഴത്തിലുള്ള ധാരണയും വിപുലമായ  പ്രവര്‍ത്തന പരിചയസമ്പത്തും കൃത്യനിർവഹണത്തിൽ കൊണ്ടുവന്നു. മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ സെമെ നാഗ വിഭാഗത്തിൽപ്പെട്ടയാളാണ് ഡോ. പാമെ. അജുന പാമെയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

 

ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായ ശ്രീ നമ്പിബൗ മരിൻമൈ ഐസ്വാൾ ദൂരദർശൻ കേന്ദ്രത്തിലും ആകാശവാണിയിലും ന്യൂസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇൻ്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. നേരത്തെ പ്രതിരോധ മന്ത്രാലയത്തിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രതിരോധവുമായി ബന്ധപ്പെട്ട പി.ആർ പ്രവർത്തനങ്ങൾ, മാധ്യമ റിപ്പോർട്ടിങ്, വാർത്താവിതരണം എന്നിവയിൽ സജീവമായിരുന്നു.

 

 

വാർത്താ-പ്രക്ഷേപണ മേഖലകളിലെ ദീർഘകാല സേവനത്തിലൂടെ പൊതുജന വാർത്താവിതരണ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകാൻ ശ്രീ നമ്പിക്ക് സാധിച്ചു. പ്രതിരോധ പബ്ലിക് റിലേഷന്‍സ് രംഗത്തും പ്രക്ഷേപണത്തിലും അദ്ദേഹത്തിൻ്റെ പ്രവൃത്തിപരിചയം സ്ഥാപനങ്ങളും മാധ്യമങ്ങളും തമ്മിലെ ആശയവിനിമയം സുഗമമാക്കാൻ ഏറെ സഹായിച്ചു. ഔദ്യോഗിക രംഗത്തെ അർപ്പണബോധം, നിസ്വാർത്ഥ സേവനം, സഹപ്രവർത്തകരുമായും മാധ്യമപ്രവർത്തകരുമായും അദ്ദേഹം പുലർത്തിയ ഊഷ്മള ബന്ധം എന്നിവ എന്നും ആദരവോടെ സ്മരിക്കപ്പെടും. ഭാര്യയും മകനും മകളുമടങ്ങുന്നതാണ് കുടുംബം.

 

1998-ൽ ഗവണ്മെൻ്റ് സർവീസിൽ പ്രവേശിച്ച 52 കാരനായ ശ്രീ എച്ച്. ലിയാൻവേല സി.ബി.സി ഐസ്വാൾ ഫീൽഡ് ഓഫീസിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യയും മകളും കൊച്ചുമകനുമുണ്ട്.

 

 

അപകടത്തിൽ പരിക്കേറ്റ സി.ബി.സി ഐസ്വാൾ ഫീൽഡ് ഓഫീസ് ഡ്രൈവർ ശ്രീ ഗൊജേന്ദ്ര ദേ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തതായും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

 

കനത്ത ദുഃഖത്തിൻ്റെ വേളയിൽ മൂന്ന് ഉദ്യോഗസ്ഥരുടെയും വേർപാടിൽ അനുശോചിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പങ്കുചേരുന്നു. ഗവണ്മെൻ്റിനുവേണ്ടിയുള്ള അവരുടെ ദീർഘകാല നിസ്വാർത്ഥ സേവനങ്ങളും പൊതു വാർത്താവിതരണ മേഖലയിലെ വിലപ്പെട്ട സംഭാവനകളും കൃതജ്ഞതയോടെയും ആദരവോടെയും സ്മരിക്കപ്പെടും.  

 

****


( റിലീസ് ഐ.ഡി: 2318494) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Khasi , Urdu , हिन्दी , Manipuri , Assamese , Bengali-TR