വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ ചരക്കുനീക്ക തടസ്സങ്ങൾക്കിടയിൽ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി 'റിലീഫ്' (കയറ്റുമതി സുഗമമാക്കുന്നതിനായുള്ള പ്രതിരോധശേഷി വർധനയും ലോജിസ്റ്റിക്‌സ് ഇടപെടലുകളും) പദ്ധതിയുടെ പ്രവർത്തന കാലാവധി കേന്ദ്ര ഗവണ്മെൻ്റ് നീട്ടി

പോസ്റ്റഡ് ഓണ്‍: 02 OCT 2026 11:01AM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്നതും ഗൾഫിലും സമീപ പ്രദേശങ്ങളിലുമുള്ള സമുദ്രമാർഗ ചരക്ക് നീക്കത്തെ അത് ബാധിക്കുന്നതും കണക്കിലെടുത്ത്, വാണിജ്യ വകുപ്പ് 2026 സെപ്റ്റംബർ 30-ലെ വിജ്ഞാപനം നമ്പർ 37/2026-27 പ്രകാരം കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് കീഴിലുള്ള സമയബന്ധിത ഇടപെടലായ റിലീഫ് - കയറ്റുമതി സുഗമമാക്കുന്നതിനായുള്ള പ്രതിരോധശേഷി വർധനയും ലോജിസ്റ്റിക്‌സ് ഇടപെടലുകളും- ഘടകം II പ്രകാരമുള്ള സമയപരിധി നീട്ടി നൽകി.
 
റിലീഫ് പദ്ധതിയുടെ ഘടകം II, നിർദ്ദിഷ്ട മേഖലകളിലേക്കുള്ള വരാനിരിക്കുന്ന ഷിപ്പ്‌മെൻ്റുകൾക്ക് 95% അപകട സാധ്യത പരിരക്ഷയോടെ ഇ.സി.ജി.സി സുരക്ഷ നേടാൻ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. 2026 മാർച്ച് 16-നോ അതിനുശേഷമോ നേടുന്ന പ്രത്യേക ചരക്കിന് മാത്രമായുള്ള പോളിസികൾക്കോ സമഗ്ര ചരക്ക് നീക്ക പോളിസികൾക്കോ ഈ ആനുകൂല്യം ലഭ്യമാണ്. ഫുൾ കണ്ടെയ്നർ ലോഡ് (FCL), ലെസ് ദാൻ കണ്ടെയ്നർ ലോഡ് (LCL), റീഫർ കണ്ടെയ്നറുകൾ (ഊർജ്ജ ഷിപ്പ്‌മെൻ്റുകൾ ഒഴികെ) എന്നിവ ഉൾപ്പെടെയുള്ള ചരക്കുകൾക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ, ഇൻഷുറൻസിന് അർഹതയുള്ള കാലയളവിൽ കയറ്റുമതിക്കാർ അടയ്ക്കുന്ന പ്രീമിയം തുക, പ്രതിസന്ധികൾക്ക് മുമ്പുള്ള നിരക്കിനേക്കാൾ വർദ്ധിപ്പിക്കില്ലെന്ന് റിലീഫിൻ്റെ ഈ ഘടകം ഉറപ്പാക്കുന്നു.
 
ഗൾഫിലും പശ്ചിമേഷ്യൻ സമുദ്ര ഇടനാഴിയിലുമുണ്ടായ പ്രതിസന്ധികൾ മൂലം ചരക്ക് നീക്കത്തിന് ഉണ്ടായ അസാധാരണമായ നിരക്ക് വർദ്ധന, ഉയർന്ന ഇൻഷുറൻസ് പ്രീമിയം, യുദ്ധവുമായി ബന്ധപ്പെട്ട കയറ്റുമതി അപകടസാധ്യതകൾ എന്നിവ നേരിടുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ലക്ഷ്യാധിഷ്ഠിത ഇടപെടലായി 2026 മാർച്ച് 19-നാണ് റിലീഫ് ആരംഭിച്ചത്.
 
നിലവിലുള്ള ഭൗമരാഷ്ട്രീയ, ലോജിസ്റ്റിക്സ് അനിശ്ചിതത്വങ്ങൾക്കിടയിലും കയറ്റുമതി ശേഷി ഉറപ്പാക്കുന്നതിനും വ്യാപാര ഇടപെടൽ നിലനിർത്തുന്നതിനും കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഈ കാലാവധി നീട്ടൽ വഴി പ്രതിഫലിക്കുന്നത്.
 

***

 

( റിലീസ് ഐ.ഡി: 2318246) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Kannada