ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മഹാത്മാ ഗാന്ധി, ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ജി, തിരു കെ. കാമരാജ് എന്നിവർക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ശ്രദ്ധാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 02 OCT 2026 12:24PM by PIB Thiruvananthpuram
മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ജി, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി തിരു കെ. കാമരാജ് എന്നിവർക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ രാജ്ഘട്ടിലെത്തിയ ഉപരാഷ്ട്രപതി അദ്ദേഹത്തിൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. അദ്ദേഹത്തിൻ്റെ അനശ്വരമായ പൈതൃകം അനുസ്മരിക്കവേ, സത്യത്തിലും അഹിംസയിലുമുള്ള മഹാത്മാഗാന്ധിയുടെ അചഞ്ചലമായ വിശ്വാസം, നീതിയോടുള്ള ഉറച്ച പ്രതിബദ്ധത, ഓരോ വ്യക്തിയുടെയും ആത്മാഭിമാനത്തിലുള്ള ആഴത്തിലുള്ള വിശ്വാസം എന്നിവ മാനവരാശിക്ക് ഇന്നും പ്രചോദനമേകുന്നുവെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.
 
 
സമാധാനം, കരുണ, നിസ്വാർത്ഥത, സേവനം എന്നിവയുടെ ശാശ്വത വഴികാട്ടിയായി മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശവും നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാനും, നീതിയുക്തവും സൗഹാർദ്ദപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ ജന്മദിനത്തിൽ വിജയ് ഘട്ടിൽ എത്തിയ ഉപരാഷ്ട്രപതി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.
 
നിശ്ശബ്ദമായ കരുത്തിൻ്റെയും അസാധാരണമായ നിശ്ചയദാർഢ്യത്തിൻ്റെയും ഉത്തമ മാതൃകയായിരുന്നു ശാസ്ത്രി ജിയെന്ന് വിശേഷിപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, അദ്ദേഹത്തിൻ്റെ ലാളിത്യവും ദൃഢതയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും എടുത്തുപറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ ശാസ്ത്രിയുടെ നേതൃത്വം ജനങ്ങളിൽ ആത്മവിശ്വാസവും ഐക്യബോധവും വളർത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു; ഒപ്പം,"ജയ് ജവാൻ, ജയ് കിസാൻ" എന്ന അദ്ദേഹത്തിൻ്റെ ആഹ്വാനം രാജ്യത്തെ സൈനികരുടെ ത്യാഗങ്ങൾക്കും കർഷകരുടെ നിർണായക സംഭാവനകൾക്കും ചിരകാലം നിലനിൽക്കുന്ന അംഗീകാരം നൽകുകയും ചെയ്തു.
 
യഥാർത്ഥ നേതൃത്വം എന്നത് ലാളിത്യം, ധൈര്യം, രാജ്യസേവനം എന്നിവയിൽ അധിഷ്ഠിതമാണെന്നതിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവിതമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

തുടർന്ന്, ഉപരാഷ്ട്രപതി ഭവനിൽ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി തിരു കെ. കാമരാജിൻ്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. പൊതുജീവിതത്തിലും രാഷ്ട്ര നിർമ്മാണത്തിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ ഉപരാഷ്ട്രപതി അനുസ്മരിച്ചു.
 
മഹാനായ രാഷ്ട്രതന്ത്രജ്ഞനും യഥാർത്ഥ ജനനായകനുമായി കാമരാജ് ജിയെ വിശേഷിപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, രാഷ്ട്രസേവനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനുമായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചുവെന്ന് പറഞ്ഞു.
 
 
ഗാന്ധിയൻ ചിന്താഗതികൾ മുറുകെപ്പിടിച്ച് ജീവിതം നയിച്ച കാമരാജ് ജി, റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപുലീകരിച്ചും ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയും പാവപ്പെട്ടവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ പകർന്നും തമിഴ്‌നാടിൻ്റെ വികസനത്തിന് നിർണ്ണായക സംഭാവനകൾ നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
അണക്കെട്ടുകളുടെ നിർമ്മാണത്തിലൂടെയും വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിലൂടെയും ജലസേചന-വ്യവസായ മേഖലകളിൽ കാമരാജ് ജി നൽകിയ സംഭാവനകളെയും അനുസ്മരിച്ച ഉപരാഷ്ട്രപതി, ഇത് തമിഴ്‌നാട്ടിലെ കാർഷിക, വ്യാവസായിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയെന്നും അഭിപ്രായപ്പെട്ടു

****


( റിലീസ് ഐ.ഡി: 2318133) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil