വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യയുടെ നൂതനാശയ കുതിപ്പ് 'വികസിത് ഭാരത്' ദർശനത്തിന് കരുത്തേകും: ശ്രീ പ്രൽഹാദ് ജോഷി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 4:01PM by PIB Thiruvananthpuram
യുവജനങ്ങൾ 'സേവന' മനോഭാവത്തെ നൂതനാശയങ്ങളുമായി സമന്വയിപ്പിച്ച് യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികൾ തിരിച്ചറിയണമെന്നും അവയ്ക്ക് പ്രായോഗികവും വിപുലീകൃതവുമായ പരിഹാരങ്ങൾ വികസിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൽഹാദ് ജോഷി ഇന്ന് ആഹ്വാനം ചെയ്തു. 2047-ലെ 'വികസിത് ഭാരത്' ദർശനം സാക്ഷാത്കരിക്കുന്നതിൽ ഭാഗമാകാനും പങ്കുവഹിക്കാനും ഇത് അവരെ പ്രാപ്തരാക്കും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ദക്ഷിണ മേഖലക്കായുള്ള 'സേവ ഫസ്റ്റ് ഇന്നൊവേഷൻ ചലഞ്ച്' (SFIC) അദ്ദേഹം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ.സി.യുടെ വെബ്‌സൈറ്റും രജിസ്ട്രേഷൻ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

"സേവനം പ്രവർത്തനങ്ങളിൽ പ്രകടമാകണം," എന്ന് മന്ത്രി പറഞ്ഞു. ഒരു പ്രശ്നം മനസ്സിലാക്കുന്നതും അതിന് വ്യാപകമായി പ്രയോജനപ്പെടുന്ന നൂതനമായ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതും സേവനത്തിന്റെ ഒരു പ്രധാന രൂപമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച ശ്രീ ജോഷി, ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനത്തോളം പേർ 35 വയസ്സിന് താഴെയുള്ളവരാണെന്ന് ഓർമ്മിപ്പിച്ചു. ജിജ്ഞാസയും ആത്മവിശ്വാസവും സാങ്കേതികവിദ്യയിൽ പ്രവീണ്യവുമുള്ള ഒരു തലമുറയാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആ ജിജ്ഞാസയെ ഉപയോഗപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റാനുള്ള അവസരങ്ങൾ യുവാക്കൾക്ക് നൽകേണ്ട ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കവേ, എൻ.ഇ.പി. വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത, അനുഭവ അധിഷ്ഠിത പഠനം, പ്രശ്നപരിഹാരം എന്നിവയെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി സ്ഥാപിക്കുന്നതായി ശ്രീ പ്രൽഹാദ് ജോഷി പരാമർശിച്ചു. ചെറുപ്പം മുതലേ പരീക്ഷണങ്ങൾ നടത്താനും നൂതനാശയങ്ങൾ കണ്ടെത്താനും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളായി ഈ ദർശനം പരിവർത്തനം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ, 17,300-ഓളം ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലുകൾ, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ പോലുള്ള സംരംഭങ്ങൾ എന്നിവയിലൂടെ ശക്തമായ ഒരു നൂതനാശയ ആവാസവ്യവസ്ഥ വാർത്തെടുക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.

സേവന മനോഭാവത്താൽ അധിഷ്ഠിതമായ നൂതനാശയങ്ങൾക്ക് 'വികസിത് ഭാരത് @2047' എന്ന ദർശനത്തിന് അർത്ഥവത്തായ സംഭാവന നൽകാൻ കഴിയുമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഈ ചലഞ്ചിലൂടെ തിരിച്ചറിയപ്പെടുന്ന യുവ പ്രതിഭകളുമായി സഹകരിക്കാൻ സ്റ്റാർട്ടപ്പുകളോടും വ്യവസായ പങ്കാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, നൂതനപരിഹാരങ്ങളുടെ ഭാവി മാർഗ്ഗനിർദ്ദേശം,അവയുടെ സ്വീകാരം , വിപുലീകരണം എന്നിവയെ പിന്തുണയ്ക്കുന്നതിനായി SFIC വെബ്‌സൈറ്റ് വഴി ഒരു ദേശീയ ശേഖരം (national repository) രൂപീകരിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഐ.ഐ.എസ്.സി ബെംഗളൂരു, പങ്കെടുത്ത സ്ഥാപനങ്ങൾ, ഫാക്കൽറ്റി അംഗങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഈ സംരംഭവുമായി ബന്ധപ്പെട്ട മറ്റു പങ്കാളികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ 2026 ഡിസംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയതല ഫിനാലെയിൽ ഇന്ത്യയിലുടനീളമുള്ള പ്രതിഭകളിൽ നിന്നും ഏറ്റവും മികച്ച പരിഹാരങ്ങൾ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കർണ്ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സാങ്കേതിക വിലയിരുത്തലിനും മാർഗ്ഗനിർദ്ദേശത്തിനും പിന്തുണ നൽകിക്കൊണ്ട് ദക്ഷിണ മേഖല നോഡൽ ഇൻസ്റ്റിറ്റ്യൂട്ടായി ഐ.ഐ.എസ്.സി ബെംഗളൂരു പ്രവർത്തിക്കും.
സ്കൂളുകൾ, ഐ.ടി.ഐകൾ, പോളിടെക്നിക്കുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യുവ നൂതനാശയ വിദഗ്ധരെയും SFIC ഒരുമിച്ച് കൊണ്ടുവരും.അഞ്ച് ദേശീയ പ്രമേയങ്ങളിലായി (1. ശുചിത്വവും സുസ്ഥിരവുമായ ഭാരതം, 2. സമൃദ്ധരായ കർഷകർ, സമൃദ്ധമായ ഭാരതം, 3. ആരോഗ്യപൂർണവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഭാരതം, 4. വിദ്യാസമ്പന്നവും നൈപുണ്യമുള്ളതുമായ ഭാരതം, 5. സുരക്ഷിത ഭാരതം), രണ്ട് പരിഹാര മാർഗ്ഗങ്ങളിലൂടെയാണ് (ട്രാക്ക് എ - ഉൽപ്പന്നം അല്ലെങ്കിൽ സാങ്കേതിക പരിഹാരം , ട്രാക്ക് ബി - ബിസിനസ് മാതൃക അല്ലെങ്കിൽ ഭരണ പരിഹാരങ്ങൾ ) മത്സരം സംഘടിപ്പിക്കുന്നത്.
മാർഗ്ഗനിർദ്ദേശം, ഇൻകുബേഷൻ, പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കുന്നതിനുള്ള വഴികൾ എന്നിവയിലൂടെ നൂതനാശയങ്ങളെ കേവലം ആശയസമർപ്പണത്തിനപ്പുറത്തേക്ക് എത്തിക്കുകയാണ് ഈ ചലഞ്ച് ലക്ഷ്യമിടുന്നത്. ചലഞ്ചിലേക്കുള്ള രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 24 വരെ ലഭ്യമായിരിക്കും. കൂടാതെ ദേശീയതലത്തിലെ ഫിനാലെ 2026 ഡിസംബറിൽ ന്യൂഡൽഹിയിൽ നടക്കും.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ; ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ ആനന്ദ്‌റാവു വി. പാട്ടീൽ; യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി പ്രൊഫ. ശ്യാമ രഥ് എന്നിവരോടൊപ്പം എൻ ഐ ടികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഡയറക്ടർമാരും പ്രതിനിധികളും; ഫാക്കൽറ്റി അംഗങ്ങൾ; വ്യവസായ, സ്റ്റാർട്ടപ്പ് മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ; വിദ്യാർത്ഥികളും യുവ നൂതനാശയ വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: https://sevafirst.mic.gov.in
*****
( റിലീസ് ഐ.ഡി: 2315060)
സന്ദര്‍ശക കൗണ്ടര്‍ : 5