വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഗുജറാത്തിലെ ഏകതാ നഗറിൽ സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 22 SEP 2026 8:34PM by PIB Thiruvananthpuram

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് വിതരണം ചെയ്തു. മികവ്, സമർപ്പണം, കഠിനാധ്വാനം എന്നിവ കാഴ്ചവച്ച എല്ലാ പുരസ്കാര ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ചലച്ചിത്ര നിർമാണം ഒരു കൂട്ടായ പരിശ്രമമാണെന്ന് അവർ പറഞ്ഞു. പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സംഘത്തിലെ ഓരോ അംഗത്തിനും അനുമോദനം അറിയിക്കണമെന്ന് രാഷ്ട്രപതി പുരസ്കാര ജേതാക്കളോട് അഭ്യർത്ഥിച്ചു.

നാടക- ചലച്ചിത്ര മേഖലയ്ക്ക് നൽകിയ വിശിഷ്ട സംഭാവനകൾക്ക് ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേതാവായ ശ്രീ അനന്ത് നാഗിനെ രാഷ്ട്രപതി അഭിനന്ദിച്ചു.

ഇന്ത്യൻ ചലച്ചിത്രങ്ങൾ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന ഭാഷകളെയും പാരമ്പര്യങ്ങളെയും അഭിലാഷങ്ങളെയും പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരികവും ദേശീയവുമായ ഐക്യത്തിൻ്റെ പ്രതീകമായി ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൻ്റെ വേദിയായി ഏക്താ നഗറിനെ തിരഞ്ഞെടുത്തതിനെ അവർ പ്രശംസിച്ചു.

സർഗ്ഗാത്മക സാമ്പത്തിക മേഖലയിൽ അന്തസ്സും സാമൂഹിക സുരക്ഷയും ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത രാഷ്ട്രപതി, തൊഴിലാളികൾ, ജൂനിയർ കലാകാരന്മാർ, അസിസ്റ്റൻ്റുമാർ, സർഗ്ഗാത്മക സമൂഹത്തിൽ മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്ക് അർഹിക്കുന്ന ആദരവും സാമൂഹിക സുരക്ഷയും നൽകണമെന്ന് പറഞ്ഞു. ഒരു സമഗ്ര മാനവിക വീക്ഷണം ഉറപ്പാക്കുന്നതിന് എല്ലാ ജൂറികളിലും സ്ത്രീകളുടെ പങ്കാളിത്തം വേണമെന്നും ശ്രീമതി മുർമു ആഹ്വാനം ചെയ്തു.


 

ജനപ്രിയ കലാകാരന്മാർക്ക്, പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും ഇടയിലുള്ള സ്വാധീനം എടുത്തുപറഞ്ഞുകൊണ്ട്, അച്ചടക്കമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ പരസ്യം ചെയ്യുന്നതിൽ നിന്ന് പിന്മാറാനും പ്രമുഖരായ കലാകാരന്മാരോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു.

രാജ്യത്ത് നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ ഗുണനിലവാരം, ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് ലോകോത്തര നിലവാരം പുലർത്താൻ കഴിയുമെന്ന തൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

കഥാപാത്രങ്ങൾക്കായി ഉഴിഞ്ഞുവെച്ച ജീവിതം, സിനിമയുടെ പൈതൃകം: ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം നൽകി ശ്രീ അനന്ത് നാഗിനെ ആദരിച്ചു 

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, 2024 ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ശ്രീ അനന്ത് നാഗിന് സമ്മാനിച്ചത് കഥകളുടെ ആവിഷ്കാരത്തിനും  നാടകത്തിനും സിനിമ മേഖലയ്ക്കും അദ്ദേഹം നൽകിയ ആയുഷ്കാല സമർപ്പണത്തിൻ്റെ ആദരം കൂടിയായി മാറി. പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അവിസ്മരണീയമായ പ്രകടനങ്ങളെയും അനശ്വര സംഭാവനകളെയും ഈ ബഹുമതിയിലൂടെ ആദരിച്ചു.

വിനയത്തോടെ പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീ അനന്ത് നാഗ്, തൻ്റെ യാത്രയെ രൂപപ്പെടുത്തിയ വ്യക്തികൾക്കും അനുഭവങ്ങൾക്കും കൃതജ്ഞത പ്രകടിപ്പിച്ചു.

തൻ്റെ ആദ്യകാലങ്ങളെക്കുറിച്ച് അനുസ്മരിച്ച ശ്രീ അനന്ത് നാഗ്, മുംബൈയിലേക്ക് എത്തുന്നതിനു മുമ്പ് ഒരു ആശ്രമത്തിലാണ് താൻ വളർന്നതെന്നും അവിടെവച്ച് ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും പറഞ്ഞു. നാടകം അദ്ദേഹത്തിൻ്റെ കരിയറിൻ്റെ അടിത്തറയായി മാറി, ചലച്ചിത്ര മേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഏകദേശം 50 നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് പ്രഗത്ഭ ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗലിൻ്റെ ഉൾപ്പെടെയുള്ള സിനിമകളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

താൻ ബോധപൂർവ്വം കന്നഡ സിനിമ തിരഞ്ഞെടുത്തുവെന്നും ബെംഗളൂരുവിനെ തൻ്റെ കർമ്മഭൂമിയാക്കിയെന്നും ശ്രീ അനന്ത് നാഗ് പറഞ്ഞു. കഴിഞ്ഞ വർഷം രാഷ്ട്രപതി തനിക്ക് പത്മഭൂഷൺ നൽകി ആദരിച്ചത് അനുസ്മരിച്ച അദ്ദേഹം, ഈ വർഷം രാഷ്ട്രപതിയിൽ നിന്ന് ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ അഗാധമായ നന്ദി പ്രകടിപ്പിച്ചു.


ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് സ്വാഗതമേകി ഗുജറാത്ത്

ഗുജറാത്തിലെ പുരസ്കാരദാന ചടങ്ങുകൾ ദേശീയ ചലച്ചിത്ര പുരസ്കാര യാത്രയിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.

ഡൽഹിക്ക് പുറത്ത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം സംഘടിപ്പിക്കുന്ന ഒരു പുതിയ പാരമ്പര്യത്തിന് തുടക്കമിട്ടതിന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തി. സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ പാരമ്പര്യവും കരുത്തുമായും ബന്ധപ്പെട്ടിരിക്കുന്ന കെവാഡിയയിലെ ഏക്താ നഗറിൽ വെച്ച് വിഖ്യാതമായ ഈ പുരസ്കാര ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ഗുജറാത്തിനെ സംബന്ധിച്ച് അഭിമാനകരമായ വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിനെ അഭിസംബോധന ചെയ്ത ഗവർണർ, രാജ്യത്തിൻ്റെ വൈവിധ്യമാർന്ന ഭാഷകളെയും സംസ്കാരങ്ങളെയും സമ്പന്നമാക്കുന്നതിൽ ഇന്ത്യൻ സിനിമ അളവറ്റ സംഭാവന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

പ്രകൃതിദത്ത കൃഷി, ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി ബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സ്നേഹം, സാഹോദര്യം, ദേശീയ ഐക്യം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സിനിമയെ ഉപയോഗിക്കാൻ അദ്ദേഹം ചലച്ചിത്ര പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിനായി ഗുജറാത്തിലെത്തിയ രാഷ്ട്രപതിയെയും വിശിഷ്ടാതിഥികളെയും ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ സ്വാഗതം ചെയ്യുകയും, ഏക്താ നഗറിൽ ചടങ്ങ് സംഘടിപ്പിക്കുന്നത് സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് വിവരിക്കുകയും ചെയ്തു.

സമൂഹത്തിൻ്റെ പ്രതിഫലനവും സംസ്കാരത്തിൻ്റെ വാഹകരും മനുഷ്യവികാരങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ മാധ്യമവുമാണ് സിനിമയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ആഗോള സ്വത്വവും ആകർഷണവും ശക്തിപ്പെടുത്താൻ സിനിമയ്ക്ക് ശേഷിയുണ്ട്.

 

ഗുജറാത്തിൻ്റെ സമ്പന്നമായ പാരമ്പര്യം, വൈവിധ്യമാർന്ന ഭൂപ്രകൃതി, സാംസ്കാരിക പൈതൃകം എന്നിവ എടുത്തുകാണിച്ചുകൊണ്ട്, ചിത്രീകരണത്തിനായി ഗുജറാത്ത് തിരഞ്ഞെടുക്കാൻ അദ്ദേഹം ദേശീയ, അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരെ ക്ഷണിക്കുകയും, ഈ അഭിമാനകരമായ ചടങ്ങിന് സംസ്ഥാനത്തെ വേദിയാക്കിയതിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

 

കെവാഡിയയിലെ ഏക്താ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തതിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് രാഷ്ട്രപതിക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും മികച്ച പ്രകടനത്തിന് പുരസ്കാര ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

 

സിനിമ ഒരു കൂട്ടായ പരിശ്രമമാണെന്നും ദേശീയ ചലച്ചിത്ര പുരസ്കാരമെന്നത് അത് ലഭിക്കുന്നവരെയും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഒരുപോലെ അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിശിഷ്ട സംഭാവനകൾക്ക് ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേതാവായ ശ്രീ അനന്ത് നാഗിനെ അദ്ദേഹം അഭിനന്ദിച്ചു.

ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും, ഇതുവഴി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാവി പതിപ്പുകൾക്കുള്ള വേദികളായി വിനോദസഞ്ചാര കേന്ദ്രങ്ങളെ നിർദ്ദേശിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഹ്വാനം ചെയ്തു.

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിനെ (IICT) ഒരു പുതിയ പ്രതിഭാ കേന്ദ്രമായി പ്രത്യേകം പരാമർശിച്ച അദ്ദേഹം, വ്യവസായ മേഖല നേരിട്ട് രൂപകൽപ്പന ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്യുന്ന 13 കോഴ്‌സുകളിലായി 380-ഓളം വിദ്യാർത്ഥികൾ ഇതിനകം ഇവിടെ ചേർന്നിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. നൂതന സാങ്കേതികവിദ്യകൾ പഠിക്കുന്നതിനും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം പ്രദർശിപ്പിക്കുന്നതിനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തുടനീളം 15,000 ക്രിയേറ്റീവ് ലാബുകൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ചെറുപട്ടണങ്ങളിൽ നിന്നുള്ള യഥാർത്ഥ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കണമെന്ന് പ്രസാർ ഭാരതി ചെയർമാൻ ശ്രീ പ്രസൂൺ ജോഷിയോടും ചലച്ചിത്ര പ്രവർത്തകരോടും ചലച്ചിത്ര സമൂഹത്തോടും മന്ത്രി അഭ്യർത്ഥിച്ചു.

ഗവണ്മെൻ്റിൻ്റെയും സർഗ്ഗാത്മക സമൂഹത്തിൻ്റെയും സംയുക്ത പരിശ്രമങ്ങളിലൂടെ ഇന്ത്യയുടെ ഗംഭീര സർഗ്ഗാത്മക ശേഷിയെ പ്രദർശിപ്പിക്കാനും ഇന്ത്യൻ പ്രതിഭകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താനും കഴിയുമെന്ന് അദ്ദേഹം ആവർത്തിച്ചു.

 

അടുത്ത വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന 'വേവ്സ് 2027' ലേക്കുള്ള നിർദ്ദേശങ്ങളും ആശയങ്ങളും അദ്ദേഹം ക്ഷണിച്ചു.

 

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായി 34 ഭാഷകളിൽ നിന്ന് 400 ഫീച്ചർ ഫിലിമുകളും 24 ഭാഷകളിൽ നിന്ന് 161 നോൺ-ഫീച്ചർ ഫിലിമുകളും ലഭിച്ചതായി പറഞ്ഞു. ഇതിൽ 22 ഫീച്ചർ ഫിലിം, 23 നോൺ-ഫീച്ചർ ഫിലിം എന്നിവയ്ക്ക് പുരസ്കാരം നൽകി. സാംസ്കാരിക ആവിഷ്കാരത്തിൻ്റെയും ആഗോള കഥാഖ്യാനത്തിൻ്റെയും ശക്തമായ മാധ്യമമായി ഇന്ത്യൻ സിനിമ വളരുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്ത്, ഏക്താ നഗറിൽ നടത്തിയത് സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ വീക്ഷണത്തിൽ നിന്നും ദേശീയ ഐക്യത്തോടുള്ള പ്രതിജ്ഞാബദ്ധതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു പ്രധാന സംരംഭമാണെന്നും വരും വർഷങ്ങളിൽ മറ്റ് നഗരങ്ങളിലും ഈ ചടങ്ങ് സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

 

മികവിൻ്റെ ആഘോഷം: കഥകൾ, പ്രകടനങ്ങൾ, ഇന്ത്യൻ ചലച്ചിത്രത്തിൻ്റെ വിവിധ ഭാവതലങ്ങൾ 

 

ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും ചന്തു ചാമ്പ്യനിലെ അഭിനയത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടപ്പോൾ, ആർട്ടിക്കിൾ 370-ലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം നേടി.

 

സഹ നടീനടന്മാരുടെ വിഭാഗത്തിൽ, ഭക്ഷക്കിലെ പ്രകടനത്തിന് സഞ്ജയ് മിശ്ര മികച്ച സഹനടനായി ആദരിക്കപ്പെട്ടപ്പോൾ, മഹാരാജയിലെ അഭിനയത്തിന് സചന നമിദാസും മിഥ്യയിലെ അഭിനയത്തിന് രൂപശ്രീ വർക്കാടിയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.

 

ആർട്ടിക്കിൾ 370 മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള അംഗീകാരം രൺദീപ് ഹൂഡ നേടി. 'കൽക്കി 2898 എ.ഡി' മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ക്യാപ്റ്റൻ മില്ലർ ദേശീയ, സാമൂഹിക, പരിസ്ഥിതി മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടി. അമരൻ എന്ന ചിത്രത്തിന് രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.

 

പല ഭാഷകൾ, ഒരു ദേശീയ വേദി

 

ഇന്ത്യൻ സിനിമയുടെ ഭാഷാപരമായ വൈവിധ്യത്തെയും ഈ പുരസ്കാരങ്ങൾ എടുത്തുകാണിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പരാമർശിച്ചിട്ടുള്ള ഭാഷകൾക്ക് പുറമെ ഗഡ്‌വാലി, തുളു സിനിമകൾക്കും ദേശീയ അംഗീകാരം ലഭിച്ചു.

 

എസ്.സി ഫാർമകെം പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച് ദിനേശ് പി. ഭോൻസ്ലെ സംവിധാനം ചെയ്ത 'ധോളി' മികച്ച ഗഡ്‌വാലി ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ, പിച്ചാർ സ്റ്റുഡിയോ നിർമ്മിച്ച് ശിവധ്വജ് ഷെട്ടി സംവിധാനം ചെയ്ത 'ഇംബു' (IMBU) മികച്ച തുളു ചിത്രമായി ആദരിക്കപ്പെട്ടു.

 

രവി രാജ് മുർമു സംവിധാനം ചെയ്ത സന്താലി ചിത്രമായ 'ആംഗെൻ', ഒരു നവാഗത സംവിധായകൻ്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.

 

ഗഡ്‌വാലി, തുളു, തുടങ്ങി സന്താലി വരെ, ഈ സായാഹ്നം, സിനിമയുടെ വൈവിധ്യമാർന്ന സ്വരങ്ങളെ ഒരു ദേശീയ വേദിയിലേക്ക് ഒരുമിച്ച് കൊണ്ടുവരുകയും ഓരോ ഭാഷയും ഇന്ത്യൻ സിനിമാ ലോകത്തിനു ഒരു പുതിയ കഥ സമ്മാനിക്കുന്നതായി ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

 

 

ഇന്ത്യൻ സിനിമയുടെ ആഘോഷം

 

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രശസ്തരായ വ്യക്തികളെയും വളർന്നുവരുന്ന കലാകാരന്മാരെയും ജനപ്രിയ സിനിമകളെയും പ്രാദേശിക കഥാവിഷ്കാരങ്ങളെയും ഒരൊറ്റ ദേശീയ വേദിയിൽ ഒന്നിച്ചുകൊണ്ടുവന്നു. ഏക്താ നഗറിൽ, ഈ സായാഹ്നം ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ അന്തരംഗത്തിൻ്റെ ആഘോഷമായി മാറി—പല ഭാഷകളും എണ്ണമറ്റ കഥകളും വൈവിധ്യമാർന്ന സർഗ്ഗാത്മക പൈതൃകവും - ചലച്ചിത്രം എന്ന ഏകഭാഷയിലൂടെ സമന്വയിച്ചു.

 

പുരസ്കാര നേതാക്കളുടെ പൂർണ്ണമായ പട്ടികയ്ക്കും പുരസ്കാരങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കുമായി, ദയവായി ക്ലിക്ക് ചെയ്യുക: പുരസ്‌കാര ജേതാക്കളുടെ പൂർണ്ണ പട്ടിക

***


( റിലീസ് ഐ.ഡി: 2313698) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Khasi , हिन्दी , Marathi , Assamese , Gujarati , Odia , Tamil , Kannada