ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ദൗത്യസേന മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 22 SEP 2026 5:54PM by PIB Thiruvananthpuram

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ദൗത്യസേന (ആൻ്റി നാര്‍കോട്ടിക്സ് ടാസ്ക് ഫോഴ്സ് -  എ.എന്‍.ടി.എഫ്) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ലഹരിവസ്തുക്കൾക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ ടെലിവിഷൻ പരസ്യങ്ങൾ ചടങ്ങിൽ ശ്രീ അമിത് ഷാ  പ്രകാശനം ചെയ്തു. ലഖ്‌നൗവിലും ഡെറാഡൂണിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പുതിയ മേഖലാ ഓഫീസ് സമുച്ചയങ്ങൾക്ക് തറക്കല്ലിട്ട അദ്ദേഹം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനകളെ ആദരിച്ചു. കൂടാതെ എൻ.സി.ബി-യുടെ പുതിയ വെബ്‌സൈറ്റും  അദ്ദേഹം പുറത്തിറക്കി. എൻ.സി.ബി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ദൗത്യസേന  മേധാവികളും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.  

ലഹരിമുക്ത ഇന്ത്യയെന്ന ദുഷ്‌കരമായ ലക്ഷ്യം കൈവരിക്കുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യം ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിനും ലോകത്തിനും ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരിവസ്തുക്കൾക്കെതിരെ നിർണായക തിരിച്ചടി നൽകാനും കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാനും സമയം അതിക്രമിച്ചിരിക്കുകയാണ്. 2029 ഡിസംബർ 31-നകം രാജ്യത്തുനിന്ന് മയക്കുമരുന്ന് വ്യാപാരം വേരോടെ പിഴുതെറിയാൻ സാധിക്കുമെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി.

കശ്മീര്‍ ഭീകരവാദം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റവും സായുധകലാപങ്ങളും, നക്‌സലിസം തുടങ്ങിയ വെല്ലുവിളികൾക്കെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി രാജ്യം നേരിട്ട ഈ വലിയ പ്രശ്നങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറുതി വരുത്തി. എന്നാൽ മയക്കുമരുന്നിനെതിരായ പോരാട്ടമാണ് മറ്റെല്ലാ പോരാട്ടങ്ങളേക്കാളും ദുഷ്‌കരം. ഈ പോരാട്ടത്തിൽ നിന്ന് നമുക്ക് പിന്നോട്ടുപോകാനാകില്ലെന്നും 2047-ഓടെ 'വികസിത ഇന്ത്യ' യാഥാർത്ഥ്യമാക്കാനും വരുംതലമുറയെ സംരക്ഷിക്കാനും യുവജനങ്ങളെ രാജ്യ വികസനവുമായി ബന്ധിപ്പിക്കാനും ലഹരിമുക്ത ഇന്ത്യ സൃഷ്ടിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിയുടെ പ്രശ്നത്തിനെതിരെ ഒറ്റക്കെട്ടായും അർപ്പണബോധത്തോടെയും പോരാടി വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ലഹരിവിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഗീതയാണ് 'വിഷൻ ഡോക്യുമെൻ്റ് 2026-2029' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 35-ലധികം വകുപ്പുകളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ മാര്‍ഗരേഖ തയ്യാറാക്കിയത്. ബന്ധപ്പെട്ട എല്ലാവരില്‍നിന്നും നിർദേശങ്ങൾ സ്വീകരിച്ച് കൃത്യമായ ലക്ഷ്യങ്ങളോടെ സമ്പൂർണ രൂപരേഖ തയ്യാറാക്കിയിരിക്കുന്ന ഇതില്‍  കൃത്യമായ സമയപരിധികളും ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിനുശേഷം ഇതിൻ്റെ പുരോഗതി അവലോകനം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിനോ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കോ മാത്രം ഈ ദൗത്യം പൂർത്തിയാക്കാനാകില്ലെന്നും ഏറ്റവും ഉയർന്ന മുൻഗണനയോടെയും പൂർണ സമർപ്പണത്തോടെയും നാമൊരുമിച്ച് ഈ യുദ്ധം പൊരുതി ജയിക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.  

 

ഭാവി തലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെ തുടച്ചുനീക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തവും നിശ്ചയദാര്‍ഢ്യവുമായി മാറണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ലോകത്തെവിടെ നിന്നും ഒരു ഗ്രാം ലഹരിമരുന്ന് പോലും നമ്മുടെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും രാജ്യത്തുനിന്ന് ഒരു ഗ്രാം ലഹരി പോലും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് പോകില്ലെന്നും ഉറച്ച തീരുമാനമാണ് നമുക്കുണ്ടാകേണ്ടത്. ലോകമെങ്ങുമുള്ള  യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നിശ്ചയദാര്‍ഢ്യത്തോടെയാണ് ഈ സമഗ്ര രൂപരേഖ തയ്യാറാക്കിയത്. ലഹരിമുക്ത ഇന്ത്യക്കായി അങ്ങേയറ്റം സംവേദനക്ഷമതയോടും ഗൗരവത്തോടും കൂടി ഏറ്റവും ഉയർന്ന മുൻഗണന നൽകി നാം പ്രവർത്തിക്കേണ്ടതുണ്ട്. ലഹരിക്ക് അടിമപ്പെട്ട ഏതെങ്കിലും ഒരു യുവാവിൻ്റെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒരിക്കലെങ്കിലും നേരില്‍ കാണുന്നതുവരെ ഈ പോരാട്ടത്തിൻ്റെ തീവ്രത ആര്‍ക്കും പൂർണമായി ഉൾക്കൊള്ളാനാകില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കരഞ്ഞുതളരുന്ന ഒരമ്മയും ഇളയ സഹോദരിയും പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി ഒടുവിൽ മാതാപിതാക്കള്‍ നോക്കിനില്‍ക്കെ മരണത്തിലേക്ക് പതുക്കെ നീങ്ങുന്ന മിടുക്കനായ മകനും — ഇതിനേക്കാൾ വലിയൊരു ദുഃഖം മറ്റാര്‍ക്കുമുണ്ടാകാനില്ല. രാജ്യത്തെ സംബന്ധിച്ച് ഇത്തരം സംഭവങ്ങള്‍ ഒരു ദേശീയ നഷ്ടം കൂടിയാണ്. വരുംകാലങ്ങളിൽ ഇന്ത്യയുടെ വികസനത്തിന് മുതൽക്കൂട്ടാകേണ്ടിയിരുന്ന മിടുക്കനായ ഒരു കുട്ടിയുടെ ജീവിതമാണ് പാതിവഴിയിൽ പൊലിഞ്ഞുപോകുന്നത്. ഇതിനേക്കാൾ വലിയൊരു നഷ്ടം നമുക്കും രാജ്യത്തിനും ഉണ്ടാകാനില്ലെന്ന് അദ്ദേഹം വൈകാരികമായി ഓർമിപ്പിച്ചു.

വ്യക്തമായ കാഴ്ചപ്പാടോടെയാകണം ലഹരിക്കെതിരായ  പോരാട്ടം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന മേഖലകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണം,  കുറ്റാന്വേഷണം, സാമ്പത്തിക നടപടികൾ, കോടതിവ്യവഹാരം എന്നിവയെ ഒരൊറ്റ ദിശയിൽ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് സംസ്ഥാന തലത്തിലും രൂപരേഖ തയ്യാറാക്കി. മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനയുടെ ആദ്യ സമ്മേളനത്തിൽ  സ്ഥാപനപരമായ സംവിധാനം രൂപീകരിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു. രണ്ടാം സമ്മേളനത്തിൽ ആ സംവിധാനത്തെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ശേഷി, നടപടികൾ, നിർവഹണം എന്നിവ ചർച്ച ചെയ്തു. മൂന്നാമത് സമ്മേളനം ഈ രൂപരേഖയെ  നിർണായക പോരാട്ടമാക്കി മാറ്റുമെന്ന് ശ്രീ ഷാ വ്യക്തമാക്കി.

 

ഇതുവരെ ചെയ്ത കാര്യങ്ങൾകൊണ്ട് മാത്രം ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. ഓരോ സ്കൂളിലെയും പ്രധാനാധ്യാപകൻ, ഗ്രാമത്തിലെ വില്ലേജ് ഓഫീസർ, പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ, സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി വരെ ഒരൊറ്റ ലക്ഷ്യത്തോടെ ഒരേ ദിശയിൽ പ്രവർത്തിച്ചാൽ മാത്രമേ പൂർണ വിജയം നേടാനാകൂ. കൃത്യമായ ലക്ഷ്യം, സമയപരിധി, ഉത്തരവാദിത്തം എന്നിവ നിശ്ചയിച്ച് സമ്പൂർണ വിജയത്തിലേക്ക് മുന്നേറാൻ തീരുമാനിച്ചതിനാല്‍ ഈ സമ്മേളനം ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

 

യോഗങ്ങളില്‍നിന്ന് ദൗത്യത്തിലേക്കും റിപ്പോർട്ടിങില്‍നിന്ന്  ഫലപ്രാപ്തിയിലേക്കും ലഹരിവസ്തുക്കള്‍ പിടികൂടുന്നതില്‍ നിന്ന് ലഹരി മാഫിയ ശൃംഖലകളെ വേരോടെ തകർക്കുന്നതിലേക്കും  കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ശിക്ഷ ഉറപ്പാക്കുന്നതിലേക്കും  നാം മാറേണ്ടതുണ്ട്. സംസ്ഥാന ഗവണ്മെൻ്റുകളുടെയും കേന്ദ്ര ഗവണ്മെൻ്റിൻ്റെയും മുഴുവൻ വകുപ്പുകളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

 

2047 ഓഗസ്റ്റ് 15-ഓടെ എല്ലാ മേഖലകളിലും ആഗോളതലത്തിൽ ഇന്ത്യ ഒന്നാമതെത്തുന്ന 'വികസിത ഇന്ത്യ' കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് 140 കോടി ജനങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെച്ചിരിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ, ലഹരിക്ക് അടിമപ്പെട്ട് ശോഷിച്ചുപോയ യുവശക്തിയെയോ ഭാവി തലമുറയെയോ മുൻനിർത്തി ഈ ലക്ഷ്യം കൈവരിക്കാന്‍  നമുക്കാവില്ല. ലോകത്ത് ഏറ്റവുമധികം യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ; അതിനാൽ ആഗോളതലത്തില്‍ ഈ ഭീഷണി ഏറ്റവുമധികം നേരിടേണ്ടി വരുന്നതും നാം തന്നെയാണ്. യുവജനങ്ങളുടെ ആരോഗ്യം, നൈപുണ്യം, അധ്വാനം, ചിന്താശേഷി എന്നിവയ്ക്ക് മാത്രമേ രാജ്യത്തെ മഹത്തായ ലക്ഷ്യത്തിലേക്ക് നയിക്കാൻ സാധിക്കൂ. എന്നാൽ ലഹരിവസ്തുക്കൾ ഈ നാല് ശേഷികളെയും പൂർണമായി തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

 

രാസലഹരി പദാര്‍ത്ഥങ്ങള്‍, പ്രിക്കർസർ രാസവസ്തുക്കളുടെ ദുരുപയോഗം, പുതിയ ആശയവിനിമയ സാങ്കേതികവിദ്യകൾ, ഡാർക്ക്-നെറ്റ്, മയക്കുമരുന്ന് വിപണികൾ, ക്രിപ്റ്റോ, ഡെഡ്-ഡ്രോപ്പ് ഡെലിവറി സംവിധാനങ്ങൾ, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലകൾ തുടങ്ങിയ പുതിയ വെല്ലുവിളികളെ നേരിടാൻ ഓരോ സംസ്ഥാനത്തും പരമ്പരാഗത രീതികൾക്ക് പുറത്ത് ചിന്തിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു സംസ്ഥാനം കൈവരിക്കുന്ന ഇത്തരം വിജയങ്ങൾ രാജ്യമൊട്ടാകെ പങ്കുവെക്കുകയും നടപ്പാക്കുകയും വേണം.

 

നിയമ നിർവഹണവും രഹസ്യാന്വേഷണവും ദൗത്യങ്ങളും, പ്രിക്കർസർ-രാസലഹരി വസ്തുക്കളുടെ നിയന്ത്രണം, ആവശ്യകതയും ദോഷങ്ങളും കുറയ്ക്കൽ, ശേഷി വർധനയും ഏകോപനവും എന്നിങ്ങനെ നാല് സ്തംഭങ്ങളിലാണ് വിഷൻ ഡോക്യുമെൻ്റ് 2026–2029 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി. ഈ നാല് സ്തംഭങ്ങളിലായി നൂറിലധികം നിർദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മാര്‍ഗരേഖയില്‍ വിഭാവനം ചെയ്ത ഒരു ലക്ഷം 'നശാമുക്ത് മിത്ര'ങ്ങളെ രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾ ചേർന്ന് ഇതിനകം 46,780 പേരെ രജിസ്റ്റർ ചെയ്യുകയും അവർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് വരുംദിവസങ്ങളിൽ നശാമുക്ത് മിത്രങ്ങൾ രാജ്യത്തെ 10 ലക്ഷം സ്കൂളുകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് യുവജനങ്ങൾക്ക് ജാഗ്രതാ സന്ദേശങ്ങള്‍ നൽകുകയും കലാലയ മേധാവികളെ ബോധവൽക്കരിക്കുകയും ചെയ്യും.

 

രൂപരേഖയെ ഫലപ്രാപ്തിയിലെത്തിക്കുന്നതിനെക്കുറിച്ചാണ് നാം ചർച്ച ചെയ്യുന്നതെന്നും രണ്ട് ദിവസത്തെ ചര്‍ച്ചകളുടെ ഏറ്റവും നിർണായക ഘടകം സഹാനുഭൂതിയാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ലഹരിവിരുദ്ധ ദൗത്യസേനയെ ഒരു 'ആൻ്റി-നാർക്കോ മിഷൻ കമാൻഡ്' ആയി മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മനുഷ്യവിഭവശേഷി, സാങ്കേതികവിദ്യ, ബജറ്റ്, മറ്റ് വിഭവങ്ങൾ എന്നിവയുടെ കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ പുതിയൊരു സമീപനം സ്വീകരിക്കേണ്ടതുണ്ട്. ശേഷി വർധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കും ഫൊറൻസിക് പരിശോധനകൾക്കും കേന്ദ്ര ഗവണ്മെൻ്റ് വലിയ പ്രാധാന്യമാണ് നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 

കേവലം പിടിച്ചെടുക്കൽ കേന്ദ്രീകൃത സമീപനത്തിന് പകരം മുഴുവൻ ലഹരി ശൃംഖലകളെയും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാം മുന്നോട്ട് പോകേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി വ്യക്തമാക്കി. ഉറവിടത്തിലേക്കും തുടർച്ചയിലേക്കുമുള്ള അന്വേഷണങ്ങൾക്കൊപ്പം സാമ്പത്തിക അന്വേഷണത്തിനും ഡിജിറ്റൽ കണ്ണികൾ കണ്ടെത്തുന്നതിനും മുൻഗണന നല്‍കണം. മയക്കുമരുന്ന് മാഫിയകൾ സമ്പാദിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ക്കുനേരെ തന്നെയാകണം പ്രഹരം. രാജ്യത്തേക്കുള്ള പ്രവേശന വഴികള്‍, അന്തർസംസ്ഥാന വിതരണ ശൃംഖല, ജില്ലകൾക്കകത്തെ പ്രാദേശിക വിൽപ്പന ശൃംഖല എന്നിങ്ങനെ പ്രധാനമായും മൂന്ന് തലങ്ങളിലാകണം ലഹരി സംഘങ്ങളെ ലക്ഷ്യമിടേണ്ടത്. കൂടാതെ മയക്കുമരുന്ന് ഉല്പാദിപ്പിക്കുകയോ രാജ്യത്തേക്ക് കടത്തുകയോ ചെയ്യുന്നവ, കടത്തുപാതകളായി പ്രവർത്തിക്കുന്നവ, ഉപഭോഗം നടക്കുന്നവ എന്നിങ്ങനെ ജില്ലകളെ മൂന്ന് ക്ലസ്റ്ററുകളായി തിരിക്കും.  

 

PITNDPS നിയമത്തിൻ്റെ ഉപയോഗം വർധിപ്പിക്കേണ്ടത് രാജ്യത്ത് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.  പബ്ലിക് പ്രോസിക്യൂട്ടർമാരുമായി ഏകോപിപ്പിച്ച് അന്വേഷണം മുതൽ ശിക്ഷ ഉറപ്പാക്കുന്നത് വരെ സമ്പൂർണ രൂപരേഖ തയ്യാറാക്കണം. ഇന്ത്യയിലുള്ള വിദേശികളായ പ്രതികളെ നാടുകടത്താനും അവർ പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരികെ പ്രവേശിക്കാതിരിക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും പ്രത്യേക പ്രചാരണം ആരംഭിക്കണം. കൂടാതെ, വിദേശത്തുനിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പിടികിട്ടാപ്പുള്ളികളെ പിടികൂടി ഇന്ത്യൻ കോടതികൾക്ക് മുന്നിൽ ഹാജരാക്കണം. അതിർത്തികളിലും ഉല്പാദന കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കണം. ലഭിക്കുന്ന വിവരങ്ങളെ നടപടികള്‍ സ്വീകരിക്കാനാവശ്യമായ രഹസ്യവിവരങ്ങളാക്കി മാറ്റുന്ന മുഴുവൻ പ്രക്രിയയും ഓരോ മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനയും സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനവുമായി സംയോജിപ്പിക്കണം.  ലഹരിക്കെതിരായ പോരാട്ടത്തിൽ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും ശ്രീ ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

'സമഗ്ര ഭരണ സമീപന’ത്തിന് കീഴില്‍ അടുത്ത മൂന്ന് വർഷത്തിനകം രാജ്യത്തുടനീളം മയക്കുമരുന്ന് കടത്തിനെ ഫലപ്രദമായി നേരിടുന്നതിന് പുതിയ നിശ്ചയദാര്‍ഢ്യത്തോടെ  മുന്നോട്ടുപോകാൻ സംസ്ഥാനങ്ങൾക്കും വകുപ്പുകൾക്കും ഏജൻസികൾക്കും ഈ ദേശീയ സമ്മേളനം സഹായകരമാകും.

സമ്മേളനത്തിൽ നടന്ന ചർച്ചകൾ മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാനും രാജ്യത്തെ യുവജനങ്ങളെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും. മയക്കുമരുന്ന് ദുരുപയോഗം തടയാനും 'നശാ മുക്ത് ഭാരത്' പ്രതിജ്ഞ പൂർത്തീകരിക്കാനും എൻ.സി.ബിയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനകളും തമ്മില്‍ ഭാവിസജ്ജമായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഈ ദേശീയ സമ്മേളനം ശക്തമായ അടിത്തറ പാകും.  

***


( റിലീസ് ഐ.ഡി: 2313654) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Urdu , English , Marathi , हिन्दी , Gujarati , Odia , Tamil , Kannada