ധനകാര്യ മന്ത്രാലയം
വ്യക്തിഗത ഇടപാടുകൾക്കും 96% വ്യാപാരി ഇടപാടുകൾക്കും യുപിഐ സൗജന്യമായി തുടരും
പോസ്റ്റഡ് ഓണ്‍:
15 SEP 2026 6:45PM by PIB Thiruvananthpuram
പുതുതായി നടപ്പാക്കിയ യുപിഐ ചട്ടക്കൂട് വ്യക്തികൾ തമ്മിലെ പണമിടപാടുകളെ ഒരു തരത്തിലും ബാധിക്കില്ല. തുക എത്രയാണെങ്കിലും വ്യക്തികൾ തമ്മിലെ എല്ലാ യുപിഐ ഇടപാടുകളും പൂർണമായി സൗജന്യമായി തുടരും.
ചെറുകിട വ്യാപാരികളുടെ 'സീറോ എംഡിആർ' പരിധിയിൽ വരുന്ന ഇടപാടുകൾക്കൊപ്പം വ്യാപാരികളുമായി നടത്തുന്ന 2,000 രൂപ വരെയുള്ള പണമിടപാടുകളും സൗജന്യമായിരിക്കും. ഇതിൻ്റെ ഫലമായി വ്യാപാരികളുമായി നടത്തുന്ന ആകെ ഇടപാടുകളിൽ ഏകദേശം 96 ശതമാനത്തെയും എംഡിആര്‍ (മെര്‍ച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ്) നിരക്കുകള്‍ ബാധിക്കില്ല. 2,000 രൂപയ്ക്ക് മുകളിലെ നിശ്ചിത വ്യാപാരി ഇടപാടുകൾക്ക് മാത്രമാണ് എംഡിആർ ബാധകമാവുക.
എംഡിആര്‍ എന്നത് ഗവണ്‍മെൻ്റോ നാഷണല്‍ പെയ്മെൻ്റ്സ് കോര്‍പ്പറേഷനോ ഈടാക്കുന്ന നികുതിയോ ഫീസോ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപിഐ സംവിധാനത്തിൻ്റെ പ്രവർത്തനത്തെയും തുടർച്ചയായ വിപുലീകരണത്തെയും പിന്തുണയ്ക്കുന്നതിന് ബാങ്കുകളും ഓണ്‍ലൈന്‍ പണമിടപാട് സേവനദാതാക്കളും ഉൾപ്പെടുന്ന പണമിടപാട് ശൃംഖലയിലെ പങ്കാളികൾക്കിടയിലാണ് ഇത് വീതിക്കുന്നത്.
യുപിഐ ഉന്നതാധികാര സമിതിയുടെ വിശദമായ ചർച്ചകൾക്ക് ശേഷം 2007-ലെ പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് നിയമപ്രകാരമാണ് ഈ ചട്ടക്കൂട് നടപ്പാക്കിയത്. വ്യക്തികളെയും ചെറുകിട വ്യാപാരികളെയും അധിക ബാധ്യതകളിൽ നിന്ന് സംരക്ഷിച്ച് യുപിഐയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
സൗജന്യമായി തുടരുന്നവ:
-
വ്യക്തികൾ തമ്മിലെ എല്ലാ ഇടപാടുകളും: കൈമാറുന്ന തുക എത്രയായാലും വ്യക്തികൾ തമ്മിലെ എല്ലാ യുപിഐ ഇടപാടുകളും പൂർണമായും സൗജന്യമായിരിക്കും. യുപിഐ വഴി പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ വ്യക്തികളിൽ നിന്ന് തുക കൈമാറ്റ നിരക്കോ പ്ലാറ്റ്‌ഫോം ഫീസോ മറ്റ് ചാർജുകളോ ഈടാക്കാൻ പാടില്ല. അതിനാൽ ആകെ ഇടപാട് മൂല്യത്തിൻ്റെ 70% വരുന്ന യുപിഐ ഇടപാടുകൾ എംഡിആർ പരിധിക്ക് പൂർണമായി പുറത്തായിരിക്കും.
-
2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾ: ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപ വരെയുള്ള ഇടപാടുകൾക്കൊന്നും എംഡിആർ ഉണ്ടായിരിക്കില്ല. യുപിഐ വഴി ഇത്തരം പണമിടപാടുകള്‍ നടത്തുമ്പോൾ ഉപഭോക്താക്കൾ യാതൊരു ഫീസും നൽകേണ്ടതില്ല.
-
ചെറുകിട വ്യാപാരികൾ സ്വീകരിക്കുന്ന പണമിടപാടുകള്‍: P2PM വിഭാഗത്തിൽ യുപിഐ ക്യുആർ കോഡുകൾ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ സ്വീകരിക്കുന്ന വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ചെറുകിട വ്യാപാരികൾക്ക് എല്ലാ ഇടപാടുകൾക്കും തുടർന്നും 'സീറോ എംഡിആർ' ആനുകൂല്യം ലഭിക്കും. ഈ വ്യവസ്ഥ വഴിയോരക്കച്ചവടക്കാർ, പ്രാദേശിക കടകൾ, മറ്റ് ചെറുകിട വ്യാപാരികള്‍ എന്നിവരെ അധിക സാമ്പത്തിക ബാധ്യതയിൽ നിന്ന് സംരക്ഷിക്കും.
എംഡിആർ ബാധകമാകുന്നവ:
-
2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾ: 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് 0.4% നാമമാത്രമായ എംഡിആർ ബാധകമാകും. ഈ തുക ബാങ്കുകൾ, പണമിടപാട് സേവനദാതാക്കള്‍, യുപിഐ ആപ്പ് സേവന ദാതാക്കള്‍ എന്നിവർക്കിടയിൽ പങ്കിടും. 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന ഇടപാടുകൾക്ക് ഒരു ഇടപാടിന് പരമാവധി 300 രൂപയായിരിക്കും എംഡിആർ നിരക്ക്.
-
അവശ്യ സേവന മേഖലകളിലെ ഇടപാടുകൾ: റെയിൽവേ, ടെലികമ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉല്പാദനോപാധികൾ എന്നിവയടക്കം ലാഭവിഹിതം കുറഞ്ഞ അവശ്യ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളില്‍ ഒരു ഇടപാടിന് 5 രൂപ എന്ന നിശ്ചിത നിരക്കില്‍ ഫ്ലാറ്റ് എംഡിആർ ബാധകമാകും. സുപ്രധാന പൊതുസേവനങ്ങൾക്കും കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികള്‍ക്കും ചെലവുകള്‍ മുന്‍കൂട്ടി നിര്‍ണയിക്കാന്‍ ഈ നിശ്ചിത ചാർജ് സഹായിക്കും.
-
ഓഹരി വിപണി ഇടപാടുകൾ: മ്യൂച്വൽ ഫണ്ടുകൾ, കടപ്പത്രങ്ങളും ഓഹരികളും, സ്റ്റോക്ക് ബ്രോക്കർമാർ, ഡീലർമാർ എന്നിവരുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് 0.02% എംഡിആർ (പരമാവധി 300 രൂപ വരെ) ബാധകമാകും. ഔദ്യോഗിക സാമ്പത്തിക വിപണികളിൽ ചെറുകിട നിക്ഷേപകരുടെ തുടർച്ചയായ പങ്കാളിത്തം പിന്തുണയ്ക്കുന്നതിനാണ് ഈ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്താക്കൾ എംഡിആർ നൽകേണ്ടതില്ല:
-
വ്യാപാരി പണമിടപാട് സംവിധാനത്തിലെ ഒരു നിരക്കാണ് എംഡിആർ. ഇത് യുപിഐ പണമിടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ബാധകമായ നിരക്കല്ല.
-
വ്യാപാരികൾ എംഡിആർ നിരക്കുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഫീസോ മറ്റ് മറഞ്ഞിരിക്കുന്ന ചാർജുകളോ ചുമത്തുന്നതിൽ നിന്ന് യുപിഐ അപ്ലിക്കേഷൻ സേവന ദാതാക്കളെ കർശനമായി വിലക്കിയിട്ടുണ്ട്.
-
പ്രതിമാസ പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ വ്യക്തികൾക്ക് പരിധിയില്ലാത്ത സൗജന്യ ഉപയോഗം തുടർന്നും ലഭ്യമാകും.
-
ഇടപാട് വിഭാഗത്തെ ആശ്രയിച്ച് ബാങ്കുകളും നാഷണല്‍ പെയ്മെൻ്റ്സ് കോര്‍പ്പറേഷനും നിശ്ചയിച്ചിരിക്കുന്ന ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ സാധാരണ പ്രതിദിന ഇടപാട് പരിധികൾ സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്; അവ ഫീസ് ഈടാക്കുന്നതിനുള്ള പരിധികളല്ല.
ഭൂരിഭാഗം വ്യാപാരി ഇടപാടുകളെയും ബാധിക്കില്ല:
-
ഏകദേശം 4% വ്യാപാരി ഇടപാടുകൾക്ക് മാത്രമേ എംഡിആർ ബാധകമാകൂ എന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
-
ഏകദേശം 96% വ്യാപാരി ഇടപാടുകളെയും എംഡിആര്‍ നിരക്കുകള്‍ ബാധിക്കില്ലെന്നാണ് ഇതിനർത്ഥം. കാരണം അവ 2,000 രൂപ പരിധിക്ക് താഴെയോ ചെറുകിട വ്യാപാരികളുടെ 'സീറോ-എംഡിആർ' പരിധിയിലോ വരുന്നതാണ്.
-
വന്‍കിട വ്യാപാരി ഇടപാടുകളിൽ പരിമിതമായ നിരക്ക് ഏർപ്പെടുത്തുമ്പോൾ തന്നെ വ്യക്തികളെയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെയും സംരക്ഷിക്കാൻ ഈ ചട്ടക്കൂടിന് സാധിക്കുന്നു.
ചെറുകിട വ്യാപാരികൾക്കുള്ള പിന്തുണ:
-
ചെറുകിട വ്യാപാരികൾക്കിടയിൽ യുപിഐ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കും. ആകെ എംഡിആർ വരുമാനത്തിൻ്റെ 5% തുക ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യും.
-
വിശാലമായ യുപിഐ സ്വീകാര്യത, സുസ്ഥിരമായ ഉപയോഗം, ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് ശൃംഖലയിൽ ചെറുകിട വ്യാപാര സംരംഭങ്ങളെ ഉൾപ്പെടുത്തൽ എന്നിവയ്ക്ക് ഈ തുക പിന്തുണയേകും.
യുപിഐയുടെ തുടർച്ചയായ വളർച്ച ഉറപ്പാക്കൽ:
ബാധകമായ നിരക്കുകൾ, പ്രവർത്തന ക്രമീകരണങ്ങൾ, ഉപഭോക്തൃ സുരക്ഷ എന്നിവയെക്കുറിച്ച് യുപിഐ ഉന്നതാധികാര സമിതി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് 2007-ലെ പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ പ്രകാരം ഈ ചട്ടക്കൂട് കൊണ്ടുവന്നത്.
വ്യക്തികൾക്ക് പണമിടപാടുകള്‍ സൗജന്യമായി നിലനിർത്തുന്നതിനൊപ്പം ചെറുകിട വ്യാപാരികളെ സംരക്ഷിച്ച് യുപിഐയുടെ ദീർഘകാല സുസ്ഥിരത ശക്തിപ്പെടുത്താനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
വന്‍കിട വ്യാപാരി ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രാമീണ, അർധ-നഗര മേഖലകൾ ഉൾപ്പെടെ പ്രദേശങ്ങളിൽ ഓണ്‍ലൈന്‍ പണമിടപാടുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കാനും മെച്ചപ്പെടുത്താനും ബാങ്കുകളെയും പണമിടപാട് സേവന ദാതാക്കളെയും യുപിഐ ആപ്പ് സേവനദാതാക്കളെയും സഹായിക്കും.
സുസ്ഥിര വരുമാനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിയ ധനകാര്യ സ്ഥിരം സമിതിയുടെ 32-ാമത് റിപ്പോർട്ടിലെ ശിപാർശകൾക്കനുസൃതമാണ് ഈ ചട്ടക്കൂട്.
***
( റിലീസ് ഐ.ഡി: 2310678)
സന്ദര്‍ശക കൗണ്ടര്‍ : 12