ഗ്രാമീണ വികസന മന്ത്രാലയം
ഗ്രാമീണ ഇന്ത്യയുടെ വീട്ടുപടിക്കൽ പെൻഷൻ സുരക്ഷ എത്തിക്കാൻ 'പെൻഷൻ സഖിമാർ'
പോസ്റ്റഡ് ഓണ്‍:
15 SEP 2026 8:54AM by PIB Thiruvananthpuram
ഗ്രാമീണമേഖലയിലെ വീടുകളിൽ പെൻഷൻ അവബോധവും വിരമിക്കൽ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള വലിയൊരു ചുവടുവെയ്പ്പായി, ഗ്രാമവികസന വകുപ്പും (DoRD) പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും (PFRDA) ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗ്രാമീണ ഇന്ത്യയിലുടനീളം 'പെൻഷൻ സഖിമാരുടെ' പങ്കാളിത്തത്തോടെയുള്ള ഒരു സാമൂഹ്യ അധിഷ്ഠിത സേവന ശൃംഖല രൂപീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് ഈ കരാർ. ഗ്രാമവികസന വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കൻസാലിൻ്റെ സാന്നിധ്യത്തിൽ, ഗ്രാമവികസന വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ അമിത് ശുക്ലയും പി.എഫ്.ആർ.ഡി.എ. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി സുമീത് കൗർ കപൂറുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന് (DAY-NRLM) കീഴിൽ രൂപീകരിച്ച ബാങ്കിംഗ് കറസ്‌പോണ്ടൻ്റ് (BC) സഖിമാർ, മറ്റ് പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി റിസോഴ്‌സ് വ്യക്തികൾ എന്നിവരടങ്ങുന്ന വിപുലമായ ശൃംഖലയെ പ്രയോജനപ്പെടുത്തി പെൻഷൻ അവബോധം, സാമ്പത്തിക സാക്ഷരത, അംഗത്വം , അംഗത്വ സേവനങ്ങൾ എന്നിവ ഗ്രാമീണ കുടുംബങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഔദ്യോഗിക രീതിയിൽ സാമ്പത്തിക ഉപദേശങ്ങളോ വിരമിക്കൽ ആസൂത്രണ സേവനങ്ങളോ ലഭ്യമാകാത്ത ഗ്രാമീണ കുടുംബങ്ങളിലേക്ക് എത്തിച്ചേരുക എന്ന വെല്ലുവിളി നേരിടാൻ വനിതാ സ്വയംസഹായ സംഘങ്ങളുടെ (SHG) ശക്തമായ അടിത്തറയാണ് ഈ സംരംഭം പ്രയോജനപ്പെടുത്തുന്നത്. ഈ പങ്കാളിത്തത്തിന് കീഴിൽ, പെൻഷൻ സഖിമാർ വിശ്വസ്തരായ പ്രാദേശിക സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കും. പ്രത്യേകിച്ച് സ്വയംസഹായ സംഘാംഗങ്ങൾ, ഗ്രാമീണ സ്ത്രീകൾ, ലഖ്പതി ദീദിമാർ, മറ്റ് ഗ്രാമീണ പങ്കാളികൾ എന്നിവരിലേക്ക് ഇവർ സേവനങ്ങളെത്തിക്കും. പെൻഷൻ, വിരമിക്കൽ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി കുടുംബങ്ങളെ സഹായിക്കുക, അംഗത്വം എളുപ്പമാക്കുക, പെൻഷൻ സംബന്ധമായ സേവനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ.
ചടങ്ങിൽ സംസാരിച്ച ഗ്രാമവികസന വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കൻസാൽ, സ്വയംസഹായ സംഘ പ്രസ്ഥാനത്തിൽ പങ്കാളികളാകുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് പ്രത്യേക തരത്തിലുള്ള സമ്പാദ്യ ശീലങ്ങളും ഉപജീവന രീതികളും സാമ്പത്തിക പ്രതിസന്ധി സാധ്യതകളുമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ സുസ്ഥിരമായ സമൃദ്ധി എന്ന വലിയ ലക്ഷ്യത്തിൻ്റെ സുപ്രധാന ഭാഗമായി സാമൂഹിക സുരക്ഷ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
"സാമൂഹിക സുരക്ഷ എന്നത് പ്രതിസന്ധിയിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല; അത് സുസ്ഥിര സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് കുടുംബങ്ങൾക്ക് ആത്മവിശ്വാസവും ശേഷിയും നൽകുന്ന മാർഗം കൂടിയാണ്," എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പെൻഷൻ അവബോധവും സാമ്പത്തിക സാക്ഷരതയും സുതാര്യതയിലും സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ശ്രീ കൻസാൽ എടുത്തുപറഞ്ഞു. ഗ്രാമീണ ജനങ്ങൾക്ക് വ്യക്തവും സുതാര്യവുമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു; എങ്കിൽ മാത്രമേ ദീർഘകാല സാമ്പത്തിക ഭദ്രതയെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിക്കൂ.
ആയുർദൈർഘ്യം വർദ്ധിക്കുന്നതിൻ്റെയും ജനസംഖ്യാപരമായ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വിരമിക്കൽ ആസൂത്രണത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി മമത ശങ്കർ എടുത്തുപറഞ്ഞു. ഈ പങ്കാളിത്തം, ഔപചാരിക പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറത്തുള്ള ഗ്രാമീണ കുടുംബങ്ങൾക്കിടയിൽ നാഷണൽ പെൻഷൻ സിസ്റ്റം (NPS) ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ച് അവബോധവും അവയുടെ സ്വീകാര്യതയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ സഹകരണം, വകുപ്പിൻ്റെ സ്വന്തം LoKoS സംവിധാനം ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ, മൊബൈൽ-വെബ് അധിഷ്ഠിത പരിഹാരങ്ങൾ എന്നിവയിലൂടെ പങ്കാളിത്ത സ്ഥാപനങ്ങൾക്ക് പെൻഷൻ സംബന്ധിച്ച പുരോഗതി നിരീക്ഷിക്കാനും സേവന ലഭ്യതയിലെ വിടവുകൾ കണ്ടെത്താൻ സഹായിക്കുകയും എൻറോൾമെൻ്റും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് കൂടുതൽ ശക്തമാക്കുകയും ചെയ്യും. സാമൂഹ്യ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിരീക്ഷണത്തിനും സേവന വിതരണത്തിനുമുള്ള അനുയോജ്യമായ ഡിജിറ്റൽ സംവിധാനങ്ങളുടെ പിന്തുണയുണ്ടായിരിക്കും.
പെൻഷൻ ചട്ടങ്ങളിലും വിരമിക്കൽ -സുരക്ഷ സംവിധാനങ്ങളിലുമുള്ള PFRDA-യുടെ വൈദഗ്ധ്യo, വനിതാ കൂട്ടായ്മകളിലൂടെയും പരിശീലനം ലഭിച്ച അടിസ്ഥാന കേഡറുകളിലൂടെയുമുള്ള DAY-NRLM- ൻ്റെ സമാനതകളില്ലാത്ത സാമൂഹ്യ ബന്ധo എന്നീ രണ്ട് പരസ്പര പൂരക ശക്തികളെ ഈ ധാരണാപത്രം ഒരുമിച്ചു കൊണ്ടുവരുന്നു. ഈ സ്ഥാപനപരമായ ബന്ധത്തെ ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള സുസ്ഥിരമായ പെൻഷൻ അവബോധമായും അംഗത്വ ശ്രമമായും മാറ്റാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ സംരംഭം മിഷൻ്റെ സാമൂഹ്യ കേഡറുകളുടെ പങ്കിൽ പ്രധാനപ്പെട്ട ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു—ബാങ്കിംഗ്, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിൽ നിന്ന്, ദീർഘകാല സാമ്പത്തിക ഭദ്രതയും അതിജീവനശേഷിയും കെട്ടിപ്പടുക്കാൻ -ഗ്രാമീണ കുടുംബങ്ങളെ സഹായിക്കുന്നതിലേക്ക് ഇത് മാറുന്നു.
ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങൾ ഔപചാരിക സാമ്പത്തിക സംവിധാനങ്ങളിൽ കൂടുതലായി പങ്കാളികളാകുന്നുണ്ട്, എന്നാൽ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നത് കൊണ്ട് മാത്രം അനുയോജ്യമായ രീതിയിലുള്ള വിരമിക്കൽ ആസൂത്രണ പദ്ധതി സ്വയം ഉണ്ടാകണമെന്നില്ല. കൃഷി, ഔപചാരികമല്ലാത്ത തൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവയെ ആശ്രയിക്കുന്ന പല കുടുംബങ്ങൾക്കും വരുമാനം ക്രമരഹിതവും സാമ്പത്തിക പ്രതിസന്ധികളാൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളതുമാണ്. അതിനാൽ അവബോധം വളർത്തുന്നതും നേരത്തെയുള്ള, കൃത്യമായ പെൻഷൻ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും കുടുംബത്തിൻ്റെ സാമ്പത്തിക അതിജീവനശേഷിയുടെ ഒരു പ്രധാന ഘടകമായി മാറും. അതിനാൽ ഈ സംരംഭം ഗ്രാമീണ സാമ്പത്തിക ഉൾക്കൊള്ളൽ അജണ്ടയിൽ ഒരു വിശാലമായ മാറ്റത്തിന് സംഭാവന നൽകും—സാമ്പത്തിക സേവന ലഭ്യതയിൽ നിന്ന് അറിവോടെയുള്ള പങ്കാളിത്തത്തിലേക്കും, ദീർഘകാല സമ്പാദ്യത്തിലേക്കും, സാമ്പത്തിക അതിജീവനശേഷിയിലേക്കും ഇത് നയിക്കും.

2026 സെപ്റ്റംബർ 14-ന് ഗ്രാമവികസന വകുപ്പും PFRDA-യും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു.
****
( റിലീസ് ഐ.ഡി: 2310433)
സന്ദര്‍ശക കൗണ്ടര്‍ : 11