ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ മുംബൈയില്‍ 'ഹിന്ദി ദിവസ് 2026' ആഘോഷങ്ങളിലും 'ആറാം അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളന'ത്തിലും മുഖ്യാതിഥിയായി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
14 SEP 2026 5:19PM by PIB Thiruvananthpuram
ഇന്ന് മുംബൈയില്‍ നടന്ന ഹിന്ദി ദിവസ് 2026 ലും ആറാമത് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിലും കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ. അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ശ്രീ. ഏക്‌നാഥ് ഷിന്‍ഡെ, ശ്രീമതി. സുനേത്ര പവാര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ. നിത്യാനന്ദ് റായ്, ശ്രീ. ബന്ദി സഞ്ജയ് കുമാര്‍, ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി ശ്രീമതി. അന്‍ഷുലി ആര്യ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഹിന്ദി ദിവസ്, ഗണേശ ചതുര്‍ത്ഥി എന്നിവയ്ക്ക് ആശംസകള്‍ നേര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, ഇവ രണ്ടും ഒരേ ദിവസം ആഘോഷിക്കുന്നത് 'മണികാഞ്ചന്‍ യോഗ' ആണെന്നും അത് അപൂര്‍വവും ശുഭകരവുമായ യാദൃച്ഛികതയാണെന്നും അഭിപ്രായപ്പെട്ടു. വിഘ്‌നങ്ങള്‍ നീക്കുന്ന ഗണപതി ഭഗവാന്‍ ഇന്ത്യന്‍ ഭാഷകളുടെ വികസനത്തിനുള്ള വഴി തെളിക്കുകയും ആ പാതയിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ലോകമാന്യ ബാലഗംഗാധര തിലകനെ അനുസ്മരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, 1893ല്‍ ബാലഗംഗാധര തിലക് മഹാരാജാണ് മഹാരാഷ്ട്രയില്‍ ഗണേശോത്സവത്തിന്റെ പൊതു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഓര്‍മ്മിപ്പിച്ചു.
ഹിന്ദി വേഡ് പ്രൊസസിംഗ്, ഹിന്ദി ടൈപ്പിംഗ്, ഷോര്‍ട്ട്ഹാന്‍ഡ് എന്നിവയിലെ പരിശീലന പരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ നിര്‍വ്വഹിച്ചു. ചടങ്ങില്‍ രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാരങ്ങളും രാജ്ഭാഷാ ഗൗരവ് പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു 'ഭാരതീയ ജ്ഞാന തന്ത്രം: ഉറവിടവും സ്വരൂപവും', 'ശിവ് അനാദി ഹൈ, അനന്ദ് ഹൈ', 'അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്' .ദേശീയ ഗീതമായ 'വന്ദേമാതര'ത്തെ അധികരിച്ച് ഔദ്യോഗിക ഭാഷാ വകുപ്പ് പുറത്തിറക്കിയ വകുപ്പിന്റെ ജേണലായ 'രാജ്ഭാഷാ ഭാരതി'യുടെ പ്രത്യേക സ്മരണിക ലക്കം, '150 ചാപ്‌റ്റേഴ്‌സ് ഓഫ് വന്ദേമാതരം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

'വന്ദേമാതരം' ഒരു സാധാരണ ഗീതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കടുത്ത കൊളോണിയല്‍ അടിമത്തത്തിന്റെ കാലഘട്ടത്തില്‍ ദേശീയ ബോധത്തെ ഉണര്‍ത്താനുള്ള ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ മഹത്തായ ശ്രമമായിരുന്നു അത്. തന്റെ കവിതയിലൂടെ ഇന്ത്യയുടെ ഉറങ്ങിക്കിടന്ന ബോധത്തെ ഉണര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. 'ആനന്ദമഠം' എന്ന കൃതിയില്‍ അദ്ദേഹം എഴുതിയ 'വന്ദേമാതരം' എന്ന ഗീതം ഉടന്‍ തന്നെ ഇന്ത്യയിലുടനീളം സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറി. 'വന്ദേമാതരം' എന്ന ആഹ്വാനത്തിലൂടെ ബങ്കിം ചന്ദ്ര സ്വാതന്ത്ര്യത്തിനായുള്ള തീവ്രമായ ആഗ്രഹം ഉണര്‍ത്തുക മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക ദേശീയതയ്ക്ക് അടിത്തറയിടുകയും ചെയ്തുവെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയുടെ സമ്പന്നമായ ബഹുഭാഷാ സംസ്‌കാരത്തിന് ആദരമര്‍പ്പിക്കവേ, മറാഠി ഭാഷ ഇവിടെ ഏറെ ആദരിക്കപ്പെടുന്നുണ്ടെന്നും അത് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണെന്നും ശ്രീ. അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മറാഠി ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ആദ്യമായി നല്‍കിയതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊങ്കിണി, ഗുജറാത്തി, സിന്ധി, ഹിന്ദി, കന്നഡ, വാര്‍ലി തുടങ്ങി നിരവധി ഭാഷകള്‍ മഹാരാഷ്ട്രയില്‍ വികസിച്ചുവളര്‍ന്ന് ആദരവ് നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ബഹുഭാഷാ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനം ഒരുക്കിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും അദ്ദേഹം അഭിനന്ദിച്ചു.

2019ലാണ് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനം ഡല്‍ഹിയില്‍ മാത്രം ഒതുക്കാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മാറിമാറി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നടക്കുന്ന ആറാമത്തെ സമ്മേളനമാണിത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2019ന് ശേഷം ഔദ്യോഗിക ഭാഷാ സമിതിയുടെ 4 റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ഇതുവരെ സമര്‍പ്പിച്ച ആകെ 13 റിപ്പോര്‍ട്ടുകളില്‍ നാലെണ്ണം ശ്രീ. മോദി സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി മോദി ആഗോള വേദികളിലും മറ്റ് രാജ്യങ്ങളിലും നടത്തുന്ന പ്രസംഗങ്ങളില്‍ ഔദ്യോഗിക ഭാഷയായ ഹിന്ദിയും മറ്റ് ഭാരതീയ ഭാഷകളും ഉപയോഗിക്കുന്നത് ഓരോ ഭാരതീയനും അഭിമാനമാണ്. വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഔദ്യോഗിക ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി മുന്നിട്ടിറങ്ങി. ഇതോടൊപ്പം അഞ്ച് ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭാഷാ പരിശീലനം നല്‍കി. 5 കോടിയിലധികം വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള 'കാന്തസ്ത് 2.0' പോര്‍ട്ടല്‍ വിദേശികള്‍ക്കായി തുറന്നുകൊടുത്തതായും അദ്ദേഹം വ്യക്തമാക്കി.
നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഭാഷാ പഠന പ്ലാറ്റ്‌ഫോമുകളായ 'ലീല രാജ്ഭാഷ', 'ലീല പ്രവാഹ്' എന്നിവ മികച്ച ഫലങ്ങളാണ് നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പ്രസ്താവിച്ചു. 51,000 വാക്കുകളോടെ ആരംഭിച്ച 'ഹിന്ദി ശബ്ദസിന്ധു' നിഘണ്ടുവില്‍ നിലവില്‍ 8 ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ ഭാഷകളില്‍ നിന്നുള്ള 50,000ത്തിലധികം വാക്കുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തത് ഹിന്ദി ഭാഷയെ കൂടുതല്‍ വഴക്കമുള്ളതും ആനുപാതികവുമാക്കി മാറ്റി. 2029ഓടെ ഇത് ലോകത്തിലെ ഏറ്റവും വലിയ നിഘണ്ടുവായി മാറുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
ഹിന്ദി ഭാഷയില്‍ വാക്കുകളുടെ കുറവുള്ള ഇടങ്ങളില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള വാക്കുകളാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളില്‍ നിന്നെല്ലാം പതിനായിരക്കണക്കിന് വാക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഔദ്യോഗിക ഭാഷാ വകുപ്പ് 'ഭാരതി ബഹുഭാഷി അനുവാദ് സാരഥി' എന്ന സംവിധാനം വികസിപ്പിക്കുകയും 'ഇന്ത്യന്‍ ഭാഷാ വിഭാഗം' ആരംഭിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ഭാരതീയ ഭാഷകളെ ഭരണത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാഷകളാക്കി മാറ്റാനും, സാഹിത്യത്തെ സമ്പന്നമാക്കാനും, ഭാഷകളെ പരസ്പരം ബന്ധിപ്പിച്ച് വലിയൊരു ഭാഷാ ശേഖരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജെ ഇ ഇ, നീറ്റ്, ബിരുദ പ്രവേശന പരീക്ഷകള്‍ തുടങ്ങിയ ദേശീയ തലത്തിലുള്ള മത്സരപരീക്ഷകള്‍ നിലവില്‍ 13 പ്രാദേശിക ഭാഷകളില്‍ നടത്തപ്പെടുന്നുണ്ടെന്നും ശ്രീ. ഷാ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.pib.gov.in/PressReleaseDetail.aspx?PRID=2310119®=48&lang=1
***
( റിലീസ് ഐ.ഡി: 2310284)
സന്ദര്‍ശക കൗണ്ടര്‍ : 10