ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛതാ ഹി സേവ 2026നായുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് കേന്ദ്രമന്ത്രി ശ്രീ. മനോഹര്‍ ലാല്‍ അവലോകനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 10 SEP 2026 6:00PM by PIB Thiruvananthpuram
സ്വച്ഛതാ ഹി സേവ (SHS) 2026നായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ, ഊര്‍ജ്ജ മന്ത്രി ശ്രീ. മനോഹര്‍ ലാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ നഗരവികസന മന്ത്രിമാര്‍, നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സംസ്ഥാന മിഷന്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2026 സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. ശുചിത്വപൂര്‍ണ്ണവും വികസിതവുമായ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ കൂട്ടായ പങ്കാളിത്തത്തിന്റെയും പങ്കിട്ട ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം അടിവരയിടുന്ന 'സ്വച്ഛത മേം സഹഭാഗ്, സ്വച്ഛ് ഭാരത്, വികസിത് ഭാരത്' (ശുചിത്വത്തില്‍ പങ്കാളിത്തം, ശുചിത്വ ഭാരതം, വികസിത ഭാരതം) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

പ്രത്യേകം ലക്ഷ്യമിട്ട ശുചീകരണ യൂണിറ്റുകളുടെയും തിരക്കേറിയ പൊതുസ്ഥലങ്ങളുടെയും സമഗ്ര പരിവര്‍ത്തനം, ശുചിത്വ പാഠശാല-ശുചിത്വത്തിനായി യുവതലമുറ, ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സുരക്ഷാ ആദരവ് ക്യാമ്പുകള്‍, ശുചിത്വത്തിനായുള്ള ജനപങ്കാളിത്തം, വര്‍ത്തുള സമ്പദ്‌വ്യവസ്ഥയ്ക്കും മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ശുചിത്വത്തിലൂടെ സമൃദ്ധിയിലേക്ക് എന്നിവയിലാണ് സ്വച്ഛതാ ഹി സേവ 2026 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
 


 
യോഗത്തില്‍, പ്രചാരണ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളെക്കുറിച്ചും രാജ്യത്തുടനീളം ഏകോപിത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിശദീകരണം നല്‍കി. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രാദേശിക തലത്തില്‍ ഫലപ്രദമായ നിര്‍വ്വഹണം ഉറപ്പാക്കുന്നതിനും പ്രചാരണ കാലയളവില്‍ പ്രകടമായ ശുചിത്വഫലങ്ങള്‍ കൈവരിക്കുന്നതിനും യോഗം ഊന്നല്‍ നല്‍കി. എല്ലാ ഓഫീസ് പരിസരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന വകുപ്പുകള്‍ മുന്‍കൈയെടുക്കണം.

സെപ്റ്റംബര്‍ 17ന് സ്വന്തം വീടുകളില്‍ നിന്ന് തന്നെ സ്വച്ഛതാ ഹി സേവ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ. മനോഹര്‍ ലാല്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. പൊതുജനങ്ങള്‍ സ്വന്തം വീടുകള്‍ സ്വയം വൃത്തിയാക്കണമെന്നും, അതിനുശേഷം വൈകുന്നേരം വീടുകളില്‍ ദീപം തെളിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൃത്തിയുള്ള വീട്, ആരോഗ്യകരമായ കുടുംബം, പോസിറ്റീവ് ഊര്‍ജ്ജം എന്നിവയുടെ പ്രതീകമായും നേടിയെടുത്ത ശുചിത്വം നിലനിര്‍ത്താനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും ഈ ദീപം. ശുചിത്വത്തെ കേവലം ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനമായി മാത്രം കാണാതെ, ജനങ്ങള്‍ നയിക്കുന്ന സുസ്ഥിരമായ ഒരു പ്രതിബദ്ധതയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സേവാ സങ്കല്‍പ്പ് (സേവനത്തിനുള്ള ദൃഢനിശ്ചയം) എന്ന മനോഭാവത്തോടെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ഈ പ്രചാരണ പരിപാടി, അദ്ദേഹത്തിന്റെ സേവന മനോഭാവത്തെയും ദൃഢനിശ്ചയത്തെയും ശുചിത്വ ദൗത്യവുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

മന്‍ കി ബാത്തിലെ പ്രധാനമന്ത്രിയുടെ സന്ദേശം അനുസ്മരിച്ചുകൊണ്ട്, ഒരു പ്രദേശം വൃത്തിയായി സൂക്ഷിക്കുക എന്നത് അവിടുത്തെ ജനങ്ങളുടെ ദൃഢനിശ്ചയമായി മാറുമ്പോള്‍, ആ മാറ്റം കേവലം ശുചിത്വത്തിന് അപ്പുറത്തേക്ക് വളരുകയും ആ പ്രദേശത്തിന്റെ സ്വത്വത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യുമെന്ന് ശ്രീ. മനോഹര്‍ ലാല്‍ പറഞ്ഞു. അതിനാല്‍, ശുചിത്വത്തെ പൗരന്മാരുടെ കൂട്ടായ ദൃഢനിശ്ചയമാക്കി മാറ്റുന്നതിലേക്ക് ശ്രമങ്ങള്‍ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25ന്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും സാമൂഹിക ക്ഷേമത്തിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും  ശുചീകരണ യജ്ഞങ്ങള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പ്രത്യേകിച്ച്, ഒക്ടോബര്‍ 1ന് രാജ്യവ്യാപകമായി നടത്തുന്ന 'ഒരു ദിവസം, ഒരു മണിക്കൂര്‍, ഒരുമിച്ച്' എന്ന  ശ്രമദാന യജ്ഞത്തിന് മുന്നോടിയായി വിപുലമായ പദ്ധതികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കായിക താരങ്ങളെയും യുവജനങ്ങളെയും വലിയ തോതില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ, കായിക വകുപ്പുകള്‍ മുന്‍കൈയെടുക്കണം. ഈ രാജ്യവ്യാപക ശ്രമദാനത്തിന് അതത് പ്രദേശങ്ങളിലും മണ്ഡലങ്ങളിലും മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കാനും വന്‍തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനും എല്ലാ മന്ത്രിമാരോടും എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കമ്മീഷണര്‍മാര്‍, സംസ്ഥാനങ്ങളിലെ പ്രമുഖ വ്യക്തികള്‍ എന്നിവരോടും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ വാര്‍ഡുകള്‍ തമ്മിലും റസിഡന്റ്‌സ്  വെല്‍ഫെയര്‍ അസോസിയേഷനുകള്‍ (RWA) തമ്മിലും ശുചിത്വ മത്സരങ്ങള്‍ സംഘടിപ്പിച്ച് റസിഡന്‍ഷ്യല്‍ സൊസൈറ്റികളെയും ആര്‍.ഡബ്ല്യു.എകളെയും പങ്കാളികളാക്കാനും, പ്രധാനപ്പെട്ട RWA കേന്ദ്രങ്ങളില്‍ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും അദ്ദേഹം എല്ലാ നഗരസഭകളോടും ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 2ലെ സ്വച്ഛ് ഭാരത് ദിനത്തില്‍, മഹാത്മാഗാന്ധിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി നഗര തദ്ദേശ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേക കൗണ്‍സില്‍ യോഗങ്ങളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിക്കും. ഇതിനുപുറമെ, 'ഏക് പേഡ് മാ കേ നാം' സംരംഭത്തിന് കീഴില്‍ വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളും നടക്കും.

ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സുരക്ഷാ, ആദരവ് ക്യാമ്പുകളിലൂടെ അവരുടെ ക്ഷേമവും സുരക്ഷയും അംഗീകാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗം അടിവരയിട്ടു. അര്‍ഹമായ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, പ്രതിരോധ ആരോഗ്യ പരിശോധനകള്‍, സുരക്ഷാ ഉപകരണങ്ങളുടെ വിതരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നതിനായി ഇത്തരം ക്യാമ്പുകള്‍ വര്‍ഷം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 7ന് പ്രത്യേക ശുചിത്വ  പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു.
 
ജനപങ്കാളിത്തം, കായിക പരിപാടികള്‍, ഭക്തിസാന്ദ്രവും ഹൃദയസ്പര്‍ശിയുമായ ഗാനങ്ങള്‍, ശുചിത്വ ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സ്വച്ഛതാ ഹി സേവ 2026നോടനുബന്ധിച്ച് ഫലപ്രദവും നൂതനവുമായ ബോധവല്‍ക്കരണ, ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും, പ്രചാരണ കാലയളവില്‍  ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഈ പ്രചാരണം താഴെത്തട്ടില്‍ പ്രകടമായ ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും രാജ്യത്തെ ഓരോ പൗരന്റെയും പെരുമാറ്റത്തില്‍ ശക്തമായ മാറ്റം കൊണ്ടുവരുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17ന് പ്രചാരണം ഔദ്യോഗികമായി അവസാനിക്കുമെങ്കിലും, ശുചിത്വത്തിന്റെ  ഈ ആവേശം വര്‍ഷം മുഴുവന്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
 

***

 

( റിലീസ് ഐ.ഡി: 2308950) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Odia , Kannada