ഇ-കൊമേഴ്‌സ് മേഖലയില്‍ സുതാര്യവും സന്തുലിതവുമായ നിയന്ത്രണ ചട്ടക്കൂട് ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്തൃ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഭാരത സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യ വകുപ്പ് 'ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങള്‍, 2020' ഭേദഗതി ചെയ്ത് 'ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) (ഭേദഗതി) ചട്ടങ്ങള്‍, 2026' വിജ്ഞാപനം ചെയ്തു.
ബിസിനസ് സുഗമമാക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കൊപ്പം (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്), ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണഭാരം ഏര്‍പ്പെടുത്താതെ ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്തുലിത സമീപനം ഉറപ്പാക്കുകയാണ് ഭേദഗതി ചെയ്ത ചട്ടങ്ങളുടെ ലക്ഷ്യം. ഡിജിറ്റല്‍ വിപണിയില്‍ ഉയര്‍ന്നുവരുന്ന ഉപഭോക്തൃ ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിനും ഈ ചട്ടങ്ങള്‍ പ്രാധാന്യം നല്‍കുന്നു.
ദേശീയ ഉപഭോക്തൃ പരാതി പരിഹാര സംവിധാനവുമായി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ സമന്വയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ (NCH) സംയോജന പ്രക്രിയയില്‍ എല്ലാ ഇകൊമേഴ്‌സ് സ്ഥാപനങ്ങളും നിര്‍ബന്ധമായും പങ്കാളികളാകണമെന്ന് ഭേദഗതി ചെയ്ത ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകളിലൊന്ന് നിഷ്‌കര്‍ഷിക്കുന്നു.
2025ല്‍ NCH-ന് 17,71,622 പരാതികള്‍ ലഭിച്ചു; ഇതില്‍ 5,11,196 എണ്ണം (ഏകദേശം 29 ശതമാനം) ഇകൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ടവയായിരുന്നു.
പ്രധാന ഭേദഗതികള്‍
ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ താഴെപ്പറയുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:
ഉപഭോക്തൃ പരാതികള്‍: പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ പരാതിയുടെ പകര്‍പ്പ് ഓരോ ഇ-കൊമേഴ്‌സ് സ്ഥാപനവും പരാതിക്കാരന് നല്‍കേണ്ടതാണ്.
തിരയല്‍ ഫലങ്ങള്‍: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ, അവരുടെ തിരയല്‍ ആവശ്യകതയുമായി ബന്ധപ്പെട്ട ഫലങ്ങളുടെ പ്രസക്തിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലോ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തിരയല്‍ ഫലങ്ങളില്‍ കൃത്രിമമായ ഇടപെടലുകള്‍ നടത്താന്‍ പാടില്ല.
സ്‌പോണ്‍സര്‍ ചെയ്ത ലിസ്റ്റിങ്ങുകള്‍: സ്‌പോണ്‍സര്‍ ചെയ്ത ലിസ്റ്റിങ്ങുകള്‍ വ്യക്തവും ശ്രദ്ധേയവുമായ അറിയിപ്പുകളിലൂടെ തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണം.
വിലക്കുറവ്: വിലക്കുറവ് പ്രഖ്യാപിക്കുമ്പോള്‍, കുറച്ച വിലയും അതിനുമുമ്പുണ്ടായിരുന്ന വിലയും പ്രദര്‍ശിപ്പിക്കേണ്ടതാണ്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള 30 ദിവസത്തിനുള്ളില്‍ ഉത്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ വിലയാണ് 'മുമ്പത്തെ വില' (prior price) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഡാര്‍ക്ക് പാറ്റേണുകള്‍: ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ 2023ലെ 'ഡാര്‍ക്ക് പാറ്റേണുകള്‍' തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൂടാതെ, വര്‍ഷത്തിലൊരിക്കല്‍ സ്വയം ഓഡിറ്റ് നടത്തി, ചട്ടങ്ങള്‍ പാലിക്കുന്നതായി വ്യക്തമാക്കുന്ന അനുവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന വിധത്തില്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
വില്‍പ്പനക്കാരന്റെയും ഉത്പന്നത്തിന്റെയും വിവരങ്ങള്‍: അവബോധപൂര്‍ണ്ണമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി, മാര്‍ക്കറ്റ്‌പ്ലേസ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗത്തിന് മുമ്പ് ആവശ്യമായ പ്രധാന വിവരങ്ങള്‍ വ്യക്തമായും സമഗ്രമായും നല്‍കണം. ഇതില്‍ റിട്ടേണ്‍, റീഫണ്ട്, വാറന്റി, ഡെലിവറി, പേയ്‌മെന്റ് തുടങ്ങിയ വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്നു.
ഉപഭോക്തൃ വിവരങ്ങള്‍: ഉപഭോക്താവിന്റെ വ്യക്തവും സ്ഥിരീകരിക്കപ്പെട്ടതുമായ സമ്മതം ലഭിക്കാതെ, നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കായി അവരുടെ വ്യക്തിഗത വിവരങ്ങള്‍ മാര്‍ക്കറ്റ്‌പ്ലേസ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ബണ്ടില്‍ഡ് ഫീസ്: ലോയല്‍റ്റി അല്ലെങ്കില്‍ അംഗത്വ പ്രോഗ്രാമുകള്‍ക്ക് ബാധകമായ നിര്‍ദ്ദിഷ്ട ഇളവുകള്‍ക്ക് വിധേയമായി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത സേവനങ്ങള്‍ക്കായി മാര്‍ക്കറ്റ്‌പ്ലേസ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ബണ്ടില്‍ഡ് ഫീസ് ഈടാക്കാന്‍ പാടില്ല.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍: ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ കാര്യത്തില്‍, ഉപഭോക്താക്കള്‍ക്ക് വ്യക്തമായ വിവരം ലഭ്യമാക്കുന്നതിനായി ഇറക്കുമതിക്കാരന്റെ വിശദാംശങ്ങളും ഉത്പന്നത്തിന്റെ ഉത്ഭവ രാജ്യവും നിര്‍ബന്ധമായും വെളിപ്പെടുത്തണം.
ഇ-കൊമേഴ്‌സ് മേഖലയിലെ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു
ഉപഭോക്തൃ സംരക്ഷണ നിയമം, 2019ന്റെ കീഴില്‍ വിജ്ഞാപനം ചെയ്ത 'ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങള്‍, 2020' ഇ-കൊമേഴ്‌സ് മേഖലയിലെ നീതിയുക്തമല്ലാത്ത വ്യാപാര രീതികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ചട്ടക്കൂട് ഒരുക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മാതൃകകള്‍, ഡിജിറ്റല്‍ വ്യാപാര രീതികള്‍, ഉപഭോക്തൃ പ്രതീക്ഷകള്‍ എന്നിവ പരിഗണിച്ചുകൊണ്ട്, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ ഈ ചട്ടക്കൂടിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉപഭോക്തൃ താത്പര്യങ്ങള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപൂര്‍ണ്ണവും ഉപഭോക്തൃകേന്ദ്രീകൃതവുമായ ഇകൊമേഴ്‌സ് വ്യവസ്ഥ സൃഷ്ടിക്കുക, ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി നിര്‍വചിക്കുക, ഡിജിറ്റല്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബിസിനസുകള്‍ക്ക് തുല്യവും നീതിയുക്തവുമായ അവസരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഈ ഭേദഗതികളുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഉപഭോക്താക്കളുടെയും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെയും താത്പര്യങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഫലപ്രദമായ ഉപഭോക്തൃ സംരക്ഷണം, സുതാര്യത, നീതിയുക്തമായ വ്യാപാര രീതികള്‍, ബിസിനസ് നടത്തുന്നതിനുള്ള സൗകര്യം (Ease of Doing Business) എന്നിവ ഉറപ്പാക്കുന്നതില്‍ ഉപഭോക്തൃകാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) (ഭേദഗതി) ചട്ടങ്ങള്‍, 2026, 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.