സഹകരണ മന്ത്രാലയം
azadi ka amrit mahotsav

യഥാർത്ഥ സഹാറ നിക്ഷേപകരുടെ പണം തിരികെ നൽകുന്നത് വേഗത്തിലാക്കാൻ സഹകരണ മന്ത്രാലയം സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടൽ പുനഃസ്ഥാപിച്ചു

പോസ്റ്റഡ് ഓണ്‍: 08 SEP 2026 8:10PM by PIB Thiruvananthpuram

സഹകരണ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹകാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സഹകരണത്തിലൂടെ സമൃദ്ധി" എന്ന ദർശനത്തിലൂന്നിയും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും സഹകരണ മന്ത്രാലയം പ്രവർത്തിച്ചു പോരുന്നു. ഈ പ്രതിബദ്ധതയുടെ ഭാഗമായി, സഹാറയിലെ യഥാർത്ഥ നിക്ഷേപകർക്ക് നിയമപരമായി അർഹതയുള്ള പണം തിരികെ ലഭിക്കാൻ സെൻട്രൽ രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് (സിആർസിഎസ്) സഹായിക്കുന്നു. 2023 മാർച്ച് 29-ന് W.P. നമ്പർ 191/2022-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതവും സുതാര്യവുമായ ഓൺലൈൻ സംവിധാനത്തിലൂടെയുമാണ് ഈ സൗകര്യമൊരുക്കുന്നത്.


ഇതുവരെ, 41,56,711 സഹാറ നിക്ഷേപകർക്ക് 9,267 കോടി രൂപ തിരികെ ലഭിച്ചു, പണം നേരിട്ട് അവരുടെ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. എന്നാൽ, ഏകദേശം 20 ലക്ഷം റീഫണ്ട് അപേക്ഷകൾ ഇപ്പോഴും സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടൽ മുഖേന പ്രോസസ്സിംഗിനായി ശേഷിക്കുന്നു. പോർട്ടൽ പുനഃസ്ഥാപിച്ചതോടെ, അപേക്ഷകളുടെ പരിശോധനയും അർഹരായ നിക്ഷേപകർക്ക് റീഫണ്ട് നൽകുന്ന പ്രക്രിയയും അധികാരികൾ പുനരാരംഭിച്ചിട്ടുണ്ട്.

സഹാറ സഹകരണ സംഘങ്ങളുമായിനേരിട്ട് ബന്ധമില്ലാത്ത ചില കാരണങ്ങളാൽ ഓഫീസുകൾ അടച്ചുപൂട്ടിയതോടെ 2025 നവംബറിൽ സംഘങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഹാർഡ്‌വെയർ, വാർഷിക അറ്റകുറ്റപ്പണി കരാറുകൾ (AMC) എന്നിവയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ, പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ, ഐടി ലൈസൻസുകൾ പുതുക്കൽ, ജീവനക്കാരുമായും മറ്റ് ഭരണപരമായ കാര്യങ്ങളുമായും ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിങ്ങനെ സാങ്കേതികവും ഭരണപരവുമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇക്കാരണങ്ങളാൽ നിക്ഷേപകരുടെ റീഫണ്ട് ക്ലെയിമുകൾ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ കമ്പ്യൂട്ടർ സംവിധാനങ്ങളും മറ്റ് ക്രമീകരണങ്ങളും ശരിയാംവണ്ണം പ്രവർത്തിച്ചില്ല, ഇത് റീഫണ്ട് പ്രക്രിയയിൽ കാലതാമസത്തിന് കാരണമായി.
 
സഹാറ നിക്ഷേപകർക്ക് റീഫണ്ട് വൈകിപ്പിക്കുന്ന ഭരണപരവും സാമ്പത്തികവും പ്രവർത്തനപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണ മന്ത്രാലയം സുപ്രധാന നടപടികൾ സ്വീകരിച്ചു. ഉത്തർപ്രദേശ് ഗവണ്മെൻ്റിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളും ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുമായി നിരന്തരമായ സ്ഥാപനതല ഇടപെടലും ഏകോപനവും സാധ്യമാക്കിയതിലൂടെ, ആവശ്യമായ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഭരണപരമായ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് സിആർസിഎസ് നിർണായക പങ്കുവഹിച്ചു. തത്ഫലമായി, റീഫണ്ട് പോർട്ടലും അതുമായി ബന്ധപ്പെട്ട സ്ഥിരീകരണ സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ സാധിച്ചു.  ലക്‌നൗ സഹാറ ക്രെഡിറ്റ് സഹകരണ സൊസൈറ്റി ലിമിറ്റഡ്, ഭോപ്പാൽ സഹാറൻ യൂണിവേഴ്സൽ മൾട്ടിപർപ്പസ് സൊസൈറ്റി ലിമിറ്റഡ്, കൊൽക്കത്ത ഹുമാര ഇന്ത്യ ക്രെഡിറ്റ് സഹകരണ  സൊസൈറ്റി ലിമിറ്റഡ്, ഹൈദരാബാദ്  സ്റ്റാർസ് മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റി ലിമിറ്റഡ് എന്നീ നാല് സഹാറ സഹകരണ സംഘങ്ങളിൽ നിന്ന് പണം സ്വീകരിക്കാൻ നിയമപരമായി അർഹതയുള്ള യഥാർത്ഥ നിക്ഷേപകർക്ക് പണം നൽകുന്ന പ്രക്രിയ പുനരാരംഭിക്കാൻ അധികാരികളെ സഹായിച്ചു.

സിആർസിഎസ് -സഹാറ റീഫണ്ട് പോർട്ടൽ മുഖേനയാണ് സിആർസിഎസ് റീഫണ്ട് പ്രക്രിയ കൈകാര്യം ചെയ്യുന്നത്, മുഴുവൻ പ്രക്രിയയും സുതാര്യവും, ഓൺലൈനും, കടലാസ്സ് രഹിതവും, കൃത്യമായ പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഭൗതിക രേഖകൾ സമർപ്പിക്കാതെ തന്നെ റീഫണ്ടുകൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സഹായിക്കും വിധം 2023 ജൂലൈ 18 ന് ഗവണ്മെൻ്റ് ഒരു സമർപ്പിത പോർട്ടൽ ആരംഭിച്ചു. ഇത് റീഫണ്ട് പ്രക്രിയ സുഗമവും വേഗതമേറിയതും സൗകര്യപ്രദവുമാക്കി, അതോടൊപ്പം ഓരോ അപേക്ഷയുടെയും ഇടപാടിൻ്റെയും വ്യക്തമായ ഡിജിറ്റൽ റെക്കോർഡ് സൂക്ഷിക്കുകയും ചെയ്യുന്നു.
 
ആധാർ ഇ-കെവൈസി വഴിയും നിക്ഷേപകൻ്റെയും അംഗത്വത്തിൻ്റെയും അക്കൗണ്ട് വിശദാംശങ്ങളുടെയും വിവരങ്ങൾ അതത് സൊസൈറ്റികൾ നൽകുന്ന ഡാറ്റയുമായി താരതമ്യം ചെയ്തുമാണ് ക്ലെയിമുകൾ പരിഗണിക്കുന്നത്. സുപ്രീം കോടതി നിർദ്ദേശിച്ച നിരീക്ഷണ സംവിധാനത്തിന് കീഴിൽ അംഗീകരിച്ച സാധാരണ പ്രവർത്തന മാർഗ്ഗരേഖ അനുസരിച്ച് നിക്ഷേപ സർട്ടിഫിക്കറ്റുകളും രസീതുകളും മറ്റ് രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നു. പരിശോധനയ്ക്ക് ശേഷം, അർഹമായ റീഫണ്ട് തുകകൾ നിക്ഷേപകൻ്റെ ആധാർ-ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നു.

റീഫണ്ട് ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിൽ കാലതാമസമുണ്ടാക്കുന്ന സാങ്കേതികവും, പ്രവർത്തനപരവും, ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണ മന്ത്രാലയവും സിആർസിഎസും ഒട്ടേറെ ഏകോപിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ഐടി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ലൈസൻസുകളും പുതുക്കി, പ്രവർത്തന തടസ്സങ്ങൾ നീക്കി, ജീവനക്കാരുമായി ബന്ധപ്പെട്ടതും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു. പോർട്ടലിൻ്റെ പുനഃസ്ഥാപനം മന്ത്രാലയത്തിൻ്റെ ജനകേന്ദ്രീകൃത സമീപനത്തെ വ്യക്തമാക്കുന്നു. തീർപ്പാക്കാത്ത അപേക്ഷകൾ ശരിയായി പരിശോധിച്ച് പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും യഥാർത്ഥ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നത് സിആർസിഎസിൻ്റെ സ്ഥാപന ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നു.

റീഫണ്ട് ക്ലെയിമുകൾക്ക് അപേക്ഷിക്കുന്നതിന് നിക്ഷേപകർ ഔദ്യോഗിക സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടൽ (https://mocrefund.crcs.gov.in) മാത്രമേ ഉപയോഗിക്കാവൂ. പുതിയ അപേക്ഷ സമർപ്പിക്കാൻ സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടലും, സമർപ്പിച്ച അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ റീസബ്മിഷൻ പോർട്ടലും ഉപയോഗിക്കണം. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുകയും രേഖകൾ സമർപ്പിക്കുകയും വേണം. സമയബന്ധിതമായ പരിശോധന ഉറപ്പാക്കാനും പ്രോസസ്സ് ചെയ്യാനും തട്ടിപ്പ് വെബ്‌സൈറ്റുകൾ, അനധികൃത ഏജൻ്റുമാർ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവയിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. 

 

***


( റിലീസ് ഐ.ഡി: 2308122) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu