പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെപ്റ്റംബർ 8-ന് പ്രധാനമന്ത്രി ഗുജറാത്തും മഹാരാഷ്ട്രയും സന്ദർശിക്കും


വഡോദരയിൽ 35,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും

പദ്ധതിയുടെ പൂർത്തീകരണം അടയാളപ്പെടുത്തുന്ന പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴിയുടെ മൂന്ന് പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മൂന്ന് റെയിൽവേ പദ്ധതികൾക്കും മൂന്ന് ഹൈവേ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും

മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജി.എഫ്.എഫ് 2026-ന്റെ പ്രമേയം: “സാധ്യതകളിൽ നിന്ന് സ്വാധീനത്തിലേക്ക്: ഏജന്റിക് എ.ഐ, ടോക്കണൈസേഷൻ, ക്വാണ്ടം - വിശ്വസ്തം, പരസ്പരബന്ധിതം, എല്ലാവരെയും ഉൾക്കൊള്ളുന്ന ധനകാര്യത്തിനായുള്ള ആഗോള സംവിധാനങ്ങൾ”

പോസ്റ്റഡ് ഓണ്‍: 07 SEP 2026 11:51AM by PIB Thiruvananthpuram

2026 സെപ്റ്റംബർ 8-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തും മഹാരാഷ്ട്രയും സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ വഡോദരയിൽ 35,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ഈ ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകീട്ട് 5:45 ഓടെ പ്രധാനമന്ത്രി മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ അഭിസംബോധന ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രി വഡോദരയിൽ

20,700 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ചതും 326 റൂട്ട് കിലോമീറ്റർ നീളമുള്ളതുമായ പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴിയുടെ മൂന്ന് പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സാനന്ദ് (N)-മകർപുര, ന്യൂ ഉമ്പർഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ജെ.എൻ.പി.ടി എന്നീ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയുമായുള്ള (JNPA) നേരിട്ടുള്ള കണക്റ്റിവിറ്റി കയറ്റുമതി-ഇറക്കുമതി (EXIM) ചരക്കുനീക്കത്തെ വേഗത്തിലാക്കാനും വ്യവസായ കേന്ദ്രങ്ങളും തുറമുഖങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കാനും മുംബൈയിലെ റെയിൽവേ ശൃംഖലയിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഈ ഭാഗങ്ങൾ കമ്മീഷൻ ചെയ്യുന്നതോടെ, സമർപ്പിത ചരക്ക് ഇടനാഴി (DFC) ശൃംഖല പൂർണ്ണമായും പ്രവർത്തനക്ഷമമാകും. സമർപ്പിത ചരക്ക് അടിസ്ഥാന സൗകര്യങ്ങൾ മൾട്ടിമോഡൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും യാത്രാസമയം കുറയ്ക്കുന്നതിലൂടെയും വിവിധ പ്രദേശങ്ങളിലുടനീളം തടസ്സമില്ലാത്ത ചരക്കുനീക്കം സാധ്യമാക്കുന്നതിലൂടെയും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും.

ന്യൂ സാനന്ദ് (N), ന്യൂ മകർപുര, ന്യൂ ഉമ്പർഗാവ്, മുംബൈയിലെ ന്യൂ ജെ.എൻ.പി.ടി (JNPT) എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ വഡോദര, ഛോട്ടാ ഉദയ്പൂർ, അലിരാജ്പൂർ ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വഡോദരയ്ക്കും ടാണ്ട റോഡിനും ഇടയിലുള്ള പുതിയ ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.

ഛോട്ടാ ഉദയ്പൂർ-ധാർ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ജോബത്-ടാണ്ട റോഡ് പുതിയ റെയിൽ പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പുതിയ റെയിൽ പാത അലിരാജ്പൂരിലെ വിദൂര-ഗോത്രവർഗ്ഗ മേഖലകളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും.

329 കിലോമീറ്റർ നീളമുള്ളതും 9,700 കോടിയിലധികം രൂപ ചെലവ് വരുന്നതുമായ മൂന്ന് റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. വഡോദര-രത്‍ലാം മൂന്നും നാലും പാതകൾ, മിയാഗാം കർജൻ-ചോരണ്ട-മാൽസാർ ഗേജ് മാറ്റം, വിശ്വാമിത്രി-ദബോയ് പാത ഇരട്ടിപ്പിക്കൽ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി വർദ്ധിപ്പിക്കുകയും തിരക്ക് കുറയ്ക്കുകയും ഗുജറാത്തും മധ്യപ്രദേശും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

ഏകദേശം 1,780 കോടി രൂപ ചെലവിൽ മൂന്ന് ദേശീയ പാത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. NH-48-ന്റെ കാമ്രെജ്-ചൽത്താൻ പാത ആറുവരിയാക്കൽ; NH-48-ന്റെ വഡോദര-സൂറത്ത് ഭാഗത്ത് താപി, നർമ്മദ നദികൾക്ക് കുറുകെയുള്ള പ്രധാന പാലങ്ങൾ ഉൾപ്പെടെയുള്ള അധിക നിർമ്മിതികൾ; NH-53-ൽ അഭാവാ, മിൻധോള, ഖാജോദ് ജംഗ്ഷനുകളിലെ ഗ്രേഡ്-സെപ്പറേറ്റഡ് നിർമ്മിതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഏകദേശം 2,600 കോടി രൂപയുടെ ഗുജറാത്ത് ​ഗവൺമെന്റിൻ്റെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. വഡോദര അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ റിംഗ് റോഡ് രണ്ടാം ഘട്ടം, കടാന അണക്കെട്ടിലെ 110 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി, വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ ഓഫീസ് മന്ദിര നിർമ്മാണം എന്നിവയാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികൾ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (PMAY) കീഴിലുള്ള ഭവന പദ്ധതികളും കിഴക്കൻ വഡോദരയിലെ 11 ഗ്രാമങ്ങൾക്കുള്ള കുടിവെള്ള വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി മുംബൈയിൽ

ലോകത്തിലെ ഏറ്റവും വലിയതും സ്വാധീനമുള്ളതുമായ വാർഷിക ഫിൻടെക് സമ്മേളനങ്ങളിലൊന്നായ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2026 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ഏഴാമത് എഡിഷൻ 2026 സെപ്റ്റംബർ 8 മുതൽ 11 വരെ മുംബൈയിൽ വെച്ച് നടക്കും. 2020 മുതൽ ധനകാര്യ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി നയരൂപകർത്താക്കൾ, നിയന്ത്രണ ഏജൻസികൾ, കേന്ദ്ര ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, സാങ്കേതിക സ്ഥാപനങ്ങൾ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, മറ്റ് ആഗോള പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായി GFF ഉയർന്നുവന്നിട്ടുണ്ട്.

സാധ്യതകളിൽ നിന്ന് സ്വാധീനത്തിലേക്ക്: ഏജന്റിക് എ.ഐ, ടോക്കണൈസേഷൻ, ക്വാണ്ടം - വിശ്വസ്തം, പരസ്പരബന്ധിതം, എല്ലാവരെയും ഉൾക്കൊള്ളുന്ന ധനകാര്യത്തിനായുള്ള ആഗോള സംവിധാനങ്ങൾ എന്നതാണ് GFF 2026-ന്റെ പ്രമേയം: 

നയം, നിയന്ത്രണം, സാങ്കേതികവിദ്യ, മൂലധനം, വ്യവസായം എന്നിവയെ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്ന തരത്തിലാണ് GFF 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകളിലും സാമ്പത്തിക ഉൾക്കൊള്ളലിലും ഇന്ത്യയ്ക്കുള്ള നേതൃത്വം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും സാധ്യതകളിൽ നിന്ന് യഥാർത്ഥ സ്വാധീനത്തിലേക്ക് മാറാനും ഇത് ലക്ഷ്യമിടുന്നു. ഏജന്റിക് എ.ഐ, പ്രോഗ്രാമബിൾ ഫിനാൻസ്, ക്വാണ്ടം സാങ്കേതികവിദ്യകൾ, മറ്റ് നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ആഗോളതലത്തിൽ പൗരന്മാർക്കും സംരംഭങ്ങൾക്കും സമ്പദ്‌വ്യവസ്ഥകൾക്കും എങ്ങനെ വിശ്വസനീയവും ഉൾക്കൊള്ളുന്നതുമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിനെക്കുറിച്ചായിരിക്കും ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.

***

NK


( റിലീസ് ഐ.ഡി: 2307341) സന്ദര്‍ശക കൗണ്ടര്‍ : 11