ബഹിരാകാശ വകുപ്പ്
കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങും ഫ്രഞ്ച് മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റും വെർച്വൽ കൂടിക്കാഴ്ച നടത്തി; 'അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടി'യും 'ബെംഗളൂരു സ്പേസ് എക്സ്പോ'യിലെ ഫ്രാൻസിൻ്റെ പങ്കാളിത്തവും ചർച്ചയായി
പോസ്റ്റഡ് ഓണ്‍:
04 SEP 2026 4:33PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതുപരാതി, പെൻഷൻ, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ് ഫ്രാൻസിൻ്റെ ഉന്നത വിദ്യാഭ്യാസ - ഗവേഷണ ബഹിരാകാശ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി പ്രൊഫ. ഫിലിപ്പ് ബാപ്റ്റിസ്റ്റുമായി വെർച്വൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ, അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ, ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികളും വ്യവസായങ്ങളും തമ്മിലെ സഹകരണം എന്നിവയുൾപ്പെടെ ബഹിരാകാശ രംഗത്തെ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ ഇരുപക്ഷവും ധാരണയായി.
2026 സെപ്റ്റംബർ 9, 10 തീയതികളിൽ പാരീസിൽ നടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിക്കും സെപ്റ്റംബർ 7 മുതൽ 9 വരെ നടക്കുന്ന ബെംഗളൂരു സ്പേസ് എക്സ്പോയ്ക്കും മുന്നോടിയായാണ് ചർച്ചകൾ നടന്നത്. പാരീസ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തവും ബെംഗളൂരു സ്പേസ് എക്സ്പോയിലെ ഫ്രാൻസിൻ്റെ പങ്കാളിത്തവും ഈ മാസം അവസാനം പ്രൊഫ. ബാപ്റ്റിസ്റ്റ് ഇന്ത്യയിലേക്ക് നടത്തുന്ന സന്ദർശനവും ഇരുവിഭാഗവും ചർച്ച ചെയ്തു.
അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയിലെ പങ്കാളിത്തവും ഫ്രാൻസുമായുള്ള ദീർഘകാല ബഹിരാകാശ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യയും അതിൻ്റെ പ്രയോഗങ്ങളും, ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, സുരക്ഷിത ബഹിരാകാശം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഉച്ചകോടി ബഹിരാകാശ മേഖലയുടെ ഭാവി സംബന്ധിച്ച അന്താരാഷ്ട്ര സംവാദങ്ങള്‍ക്കും സഹകരണത്തിനും സുപ്രധാന വേദിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഹ്യാകാശത്തിൻ്റെ സുസ്ഥിര ഉപയോഗം, ബഹിരാകാശാധിഷ്ഠിത ശാസ്ത്രീയ വിവരങ്ങളുടെ ലഭ്യത, സുതാര്യത, സമഗ്രത, ഫ്രീക്വൻസി വിനിയോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്‍റെ ചട്ടക്കൂടിന് പിന്തുണ എന്നിവ സംബന്ധിച്ച ഉച്ചകോടിയുടെ ലക്ഷ്യങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ സംരംഭങ്ങൾക്ക് അന്തിമരൂപം നൽകുന്ന വേളയിൽ ഫ്രാന്‍സുമായി കാഴ്ചപ്പാടുകൾ പങ്കുവെക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു.
വരാനിരിക്കുന്ന പാരീസ് ഉച്ചകോടിയിലെ ഇന്ത്യയുടെ സംഭാവനകളായിരുന്നു ചർച്ചയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. താഴ്ന്ന ഭൂഭ്രമണപഥത്തിലെ ഇന്ത്യയുടെ ഭാവി മനുഷ്യ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താൻ ഐഎസ്ആർഒ ചെയർമാൻ / ബഹിരാകാശ വകുപ്പ് സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ട്. ബഹിരാകാശത്തെ രൂപകല്പനയും നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ, ബഹിരാകാശ കണക്റ്റിവിറ്റി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനപ്പുറത്തെ പര്യവേക്ഷണങ്ങൾ എന്നിവയുൾപ്പെടെ അധിക വിഷയങ്ങളിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് അവതരണങ്ങൾ നടത്താനാവുമെന്നും ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി.
ബഹിരാകാശ മേഖലയിൽ നിലവിലെ ഇന്ത്യ-ഫ്രാൻസ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും വേഗത്തിലാക്കാനും ഫ്രാൻസ് താല്പര്യം പ്രകടിപ്പിക്കുന്നതായി പ്രൊഫ. ഫിലിപ്പ് ബാപ്റ്റിസ്റ്റ് പറഞ്ഞു. ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം ലഭ്യമാക്കുന്നതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം ഉച്ചകോടിയിൽ അംഗീകരിക്കാൻ നിർദേശിച്ചിരിക്കുന്ന പ്രഖ്യാപനങ്ങളിൽ ഇന്ത്യയുമായി തുടർച്ചയായി നടത്തിവരുന്ന കൂടിയാലോചനകളെ സ്വാഗതം ചെയ്തു.
ബെംഗളൂരു സ്പേസ് എക്സ്പോയിലെ ഫ്രാൻസിൻ്റെ പങ്കാളിത്തവും ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികൾ, അനുബന്ധ വ്യവസായങ്ങൾ, വളർന്നുവരുന്ന ബഹിരാകാശ അന്തരീക്ഷം എന്നിവ തമ്മിലെ സഹകരണം വർധിപ്പിക്കാനുള്ള അവസരങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
2026 സെപ്റ്റംബർ 28 മുതൽ 30 വരെ ഇന്ത്യയിലെത്തുന്ന പ്രൊഫ. ബാപ്റ്റിസ്റ്റ് ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രങ്ങൾ സന്ദർശിക്കാനും ഡോ. ജിതേന്ദ്ര സിങുമായി കൂടിക്കാഴ്ച നടത്താനും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹകരണ സാധ്യതയുള്ള മേഖലകളിലും പാരീസ് ഉച്ചകോടിക്കായി നിർദേശിച്ചിരിക്കുന്ന അധിക അവതരണങ്ങളിലും ഇരുരാജ്യങ്ങളുടെ ടീമുകളും കൂടിയാലോചനകൾ തുടരുന്നതിന് ചര്‍ച്ചയില്‍ അംഗീകാരം നല്‍കി.
ആറ് പതിറ്റാണ്ടോളം നീളുന്ന സുദൃഢമായ ബഹിരാകാശ പങ്കാളിത്തമാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ളത്. ഐഎസ്ആർഒയും ഫ്രാൻസിൻ്റെ സിഎൻഇഎസും തമ്മിലെ സഹകരണത്തിൽ 'മേഘ-ട്രോപിക്സ്', 'സരൾ' എന്നീ സംയുക്ത ഉപഗ്രഹ ദൗത്യങ്ങൾ ഉൾപ്പെടുന്നു. ഭൗമനിരീക്ഷണം, കാലാവസ്ഥാ സംബന്ധിയായ അപ്ലിക്കേഷനുകൾ എന്നിവയിൽ ഇരുപക്ഷവും കൂടുതൽ സഹകരണത്തിന് ശ്രമിച്ചുവരികയാണ്.
നൂതനാശയങ്ങൾ, ഗവേഷണം, മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ, സാങ്കേതിക വികസനം, സ്വകാര്യ ബഹിരാകാശ മേഖലയുടെ വർധിച്ചുവരുന്ന പങ്കാളിത്തം എന്നിവയിലൂടെ ബഹിരാകാശ രംഗത്തെ ഇന്ത്യ-ഫ്രാൻസ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ആവർത്തിച്ചാണ് യോഗം സമാപിച്ചത്.


***
( റിലീസ് ഐ.ഡി: 2306861)
സന്ദര്‍ശക കൗണ്ടര്‍ : 3