പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പരിഷ്കരിച്ച സി.ബി.ജി. വിലനിർണ്ണയം ഉപഭോക്താക്കളെ സാരമായി ബാധിക്കാതെ ഉൽപ്പാദകരെ പിന്തുണയ്ക്കുന്നു

പോസ്റ്റഡ് ഓണ്‍: 29 AUG 2026 10:56AM by PIB Thiruvananthpuram

ഗോബർധൻ പദ്ധതിക്ക് കീഴിൽ കംപ്രസ്ഡ് ബയോഗ്യാസിൻ്റെ (CBG) വില പരിഷ്കരിച്ചത് സി.എൻ.ജി., ഗാർഹിക പി.എൻ.ജി. ഉപഭോക്താക്കൾക്ക് ഗണ്യമായ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന തരത്തിൽ അടുത്തിടെ ഒരു പത്രവാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ, ഈ നിഗമനം വസ്തുതാപരമല്ല. പരസ്പരം പൊരുത്തപ്പെടാത്ത ചില അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിഗമനം:


◦ നിലവിലെ സംവിധാനമനുസരിച്ച്, സി.ബി.ജി. ഉൽപ്പാദകർക്ക് നൽകുന്ന വില സി.എൻ.ജി.യുടെ ചില്ലറ വിൽപ്പന വിലയുടെ 85 ശതമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏറ്റവും പുതിയ നിരക്കനുസരിച്ച് ഇത് ഒരു എം.എം.ബി.ടി.യുവിന് ഏകദേശം 1,478 രൂപയാണ്.

◦ ഗോബർധൻ പദ്ധതിക്ക് കീഴിൽ സി.ബി.ജി.യുടെ വില ഒരു എം.എം.ബി.ടി.യുവിന് 2,110 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

◦  ഒരു എം‌.എം‌.ബി‌.ടി‌.യുവിന് 1,478 രൂപയിൽ നിന്ന് 2,110 രൂപയിലേക്കുള്ള വർദ്ധനവ് ഏകദേശം 43 ശതമാനമാണ്.

◦  ഇത് സി.ബി.ജി. ഉൽപ്പാദകർക്ക് നൽകുന്ന സംഭരണവിലയാണ്. അല്ലാതെ സി.എൻ.ജി., ഗാർഹിക പി.എൻ.ജി. ഉപഭോക്താക്കൾ നേരിട്ട് നൽകേണ്ട വിലയല്ല.

◦  ഒരു എം.എം.ബി.ടി.യുവിന് 2,110 രൂപ എന്ന മുഴുവൻ തുകയും ഗ്യാസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ല. 95 ശതമാനം മീഥെയ്ൻ അടങ്ങിയ സി.ബി.ജിക്ക് കിലോഗ്രാമിന് 10 രൂപ നിരക്കിൽ ഗവണ്മെന്റ് സാമ്പത്തിക സഹായം നൽകും. ഇത് ഒരു എം.എം.ബി.ടി.യുവിന് ഏകദേശം 215 രൂപയ്ക്ക് തുല്യമാണ്.

◦ ഈ സാമ്പത്തിക സഹായം പൂർണ്ണമായും ഗവണ്മെന്റ് വഹിക്കുന്നതാണ്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ല. അതിനാൽ, വിശാലമായ ഒരു വിഭാഗം ഗ്യാസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട യഥാർത്ഥ സി.ബി.ജി. ചെലവ്: ഒരു എം.എം.ബി.ടി.യുവിന് 2,110 രൂപ – 215 രൂപ = ഏകദേശം 1,895 രൂപ മാത്രമായിരിക്കും.

◦  അതുകൊണ്ട്, നിലവിലുള്ള സി.ബി.ജി. നിരക്കായ 1,478 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ യഥാർത്ഥ വർദ്ധനവ് ഏകദേശം 28 ശതമാനം മാത്രമാണ്.

◦  കൂടാതെ, സി.ബി.ജി. അതിൻ്റെ സംഭരണ വിലയ്ക്ക് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങൾക്ക് വിൽക്കുന്നില്ല. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന മറ്റ് പ്രകൃതിവാതകങ്ങളുമായി ഇത് സംയോജിപ്പിക്കുകയും, അതിൻ്റെ ചെലവ് ബാധകമായ ആഭ്യന്തര ഗ്യാസ് പൂളിലുടനീളം പങ്കുവെക്കുകയുമാണ് ചെയ്യുന്നത്.

◦  മുൻപ്, സി.എൻ.ജി. (ഗതാഗതം), പി.എൻ.ജി. (ഗാർഹികം) വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന പരിമിതമായ അളവിലുള്ള എ.പി.എം. ഗ്യാസിൽ മാത്രമാണ് സി.ബി.ജിയുടെ ചെലവ് പങ്കുവെച്ചിരുന്നത്. എന്നാൽ പുതിയ ചട്ടക്കൂടിന് കീഴിൽ, സി.ബി.ജിയുടെ അറ്റച്ചെലവ് മുൻപത്തേതിനേക്കാൾ 2.5 മുതൽ 3 മടങ്ങ് വരെ വലിപ്പമുള്ള ആഭ്യന്തര ഗ്യാസ് പൂളിലുടനീളം പങ്കുവെക്കും.

◦  വളരെ വലിയൊരു ഗ്യാസ് പൂളിലുടനീളം സി.ബി.ജിയുടെ ചെലവ് പങ്കുവെക്കപ്പെടുന്നതിനാൽ, ഓരോ ഗ്യാസ് ഉപഭോക്താവിനും ഉണ്ടാകുന്ന വിലക്കയറ്റത്തിൻ്റെ ആഘാതം നാമമാത്രമായിരിക്കും.

രണ്ട് പ്രധാന ലക്ഷ്യങ്ങൾ സന്തുലിതമാക്കുന്ന തരത്തിലാണ് പരിഷ്കരിച്ച ഈ വിലനിർണ്ണയ ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നാമതായി, സി.ബി.ജി. പ്ലാൻ്റുകൾക്ക് സുസ്ഥിരമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ഉൽപ്പാദകർക്ക് സ്ഥിരതയുള്ളതും പ്രായോഗികവുമായ വില ഉറപ്പാക്കുന്നു. രണ്ടാമതായി, ഗവണ്മെന്റ് നൽകുന്ന സാമ്പത്തിക സഹായവും ഗണ്യമായി വിപുലീകരിച്ച ഗ്യാസ് പൂളും വഴി ഉപഭോക്താക്കൾക്ക് സാരമായ സാമ്പത്തിക ബാധ്യത ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. 

****

 


( റിലീസ് ഐ.ഡി: 2304527) സന്ദര്‍ശക കൗണ്ടര്‍ : 7